ഈയിടെ പണ്‌ഡിത് ജവഹർലാൽ നെഹ്‌റുവിന്റെ അച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പുസ്‌തകം യാദൃച്ഛികമായി കൈയിൽ കിട്ടി. സ്വാതന്ത്ര്യസമരത്തിനിടയ്‌ക്കുണ്ടായ ജയിൽവാസകാലത്ത് പണ്‌ഡിത്‌ജി മകൾ ഇന്ദിരാപ്രിയദർശിനിക്ക് ലോകചരിത്രം ലളിതമായി വിവരിച്ചു കൊടുക്കുന്ന കത്തുകളാണവ. ആ കത്തുകൾ എക്കാലത്തും ഇന്ത്യൻ കുട്ടികൾക്കുളള അമൂല്യമായ വരദാനമായി എനിക്കു തോന്നാറുണ്ട്. അതു അമ്പതു കൊല്ലത്തിനു ശേഷം ഞാൻ വീണ്ടും വായിക്കാൻ തുടങ്ങി.
പെട്ടെന്ന് എനിക്ക് പണ്‌ഡിത്‌ജിയെ സംബന്ധിക്കുന്ന എന്റെ ഒരു പെഴ്‌സണൽ അനുഭവം ഓർമ്മ വന്നു.
1956. ഞാൻ അന്ന് റീവാ എന്ന മദ്ധ്യേന്ത്യൻ പട്ടണത്തിൽ ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലിയിലാണ്. ജോലി കിട്ടി ആദ്യത്തെ വാർഷിക ഒഴിവു കഴിഞ്ഞ് മടങ്ങുന്ന സമയം. അക്കാലത്ത് മദിരാശിയിൽനിന്നും ദില്ലിയ്‌ക്കുളള ഗ്രാന്റ് ട്രംക് തീവണ്ടിയിൽ ഇടാർസി ജംഗ്‌ഷനിൽ ഇറങ്ങി അവിടെ നിന്ന് കാശി എക്‌സ്‌പ്രസ് പിടിച്ച് സത്‌നാ സ്‌റ്റേഷനിലിറങ്ങി വേണം റീവായ്‌ക്കു ബസ്സു കയറാൻ. സ്ലീപ്പറോ റിസർവേഷനോ എയർകണ്ടീഷനോ എന്തിന് ഡീസൽ എഞ്ചിൻപോലും ഇല്ലാതിരുന്ന കാലം. ഇടാർസിയിൽ അഞ്ചു മണിക്കൂർ ഇടവേളയുണ്ട്. റെയിൽ യാത്രയുടെ കരിപ്പൊടി കഴുകി കുളിച്ച് റയിൽവെ റെസ്‌റ്റോറന്റിൽ ചെന്നു. അക്കാലത്ത് മിക്ക നല്ല റയിൽവെ റെസ്‌റ്റോറന്റുകളും നടത്തിയിരുന്നത് ആംഗ്ലോ ഇന്ത്യക്കാരായിരുന്നു. ഇവിടെയും കൗണ്ടറിൽ ഒരു സുന്ദരനും സുമുഖനുമായ വെളളക്കാരൻ വൃദ്ധൻ. ചുവരിൽ ഒരു വലിയ ചിത്രം. ജവഹർലാൽ നെഹ്‌റുവും ഈ വൃദ്ധനും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ.
ഞാൻ അദ്ദേഹവുമായി പരിചയപ്പെട്ടു.
അദ്ദേഹം പറഞ്ഞു.
