കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവുമധികം വായനക്കാരുണ്ടായിരുന്ന ഇന്ത്യാക്കാരനായ ഇംഗ്ലീഷ് എഴുത്തുകാരൻ ആരായിരുന്നു എന്നു ചോദിച്ചാൽ പെട്ടെന്ന് ഒരുത്തരം പറയാൻ സാധിക്കും. രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി എന്ന നീണ്ട പേരുകാരൻ ആർ.കെ.നാരായൺ. ഗ്രഹാം ഗ്രീൻ നിർബന്ധിച്ചു, ഈ നീണ്ട പേര് താങ്കളുടെ പുസ്തകങ്ങളുടെ റീഡർഷിപ്പിനെ ബാധിക്കും. ലൈബ്രറികളിലെ ജോലിക്കാർക്ക് ഈ പേര് പറയാൻ വിഷമമാണ്. പേര് മാറി, വിദേശികളായ വായനക്കാരുടെ നാവിലൊതുങ്ങുന്ന ആർ.കെ.നാരായൺ ആയി രൂപാന്തരം വന്നു. ഇംഗ്ലീഷ് പഠിക്കുന്ന ഭാരതീയർ ബ്രിട്ടീഷ് സംസ്‌കാരത്തിന് എക്കാലവും അടിമയായിരിക്കും എന്ന പൊതു ചിന്തക്ക് ഇന്ത്യയിലുണ്ടായ അപൂർവ്വമായ അപചയങ്ങളിൽ പ്രമുഖമായിരുന്നു ആർ.കെ.നാരായണന്റെ ലോകം. ഇന്ന് കുഞ്ഞുങ്ങളെ സ്വന്തം മാതൃഭാഷയിൽ നിന്ന് അന്യമാക്കുന്നന്ന പരിതസ്ഥിതി മാറ്റാൻ ഇന്ത്യയിലെ മിക്ക സംസ്‌ഥാനങ്ങളും മാർഗങ്ങളാരായുമ്പോൾ ഒരു കെടാവിളക്കുമായി നിൽക്കുകയാണ് മാൽഗുഡിയിൽ തന്റെ ലളിതമായ ഇംഗ്ലീഷ് വാക്കുകളിലൂടെ വരച്ച ചിത്രങ്ങളുമായി ആർ.കെ.നാരായൺ.
ആർ.കെ.ദിവംഗതനായിട്ട് അഞ്ചു വർഷം കഴിഞ്ഞു. ഈയിടെ അദ്ദേത്തിന്റെ നൂറാം ജന്മദിനം ആഘോഷിച്ചു. മാൽഗുഡി എന്ന ഒരു മൈസൂർ ഗ്രാമത്തെ സൃഷ്ടിച്ച് ഇന്ത്യൻ സമൂഹത്തിന്റെ കഴിഞ്ഞ നൂറ്റുണ്ടിലെ വളർച്ചയും തകർച്ചയും നൂറു കണക്കിന് സാധാരണ ആളുകളുടെ സുഖദുഃഖങ്ങളുടെ കഥകളിലൂടെ അദ്ദേഹം വിവരിച്ചത് ഇന്ത്യയെ വെറും പാമ്പാട്ടികളുടേയും രാജാക്കന്മാരുടേയും നാടായി മാത്രം കരുതിയിരുന്ന ഒരു വലിയ കൂട്ടം സാധാരണ വിദേശി വായനക്കാരുടെ അഭിപ്രായം മാറാൻ പ്രേരകമായി. അദ്ദേഹത്തിന്റെ സമകാലികനായിരുന്ന മുൽക്ക് രാജ് ആനന്ദ് കാട്ടിയിരുന്ന ആശയപ്രചരണതന്ത്രമൊന്നും ആർ.കെ.