ഇന്ത്യയുടെ കാറും കോളും നിറഞ്ഞു നിന്ന രാഷ്ര്ടീയ വിഹായസ്സിൽ ഒരു വെള്ളിടിയുടെ ഞെട്ടിപ്പിക്കുന്ന, ആകർഷകമായ ഞൊടിയിട സ്‌ഫോടനമായിരുന്നു രാഷ്ര്ടപതിസ്ഥാനത്തേക്കുള്ള പ്രതിഭാ പാട്ടീലിന്റെ വരവ്.
തോരാത്ത മഴയിൽ സൂപ്പർതാരം രജനീകാന്ത് ശിവജിയിൽ ഇന്ത്യൻ സിനിമയ്‌ക്ക് ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ഒരു സ്‌ക്രീൻ പ്രത്യക്ഷപ്പെടൽ നടത്തി. പതിനായിരക്കണക്കിന് ജൂണിയർ ആർട്ടിസ്‌റ്റുകളും കോടികൾ ചിലവിട്ട സെറ്റും രജനിയുടെ മുഖം പ്രത്യക്ഷമാകുന്ന ആദ്യനിമിഷത്തിൽ സ്‌ക്രീനിലേക്ക് പൂജാദ്രവ്യങ്ങളർപ്പിക്കാൻ റഡിയായിരിക്കുന്ന സാധാരണക്കാരായ എണ്ണമില്ലാത്ത ആൾക്കൂട്ടത്തിന്റെ അരൂപിത്വവും. ചാരുകസേര ബുദ്ധിജീവികൾക്ക് മനസ്സിലാക്കാൻ കഴിയാത്ത ഇന്ത്യൻ സൈക്കെയാണിത്.
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര മംഗളം കായ്‌ക്കും കല്പപാദകം ഉണ്ടായ് വരൂ. ഗാന്ധിജിയെക്കുറിച്ചാണ് മഹാകവി വള്ളത്തോൾ പറഞ്ഞത്. പക്ഷെ അത് ഇവിടെ നമ്മെ ഓർമ്മപ്പിക്കുകയാണ് പ്രതിഭാ പാട്ടീൽ. മദ്ധ്യേന്തയിലെ ഉഷ്ണകാലത്ത് ഏറ്റവും കഠിനമായ ചൂടും ശീതകാലത്ത് ഏറ്റവും കൂടുതൽ തണുപ്പും അനുഭവിക്കുന്ന പ്രദേശമാണ് മഹാരാഷ്ര്ടയിലെ അമരാവതി പ്രദേശം. പ്രകൃതിയെ വരുതിയിലാക്കിയ അദ്ധ്വാനശീലരായ ഇന്ത്യൻ കർഷകന്റെ പരിഛേദമാണ് ഈ വിദർഭഭൂമി. ഇവിടെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന പ്രതിഭ തികച്ചും ഒരു നാടൻ ഇന്ത്യാക്കാരിയാണ്. എന്തിനും പാശ്ചാത്യ രീതികളെ ആശ്ലേഷിക്കുന്ന നമ്മുടെ മനസ്സ് ശില്പാ ഷെട്ടിയും സാനിയാ മിർസയും അല്ല ഇന്ത്യൻ വനിതയുടെ പ്രതീകമെന്ന് അത്ഭുതത്തോടെ ഉൾക്കൊള്ളാൻ പ്രതിഭാ പാട്ടീലിന്റെ വരവ് കാരണമായി. ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ര്ടപതിയാകുന്നത് ഇതുപോലെയുള്ള ഒരു സാധാരണ നാടൻ അമ്മയാണെന്നത് തികച്ചും അഭിമാനിക്കാവുന്നതാണ്.
ഇന്ത്യൻ ജനാധിപത്യം ബ്രിട്ടീഷ് രാജ്ഞി – കോമൺസ് – പ്രഭുസഭ ശൈലിയിൽ വളർന്നതാണ്. ചാരുകസേര ചിന്തകർക്ക് അമേരിക്കൻ പ്രസിഡന്റ് – ഫെഡറലിസ്‌റ്റ് സംവിധാനവുമായുള്ള താരതമ്യത്തിലാണ് ബൗദ്ധിക വ്യായാമം. പക്ഷെ ഇന്ത്യയുടെ കഴിഞ്ഞ അറുപതു വർഷമായി തിയറിയിലേറെ പ്രാക്ടിക്കലിലൂടെ വളർന്ന ഒരു പുതിയ ജനാധിപത്യരീതി തെക്കനേഷ്യയിലെ മാത്രമല്ല, ലോകത്തിലെ നവഭരണകൂടങ്ങൾക്കെല്ലാം മാതൃകയായി. ഇവിടെ എലിസബത്തു രാജ്ഞിയേയോ ഹിലാറി ക്ലിന്റനേയോ പോലെയുള്ള വനിതകളല്ല രാഷ്ര്ടപതിയാകുന്നത്. ഒരു സാധാരണക്കാരിയായ അതേ സമയം ഭാരതീയ സംസ്‌കൃതിയുടെ പാരമ്പര്യ സവിശേഷതകൾ രക്തത്തിലലിഞ്ഞ പ്രതിഭാ പാട്ടീലാണ്.
ഞാൻ ഒരു റബ്ബർ സ്‌റ്റാമ്പായിരിക്കുകയില്ല എന്ന് പ്രതിഭാ പാട്ടീൽ തന്റെ നാമനിർദ്ദേശം അംഗീകരിച്ചതിനു ശേഷം പറയുകയുണ്ടായി. നമുക്കറിയാം, നമ്മുടെ കുടുംബത്തിൽ അച്ഛനാണ് വീട്ടുകാര്യങ്ങൾ നോക്കുന്നത്. പക്ഷെ അമ്മ ഒരു റബ്ബർ സ്‌റ്റാമ്പല്ല എന്ന്. കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്തിട്ട് ബാക്കിയുള്ളതേ അമ്മമാർ കഴിക്കൂ. അച്ഛന് പലപ്പോഴും കുഞ്ഞുങ്ങളുടെ വയറിനെക്കുറിച്ച് അന്വേഷിക്കാൻ സാവകാശം കിട്ടാറില്ല. രാഷ്ര്ടപതിഭവനിലെ ഔപചാരികച്ചടങ്ങുകളുടെ ബാഹുല്യത്തിനിടയിലും ഈ അമ്മയ്‌ക്ക് എല്ലാ കുട്ടികളുടെയും വിശപ്പിന്റെ കാര്യം അച്ഛനെ ഓർമ്മിപ്പിക്കാനുള്ള കഴിവും ധൈര്യവും ഉണ്ട് എന്ന് ഈ ആദ്യത്തെ വാക്കുകളിലൂടെത്തന്നെ പ്രതിഭാ പാട്ടീൽ വ്യക്തമാക്കിക്കഴിഞ്ഞു.
ആദ്യത്തെ ഇന്ത്യൻ വനിതാ രാഷ്ര്ടപതിക്ക് നമുക്ക് ഒന്നിച്ച് മംഗളം നേരാം.
Generated from archived content: edit_june18_07.html Author: kl_mohanavarma