ഏഴാം പിറന്നാൾ

പുഴ ഡോട്ട്‌ കോം ഇന്റർ നെറ്റ്‌ മാസികയുടെ ഏഴാം പിറന്നാളാണ്‌ ഈ പുതുവത്സരദിനം. ഏഴുവർഷം. അനവധി ദശലക്ഷം വായനക്കാരുടെ വിരൽസ്പർശമാണ്‌ ഈ കാലത്ത്‌ പുഴയുടെ അനസ്യൂതമായ ഒഴുക്കിനെ സഹായിച്ചത്‌. കരിങ്കല്ലിനെ ചരലാക്കുകയാണ്‌ പുഴയുടെ ദൗത്യം. മലയാളസാഹിത്യത്തിന്റെ വൈവിധ്യമുഖത്തെ അതിന്റെ എല്ലാ ഓജസ്സോടും ഭംഗിയോടും കൂടി, ഛത്തീസ്‌ഗഢിലെ ഉൾനാടൻ ഗ്രാമത്തിലെ ഒരു ചെറിയ ഹെൽത്ത്‌ സെൽസെന്ററിൽ ജോലിയെടുക്കുന്ന സിസ്‌റ്ററും, ആഫ്രിക്കൻ വനാന്തരങ്ങളിലെ ചെറുപട്ടണത്തിൽ പുതുതായി തുറന്ന ബാങ്കിൽ പണിയെടുക്കുന്ന ചേട്ടനും, പസഫിക്ക്‌ സമുദ്രത്തിലെ ദ്വീപുകളെ ഘടിപ്പിക്കുന്ന ചരക്കുകപ്പലിലെ ജോലിക്കാരനായ അനിയനും ഏകാന്തതയുടെ കാർക്കശ്യത്തെ തോൽപ്പിക്കാൻ ഒരു സഹായി വേണം. പുഴ ആയിരുന്നു ആ സഹായി.

സെവൻ ഇയർ ഇച്ച്‌ വളരെ പ്രസിദ്ധമാണല്ലോ. ഏഴുകൊല്ലം വരെ ഏതിനും ഒരു ബാല്യമാണ്‌. നടക്കാൻ പഠിക്കുന്ന, ബുദ്ധിവികാസം രൂപപ്പെടുന്ന കാലം. നമ്മുടെ പൗരാണികസങ്കല്പത്തിൽ ഏഴാണ്‌ ഏതിനും പരിധി. ഏഴു നിറങ്ങൾ. ഏഴു സ്വരങ്ങൾ. ഏഴു കഴിഞ്ഞാൽ കൗമാരമായി. ഇനി നൂതനമായ ചിന്തകൾക്കും പ്രവർത്തനശൈലിക്കും ധൈര്യമായി കാലടികൾ വയ്‌ക്കാം.

ഏഴു വയസ്സു തികഞ്ഞ പുഴയ്‌ക്ക്‌ ഒരു ദുഖമേ ഉളളൂ.

ഞങ്ങൾ ജനനം മുതൽതന്നെ ഈ പാതയിൽ ഒന്നാമതായിരുന്നു. രണ്ടാമൻമാർ അനവധി ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ അവരിൽ മിക്കവരെയും കാണുന്നില്ല. കാണപ്പെടുന്നവർ വളരെ പിന്നിലാണ്‌.

ഞങ്ങൾക്ക്‌ ആ മത്സരത്തിന്റെ അഭാവം വരുത്താവുന്ന ലെതാർജിയിൽ നിന്ന്‌ മോചനം തരാൻ നിങ്ങൾ കൂടുതൽ ശക്തിയോടെ ഞങ്ങളോട്‌ പ്രതികരിക്കണം. വിമർശിക്കണം. ഞങ്ങളുടെ ബാല്യകാലത്തു നിങ്ങൾ നൽകിയ സ്നേഹം തുടർന്നും നൽകണം.

എല്ലാവർക്കും പുഴ ഡോട്ട്‌ കോമിന്റെ ഹൃദയം നിറഞ്ഞ ക്രിസ്‌മസ്‌ നവവത്സരാശംസകൾ.

Generated from archived content: edit_dec18_06.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here