പൊതുമേഖലയുടെ ദുഃഖം

കേരളം എന്ന പേര്‌ കേരം തിങ്ങി വളരുന്ന നാടായതുകൊണ്ടു മാത്രമാണ്‌ നമുക്കു ലഭിച്ചതെന്ന്‌ മിക്ക ചരിത്രകാരന്മാരും ആണയിടുന്നു.

കേരവികസനത്തിന്‌ ഭാരതസർക്കാർ പഞ്ചവത്സരപദ്ധതിപ്രകാരം ആണ്ടുതോറും ഇരുനൂറുകോടി രൂപാ നൽകുന്നുവെന്നാണ്‌ കണക്ക്‌. അതിൽ ഒട്ടു മുക്കാലും കൊണ്ടുപോകുന്നത്‌ അമ്പതുകൊല്ലം മുമ്പുപോലും കേരം കണ്ടിട്ടില്ലായിരുന്ന ആന്ധ്രപ്രദേശമാണ്‌. കേരളത്തിന്‌ മണ്‌ഡരിക്കു കിട്ടുന്ന സ്‌പെഷ്യൽ കാശുപോലും ജോലിക്കാർക്കു ശമ്പളം കൊടുക്കാൻ ഉപയോഗിച്ചതു കാരണം നമുക്കു സബ്‌സിഡി ഇല്ല. കേരവും കരിക്കും നാം തമിഴ്‌നാട്ടിൽ നിന്നും ഇംപോർട്ടു ചെയ്യുകയാണ്‌.

കേരളാ റോഡ്‌ ട്രാൻസ്‌പോർട്ട്‌ കോർപ്പറേഷന്റെ ചെറുപ്പക്കാരനും അരാഷ്‌ട്രീയനുമായ മന്ത്രി ഉദ്ദേശശുദ്ധിയോടെ വരുത്തിയ മാറ്റമാണ്‌ ഭംഗിയും സൗന്ദര്യവുമുളള പുതിയ ലക്‌ഷ്വറി ബസ്സുകൾ. മുക്കാലും കാലി ആയി ഓടുന്ന ഈ ബസ്സുകൾ അതിവേഗം യാത്രക്കാരുടെ കീശകൾ കാലിയാക്കുന്നു. അവർ ഓടി ട്രെയിനിൽ കയറി സുഖയാത്ര നടത്തുന്നു. ദിവസവും എത്ര ബസ്സുകൾ ഓടുന്നെന്നോ എത്ര ഷെഡ്യൂളുകൾ പ്രവർത്തിച്ചെന്നോ ഒരു മൊത്തത്താപ്പിലല്ലാതെ കൃത്യമായി അറിയാൻ ഈ കമ്പ്യൂട്ടർ യുഗത്തിലും പറ്റുന്നില്ല എന്ന സ്വകാര്യദുഃഖത്തിലാണ്‌ മന്ത്രി. പക്ഷെ കോർപ്പറേഷന്റെ നഷ്‌ടം എങ്ങിനെയാണ്‌ നികത്തേണ്ടതെന്നതിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ യാതൊരു വൈദഗ്‌ദ്ധ്യവും ആവശ്യമില്ലാതെ ആർക്കും പറയാവുന്ന വിദഗ്‌ദ്ധാഭിപ്രായം ലഭിച്ചിട്ടുണ്ട്‌. ചാർജ്‌ കൂട്ടുക.

കേരളാ സ്‌റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ബോർഡിന്റെ നഷ്‌ടം എത്രയാണെന്നതിനെക്കുറിച്ച്‌ അഭിപ്രായ വ്യത്യാസമുണ്ട്‌. പക്ഷെ നഷ്‌ടം നികത്തേണ്ടത്‌ എങ്ങിനെയാകണം എന്നതിനെക്കുറിച്ച്‌ സാങ്കേതിക വിദഗ്‌ദ്ധർക്കും സാമ്പത്തിക വിദഗ്‌ദ്ധർക്കും യാതൊരു അഭിപ്രായവ്യത്യാസവുമില്ല. ഇലക്‌ട്രിസിറ്റി ചാർജ്‌ കൂട്ടുക. ഇതു പറയാൻ എന്തിനാണ്‌ വൈദഗ്‌ദ്ധ്യം എന്നു ചോദിക്കാൻ പോലും ഭയമാണ്‌ നമുക്കും നമ്മുടെ പ്രതിനിധികൾക്കും. കൂടുതൽ ശബ്‌ദിച്ചാൽ ഫ്യൂസ്‌ ഊരും.

