ആയിരത്തോളം സ്വകാര്യകോളേജ് അദ്ധ്യാപകരെ സ്‌ക്കൂളുകളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിലേക്കു മാറ്റും. സൂക്ഷിച്ചില്ലെങ്കിൽ 1500 പേരെ മാറ്റിക്കളയും. ജാഗ്രതൈ!
പത്ര വാർത്ത. വാർത്ത മുഴുവൻ വായിച്ചു.
സാരമില്ല. ശമ്പളം പൂർണ്ണമായും നിലനിർത്തും. സ്വകാര്യമേഖലയിൽ കോളേജ് ശമ്പളം ഇനത്തിൽ സർക്കാർ (നമ്മൾ) വർഷംതോറും ചിലവാക്കുന്നത് 150 കോടി രൂപയാണ്. ആഴ്‌ചയിൽ പതിനാറു മണിക്കൂറെങ്കിലും പഠിപ്പിക്കണമെന്ന യു ജി സി നിയമം ആണ് കുഴപ്പമാക്കിയത്.
അദ്ധ്യാപകയൂണിയനിലെ ശാസ്‌ത്രജ്ഞരും സർക്കാരിലെ സാമ്പത്തിക അതിവിദഗ്‌ദ്ധരും കൂടി നമ്മുടെ (നാട് നേരെ ചൊവ്വേ ഭരിക്കണമെന്ന് ആഗ്രഹമുളള രാഷ്‌ട്രീയ നേതൃത്വത്തിന്റെയും) കണ്ണിൽ പൊടിയിടാനുളള എല്ലാ പരിപാടികളും ഒരുക്കിക്കഴിഞ്ഞു.
ഉടൻ സംഭവം ഒരു അദാലത്തിലൂടെ അർത്ഥശൂന്യമാക്കും.
വിശ്വപ്രസിദ്ധമായ പാർക്കിൻസൻ നിയമങ്ങളിൽ ഏറ്റവും പ്രധാനമാണ് ജോലിഭാരം കുറയുമ്പോൾ ജോലിക്കാരുടെ എണ്ണം കൂടും എന്ന നിയമം. രണ്ടാം ലോകമഹായുദ്ധകാലത്ത് നാലായിരം ബ്രിട്ടീഷ് പടക്കപ്പലുകൾ ലോകമെമ്പാടും യുദ്ധം ചെയ്‌തു കറങ്ങുമ്പോൾ അവയെ അഞ്ഞൂറു പേരുളള ലണ്ടനിലെ നേവൽ ഹെഡ്‌ക്വാർട്ടേഴ്‌സാണ് നയിച്ചിരുന്നത്. നാൽപ്പതു കൊല്ലം കഴിഞ്ഞ് കപ്പലുകൾ നാനൂറായി കുറഞ്ഞു. യുദ്ധമില്ല. പക്ഷെ ഈ ചെറിയ നാവികസേനയെ നയിക്കുന്ന ഹെഡ്‌ക്വാർട്ടേഴ്‌സിലെ ഉദ്യോഗസ്ഥരുടെ എണ്ണം അയ്യായിരമായി.
എന്റെ സുഹൃത്തുക്കളായ പ്രൊഫസറന്മാർ വൈകാരിക പ്രതിസന്ധിയിലാണ്. യു ജി സി സ്‌കെയിലുകൾ വന്ന് ശമ്പളം ഇരട്ടിയും മൂന്നിരട്ടിയുമായപ്പോൾ സ്വാഭാവികമായും അദ്ധ്വാനഭാരം ഏറി. ചിട്ടിക്കമ്പനി നടത്തണം. ഷെയർമാർക്കറ്റിൽ കളിക്കണം. കോഴി വളർത്തണം. കാറോടിക്കാൻ പഠിക്കണം. ട്യൂഷൻ സെന്റർ സംഘടിപ്പിക്കണം, ഗൈഡ് വിൽക്കണം. പ്രൈവറ്റ് കോളേജിലുളളവർക്ക് കൂടുതൽ ഭാരമാണ്. ജില്ലാ പഞ്ചായത്തും കോപ്പറേറ്റീവ് ബാങ്കും ഭരിക്കണം. രാഷ്‌ട്രീയം കളിക്കണം. ഇതിനിടയ്‌ക്ക് കോളേജിലും പോകണം. ആഴ്‌ചയിൽ പതിനാറു മണിക്കൂർ ഹാജർ വയ്‌ക്കണം. ഉയർന്ന ക്ലാസിൽ മാത്രം പഠിപ്പിച്ചാൽ മതി എന്നത് ഭാഗ്യം. പഠിക്കേണ്ടവർ തന്നത്താൻ പഠിച്ചു കൊളളുന്ന പ്രായക്കാരാണ്.
മാത്രവുമല്ല, യു ജി സി ആയാൽ അമ്പത്തഞ്ചിനു പകരം അറുപതു വയസ്സുവരെ ഇങ്ങിനെ അദ്ധ്വാനം ചെയ്ത് നാടു നന്നാക്കണം.
