ഓണാശംസകൾ

ഈ ഓണത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌ എന്നെനിക്കു തോന്നുന്നു. കർക്കിടകം നാം ഇതുവരെ ആഘോഷിക്കാറില്ലായിരുന്നു. ഓണം, ക്രിസ്‌മസ്‌, ഈദ്‌, വിഷു. പിന്നെ ക്ഷേത്രോത്സവങ്ങളും പളളിപ്പെരുന്നാളുകളും. ഇവയൊന്നും പഞ്ഞക്കർക്കിടകത്തിൽ വരില്ല. കർക്കിടകം ദാരിദ്ര്യത്തിന്റെ മാസമാണ്‌. തോരാത്ത മഴയും അലസതയുമായിരുന്നു കർക്കിടകത്തിന്റെ മുഖമുദ്രകൾ. പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി കർക്കിടകം തലയുയർത്താൻ തുടങ്ങി. ഈ വർഷം, ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടുളളതിൽ ഏറ്റവും സമ്പന്നമായി നാം കേരളീയർ കർക്കിടകം ആഘോഷിച്ചു.

എണ്ണത്തോണിയും കായകല്‌പവും സുഖചികിത്സയും നൽകുന്ന ആയുർവേദ പാർലറുകൾ, കർക്കിടകക്കഞ്ഞി കുടിപ്പിക്കുന്ന ഇക്കോ ഫ്രണ്ട്‌ലി ഹോട്ടലുകൾ. വായിക്കാൻ രാമായണത്തിന്റെ ആകർഷകമായ വിവിധതരം ഡീലക്‌സ്‌ പതിപ്പുകൾ.

ഈ കർക്കിടകത്തിന്റെ അവസാനവാരം. എറണാകുളത്ത്‌ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഞാൻ നടക്കാൻ പോയതായിരുന്നു. നനവിന്റെ ശേഷിപ്പുളള സായാഹ്‌നം. അമ്പതു കാറുകളിടാവുന്ന ഗ്രൗണ്ടിലെ മനോഹരമായ പേ ആൻഡ്‌ യൂസ്‌ കാർ പാർക്കിൽ നൂറ്റിയിരുപതിലേറെ കാറുകൾ. പുൽത്തകിടിയിൽ നിറയെ കുഞ്ഞുങ്ങളുടെ ചിരി…. ഓട്ടം…നൃത്തം. യുവമിഥുനങ്ങളുടെ പരസ്യമായ സല്ലാപം. കുടുംബമേളയുടെ ആഹ്ലാദം. വൃദ്ധരുടെ പുഞ്ചിരി. ഓപ്പൺ സ്‌റ്റേജിൽ കോളേജ്‌ വിദ്യാർത്ഥികളുടെ അടിപൊളി റോക്ക്‌ മ്യൂസിക്ക്‌. തൊട്ടപ്പുറത്ത്‌ ദർബാർ ഹാളിൽ ചരിത്രചിത്രപ്രദർശനം. ചുറ്റുപാടും ആരാധനാലയങ്ങളുടെയും ഓണച്ചന്തകളുടെയും വർണ്ണാഭമായ തിളക്കം.

അഞ്ചാറു വർഷം മുമ്പ്‌ ഇതേ കർക്കിടകത്തിൽ ഇതേ മഴ നനവിൽ ഇതേ ഗ്രൗണ്ടിൽ ഞാൻ വന്നു. അനാഥമായ പറമ്പിൽ പെട്ടെന്നു മണ്ണുവാരി ചെളിയിടുന്നതിനിടയിലൂടെ നീണ്ട നാലുവരി ക്യൂ. എല്ലാവരുടെ കൈയിലും പ്ലാസ്‌റ്റിക്ക്‌ ജാറുകൾ, സഞ്ചികൾ, കൂടകൾ. ഇടതും വലതും പല പല പേരുകളിൽ തുടങ്ങി നിർത്താൻ പറ്റാതെ വലയുന്ന സർക്കാർ കടകളുടെ ഉദ്‌ഘാടനം. പ്രസംഗം. ഓരോ കുടുംബത്തിനും ഓരോ കിലോ പാമോയിൽ നൽകിയതിന്റെ പിന്നിലെ ബുദ്ധികൂർമ്മത.

