ഓണാശംസകൾ

ഒരു ഓണം കൂടി

ഈ പൊന്നോണത്തിന്‌ ലോകമെമ്പാടും ഇന്റർനെറ്റ്‌ മേഖലയിൽ ഒരു വിരൽത്തുമ്പിന്റെ മൃദുലമായ സ്‌പർശനത്തിലൂടെ ഒന്നിച്ചു ചേരുന്ന എല്ലാ പുഴഡോട്ട്‌കോം കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ക്ഷേമാശംസകൾ.

കേരളത്തിന്റെ ഓണമാണ്‌ ഇന്ത്യയിലെ ജാതിമതാടിസ്ഥിതമായ ആഘോഷങ്ങളിൽ നിന്നും വേർപെട്ട്‌ സ്വന്തമായ സ്വത്വം നേടിയെടുത്ത ആദ്യത്തെ ദേശീയാഘോഷം. സ്വാതന്ത്ര്യദിനവും, റിപ്പബ്ലിക്‌ ദിനവും ഗാന്ധിജയന്തിയും മാറ്റി നിർത്തിയാൽ ഭാരതത്തിലെ ഒരു പ്രദേശത്തിനും തനതായ ഒരു ആഘോഷം മതാചാരങ്ങളുമായി ബന്ധപ്പെടുത്താതെ ഇന്നുവരെ ഉരുത്തിരിഞ്ഞ്‌ ഉണ്ടായതായി കാണാൻ കഴിഞ്ഞിട്ടില്ല.

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ

കളളവുമില്ല ചതിയുമില്ല, എളേളാളമില്ല പൊളിവചനം.

എത്ര സുന്ദരമായ സങ്കല്പം. അതിനെ തകർത്ത വാമനന്റെ കുടിലബുദ്ധി. മഹാബലിയുടെ ഗൃഹാതുരത്വം.

സമുദ്രത്തിൽ നിന്നും മഴുവെറിഞ്ഞു പൊക്കി കേരളക്കര സൃഷ്‌ടിച്ച പരശുരാമന്റെ അവതാരം വാമനനും മഹാബലിക്കും ശേഷമായിട്ടും നാം അതിനെ നമ്മുടെ ഭാഗമായി അംഗീകരിക്കുന്നു.

ഒരു രസകരമായ കഥയായി നാം വിശ്വാസത്തിന്റെ പേജുകളിൽ നിറയ്‌ക്കുന്നു.

പരശുരാമനും തോമാശ്ലീഹയും മുസ്ലീമായ ചേരമാൻ പെരുമാളും എല്ലാം നമ്മുടെ പാരമ്പര്യത്തിന്റെ, സംസ്‌ക്കാരത്തിന്റെ ഭാഗമാണ്‌ എന്ന ബോധം നമുക്കുണ്ട്‌.

സാക്ഷരതയിലും പൊതുജനാരോഗ്യത്തിലും മതസൗഹാർദ്ദത്തിലും രാഷ്‌ട്രീയത്തിലും (തത്വശാസ്‌ത്രങ്ങൾക്കു ഗുഡ്‌ബൈ പറഞ്ഞ്‌ കേരളം വഴി കാട്ടിയ കൂട്ടുകക്ഷി ഭരണം എന്ന രാഷ്‌ട്രീയശൈലി ജനാധിപത്യ സംവിധാനത്തിനു നൽകുന്ന വൈവിധ്യത്തിലെ ഏകത്വം എന്ന സനാതനസംസ്‌കൃതിയുടെ ആധുനികഭാഷ്യമാണ്‌) ഇന്ത്യക്ക്‌ മാർഗ്ഗദർശകമായിരിക്കുന്ന കേരളം തന്നെയാണ്‌ തനതായ ഒരു ദേശീയാഘോഷവും ഭാരതത്തിന്‌ നൽകാൻ കഴിയുളളവർ.

നാം അത്‌ ഓണത്തെ ഒരു സംസ്ഥാനത്തെ എല്ലാവരുടെയും പൊതു ആഘോഷമാക്കി.

ഓണം കേരളത്തിന്റെ അതിർത്തി കടന്ന്‌ മറ്റു സംസ്ഥാനങ്ങളുടെയും ദേശീയാഘോഷമായി മാറട്ടെ.

ഭാരതത്തിന്‌ ജാതിമതചിന്തകൾക്കതീതമായ ദേശീയാഘോഷങ്ങൾ ഏറെ ആവശ്യമായി വരുന്ന കാലമാണ്‌ ഇനി വരാൻ പോകുന്നത്‌.

ഈ ഓണത്തിന്‌ നാം മലയാളികൾ ആ ചിന്തയ്‌ക്ക്‌ നേതൃത്വം കൊടുക്കാം.

Generated from archived content: editoria_sept14_05.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English