ഇങ്ങിനെ സമത്വസുന്ദരമായി ജീവിക്കുമ്പോഴാണ് പ്രീ ഡിഗ്രി നിർമ്മാർജ്ജനവും കോളേജുകളിൽ മൂവായിരം പേരുളളിടത്ത് രണ്ടായിരം മതി എന്ന ആന്റണിജിയുടെ കണ്ടുപിടുത്തവും.
ഈ നമ്മുടെ മുഖ്യമന്ത്രിയുടെ പോക്ക് എങ്ങോട്ടാണ്! പണി കുറയുമ്പോൾ സ്‌റ്റാഫിന്റെ എണ്ണം കൂടണം എന്ന പാർക്കിൻസൻ തത്വത്തെ അട്ടിമറിക്കാനാണോ ഇദ്ദേഹത്തിന്റെ ശ്രമം? ഇക്കണക്കിന് ഇദ്ദേഹം മന്ത്രിമാരുടെ എണ്ണംപോലും കുറയ്‌ക്കണമെന്നു പറഞ്ഞു കളയുമോ?
ഞാനാകെ അസ്വസ്ഥനാണ്.
ശരിക്കും പ്രശ്‌നമാണ്. മുമ്പായിരുന്നെങ്കിൽ അദ്ധ്വാനിക്കുന്ന തൊഴിലാളി എന്ന് പറഞ്ഞ് ഈ സാറന്മാർക്ക് പണിമുടക്കാമായിരുന്നു. അത്തരം പരിപാടി ഇനി നടത്തിയാൽ ഏൽക്കുകില്ലല്ലോ.
പിന്നെ എന്തു ചെയ്യും! പേടിക്കേണ്ട.
യൂണിയൻ ശാസ്‌ത്രജ്ഞരും സർക്കാർ സാമ്പത്തികരും കൂടി ഒരു ഫോർമുല ഉണ്ടാക്കും.
ഇപ്പോൾ പ്ലാനിട്ടിരിക്കുന്ന ടെക്‌നിക്ക് വികസിപ്പിക്കും. ഇപ്പോൾത്തന്നെ ഓരോ കോളേജിലെയും വകുപ്പു മേധാവികൾക്ക് പതിമൂന്നു മണിക്കൂർ സമം പതിനാറ് എന്നാക്കിക്കഴിഞ്ഞു. സാറ് ഒരു മണിക്കൂർ പ്രാക്‌ടിക്കൽ ക്ലാസിൽ പോയാൽ അത് ഒന്ന് സമം ഒന്നര എന്നും ആക്കിക്കഴിഞ്ഞു.
ആന്റണിജീ പോകാൻ പറ.
അധിക അദ്ധ്യാപകരുടെ എണ്ണം ഒറ്റയടിക്ക് ആയിരത്തി അഞ്ഞൂറായി കുറഞ്ഞു.
ഇനി അടുത്ത മാസ്‌റ്റർ സ്‌ട്രോക്ക്.
സംഭവം സെക്രട്ടേറിയറ്റ് സ്‌റ്റൈലാക്കണം അവിടെ വികേന്ദ്രീകരണവും കേന്ദ്രീകരണവും ഒരേ സമയത്ത് നടത്തുന്ന രീതി ഇവിടെയും പ്രയോഗിക്കാം.
ഓരോ വിഷയത്തിനും സ്‌പെഷ്യലൈസ്‌ഡ് വിഭാഗം ഉണ്ടാക്കണം. ഇന്നത്തെ കോമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിനെ വിഭജിച്ച് അക്കൗണ്ട്‌സ്, ആഡിറ്റിംഗ്, ബാങ്കിംഗ്, കോ-ഓപ്പറേഷൻ, മെർക്കന്റൈൽ ലാ, ഇൻഡസ്‌റ്ററിയൽ ലാ, ബിസിനസ് ഓർഗനൈസെഷൻ തുടങ്ങി ഇതുപോലെ ഓരോ വിഷയത്തിനും എത്ര അദ്ധ്യാപകരുണ്ടോ അത്രയും വകുപ്പുകൾ ഉണ്ടാക്കുക. സ്വാഭാവികമായും അവരെല്ലാം വകുപ്പു മേധാവികൾ ആകും. അതു മതി. അവർ മേധാവികൾ എന്ന നിലയിൽ പതിമൂന്നു മണിക്കൂർ കോളേജിൽ പോയാൽ അത് പതിനാറായി കണക്കുകൂട്ടാം. ഒറ്റയടിക്ക് ആയിരത്തി അഞ്ഞൂറുപേർ അധികമായിരുന്നിടത്ത് അറുന്നൂറു പേരുടെ കുറവ്. അത്രയും പേരെ പുതുതായി നിയമിക്കാം. അദ്ധ്യാപകരും മാനേജരന്മാരും ജാതിപ്പാർട്ടികളും എല്ലാം സന്തുഷ്‌ടർ.
വകുപ്പു മേധാവിത്വം വഹിക്കുന്ന ഈ ഓരോരുത്തർക്കും അതിന്റെ അലവൻസും കൊടുക്കാം.
150 കോടി എന്നത് 200 ആക്കി ചിലവു ചുരുക്കുകയുമായി.
ശുഭം.
Generated from archived content: edit_joli.html Author: kl_mohanavarma