യുടെ രചനകളിൽ ഉണ്ടായിരുന്നില്ല. കഥാപാത്രങ്ങളുടേയും പശ്ചാത്തലത്തിന്റെയും അതിസൂക്ഷമഭാവങ്ങൾക്ക് അദ്ദേഹം നാടൻവാക്കുകളുടെ ഇംഗ്ലീഷ് രൂപങ്ങളിലൂടെ കൊടു പ്രാധാന്യം ലളിതമായ ഒരു ഇന്ത്യൻ ഇംഗ്ലീഷ് ശൈലിക്കു തുടക്കമിട്ടു. ഭാഷാസാഹിത്യങ്ങളിലെ അതികായന്മാരായ ബിഭൂതിഭൂഷന്റെയോ ഖാണ്ഡേക്കറുടേയോ തകഴിയുടേയോ ബഷീറിന്റെയോ ഒപ്പം നാം നാരായണന് സാഹിത്യരംഗത്ത് സ്ഥാനം നൽകി എന്നു വരില്ല. പക്ഷെ ഇന്ത്യയുടെ ആത്മാവിനെ മറ്റാരെക്കാളും ശക്തമായി വിദേശികളുടെ മനസിൽ കൊണ്ടുവരാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യയിലെ മിഡിൽക്ലാസിന് ഇനിയുളള കാലത്ത് ഇംഗ്ലീഷിൽ നിന്ന് മോചനം ലഭിക്കുക അസാദ്ധ്യമാണ്. ഇന്ത്യൻ സാഹിത്യത്തിൽ സാൽമാൻ റുഷ്‌ദിയും, അരുന്ധതി റോയിയും മറ്റു ഭാഷാ സാഹിത്യ അതികായന്മാരുടെ തലത്തിലേക്ക് ഇന്ത്യൻ ഇംഗ്ലീഷ് നോവലുകളെയും ഉയർത്തി. ഇന്ന് ഇന്ത്യയിലെ യുവകവികളിലും കഥാകാരന്മാരിലും ഒരു വലിയ ശതമാനം ഇംഗ്ലീഷിൽ മാത്രമാണ് എഴുതുന്നത്. വായനയിൽ ഹിന്ദി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ഇന്ന് ഇംഗ്ലീഷാണ് ഇന്ത്യയിൽ എന്നാണ് കണക്കുകൾ കാണിക്കുന്നത്. പക്ഷെ ഇംഗ്ലീഷിലായാലും നമുക്ക് ഇന്ത്യാക്കാരനായിത്തന്നെ ജീവിക്കാമെന്നും സംവദിക്കാമെന്നും ആർ.കെ. നാരായണൻ കാട്ടിത്തന്ന മാർഗം ഇവരിൽ പലർക്കും പ്രയോജനപ്രദമാകുന്നു എന്നത് നമുക്കു അഭിമാനിക്കാവുന്ന വസ്തുതയാകുന്നു. മാർക്കസിന്റെ സ്‌പാനിഷ് നോവലുകൾ ലോകോത്തരമാണ്. പക്ഷെ അവയ്‌ക്ക് ലാറ്റിൻ അമെരിക്കയുടെ പ്രി-കൊളൊണിയൽ മണ്ണിനെയും വായുവിനെയും ഉൾക്കൊളളാൻ കഴിഞ്ഞില്ല. ഇവിടെയാണ് ആർ.കെ..നാരായണന്റെ മഹത്വം. ഗൈഡ് അദ്ദേഹത്തിന്റെ പ്രശസ്‌തമായ നോവലാണ്. ഹോളിവുഡും ബോളീവുഡും അതിനെ തങ്ങളുടെ രീതിയിൽ വ്യാഖ്യാനിച്ചു സിനിമകളിറക്കി. അവ കാലയവനികയിൽ മറക്കപ്പെടും. പക്ഷെ ആർ.കെ.നാരായൺ ഗൈഡായി നമുക്കു പരിചയപ്പെടുത്തിയ ഇന്ത്യൻ ഇംഗ്ലീഷ് ഇന്ന് നമ്മുടെ ഭാഷയായി മാറിയിരിക്കുകയാണ്. അതാണ് അദ്ദേഹത്തിന്റെ സ്‌മാരകവും.
Generated from archived content: editorial1_oct18_2006.html Author: kl_mohanavarma