ജനരോഷം ശക്തിയായും പ്രകടമായ ദിനങ്ങളായിരുന്നു കഴിഞ്ഞ ആഴ്‌ച.
വൈദ്യുതി വിലവർദ്ധന പിൻവലിച്ച മന്ത്രിസഭാതീരുമാനം അറിഞ്ഞപ്പോൾ ശരിക്കും ജനം സന്തോഷിച്ചു. ഒരു ബി.ജെ.പിയും രണ്ടു ഇടതും ഹർത്താലുകൾ നൽകുന്ന ഫ്രീ അവധികൾ നഷ്‌ടപ്പെട്ടതിലുളള ദുഃഖംപോലും ജനം ഒതുക്കി. നാം തിരികെ കേരളത്തിന്റെ ഏറ്റവും പ്രധാന പ്രശ്‌നമായി പ്രകീർത്തിക്കപ്പെടുന്ന വ്യാജരേഖ ചോദ്യം ചെയ്യലുകളിൽ എത്തിക്കഴിഞ്ഞു.
നമുക്കെന്തുപറ്റി? നാം എന്തേ ഇത്ര ലാഘവബുദ്ധിയുളളവരായി മാറി? ഒരു പ്രത്യേക ജീവിതരീതിയുടെ ഉപഭോക്താക്കളെന്നമട്ടിൽ നാം, കേരളീയർ, ഭാരതത്തിന്റെ പൊതുമൈൻഡ് സെറ്റിൽ നിന്നുപോലും വ്യത്യസ്തരാണ്.
നാം എന്തേ നമ്മുടെ മൗലികമായ പ്രശ്‌നങ്ങൾ എന്തെന്നു കാണാൻപോലും മടിക്കുന്നു?
അല്‌പം ചിന്തിച്ചാൽ നമുക്കേവർക്കും അറിയാം, വ്യാജരേഖയും തുടർനടപടികളും ഭരണം കൈയിലുളള ഒരു പ്രധാന രാഷ്‌ട്രീയപ്പാർട്ടിയിലെ അധികാരത്തിനുവേണ്ടിയുളള കടിപിടിയുടെ താണതരം പ്രവർത്തനമാണെന്ന്. ഇതിൽ ആരു ശരി ആരു തെറ്റ് എന്നതിലേക്ക് സീരിയലിലെ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്ന മനോഭാവത്തിൽ നാം എത്തിയിരിക്കുകയാണ്. ഇവരിൽ ആരായാലും നമ്മെ സംബന്ധിച്ചിടത്തോളം എന്തായിരിക്കാം വ്യത്യാസം എന്ന് അന്വേഷിക്കാൻപോലും മെനക്കെടാത്ത നിലയിലാണ് നാം.
വൈദ്യുതി പ്രതിസന്ധി. കഴിഞ്ഞ അമ്പതുവർഷമായി സ്വയംഭരണം എന്ന പേരിൽ കുറച്ചു ഉദ്യോഗസ്ഥരും ദീർഘവീക്ഷണം തീരെ പ്രദർശിപ്പിക്കാൻ ധൈര്യമോ കഴിവോ അറിവോ പ്രകടിപ്പിക്കാതിരുന്ന രാഷ്‌ട്രീയ നേതൃത്വങ്ങളും തങ്ങളുടെ അവകാശങ്ങളോടു മാത്രം പ്രതിബദ്ധതകാട്ടാൻ അറിയാവുന്ന ട്രേഡ് യൂണിയനുകളും എല്ലാ ലവലിലും ശക്തമായി തൻകാര്യം കാണാൻ മിടുക്കു കാട്ടുന്ന കോൺട്രാക്‌റ്റർ സംഘവും കൂടിയാണ് വൈദ്യുതി ബോർഡിനെ ഈ വെളളാന ആക്കി മാറ്റിയതെന്ന് ലേശം ചിന്തിക്കുന്ന ഏവർക്കും അറിയാം. ചിലവു കൂടിയാൽ ചാർജ്ജ് കൂട്ടി വരുമാനം കൂട്ടുക എന്ന വെറും കണക്കപ്പിളളയുടെ അർദ്ധശാസ്‌ത്രചിന്തയിലെത്തി നമ്മുടെ ഭരണനേതൃത്വം. പ്രശ്‌നത്തെ ധൈര്യമായി നേരിടാനുളള വൈമുഖ്യം എവിടെയും പ്രകടമായിരുന്നു.
