എം.ആർ എന്റെ പഴയ സുഹൃത്താണ്. ആദർശവാദിയായ ചെറുപ്പക്കാരൻ. ബുദ്ധിമാൻ. പെരുമാറാനും പ്രസംഗിക്കാനും മിടുക്കൻ. പരീക്ഷകളെല്ലാം ഉന്നതനിലയിൽ പാസായെങ്കിലും ഒരു അമേരിക്കൻ വിസ സംഘടിപ്പിക്കാൻ ശ്രമിക്കാതെ നാട്ടിൽ നിന്നു.
എന്നോട് പറയുമായിരുന്നു.
മാർക്‌സിയൻ തത്വശാസ്‌ത്രത്തിന് മതാധിഷ്‌ഠിതമായ ഗാന്ധിയൻ വീക്ഷണം നൽകണം. ഇന്ത്യയിലെ ദരിദ്രരുടെ ഉന്നമനത്തിന് അതേ ഒരു മാർഗ്ഗമുളളു.
എം.ആർ രാഷ്‌ട്രീയത്തിലിറങ്ങി.
എം.ആറിന്റെ ചുറ്റുപാടും ജാതിയും പഠിത്തവും കേരളരാഷ്‌ട്രീയത്തിന്റെ പ്രത്യേകതയിൽ അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് മതേതരത്വം ഉരുവിട്ട് സോഷ്യലിസം ജപിക്കുന്ന നമ്മുടെ അനവധി ജാതിപ്പാർട്ടികളിലൊന്നിലാണ്. ആത്മാർത്ഥതയും നേതൃത്വത്തിലുളള കഴിവും കൊണ്ട് എം.ആർ പെട്ടെന്നു പാർട്ടിയുടെ സംസ്ഥാനനേതൃത്വത്തിലെ രണ്ടാം നിരയിലെത്തി.
ഒരു മന്ത്രിസ്ഥാനവും രണ്ടുമൂന്നു എമ്മെല്ലെ സ്ഥാനവും. അതിൽ കൂടുതൽ എത്ര മുന്നണി മാറിയാലും ഒരിക്കലും കിട്ടാനിടയില്ലാത്ത പാർട്ടി. ആ സ്ഥാനങ്ങളിൽ കടിച്ചു തൂങ്ങിക്കിടക്കുന്ന പ്രഷർഗ്രൂപ്പ് നേതാക്കന്മാർ.
എം. ആറിന് ആദ്യത്തെ തെരഞ്ഞെടുപ്പിൽ തോൽക്കേണ്ടി വന്നു.
പക്ഷെ പാർട്ടി ഭരണപക്ഷത്തെത്തി.
നേതാവ് എം.ആറിനെ സമാധാനിപ്പിച്ചു. എന്നിട്ട് തങ്ങൾക്ക് വീതം കിട്ടിയ ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ ചെയർമാൻ പദവി എം.ആറിന് കൊടുത്തു.
എം.ആർ പറഞ്ഞു.
സാറെ, ഈ ചുമതല എനിക്ക് ശരിയാകുകയില്ല. എനിക്ക് ഈ സ്ഥാപനത്തിന്റെ ഒന്നും അറിഞ്ഞുകൂടാ. ഇത് കമേഴ്‌സിയൽ സ്ഥാപനമാണ്. വിവരമില്ലാത്തവരെ ഇതിന്റെ തലപ്പത്തിരുത്തിയാൽ ഇപ്പോഴുളളതിന്റെ ഇരട്ടി നാശമാകും.
നേതാവ് ചിരിച്ചു.
എം.ആറെ, ഭരിക്കാൻ വിവരമുണ്ടായിട്ടാ ആൾക്കാർ ഭരിക്കുന്നത്! വിവരം ഒക്കെ തനിയെ വരും. ഒന്നുകിൽ മിണ്ടാതിരിക്കുക, അല്ലെങ്കിൽ തമാശ പറയുക. അതാണ് ബുദ്ധിമാന്മാരായ ഭരണാധികാരികളുടെ ടെക്‌നിക്ക്. എം.ആർ ധൈര്യമായി ഭരിക്ക്.
എം.ആർ ചെയർമാനായി ചാർജ്ജെടുത്തു.
രണ്ടു മൂന്നുമാസം കഴിഞ്ഞ് എം.ആറിനെ കണ്ടപ്പോൾ അദ്ദേഹം ദുഃഖിതനായിരുന്നു.
വർമ്മാജി, എന്തു ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ. ഞാൻ രാജി വച്ചാലോ എന്ന് ആലോചിക്കുകയാണ്.
എം.ആറിന്റെ അന്തസ്സംഘർഷത്തിന്റെ കാരണം ലളിതമായിരുന്നു.
