പ്രതീക്ഷ ഉണർത്തിയ വർഷം

ഒരു വർഷം ഭരണം പൂർത്തിയാക്കിയ ഇപ്പോഴത്തെ കേരള മന്ത്രിസഭയുടെ പ്രവർത്തനത്തെ വേൾഡ്‌ കപ്പിന്റെ വിജേതാക്കളെ കണ്ടുപിടിക്കുന്ന സ്‌റ്റൈലിൽ നമ്മുടെ മാധ്യമങ്ങൾ വായനക്കാരെക്കൊണ്ട്‌ വിലയിരുത്തിച്ചത്‌ രസകരമായി. ഗുജറാത്തും പാകിസ്ഥാനും അകലെയാണ്‌. പക്ഷെ ആന്റണിയും അച്ചുതാനന്ദനും നമ്മുടെ കൂടെയുണ്ട്‌. ഇ.ഡി.ബി എന്ന രാക്ഷസനും. നമ്മുടെ ശത്രു മതമൗലിക വാദികളോ യുദ്ധഭീഷണി ഉയർത്തുന്ന അയൽ രാഷ്‌ട്രമോ അല്ല, ഏ ഡി ബി യാണ്‌ എന്നുപോലും നാം ധരിച്ചുവശായി.

കേരളത്തിന്റെ മൈൻഡ്‌ സെറ്റിന്റെ പ്രത്യേകതയാണ്‌ ഇതെന്നു തോന്നുന്നു. നൂറു ശതമാനം സാക്ഷരത. സ്‌ത്രീകൾക്കും പുരുഷന്മാരോടൊപ്പം ഏതു മേഖലയിലും പ്രവർത്തിക്കാനുളള സൗകര്യം, മണിയോർഡർ ഇക്കോണമി നിലനിർത്തുന്ന സാമ്പത്തിക ശക്തി, വികസിത രാജ്യങ്ങളോടൊപ്പമുളള ആയുർദൈർഘ്യം, അവരെക്കാൾ കുറവായ ശിശുമരണ നിരക്ക്‌, അത്യാധുനിക ആശുപത്രി സംവിധാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഉപഭോക്തൃനിലവാരവും അടിസ്ഥാനവേതനനിരക്കും, പുതിയ എന്തിനേയും ആവേശത്തോടെ സ്വീകരിക്കാനുളള കഴിവ്‌, അതേ സമയം രാഷ്‌ട്രീയമായ കാര്യങ്ങളിലും മതപരമായ കാര്യങ്ങളിലും ഒരു തരം നിസ്സംഗത, വാശിയില്ലായ്‌മ. സാമൂഹ്യഘടനയിൽപ്പോലും നാം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥരാണ്‌.

വാസ്‌തവത്തിൽ മിക്ക മേഖലകളിലും ലോകത്തിലെ ഏറ്റവും സമ്പന്നരായ രാഷ്‌ട്രങ്ങൾക്കൊപ്പമാണ്‌ നാം. പക്ഷെ ഇതേ കാരണം കൊണ്ടു തന്നെയാകാം നാം രാഷ്‌ട്രീയമായി ഒറ്റപ്പെട്ടിരിക്കുകയാണ്‌. ഈ സത്യം നാം മനസ്സിലാക്കുന്നുണ്ടോ എന്ന്‌ എനിക്ക്‌ സംശയമാണ്‌. നമ്മുടെ മാറിമാറി വരുന്ന ഇടതു വലതു പ്രതിപക്ഷവും ഭരണപക്ഷവും കഴിഞ്ഞ നാൽപ്പത്തഞ്ചു കൊല്ലമായി ആവർത്തിക്കുന്ന രണ്ടു പല്ലവികൾ ശ്രദ്ധിക്കൂ. പ്രതിപക്ഷം പറയും, ഭരണപക്ഷക്കാർ അഴിമതി നടത്തുന്നു. അഴിമതി മാത്രമേ നടത്തുന്നുളളു. ഭരണപക്ഷം പറയും, തങ്ങളുടെ പ്രവർത്തനം മോശമാകാൻ ഒരു കാരണമേയുളളൂ. കേന്ദ്ര അവഗണന.

കോൺഗ്രസ്സും, ജനതാ പാർട്ടി-ഇടതുപക്ഷസഖ്യവും, ബി.ജെ.പി. സഖ്യവും ആര്‌ കേന്ദ്രം ഭരിച്ചാലും കേരളത്തിന്‌ അവഗണനയാണെന്നാണ്‌ നമ്മെ ധരിപ്പിച്ചിരുന്നത്‌. നാം വിശ്വസിച്ചിരുന്നതും.

