കേരളമാകെ ഓണച്ചന്തകൾ നിറയുമ്പോൾ ഓണച്ചിന്തകളുടെ ആവശ്യമുണ്ടോ എന്ന ചോദ്യം സ്വാഭാവികവും സുപ്രസക്തവുമാണ്. പക്ഷെ മാവേലി എന്ന മനോഹരമായ സങ്കൽപ്പം നമുക്കു തരുന്നത് മഞ്ഞപ്പട്ടും, പുതുവസ്‌ത്രങ്ങളും, സുഭിക്ഷമായ ഭക്ഷണവും, ഓണക്കളികളും മാത്രമല്ല, ലേശം സോഷ്യലിസ്‌റ്റ് സ്വപ്‌നവും കൂടിയാണല്ലോ. സ്വപ്‌നം യാഥാർത്ഥ്യമാകുമ്പോൾ നിറം മാറും.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തൊന്നാർക്കുമൊട്ടില്ല താനും
ആപത്ത് ഇന്നുമില്ല എന്നു നമുക്ക് മാവേലിയോട് പറയാം. ആപത്തുണ്ടായാൽത്തന്നെ അത് നമുക്കു മനസ്സിലാകാത്തവിധം അതിനെ നമ്മുടെ സമ്പത്തായി കാണിക്കാനുളള കരവിരുത് നമുക്കുണ്ട്. നാം ആമോദത്തോടെയാണ് വസിക്കുന്നത്. ദാരിദ്ര്യരേഖയും എൻഡോസൾഫാനും നമുക്ക് ശരാശരികളുടെ കണക്കുകളിൽ കാർപ്പറ്റിനടിയിലേക്ക് മാറ്റാവുന്നതേയുളളൂ. കൊച്ചി നഗരം, അറബിക്കടലിന്റെ റാണി, കേരളത്തിലെ ഏക മെട്രോയാണ്. പതിനഞ്ചുലക്ഷം ജനസംഖ്യ.
ഇൻഡ്യൻ എക്‌സ്‌പ്രസ് പത്രം റിപ്പോർട്ടു ചെയ്‌തു. കൊച്ചി നഗരത്തിൽ ഒന്നരലക്ഷം ജനങ്ങൾക്ക് ടോയ്‌ലറ്റ് സൗകര്യങ്ങളില്ല. ഓ, സാരമില്ല. ഒൺളി ടെൻ പെർസന്റ്. ആപത്തൊന്നാർക്കുമൊട്ടില്ല. ആപത്തു വന്നാൽത്തന്നെ നൂറു കണക്കിന് മോസ്‌റ്റ് മോഡേൺ ആശുപത്രികളുണ്ട്. മാവേലിയെ ആശുപത്രികൾ കാണിക്കാം. അവിടെ സുന്ദരികളായ മലയാളിമങ്കമാർ ഒരുക്കിയ ഓണപ്പൂക്കളം ആമോദത്തോടെ വീക്ഷിക്കാം.
കളളവുമില്ല, ചതിയുമില്ല
എളേളാളമില്ല, പൊളിവചനം
കളളപ്പറയും, ചെറുനാഴിയും
കളളത്തരങ്ങൾ മറ്റൊന്നുമില്ല.
കളളത്തരങ്ങൾ ഇല്ലാത്തിടത്താണ് ടെസ്‌റ്റ് മാർക്കറ്റിംഗ്. മാവേലിനാട്ടിൽ കളളവുമില്ല, ചതിയുമില്ല. അതുകൊണ്ട് പുരാണകാലം മുതൽ ടെസ്‌റ്റ് മാർക്കറ്റിംഗിന് ഇത് പറ്റിയ ഇടമായിരുന്നു. മാവേലിയുടെ അടുത്ത് വാമനൻ ലാളിത്യത്തിന്റെയും നന്മയുടെയും ഭക്തിയുടെയും ആകർഷകമായ പാക്കിംഗിൽ ആർത്തിയുടെ ക്രൂരമായ തന്ത്രം മാർക്കറ്റു ചെയ്‌തു.
മാവേലി തോറ്റു. അന്നുമുതൽ തുടങ്ങിയതാണ് ഈ വളമണ്ണിലേക്ക് ആത്മീയവും ഭൗതികവും ആയ എല്ലാത്തരം ഉത്‌പ്പന്നങ്ങളുടെയും ടെസ്‌റ്റ് മാർക്കറ്റിംഗ്. പരശുരാമനും കൂട്ടരും പുതിയ ദൈവങ്ങളെ നൽകി. ഒപ്പം കോടാലിയും കാലാവസ്ഥപ്രവചനങ്ങളും വേണ്ടതിലധികം സംസ്‌കൃതവും, കൂട്ടിന് അസ്‌പൃശ്യതയും. ചൈനക്കാർ ചീനഭരണിയും ചീനച്ചട്ടിയും വിറ്റു. ഗ്രീക്കുകാരും അറബികളും മണിമുത്തുകളും ഈന്തപ്പഴവും കൊണ്ടുവന്നു. ജൂതരും, തോമ്മാശ്ലീഹയും എത്തുന്നതിനുമുമ്പുതന്നെ ഗൗതമബുദ്ധനും മഹാവീരനും തങ്ങളുടെ ആശയങ്ങളുടെ വിളഭൂമിയായി കേരളമണ്ണിൽ നിലയുറപ്പിച്ചിരുന്നു. മരുന്നുകൾ പ്രസാദമായി കൊടുക്കുന്ന ക്ഷേത്രങ്ങൾ സഹസ്രാബ്‌ദങ്ങൾക്കുശേഷവും ഇന്നും പഴയ പതിവു തുടരുന്നു. ശ്രീകോവിലിലെ പ്രതിഷ്‌ഠയുടെ സങ്കൽപ്പം മാറിയത് ആരും കാര്യമാക്കിയില്ല. പോർട്ടുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഭാഷയുടെ മാത്രമല്ല, ആചാരങ്ങളുടെയും വസ്‌ത്രധാരണത്തിന്റെയും വിദ്യാഭ്യാസരീതിയുടെയും കുടുംബബന്ധങ്ങളുടെയും മാർക്കറ്റിംഗ് രീതിയിൽ കേരളത്തിന്റെയത്ര വളമുളള മണ്ണ് മറ്റൊരു കൊളോണിയൽ രാജ്യത്തും കണ്ടെത്തിയില്ല. കമ്യൂണിസത്തിന്റെ ഡെമോക്രാറ്റിക് സങ്കൽപ്പം ടെസ്‌റ്റ് മാർക്കറ്റിംഗിൽ ആദ്യമായി വിജയിച്ചതും ഇവിടെയാണ്. അതുകൊണ്ട്, നമുക്ക് ഈ ഓണത്തിനും സന്തോഷമായി മാവേലിയെ വരവേൽക്കാം.
ചിങ്ങമാസത്തിലെ ഓണത്തിൻ നാൾ
മാവേലി താനും വരുമിവിടെ
പണ്ടേതിനേക്കാൾ വിചിത്രമായി
വേണ്ടുന്നതെല്ലാം ഒരുക്കിടും നാം.
എല്ലാ വായനക്കാർക്കും ഓണാശംസകൾ.
Generated from archived content: editorial_aug31_06.html Author: kl_mohanavarma