ഹാപ്പി ഹാപ്പി ക്രിസ്‌മസ്‌ ന്യൂ ഇയർ

ഹാപ്പി ക്രിസ്‌മസ്‌ ആൻഡ്‌ ന്യൂ ഇയർ.

ഈ സമയത്ത്‌ ലോകത്ത്‌ ഏറ്റവുമധികം ഉരുവിടുന്ന വാക്കുകളാണിവ.

നാലായിരത്തിലേറെ ഭാഷകളുണ്ടായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എന്നാണ്‌ കണക്ക്‌. ഇന്ന്‌ അവ രണ്ടായിരത്തി അഞ്ഞൂറായി കുറഞ്ഞിട്ടുണ്ട്‌. ആഗോളവത്‌ക്കരണവും ആശയവിനിമയത്തിന്റെ പുതിയ തലങ്ങളും കൂടി ഇനിയും ഭാഷകളുടെ എണ്ണം കുറയ്‌ക്കും. ഏതു തരത്തിലുളള സംവേദനരീതിയാണ്‌ ഇനി വരാൻ പോകുന്നത്‌ എന്ന്‌ ഊഹിക്കാൻ പോലും വയ്യാത്തത്ര വേഗത്തിലാണ്‌ വിവരസാങ്കേതികശാസ്‌ത്രം വളരുന്നത്‌.

ഇംഗ്ലീഷാണ്‌ ഇന്ന്‌ ലോകത്തിലെ അമ്പതുശതമാനത്തിലേറേ പേർ ഒന്നാം ഭാഷയോ രണ്ടാം ഭാഷയോ ആയി കൈകാര്യം ചെയ്യുന്നത്‌. യൂറോപ്യൻ ഇക്കണോമിക്ക്‌ യൂണിയൻ തങ്ങൾക്ക്‌ ഒരു പൊതുവിനിമയഭാഷ വേണമെന്നു തീർച്ചപ്പെടുത്തിയപ്പോൾ ഫ്രാൻസും ജർമ്മനിയും സ്‌പെയിനും പോലും തങ്ങളുടെ ഭാഷകളുടെയും സംസ്‌ക്കാരത്തിന്റെയും ഔദ്ധത്യം തൽക്കാലം ഒതുക്കി ഇംഗ്ലീഷിനെ അംഗീകരിച്ചു. ഇംഗ്ലീഷിൽ ചെറിയ ചില മാറ്റങ്ങൾ വരുത്താനും ചർച്ചകൾ തുടങ്ങിയിരിക്കുന്നു. ‘c’ പോലെ ഭാഷയ്‌ക്ക്‌ ആവശ്യമില്ലാത്ത അക്ഷരങ്ങൾ മാറ്റുക.cat ക്യാറ്റിന്‌ kat മതി. cinema സിനിമയ്‌ക്ക്‌ sinema മതി. അതുപോലെ കൂട്ടക്ഷരങ്ങൾ gh, ch തുടങ്ങിയവ വേണ്ട . പക്ഷെ ഇവയെല്ലാം ഒരരിക്‌ എത്തുന്നതിനു മുമ്പു തന്നെ മലവെളളപ്പാച്ചിൽ പോലെ പുതിയ ഒരു ഭാഷ വന്ന്‌ എല്ലാറ്റിനെയും അട്ടിമറിച്ചു. എസ്‌ എം എസ്‌ ഭാഷ. ഒരു ഭാഷാ പണ്ഡിതനും ജ്യോതിഷിയ്‌ക്കും പോലും മുൻകൂട്ടി കാണാൻ പറ്റാത്ത ഭാഷ.

?RU ? ? wr ur hols ?

CWOT.B4 I usd 2 go 2 tvm 2 c my br, his wf & thr 3:-@kds FTF no go.

ഇതിന്റെ വരമൊഴി.

How are you? How were your holidays?

Complete waste of time. Before I used to go to Trivandrum to see my brother, his wife and their three screaming kids face to face. Now I did not go.

ഇനി ഒച്ചയിൽ കൂടി മാത്രം രൂപം പ്രാപിക്കുന്ന രൂപങ്ങളുമായി ബന്ധപ്പെട്ട ഭാഷ മൈക്രോസോഫ്‌റ്റിന്റെ പണിപ്പുരയിലുണ്ടത്രെ. ചൈനീസ്‌ മാൻഡലിൻ വാക്കുകളുടെ രൂപം വെളിപ്പെടുത്താനുദ്ദേശിക്കുന്ന ആശയത്തിന്റെ രൂപവുമായി ഘടിപ്പിക്കാൻ ശ്രമിച്ചു. ആര്യൻ ഭാഷകളിൽ രൂപവും വാക്കുകളുടെ ഘടനയുമായി ബന്ധമുണ്ടായിരുന്നില്ല. CAT ന്റെ ഉച്ചാരവും അർത്ഥവും തമ്മിൽ ഒരു ബന്ധവുമില്ലല്ലോ. രണ്ടര വയസുകാരൻ കുട്ടിയെ അക്ഷരലോകത്ത്‌ തന്റെ മുഴുവൻ സർഗ്ഗാത്മകതയെയും മുരടിപ്പിക്കാൻ ഈ ആര്യൻ ഭാഷാരീതി കാരണമായിട്ടുണ്ടെന്നാണ്‌ ബിൽ ഗേറ്റ്‌സ്‌ പറയുന്നത്‌. എന്തായാലും ഭാഷകൾ മാറിക്കൊണ്ടിരിക്കുകയാണ്‌. സംശയമില്ല.

എങ്കിലും സുഖകരമായ ക്രിസ്‌മസ്സും പുതുവർഷവും നേരുന്ന ആശംസകൾക്ക്‌ ഭാഷയുടെ ഗതിവിഗതികളിൽ പെട്ട്‌ ഉഴലേണ്ട ആവശ്യമില്ല.

ആശംസകൾ നാം സുഖം കണ്ടുപിടിക്കാനാണ്‌. സുഖം നമ്മുടെ എല്ലാവരുടേയും ഉളളിലുണ്ട്‌. പലപ്പോഴും നാം അത്‌ കാണുന്നില്ല. കാണാൻ ശ്രമിക്കുന്നുമില്ല. നമുക്കുളള കഴിവുകൾ കണ്ടുപിടിക്കാൻ നമുക്കു സാധിക്കുക, അത്‌ ഉപയോഗപ്പെടുത്താൻ സൗകര്യം ലഭിക്കുക, അതിൽ നിന്നും നമ്മുടെ ജീവിതവൃത്തി നടത്താൻ സാധിക്കുക. ഇതല്ലേ, ശരിക്കും സുഖം.

ഈ സുഖം സ്വായത്തമാക്കാൻ നമുക്കൊക്കെ ഭാഗ്യമുണ്ടാകട്ടെ.

ക്രിസ്‌മസ്‌ നവവത്സരം അതിന്‌ കളമൊരുക്കട്ടെ. വാക്കുകൾക്കതീതമായ ആശംസകൾ. എല്ലാവർക്കും.

Generated from archived content: edit_dec22_06.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here