ആന്റണി മന്ത്രിസഭയുടെ ഒരു വർഷത്തെ പ്രവർത്തനത്തിൽ ഏറ്റവും വലിയ നേട്ടമായി എനിക്കു തോന്നുന്നത്‌ ഈ കേന്ദ്ര അവഗണന എന്ന്‌ പഴി ചാരുന്ന പരിപാടി ഉപേക്ഷിച്ചു എന്നുളളതാണ്‌. പുറത്ത്‌ എന്തൊക്കെ കാട്ടിയാലും പറഞ്ഞാലും ആന്റണി മന്ത്രിസഭയുടെ പ്രവർത്തനത്തോട്‌ വെറും അഴിമതി എന്നുളള സ്ഥിരം പല്ലവി വിട്ട്‌ പ്രധാന ചെയ്‌തികളിൽ ഭരിക്കുന്നവരും പ്രതിപക്ഷവും ഒന്നിച്ചു നിൽക്കേണ്ടത്‌ അനിവാര്യമാണ്‌ എന്ന ഒരു ചിന്ത പ്രതിപക്ഷത്തിലും വന്നിട്ടുണ്ട്‌ എന്ന്‌ കഴിഞ്ഞ പണിമുടക്കിലും ഏ ഡി ബി കാര്യത്തിലും പ്രതിപക്ഷം എടുത്ത നിലപാട്‌ അതിസൂക്ഷ്‌മമായി അപഗ്രഥിച്ചാൽ മനസ്സിലാകും.

കേരളത്തിന്റെ പുരോഗതിക്ക്‌ ഏറ്റവും ശുഭോദർക്കമായി ഞാൻ കാണുന്നത്‌ നമ്മുടെ ഇടതും വലതും രാഷ്‌ട്രീയ നേതൃത്വങ്ങളുടെ ചിന്തകളിൽ വന്നിരിക്കുന്ന ഈ മാറ്റമാണ്‌.

നാം, കേരളീയർ, കേന്ദ്രത്തിൽ ഒന്നാംതരം ഉദ്യോഗസ്ഥന്മാരായി പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്‌. ഏറ്റവും നന്നായി നേതൃത്വത്തിന്റെ തീരുമാനങ്ങൾ നിഷ്‌പക്ഷമായി നടപ്പിലാക്കാൻ കഴിവുളളവർ. നാം ഒന്നാംതരം വി പി മേനോന്മാരാണ്‌. സർദാർ വല്ലഭായി പട്ടേലുമാരല്ല എന്നാണ്‌ പൊതുവെ വിശ്വാസം. ദില്ലിയിലെ മിക്ക ദേശീയനേതാക്കന്മാരുടെയും, സോണിയാജി മുതൽ ഫൂലൻദേവി വരെ, പെഴ്‌സണൽ സെക്രട്ടറിമാർ മലയാളികൾ ആണ്‌ എന്നത്‌ നാം ശ്രദ്ധിക്കേണ്ടതാണ്‌. പക്ഷെ ഒരിക്കലും, പണ്ട്‌ പണ്ട്‌ ഇംഗ്ലണ്ടിൽ നിന്ന്‌ നേരിട്ട്‌ ജവഹർലാൽ നെഹ്‌റു ദില്ലിയിൽ കൊണ്ടുവന്ന ശ്രീ വി.കെ.കൃഷ്‌ണമേനോനൊഴികെ തിരുവനന്തപുരത്തുനിന്ന്‌ ആരും കേന്ദ്രത്തിൽ പ്രധാനമന്ത്രി പദം പോകട്ടെ, ആഭ്യന്തരം, സാമ്പത്തികം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകൾ പോലും ഒരിക്കലും കൈകാര്യം ചെയ്‌തിരുന്നില്ല എന്നത്‌ വളരെ പ്രധാനമാണ്‌.

ഇതിനു കാരണം നമ്മുടെ പിടിപ്പുകേടല്ല, പ്രത്യുത, നമ്മുടെ പ്രത്യേകതയാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഇന്ത്യയിലെയും ഏഷ്യയിലെയും യാഥാസ്ഥിതിക കാർഷികസമൂഹത്തിൽ വിപ്ലവം നയിച്ച, നയിക്കുന്ന അമുൽ കുര്യൻസാറും ഡോക്‌ടർ സ്വാമിനാഥനും കോഴിക്കോട്ടു നിന്നും മങ്കൊമ്പിൽ നിന്നും പോയവരാണല്ലോ. മതവും ഭാഷയും ഒന്നും ഇവർക്കു കടിഞ്ഞാണിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌.

രാഷ്‌ട്രീയത്തിലും അത്തരം ഒരു ചലനത്തിന്റെ തുടക്കം ആകാം ഈ മാറ്റം. കേന്ദ്ര അവഗണനയെക്കുറിച്ച്‌ കരയാതെ സ്വയം പുരോഗതിക്കു വഴി തേടുന്നതിന്റെ തുടക്കം. നമുക്ക്‌ ആകാംക്ഷയോടെ കാത്തിരിക്കാം.

Generated from archived content: edit_pratheeksha.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here