മാനവികതയുടെ ഉറവിടമാണ് പുഴ. ബാല്യവും കൗമാരവും പുഴയുടെ തലോടലേൽക്കാതെ ലോകത്തിലെ ഒരു സംസ്‌ക്കാരവും പൂർണ്ണതയിലെത്തിയിട്ടില്ല.
1854 -ൽ സിയാറ്റിലിലെ റെഡ് ഇന്ത്യൻ വംശജരുടെ ഭൂമി നല്ല വില നൽകി വാങ്ങാൻ സർക്കാർ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ദയാപുരസ്സരം അവരുടെ ഗോത്രത്തലവനെ അറിയിച്ചപ്പോൾ ആ നാടൻ വൃദ്ധൻ നൽകിയ മറുപടി ലോകപ്രസിദ്ധമാണ്.
ഈ നിങ്ങൾ വില തരാമെന്ന് പറയുന്ന ഭൂമിയിലെ നദികളിലെയും അരുവികളിലെയും ആർത്തുല്ലസിച്ചൊഴുകുന്ന തെളിനീര് വെറും വെളളമല്ല, ഞങ്ങളുടെ പിതൃക്കളുടെ ജീവരക്തമാണ്. കളകളാരവം വെളളത്തിന്റെ ശബ്‌ദമല്ല, ഞങ്ങളുടെ മുത്തച്ഛന്മാരുടെ പിറുപിറുപ്പാണ്. പുഴകൾ ഞങ്ങളുടെ സഹോദരന്മാരാണ്. അവർ ഞങ്ങളുടെ ദാഹം ശമിപ്പിക്കുന്നു. വളളം ഒഴുക്കിത്തരുന്നു. കുഞ്ഞുങ്ങളുടെ വിശപ്പകറ്റുന്നു.
ഞങ്ങൾ നിങ്ങൾക്ക് ഈ സ്ഥലം വിൽക്കാം. പക്ഷെ നിങ്ങൾ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കണം. അവരുടെ ഉളളിന്റെയുളളിൽ അവർ മനസ്സിലാക്കണം ഈ പുഴകൾ അവരുടെ സഹോദരന്മാരാണെന്ന്. സഹോദരന് നൽകുന്ന ദയാവായ്‌പ് നീ പുഴകളോട് കാട്ടണമെന്ന്.
ഇപ്പോൾ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഈ പുഴ ഒരു ചെറിയ പുഴയാണ്.
കേരളത്തിന്റെ, മലയാളത്തിന്റെ എല്ലാ നൈർമ്മല്യവും ഉൾക്കൊളളുന്ന പുഴ.
ദൈവത്തിന്റെ നാടാകെ വിരിച്ച പച്ചപ്പും, കെട്ടുവളള ഹൗസ് ബോട്ടുകളിലിരുന്ന് ചൂണ്ടയിടാൻ പാകത്തിൽ വെട്ടിത്തിളങ്ങുന്ന മീനും, നഗരവനത്തിന് വേണ്ടുന്ന കുടിവെളളവും ചരലും നൽകുന്ന പുഴ.
ഈ പുഴ കേരളീയ സംസ്‌കാരത്തിന്റെ ഒരു പരിഛേദമാണ്.
സംസ്‌കാരത്തിന് നാണയത്തിലൂടെ വിലയിടുന്നത് സാഹസികമാണ്.
ഈ പുഴയുടെ സംസ്‌കൃതിക്ക് അതുകൊണ്ട് ഒരു അളവുകോലിലൂടെ ഞങ്ങൾ വിലയിടാൻ ശ്രമിക്കുന്നില്ല.
ആത്മാർത്ഥതയുടെ വാക്കുകളിലൂടെ കേരളീയ സംസ്‌ക്കാരത്തെ നിങ്ങളുടെ കൈകളിലെത്തിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്.
നിങ്ങളുടെ സഹോദരനോടു കാട്ടുന്ന ദയാവായ്‌പോടെ ഈ പുഴയെ സ്വീകരിക്കൂ.
Generated from archived content: editorail_mar01_06.html Author: kl_mohanavarma