അറുപതുവർഷം ഒരു രാഷ്ര്ടത്തിന്റെ ചരിത്രത്തിൽ നീണ്ട കാലയളവൊന്നുമല്ല. ആയുസ്സുള്ള ഒരു രാജാവിന്റെ ഭരണകാലം. അത്രയേയുള്ളു. തന്റെ മുൻഗാമികളുടെ വഴി പിന്തുടർന്ന് തന്റേതായ ചില പ്രത്യേകതകൾ ഭരണരംഗത്തു കൊണ്ടുവന്ന് പ്രജകളോടുള്ള സമീപനത്തിൽ അല്പം മാറ്റം വരുത്തി ഒപ്പം അയൽപ്പക്കത്തെ രാജ്യവുമായി ഒരു യുദ്ധമോ അല്ലെങ്കിൽ ശത്രുരാജ്യത്തിന്റെ ആക്രമണത്തിന് പ്രതിരോധമോ നടത്തി ചരിത്രത്തിൽ ഇടം തേടാൻ ഈ കാലം ധാരാളം മതി.
പക്ഷെ 1947 ആഗസ്‌റ്റ് 15ന് ആരംഭിച്ച സ്വതന്ത്ര ഇന്ത്യയുടെ ഇന്നുവരെയുള്ള ചരിത്രം തികച്ചും വ്യത്യസ്തമാണ്. നീണ്ട ഇരുനൂറു വർഷത്തെ ബ്രിട്ടീഷ് ഭരണം സമുദ്രഗുപ്ത ചക്രവർത്തിക്കുശേഷം ആദ്യമായി ഒരു ഭരണകൂടത്തിനു കീഴിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എല്ലാ ഭൂമിശാസ്ര്തവിഭാഗങ്ങളേയും ഒന്നിപ്പിച്ചിരുന്നു. അതിൽ നിന്ന് മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ട പാക്കിസ്ഥാൻ രൂപീകൃതമായപ്പോൾ ശേഷിച്ച ഇന്ത്യൻ ഭൂവിഭാഗം ഒരു തരത്തിലും സുദ്യഢമായ ഒരു രാഷ്ര്ടമായി പരിണമിക്കാനുള്ള അടിസ്ഥാന സമവാക്യങ്ങൾ ഉൾക്കൊണ്ടിരുന്നില്ല. ജാതി, മതം, വർഗ്ഗം, നിറം, ഭാഷ, ആഹാരരീതി, ജീവിതക്രമങ്ങൾ, വേഷം, സാമൂഹ്യാചാരങ്ങൾ, ധനസ്ഥിതി, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും തികഞ്ഞ വ്യത്യസ്തത പുലർത്തുന്ന ജനം. ഇന്നുവരെ പരിചയിച്ചിട്ടില്ലാത്ത ജനാധിപത്യം എന്ന ഭരണക്രമം. നിരക്ഷരനും മഹാപണ്ഡിതനും കോടീശ്വരനും അതിദരിദ്രനും എല്ലാം തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള തുല്യാവകാശം.
സ്വാതന്ത്ര്യം നേടിയെടുത്തതോ, ലോകചരിത്രത്തിൽ അന്നുവരെ ആരും ഉപയോഗിച്ചിട്ടില്ലാതിരുന്ന അഹിംസ എന്ന ലളിതമായ ആയുധംകൊണ്ട്. മാത്രവുമല്ല, ഇന്ത്യ സ്വതന്ത്രയായി ആറുമാസമായപ്പോഴേക്കും നമ്മെ ആ ആയുധമുപയോഗിക്കാൻ പഠിപ്പിച്ച ശക്തി, ഗാന്ധിജി നമ്മെ വിട്ടുപോകുകയും ചെയ്തു.
റോട്ടി, കപ്‌ടാ, മകാൻ – ഭക്ഷണം, വസ്ര്തം, വീട്. സമൂഹാരോഗ്യത്തിന്റെ അളവുകോൽ ഈ മേഖലകളിലുള്ള വളർച്ചയാണ്. ഇവ കൂടാതെ വ്യാവസായിക വാണിജ്യരംഗത്തുണ്ടായ സ്‌ഫോടനാത്മകമായ പുരോഗതിയും 1947 ൽ ദരിദ്രരാഷ്ര്ടമായി നാം പോലും കരുതിയിരുന്ന നമ്മുടെ നാടിനെ അറുപതുവർഷം കൊണ്ട് നാം ലോകത്തിലെ വൻകിട രാജ്യങ്ങളിൽ മുൻപന്തിയിലെത്തിച്ചിരിക്കുന്നു. തികച്ചും അഭിമാനിക്കാവുന്നതാണ് ഈ അവസ്ഥ. പക്ഷെ ഇതിലും പ്രധാനമായുള്ളത് ലോകത്തിന് മാർഗ്ഗദർശകമായ ഒരു രീതി നാം കാട്ടിക്കൊടുത്തു എന്നതാണ് വാസ്തവത്തിൽ അതാണ് സ്വതന്ത്ര ഇന്ത്യ ഒരു രാജാവിന്റെ സാധാരണ ഭരണകാലഘട്ടം പോലെയുള്ള അറുപതുവർഷം കൊണ്ട് നേടിയ ചരിത്രസംഭവം.
കൊളോണിയൽ വ്യവസ്ഥയിൽ നിന്ന് മോചിതമായ എല്ലാ രാജ്യങ്ങളും, മതം, വർഗ്ഗം, ഭാഷ തുടങ്ങിയ എല്ലാ കാര്യങ്ങളിലും സമാനതയുള്ളവർപോലും ഏകാധിപത്യശക്തികളുടെ അധീനതയിൽ ചെന്നു പെടുകയായിരുന്നു. കമ്യൂണിസം, മതം, പട്ടാളം ഇവയുടെ ഏതിന്റെയെങ്കിലും ശക്തിയില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ജനാധിപത്യത്തിനായുള്ള ശ്രമങ്ങൾ പലയിടത്തും നടന്നെങ്കിലും വിജയിച്ചില്ല. സ്വാതന്ത്ര്യം വെറും ബാഹ്യമായ സങ്കല്പമായിരുന്നു എവിടെയും.
പക്ഷെ വൈവിദ്ധ്യങ്ങളുടെ നാടായ ഇന്ത്യ ലോകത്തിന് സ്വാതന്ത്ര്യത്തിന്റെ ശരിയായ രൂപം കാട്ടിക്കൊടുത്തു. മനസ്സിന്റെ സ്വാതന്ത്ര്യം. അഭിപ്രായസ്വാതന്ത്ര്യം. ജനാധിപത്യം എന്ന സ്വാതന്ത്ര്യം. അതാണ് ഈ അറുപതാം പുറന്നാളിനെ അന്വർത്ഥമാക്കുന്നത്.
ഇന്ന് തികച്ചും നമുക്ക് അഭിമാനിക്കാം. ആഘോഷിക്കാം.
Generated from archived content: edit_aug14_07.html Author: kl_mohanavarma