എന്തേ ഇതിനു കാരണം? വൈദ്യുതി, ഭക്ഷണവും വസ്‌ത്രവും പാർപ്പിടവും കഴിഞ്ഞാൽ കേരളീയന് ദൈവത്തേക്കാൾ ആവശ്യമുളള വസ്‌തുവാണ്. ഇതുപോലും രാഷ്‌ട്രീയക്കളിക്കാർക്ക് അധികാരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിലെ ഒരു ആയുധമായി മാറുകയായിരുന്നു കഴിഞ്ഞ ആഴ്‌ചകളിൽ. ദുഃഖം തോന്നുന്നു. എന്തേ ഇതിനു കാരണം?
എനിക്കു തോന്നുന്നത് സാക്ഷരത വിദ്യാഭ്യാസത്തെ അമർത്തി എന്നതായിരിക്കാം പ്രധാന കാരണം.
കേരളം പൂർണ്ണസാക്ഷരതയുളള ഏക വലിയ സംസ്ഥാനമാണ്. എന്നും രാവിലെ പത്രം കണ്ടിട്ടുമാത്രം സൂര്യനെ നോക്കുന്നവരാണ് നാം. നമുക്ക് നമ്മുടെ രീതിക്ക് സ്വീകാര്യമായവിധത്തിൽ രൂപവും ഭാവവുമുളള വാർത്തകൾ നാം വായിക്കാൻ ഇഷ്‌ടപ്പെടുന്ന പത്രങ്ങൾ എന്നും നമുക്കു നൽകുന്നു. നാം സന്തുഷ്‌ടരാണ്. നമുക്ക് ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട ആവശ്യമില്ല. നമ്മുടെ പ്രശ്‌നങ്ങൾപോലും എന്താണെന്ന് വാർത്താമാധ്യമങ്ങളാണ് തീർച്ചപ്പെടുത്തുക. വാർത്തകളിൽ സീരിയലുകളുടെ എരിവും പുളിയും രഹസ്യവും കുറ്റാന്വേഷണവും എല്ലാം വേണ്ടപോലെ കാണും. ഗാട്ട്, ഏ ഡി ബി തുടങ്ങിയ നമുക്ക് ഒട്ടും മനസ്സിലാകാത്ത രാക്ഷസന്മാരെക്കുറിച്ച് അപക്വമതികളായ ബുദ്ധിജീവികൾ എഴുതുന്ന രസകരമായ വർണ്ണനകൾ വായിച്ച് നാം വിജ്ഞരാണെന്ന് സമാധാനിക്കുന്നു.
നമുക്ക് ചിന്താശക്തി ആവശ്യമില്ലാത്ത തലത്തിൽ നാം എത്തിച്ചേർന്നിരിക്കുന്നു.
വെറും കണക്കപ്പിളളയുടെ ലവലിൽനിന്നും നമ്മുടെ ഭരണനേതൃത്വം ഉയരണമെന്ന് നാം ആവശ്യപ്പെടുന്നില്ല. അവരുടെ കസേരക്കു വേണ്ടിയുളള കളി നമ്മുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുപോലും നാം പ്രതികരിക്കുന്നില്ല.
നാം വാർത്താമാധ്യമങ്ങൾക്കപ്പുറം ചിന്തിക്കേണ്ട കാലം ഇനി വൈകിക്കൂടാ, സാക്ഷരത നമുക്ക് ഭാരമാകാതെ സൂക്ഷിക്കണം.
Generated from archived content: edit_saksharatha.html Author: kl_mohanavarma
Click this button or press Ctrl+G to toggle between Malayalam and English