നല്ല വർണ്ണചിത്രങ്ങൾ പത്രങ്ങളിലും ടി.വിയിലും വന്നിരുന്നു. എന്താണ്‌ ഈ മാറ്റത്തിനു കാരണം? ദർബാർ ഹാൾ ഗ്രൗണ്ടിന്റേത്‌ എനിക്കറിയാം. ഒരു കോൺഗ്രസ്‌ മന്ത്രിയും മാർക്‌സിസ്‌റ്റ്‌ മേയറും കൂടി മുന്നിട്ടിറങ്ങി. ജനം അവരോടൊപ്പം നിന്നു. പത്തു കൊല്ലം ഈ രീതിയിൽ നമ്മുടെ രാഷ്‌ട്രീയനേതൃത്വവും സമൂഹവും ഒന്നിച്ചു മുന്നോട്ടു പോയാൽ ഒരു സംശയവുമില്ല. കേരളം മലേഷ്യയെ തോൽപ്പിക്കും. ഞാൻ പത്രം നോക്കി. കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസമേഖലയ്‌ക്ക്‌ പ്രശംസ. ബംഗാൾ മുഖ്യമന്ത്രിയുടെ വക.

ചൈനയുടെ സംസ്ഥാനങ്ങളെക്കാളും കേരളം ഈ മേഖലകളിൽ മുന്നിലാണ്‌. കേരളത്തിൽ പുതിയ പുതിയ പാലങ്ങൾ വരുന്നു. റോഡുകൾ വരുന്നു. കെട്ടിടങ്ങൾ വരുന്നു. നാടിന്റെ മുഖഛായ മാറുന്നു. പക്ഷെ ഒന്നിന്റെയും ഉദ്‌ഘാടനം ഒരു സമരമില്ലാതെ നടത്തുകില്ല. സമരങ്ങൾക്കുപോലും ആധുനിക സെൽഫോണും കുപ്പിവെളളവും ആഡിഡാസ്‌ ഷൂസും ചാനൽ തത്സമയവും വൈകിട്ട്‌ അല്‌പം സ്‌മാളും. എല്ലാം ഉത്സവമാണ്‌.

കേരളത്തിൽ രാഷ്‌ട്രീയത്തിന്റെ പ്രാധാന്യം കോമഡി മിമിക്രികളുടെ നിലവാരത്തിലേക്ക്‌ എത്തിക്കാൻ ശ്രമിക്കുന്ന ടി വി പ്രോഗ്രാമുകൾക്ക്‌ അനുദിനം റേറ്റിംഗ്‌ കൂടുന്നു. നമ്മുടെ ഉത്സവമനോഭാവത്തെ ലക്ഷ്യബോധത്തോടെ നയിക്കാൻ കഴിവുളള ജനനേതാക്കന്മാർ നമുക്കുണ്ട്‌. ഈ ഓണം എനിക്കു കൂടുതൽ ഉറപ്പു തരുന്നു. താത്‌ക്കാലികമായ പ്രശ്‌നങ്ങൾക്കുമാത്രം പ്രാധാന്യം നൽകുന്ന നമ്മുടെ വാർത്താമാധ്യമ ശൈലി ഒരു കണക്കിൽ നമ്മുടെ ഭാഗ്യമാണ്‌. നാം അവയെയും ഒരു ആഘോഷത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു. ഈ ഓണം അതിന്റെ ഒന്നാംതരം തെളിവാണ്‌.

എല്ലാ വായനക്കാർക്കും അകം നിറഞ്ഞ ഓണാശംസകൾ.

Generated from archived content: edit-aug25.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English