പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രസിദ്ധ ഫ്രഞ്ച് റിയലിസ്‌റ്റ് ചിത്രകാരനായിരുന്ന ഗുസ്‌റ്റേവ് കോർബെറ്റ് പറയുമായിരുന്നു, ചിത്രകാരൻ തനിക്കു വ്യക്തമായി ബോധ്യമില്ലാത്ത എന്തെങ്കിലും കൂടി തന്റെ രചനയിൽ കൊണ്ടുവരുമ്പോഴേ ഉത്തമ കലാകാരനാകുകയുളളു എന്ന്. ഇപ്പോൾ ഒരു വിശാലമായ പാടം. അതിന്റെ അങ്ങേ മൂലയ്‌ക്ക് കുറെ കമ്പുകൾ കൂട്ടിക്കെട്ടി വച്ചിരിക്കുന്നു. എന്താണ് ആ കമ്പുകൾ എന്നോ അത് കുറ്റിക്കാടിന്റെ ഭാഗമാണോ അതോ കൂട്ടിക്കുത്തി വച്ചിരിക്കുകയാണോ ഒന്നും ചിത്രകാരനറിഞ്ഞു കൂടാ. പക്ഷെ നമ്മളിലേക്ക് ആ ദൃശ്യം ശക്തിയോടെ ആവാഹിക്കപ്പെടുന്നു. ഇത് കഥയല്ല. നടന്ന സംഭവമാണ്.
1971 ൽ ചക്ക് റോസ് എന്ന ഹൈപ്പർ റിയലിസ്‌റ്റ് പെയിന്റർ തന്റെ ഭാര്യാ പിതാവിന്റെ മുഖം വരച്ചത് ന്യൂയോർക്കിലെ വിറ്റ്‌നി മ്യൂസിയത്തിൽ പ്രദർശനത്തിനു വച്ചു. അതു കണ്ട ഒരു നേത്രരോഗവിദഗ്‌ധൻ ചിത്രകാരനോട് ചോദിച്ചു. ആ ചിത്രത്തിലെ ആൾക്ക് ഒരു കണ്ണിന് കാർസിനോമാ എന്ന രോഗമുണ്ടോ എന്ന്. റോസിനും അദ്ദേഹത്തിന്റെ ഭാര്യാപിതാവിനും ഇത്തരം ഒരു സംശയമേ ഇല്ലായിരുന്നു. എങ്കിലും അവർ ചെക്ക് ചെയ്യിച്ചു. അപ്പോഴാണ് മനസ്സിലായത് ചിത്രം കണ്ട് സംശയം പ്രകടിപ്പിച്ച ഡോക്‌ടറുടെ അഭിപ്രായം ശരിയായിരുന്നു എന്ന്.
1960 ൽ വളരെയൊന്നും പേരു കേൾക്കാത്ത ഒരു ഡച്ചു നിരൂപകൻ കോൺസ്‌റ്റൻ ന്യൂവെൻഹൈസ് ഒരു പ്രവചനം നടത്തുകയുണ്ടായി. ടെക്‌നോളജിയുടെ അതിപ്രസരത്തിൽ എല്ലാം മാസ് പ്രൊഡക്‌ഷനിൽ ഒരേതരം ദൃശ്യങ്ങൾ കണ്ടുകൊണ്ട് ജീവിക്കേണ്ടിവരുന്ന വരുംനൂറ്റാണ്ടിലെ ജനം സ്വയം കലാകാരന്മാരായി മാറും. അവർ പ്രകൃതിയിൽ നിന്നകന്നപ്പോൾ നഷ്‌ടപ്പെട്ട ചുറ്റുപാടുകളുടെയും സ്വന്തജീവിതത്തിന്റെയും ഭംഗി വീണ്ടെടുക്കാനായി സ്വയം പുതിയ രേഖകളും നിറങ്ങളും സൃഷ്‌ടിക്കും.
അദ്ദേഹത്തിന് ചെറിയ ഒരു തെറ്റു പറ്റി. ആധുനികലോകം ചുറ്റുപാടുകളിൽനിന്ന് ഒറ്റപ്പെട്ടില്ല.
അമേരിക്ക ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക വികാസം അനുഭവിക്കുകയാണ്. (സെപ്തംബർ 11 സൃഷ്‌ടിച്ച മാന്ദ്യം ഒരു താത്‌ക്കാലിക പ്രതിഭാസം മാത്രമാണ്.) വെബ്ബുകളിലൂടെ അന്യോന്യം എല്ലായ്‌പ്പോഴും സ്‌പർശിച്ചുകൊണ്ട് അവർ ടെക്‌നോളജിയുടെ കണ്ടുപിടുത്തങ്ങളെ അതെന്താണെന്നറിയുന്നതിനു മുമ്പ് തന്നെ ആവേശത്തോടെ വിഴുങ്ങുകയാണ്. രാഷ്‌ട്രീയം ഉപേക്ഷിച്ച യൂറോപ്പ് ഒരൊറ്റ സെൽ ഫോൺ വൻകരയായി പരിചയമുളള തൊഴിലായ വാണിജ്യം ഇ-കോമേഴ്‌സ് വഴി അതിശീഘ്രം നടത്തുകയാണ്. ഏഷ്യയിൽ ന്യൂ ഡൽഹി മുതൽ ടോക്കിയോ വരെ പുതിയ നിറങ്ങളും രൂപങ്ങളും, കാറിലും, മൊബൈൽ ഫോണിലും, വേഷത്തിലും, ആഹാരത്തിലും, പാർപ്പിടങ്ങളിലും അതിവേഗം ഉൾക്കