പത്തു പതിനഞ്ചു പേരുളള സദസ്സ്. എല്ലാം പണ്ഡിതരാണ്. ലോകത്തിലെ എന്തു പ്രശ്‌നത്തെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാൻ അറിവും ധൈര്യവുമുളളവർ. അപ്പർ മിഡിൽ ക്ലാസ്. അപകോളനീകരണം, അപനിർമ്മാണം, ഡീ മിസ്‌റ്റിഫിക്കേഷൻ, അസംബന്ധപ്രസ്ഥാനം, മാജിക്കൽ റിയലിസം തുടങ്ങിയ വാക്കുകൾ ഒരു ചമ്മലും കൂടാതെ സാധാരണ സംഭാഷണത്തിൽ ഉപയോഗിക്കുന്ന ബുദ്ധിജീവികൾ. ഭാര്യയ്‌ക്കും ഭർത്താവിനും കൂടി ശരാശരി നാൽപ്പതിനായിരത്തിനുമേൽ രൂപാ മാസവരുമാനമുളള സംഘടിത തൊഴിലാളിവർഗ്ഗം.
പ്രസിഡന്റ് കിന്നാരം പറഞ്ഞ കൂട്ടത്തിൽ അല്‌പം താമസിച്ചു വന്ന മദ്ധ്യവയസ്‌ക്കയായ പണ്‌ഡിതയോട് പറഞ്ഞു.
മാഡം വരില്ലെന്നു സംശയിച്ചു. ഞാൻ രണ്ടു തവണ വീട്ടിൽ വിളിച്ചിരുന്നു. റിംഗ് പോകുന്നുണ്ട്. ആരും ഫോണെടുത്തില്ല.
മാഡത്തിന്റെ മുഖം അല്പം വിളറി.
ഫോൺ കട്ടു ചെയ്‌തിരിക്കുകയാണ്.
എന്തേ?
ബില്ലടച്ചില്ല.
എന്തേ?
കഴിഞ്ഞ ബില്ല് പന്തീരായിരം രൂപയ്‌ക്കു മേലായി. അതിനു മുമ്പ് എണ്ണായിരം. ഞാൻ മടുത്തു. അടച്ചില്ല. ഫോൺ കട്ടു ചെയ്‌തു.
എല്ലാവർക്കും ധാർമ്മികരോഷം. പബ്ലിക് സെക്‌ടർ പ്രൈവറ്റ് സെക്‌ടറായിട്ടും ഗുണമില്ല. നിരുത്തരവാദപരമായ ബില്ലിംഗിനെക്കുറിച്ച് എല്ലാവരും വാചാലരായി.
മാഡം പറഞ്ഞു.
അവരുടെ കുറ്റമല്ല. അത്രയും ഫോൺ വിളിച്ചതാണ്. എന്റെ മകൾക്ക് ഫോണെന്നു വച്ചാൽ ആഹാരത്തിനെക്കാൾ അത്യാവശ്യമാ. നാട്ടിലുളള എല്ലാ ബന്ധുക്കളെയും കൂട്ടുകാരെയും എന്തിന് പരിചയമില്ലാത്ത പ്രശസ്‌തരെയും പോലും മുറയ്‌ക്കു വിളിക്കുക അവളുടെ ഹോബിയാണ്.
എസ് ടി ഡി കട്ടു ചെയ്യണം.
അതു നോക്കി. പക്ഷെ അവൾ ഓവർസ്‌മാർട്ടാ! കോഡു കണ്ടുപിടിച്ചു തുറക്കും.
എന്നിട്ടിപ്പോൾ?
ദാ, ഞാൻ ബില്ലടച്ചു. ഇന്ന് ബില്ലിന്റെ പണം അടക്കാതെ വീട്ടിലേക്കു ചെന്നാൽ അവൾ ആത്മഹത്യ ചെയ്യുമെന്നാ പറഞ്ഞിരിക്കുന്നത്. എനിക്കു പേടിയാ സാറെ, എന്റെ മകളെ! സത്യത്തിൽ അവൾ ആത്മഹത്യ ചെയ്‌താലോ?
പത്തൊമ്പതാം നൂറ്റാണ്ടിലെ സോഷ്യലിസ്‌റ്റ് സ്വപ്‌നമായിരുന്നു ദൈനംദിനജീവിതത്തിലെ സൗന്ദര്യത്തിന്റെ ആവാഹനം. ഇരുപതാം നൂറ്റാണ്ടിലെ ക്യാപ്പിറ്റലിസ്‌റ്റ് സ്വപ്‌നവും ഇതുതന്നെ ആയിരുന്നു. ഫോർഡ് തന്റെ ഫാക്‌ടറിയിൽ നിർമ്മിച്ച കാറിന്റെ വില കുറച്ചതും അവിടുത്തെ തൊഴിലാളികളുടെ വേതനം കൂട്ടിയതും ഇതേ ലക്ഷ്യത്തോടെ ആയിരുന്നു. കാറുണ്ടാക്കുന്ന തൊഴിലാളിക്ക് കാറു വാങ്ങാനുളള കെല്‌പുണ്ടാകണം. ഈ നൂറ്റാണ്ടിലെ സോഷ്യലിസ്‌റ്റ് പ്യൂരിറ്റൻസ് ഇതിനെ കൺസ്യൂമറിസമെന്ന് പുച്ഛിച്ചെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അവരും ചെന്നെത്തുന്നത് ഇതേ ഉപഭോഗ സംസ്‌ക്കാരത്തിലാണ്. സുന്ദരമായ പാക്കിംഗ് ഇല്ലെങ്കിൽ നാം ഒന്നിനെയും അംഗീകരിക്കുകയില്ല. രാമായണത്തെയും ബൈബിളിനെയും പോലും.
കേരളസമൂഹത്തിലെ തീവ്രവിപ്ലവ പ്യൂരിറ്റൻസു പോലും ഈയിടെയായി അവരുടെ വാക്കുകളിൽ നിന്നുകൂടി ഈ കൺസ്യൂമറിസത്തോടുളള പുച്ഛം മാറ്റി ഗ്ലോബലൈസേഷൻ, എ.ഡി.ബി തുടങ്ങിയ ക്ലിഷേകളിൽ ഒതുക്കികഴിഞ്ഞു.
എന്റെ ചെറുപ്പക്കാരനായ സ്‌നേഹിതൻ മൂന്നു വയസ്സായ മകനെയും കൊണ്ട് കടയിൽ പോയി. കളിപ്പാട്ടം വാങ്ങണം. കുട്ടി നാലു വശവും പച്ചയും മഞ്ഞയും ലൈറ്റും നിലത്തുവച്ചാൽ തന്നത്താൻ ഓടുന്നതുമായ കാറ് കൈയിലെടുത്തു. അച്ഛൻ അതിനെക്കാൾ വലിയ, പക്ഷെ, അത്രയും യന്ത്രങ്ങളില്ലാത്ത കാറ് സെലക്‌ടു ചെയ്‌തു. വില കുറവ്. ഈടു നിൽക്കും.
പയ്യൻ ഇരുപത്തൊന്നാം നൂറ്റാണ്ടുകാരനാണ്. അവൻ വാശി പിടിച്ചില്ല. പക്ഷെ പറഞ്ഞു.
അച്ഛന്റെ കൈയിൽ നല്ല കാറു മേടിച്ചു തരാൻ പൈസയില്ല. അല്ലിയോ?
സ്‌നേഹിതൻ എന്റെയടുത്ത് ദുഃഖം പങ്കിട്ടു പറഞ്ഞു.
എനിക്ക് എന്റെ മകനെ ഇപ്പോഴേ ഭയമാണ്.
എല്ലാവരും പരസ്യങ്ങളെ കുറ്റം പറയും. നമുക്ക് ഒട്ടും ആവശ്യമില്ലാത്ത ഉപഭോഗവസ്‌തുക്കൾ നമ്മെക്കൊണ്ട് വാങ്ങിപ്പിക്കുക. പക്ഷെ കുട്ടികളുടെ ആവശ്യങ്ങൾക്ക് മറ്റൊരു വശം കൂടിയുണ്ട്. ഇന്ന് അവരുടെ കഴിവുകൾ വികസിക്കാനുളള സാധ്യത നമ്മുടെ തലമുറയ്‌ക്ക് അചിന്ത്യമായിരുന്ന നിലയിലേക്ക് വളർന്നിട്ടുണ്ട്. ആ വികാസത്തിനുളള സൗകര്യം ഉണ്ടാക്കുന്നതിൽ മാതാപിതാക്കന്മാർ പരാജയപ്പെടുമോ എന്ന ഭയം ഇരുകൂട്ടരുടെയും ഉപബോധമനസ്സിൽ എപ്പോഴും ഉണ്ട്.
ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളുകളിലും നാലഞ്ചു വർഷം നീണ്ടു നിൽക്കുന്ന എൻജിനീയറിംഗ് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പരിപാടികളിലും കുട്ടികൾ പ്രോഗ്രാം ചെയ്യപ്പെടുന്നത് ഈ ഭയം കൊണ്ടാണ്. ഈ പ്രോഗ്രാമിൽ ഇടയ്‌ക്ക് നമുക്ക് അപരിചിതമായ വൈറസ് കയറരുതേ എന്ന് പ്രാർത്ഥിക്കുകയാണ് മാതാപിതാക്കൾക്ക് എളുപ്പം.
അണു കുടുംബങ്ങളിലാണ് പ്രശ്‌നം ഏറുന്നത്.
കുട്ടികളോട് അയൽപക്കത്തെ സതീർത്ഥ്യരെക്കാൾ മിടുക്കന്മാരാകാൻ ഉപദേശിക്കുന്ന അച്ഛനും അമ്മയ്‌ക്കും ഒരു മറുചോദ്യം എപ്പോഴും നേരിടേണ്ടി വരും. അയൽപക്കത്തെ മുതിർന്നവരെക്കാൾ എന്തുകൊണ്ട് നിങ്ങൾ മെച്ചപ്പെട്ടവരായില്ല?
കേരളത്തിലെ കുടുംബങ്ങൾക്ക് പ്രശ്‌നം കൂടുതലാണ്.
മതം നൽകിക്കൊണ്ടിരുന്ന ആശ്വാസം നമുക്ക് ഇന്ന് അന്യമാണ്. തത്വശാസ്‌ത്രങ്ങളും ഇന്ന് അപ്രായോഗികമെന്ന് നാം തീർച്ചപ്പെടുത്തിക്കഴിഞ്ഞു.
ഈയിടെ ഒരു ഗ്രാമപ്രദേശത്തെ കൂട്ടായ്‌മയിൽ സംബന്ധിക്കുകയുണ്ടായി.
എല്ലാം മണ്ണിന്റെ നനവ് ഉൾക്കൊണ്ട കുടുംബങ്ങൾ.
ഞാൻ കേരളത്തിലെ കുടുംബങ്ങളുടെ ബജറ്റിനെ അലങ്കോലമാക്കി ഭാര്യാഭർത്തൃബന്ധത്തെപ്പോലും ഇളക്കുന്ന ക്ലിനിക്ക് ചികിത്സ, ഇംഗ്ലീഷ് മീഡിയം, മദ്യപാനം ഇവയുടെ ചിലവിനെക്കുറിച്ച് സംസാരിച്ചു. ശരാശരി മൂവായിരം രൂപാ ഏറ്റവും കുറഞ്ഞത്, മറ്റു സംസ്ഥാനങ്ങളിലെ സമാന്തരകുടുംബങ്ങളെക്കാൾ നാം ഈ മൂന്നു കാര്യങ്ങൾക്കായി മാസം തോറും ചിലവാക്കുന്നു.
അവർ സമ്മതിച്ചു. പക്ഷെ ഇതിനെക്കാളും ഭീകരനായ വസ്‌തു അവർ എനിക്കു കാട്ടിത്തന്നു. തങ്ങളുടെ കുട്ടികളുടെ നോട്ടം.
ഒരു ചെറിയ ഫ്രിഡ്‌ജ് വാങ്ങാൻ പോലും കഴിവില്ലാത്ത, കളർ ടി.വി ഇല്ലാത്ത, നല്ല ഒരു ജോടി ഷൂസില്ലാത്ത… എന്ത് അച്ഛനാണിത്? വെറും റേഷൻ കാർഡിലെ പേരു കാണിച്ചാൽ മതി, കളർ ടി.വി. കൊണ്ടു വരാം. അച്ഛന് അറിയാൻ പാടില്ലെങ്കിൽ ഞാൻ കാണിച്ചു തരാം.
കുട്ടികളെ ഭയം.
ഒന്നോർത്തു നോക്കൂ.
നമ്മുടെ ഉളളിലും നാം അംഗീകരിക്കാൻ കൂട്ടാക്കാത്ത ഈ ഭയം ഇല്ലേ?
Generated from archived content: edit_century.html Author: kl_mohanavarma