ചെയർമാൻ പദവി ഏറ്റെടുത്ത ദിവസം. ചുമന്ന ബോർഡു വച്ച കൂറ്റൻ കാറ് എം.ആറിന്റെ ചെറിയ ഭവനത്തിനു മുന്നിലെ വീതി കുറഞ്ഞ ഇടവഴിയിൽ ഞെരുങ്ങി നിന്നു. എം.ആർ ചെന്നപ്പോൾ ഒരു മാന്യരൂപം വണങ്ങി കാറിന്റെ ഡോറു തുറക്കുന്നു. അയാൾ ഭവ്യതയോടെ മുൻസീറ്റിലിരുന്നു. എം.ആർ ആഫീസിലെത്തി. തന്റെ വീടിന്റെ എല്ലാ മുറികളും ചേരുന്നതിനെക്കാൾ വലിപ്പമുളള ആഫീസു മുറി. അതിനെക്കാൾ വലിപ്പമുളള ഗസ്‌റ്റ് ഹൗസ് സ്യൂട്ട്. എയർകണ്ടീഷനിംഗ്. വൈദ്യുതി പോയാൽ ഉടൻ പ്രവർത്തിക്കുന്ന മോട്ടർ. രാജകീയമായ ഭക്ഷണം. വെറും ചായയുടെ ഒപ്പംപോലും കശുവണ്ടി. ബെല്ലടിച്ചാൽ ഓടിയെത്തുന്ന വിവിധതരം പരിചാരകർ. ഇംഗ്ലീഷിൽ നമിക്കുന്ന വിദഗ്‌ദ്ധർ. എവിടെയും മാന്യസ്ഥാനം. മെല്ലെ സുഖലോലുപത്വത്തിലേക്ക് എം.ആർ വഴുതി വീണു. എം.ആറിന് തന്റെ സ്ഥാപനത്തിലെ പ്രവർത്തനം തന്റെ കസേര കൈവിടാതിരിക്കുന്നതിൽ മാത്രം കേന്ദ്രീകരിക്കാൻ തുടങ്ങി. ഇനിയുളള ലക്ഷ്യം ഇതിലും കൂടുതൽ അധികാരവും സുഖസൗകര്യവും നേടുന്നതിലായി. അതിനുവേണ്ടി ഏത് അഡ്‌ജസ്‌റ്റ്‌മെന്റുകൾക്കും തയ്യാറാകുന്ന മാനസികനിലയിലായി എം.ആർ.
എന്റെ സുഹൃത്തിന്റെ ദുഃഖം അദ്ദേഹം തന്നെ പരിഹരിക്കേണ്ടതാണെന്ന് എനിക്ക് തോന്നി.
കാലം ഏറെയായി.
ഈയിടെ എം.ആറിനോടൊപ്പം അദ്ദേഹത്തിന്റെ പുതിയ ഇ.സി കാറിൽ സഞ്ചരിക്കാനുളള ഭാഗ്യം ഉണ്ടായി. അദ്ദേഹത്തിന്റെ സ്ഥാപനം നഷ്‌ടത്തിൽ നിന്ന് നഷ്‌ടത്തിലേക്ക് വീണ വാർത്ത ഞാൻ കണ്ടിരുന്നു.
എം.ആർ പറഞ്ഞു.
നഷ്‌ടം മുഴുവൻ സർക്കാർ ഏറ്റെടുത്ത് റീസ്‌റ്റ്രക്‌ച്ചർ ചെയ്‌താലേ തൊഴിലാളികൾക്ക് രക്ഷയുളളു. ഞാൻ അതിന് പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതു താമസിയാതെ ക്യാബിനറ്റിൽ പാസ്സാകണം.
സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്മാരെല്ലാം പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കളാണെന്ന് ഏതൊ പത്രം എഴുതിയിരുന്നു. ആരും ഓപ്പൺ സെലക്‌ഷനിൽ വന്നതല്ലെന്നും. ശരിയാണോ?
ഞങ്ങളുടെ കൈയിലുളള സ്ഥാപനത്തിലല്ലാതെ മറ്റു പാർട്ടിക്കാരുടെ സ്ഥാപനത്തിൽ ഞങ്ങളുടെ ആൾക്കാരെ ചേർക്കാൻ പറയുന്നത് ശരിയാണോ?
ശരിയല്ല.
ഞാൻ സമ്മതിച്ചു
പബ്ലിക് ലിമിറ്റഡ് എന്നത് പ്രൈവറ്റ് കമ്പനികളുടെ വിശേഷണമാണ്.
ഇത് പബ്ലിക് അൺലിമിറ്റഡ് ആണ്.
Generated from archived content: edit_public.html Author: kl_mohanavarma