മരുന്ന്‌ മരുന്നിനു വേണ്ടി

കല കലയ്‌ക്കുവേണ്ടി. കല ജീവിതത്തിനു വേണ്ടി. നാല്‌പത്‌ അമ്പതു കൊല്ലം മുമ്പ്‌ കേരളത്തിലെ സാഹിത്യസാംസ്‌കാരികരംഗത്ത്‌ വളരെയധികം ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. അവസാനം അത്‌ എങ്ങിനെ ആയി എന്ന്‌ ചരിത്രകാരന്മാർ അന്വേഷിക്കുന്നതുപോലും നിർത്തി. ഏതായാലും അന്നു ചർച്ച നയിച്ചവരിൽ മിക്കവരും ഇന്നില്ല. ഉളളവർ താന്താങ്ങളുടെ കാര്യം നോക്കുന്നു. കല തനിക്കുവേണ്ടി എന്നതാകണം ശരി.

ഇപ്പോൾ നമ്മുടെ കേരളത്തിന്റെ അപൂർവം അഭിമാനസ്ഥാപനങ്ങളിൽ ഒന്നായ റിജിയണൽ കാൻസർ സെന്ററിനെ ചുറ്റിപ്പറ്റിയുളള വിവാദം തലസ്ഥാനത്തെ അന്തരീക്ഷത്തിൽ പത്മജ-മുരളി പോസ്‌റ്ററുകളെക്കാളും ശക്തിയോടെ മലിനീകരണം തുടങ്ങിയപ്പോൾ സ്വാഭാവികമായും പഴയ ചോദ്യം ഓർത്തുപോയി.

മരുന്ന്‌ ആർക്കു വേണ്ടി?

മരുന്ന്‌ മനുഷ്യനു വേണ്ടി.

മരുന്ന്‌ മരുന്നിനു വേണ്ടി.

ഈയിടെ അമേരിക്കയിൽ (എല്ലാം അമേരിക്കയിൽ നിന്നാണല്ലോ തുടക്കം) ഒരു മരുന്നിനെതിരെ ഒരു സംഘടന തുറന്ന യുദ്ധം പ്രഖ്യാപിച്ചു. മരുന്ന്‌ ഉപയോഗിക്കാൻ പാടില്ല. എന്തെന്നാൽ അത്‌ മരുന്നല്ല. അതു കഴിച്ചാൽ രോഗം ഭേദമാകുന്നുണ്ട്‌ എന്നതു ശരി. പക്ഷെ അത്‌ ഒരു മരുന്നായി അംഗീകരിക്കപ്പെട്ടിട്ടില്ല. രോഗം ഭേദമാകുന്നത്‌ ആ സാധനത്തിന്റെ പ്ലേസ്‌ബി ഇഫക്‌റ്റു കൊണ്ടാണത്രെ.

എന്താണോ ഈ പ്ലേസ്‌ബി ഇഫക്‌റ്റ്‌?

തുളസിയിലയും അല്‌പം കുരുമുളകും ചേർത്തുളള മിശ്രിതം ജലദോഷത്തിന്‌ മരുന്നായി ആരും ഉപയോഗിക്കാൻ പാടില്ല. ജലദോഷം മാറിയേക്കാം. അത്‌ കാര്യം വേറെ. അത്‌ പ്ലേസ്‌ബി ഇഫക്‌റ്റു കൊണ്ടാണ്‌.

സൂക്ഷിക്കണം.

തുളസിയിലയ്‌ക്കും കുരുമുളകിനും ആദ്യം പേറ്റന്റ്‌ എടുക്കണം. ലോകത്തിൽ ഈ പേറ്റന്റ്‌ ഉളളവരല്ലാതെ ആരും അത്‌ ഉപയോഗിക്കാൻ പാടില്ല.

പിന്നെ അത്‌ ഏതെങ്കിലും നൊവാർട്ടിസോ സ്‌മിത്ത്‌ ക്ലീൻ ഗ്ലാക്‌സോ വെൽക്കംസിയോ പോലെയുളള അന്താരാഷ്‌ട്രകമ്പനികളുടെ റിസർച്ചുവിഭാഗം ഗിനിപിഗുകളിൽ പ്രയോഗിച്ചു കുഴപ്പമില്ലെന്നു കണ്ടാൽ പിന്നീട്‌ ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിലെ മനുഷ്യഗിനികളുടെ മേൽ പരീക്ഷണം നടത്തും. അവരും ചത്തില്ലെങ്കിൽ സാധനം ഓക്കെയാക്കി നല്ല നിറമുളള ഗുളികരൂപത്തിൽ ഭംഗിയുളള പാക്കിംങ്ങോടെ നമ്മുടെ വിപണിയിൽ കൊണ്ടുവരും. ഉഷ്‌ണമേഖലയ്‌ക്ക്‌ ഒട്ടും പാകമാകാത്ത ടൈ കെട്ടി കഴുത്തു മുറുക്കിയ മെഡിക്കൽ റെപ്രസന്റേറ്റീവുകൾ ഡോക്‌ടറന്മാർക്ക്‌ തങ്ങളുടെ തുളസിയില ഗുളികയുടെ മാഹാത്മ്യം വിവരിച്ച്‌ കുറിപ്പെഴുതിക്കും. അപ്പോഴേ അത്‌ മരുന്നായി അംഗീകരിക്കാൻ പാടുളളൂ.

ഈ റിസർച്ചുകാർ പുതിയ മരുന്നുകൾക്കു വേണ്ടി മാത്രമല്ല, മുറവിളി കൂട്ടുന്നത്‌. അവർക്കു പുതിയ പുതിയ രോഗങ്ങളും വേണം.

നിലനിൽപ്പിന്‌.

മരുന്ന്‌ ആർക്കു വേണ്ടിയാണ്‌?

മരുന്ന്‌ മനുഷ്യനുവേണ്ടിയല്ല.

രോഗത്തിനും വേണ്ടിയല്ല.

പിന്നെ?

തിമിംഗലങ്ങൾക്കു വേണ്ടിയാണ്‌.

സർക്കാരുകളെക്കാൾ ശക്തിയുളള ഈ അന്തരാഷ്‌ട്ര തിമിംഗലങ്ങൾക്കുവേണ്ടി. സംശയമില്ല.

Generated from archived content: edit_kala.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here