പത്തു മുപ്പതു കൊല്ലമായുളള പതിവായിരുന്നു. നെഹ്‌റുജി ഗാന്ധിജിയുടെ വാർദ്ധയിലെ സേവാഗ്രാം ആശ്രമത്തിൽ നിന്ന് ഗ്രാൻഡ് ട്രംക് എക്‌സ്‌പ്രസ്സിലായിരിക്കും വരിക അലഹബാദിനു പോകാൻ. പോകുമ്പോഴും വരുമ്പോഴും കണക്‌ഷനുവേണ്ടി മൂന്നാലു മണിക്കൂർ ഇവിടെ തങ്ങണം. അപ്പോൾ അദ്ദേഹം നേരെ ഇവിടെ വരും. എന്റെ കൂടെ അടുക്കളയിൽ കയറും. ഞങ്ങൾ എത്രയെത്ര പുതിയ കറികളുടെ പാചകവിദ്യകൾ പരീക്ഷിച്ചിട്ടുണ്ടെന്നോ? പ്രധാനമന്ത്രി ആയതിനു ശേഷവും രണ്ടു തവണ ഇതിലെ വന്നിരുന്നു.
എത്തരം കറികളായിരുന്നു നിങ്ങൾ ഉണ്ടാക്കാറ്?
മുട്ട, കോഴിക്കറികൾ, മീൻ, സാലഡുകൾ, ചീര എല്ലാം ഞങ്ങൾ ട്രൈ ചെയ്യും. യൂറോപ്യനും ഇന്ത്യനും പാചകരീതികൾ ചേർത്ത് പുതിയ പുതിയ മിക്‌സ് ഉണ്ടാക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു.
ഫേബിയൻ സോഷ്യലിസവും ഫാസിസ്‌റ്റ് വിരോധവും ബ്രിട്ടീഷ് ചിട്ടയും റഷ്യൻ പ്ലാനിംഗും ജാതിമത ഭാഷാ ചിന്തകൾ രൂഢമൂലമായി നിലനിൽക്കുന്ന ഭാരതീയ സമൂഹത്തിൽ കൊണ്ടുവന്ന് ഒരു പുതിയ മിക്‌സ് ഉണ്ടാക്കിയത് പണ്‌ഡിത്‌ജി തന്നെ ആയിരുന്നല്ലോ. ജനാധിപത്യരീതിയിലുളള ഭരണസംവിധാനം ഉൾക്കൊളളാൻ ആന്തരികമായി ശക്തി നേടിയിട്ടില്ലാത്ത ഭാരതത്തെക്കുറിച്ച് അദ്ദേഹത്തിന് പൂർണ്ണബോധ്യമുണ്ടായിരുന്നു. അദ്ദേഹം ഒരു പുതിയ ഇന്ത്യയെ സൃഷ്‌ടിക്കുകയായിരുന്നു. ഇതേ കാലഘട്ടത്തിൽ കൊളോണിയൽ വാഴ്‌ചയിൽ നിന്നും സ്വതന്ത്രമായ ഏഷ്യൻ രാജ്യങ്ങളെല്ലാം ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ മിലിട്ടറി ഭരണത്തിൻ കീഴിൽ എത്തിയപ്പോഴും ഇന്ത്യയിൽ ജനങ്ങളുടെ വോട്ടിലൂടെ വന്നവർ മാത്രമാണ് ഭരിച്ചത്. കുടുംബവാഴ്‌ചയും ജനാധിപത്യവും കൂടിയുളള മിക്‌സ് ഇത്ര ആസ്വാദ്യമായി മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല.
ഇന്നും പൊതുതെരഞ്ഞെടുപ്പുകളിൽ നമ്മുടെ വോട്ടർ ടേണൗട്ട് യൂറോപ്പിലെയോ അമേരിക്കയിലെയോ തെരഞ്ഞെടുപ്പുകളിലേക്കാൾ മെച്ചമാണ്. നമ്മുടെ തെരഞ്ഞെടുപ്പു സംവിധാനം കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫ്‌ളോറിഡയിലുണ്ടായ രീതിയിലുളള വോട്ടെണ്ണൽ പ്രശ്‌നങ്ങളെ അതിനെക്കാൾ മെച്ചവും സുതാര്യവും ആയി കൈകാര്യം ചെയ്യാൻ ശക്തവുമാണ്.
പണ്‌ഡിത്‌ജിയുടെ വിദഗ്‌ദ്ധ പാചകത്തിന് നാം നന്ദി പറയുക.
* * *
Generated from archived content: edit_panditji.html Author: kl_mohanavarma