ബംഗാളിൽ ഇക്കൊല്ലം ദസ്‌റയ്‌ക്കു ജോലിക്കാർക്കുളള ബോണസ്‌ പകുതിയാക്കി. സാമ്പത്തിക പ്രതിസന്ധിയാണ്‌ കാരണം പറഞ്ഞത്‌. ഇവിടെ അതിലേറെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ഓണത്തിന്‌ ബോണസ്‌ കുറച്ചില്ല.

എന്താണിതിന്‌ കാരണം? നമ്മെ ശരിക്കും ഭരിക്കുന്നത്‌ ആരാണ്‌?

തൊഴിലാളി എന്ന പേര്‌ സ്വന്തമാക്കി നാടിന്റെ സമ്പത്തിൽ ഭൂരിഭാഗവും കൈയാളുന്ന സംഘടിത ഉദ്യോഗസ്ഥ വർഗ്ഗമാണോ? എളുപ്പം ചൂണ്ടിക്കാണിക്കാവുന്നത്‌ അവരെയാണ്‌. പക്ഷെ അവരെ നിലയ്‌ക്കു നിർത്താനും നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിപ്പിക്കാനും ഒരു ശക്തമായ രാഷ്‌ട്രീയനേതൃത്വത്തിന്‌ കഴിയുന്നതേയുളളു.

പക്ഷെ അവരെക്കാൾ അപകടകാരികളാണ്‌ രാഷ്‌ട്രീയ നേതൃത്വത്തിന്‌ ഉപദേശം നൽകാൻ നിയോഗിക്കപ്പെടുന്ന വൃദ്ധ സാങ്കേതികവിദഗ്‌ദ്ധർ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

നൂറിലേറെ പൊതുമേഖലാസ്ഥാപനങ്ങളുണ്ട്‌ കേരളത്തിൽ. ഇവ കൂടാതെ നഷ്‌ടം വരുമ്പോൾ സർക്കാർ ഖജനാവിൽ നിന്ന്‌ നഷ്‌ടം നികത്താൻ പല പേരിലും ഫണ്ട്‌ മറിക്കുന്ന നൂറു കണക്കിന്‌ അർദ്ധ സർക്കാർ സ്ഥാപനങ്ങളും. സർക്കാർ ബജറ്റിന്റെ പ്രത്യേക ഫോർമാറ്റും ശൈലിയും കാരണം ജനപ്രതിനിധികൾക്ക്‌ ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച്‌ ബജറ്റിലും അനുബന്ധങ്ങളിലും നൽകുന്ന വിവരത്തിലെ വരികൾക്കും കണക്കുകൾക്കും ഇടയിൽ ഒളിഞ്ഞിരിക്കുന്ന അപ്രിയ സത്യങ്ങൾ കണ്ടുപിടിക്കാൻ പറ്റുന്നില്ല.

കമ്പ്യൂട്ടറും അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും ലഭ്യമായ ഇക്കാലത്ത്‌ ജനപ്രതിനിധികൾ സ്വയം ഈ അപ്രിയസത്യങ്ങൾ കണ്ടു പിടിക്കാൻ ശ്രമിക്കണം. അത്തരം ട്രെയിനിംഗിന്‌ സ്വന്തം നേതൃത്വനിരയെ നിർബന്ധിതരാക്കുന്ന സംവിധാനം എല്ലാ രാഷ്‌ട്രീയപ്പാർട്ടികളും ഉണ്ടാക്കണം. എങ്കിലെ ഇന്നത്തെ ഈ നിലയ്‌ക്ക്‌ ഒരു പരിഹാരം കാണാൻ സാധിക്കൂ.

ഒന്നോർത്താൽ ആന്ധ്രയിൽ ചന്ദ്രബാബു നായിഡു ചെയ്‌തതും ഇത്രയല്ലേയുളളൂ.

* * *

Generated from archived content: edit_pothumekhala.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English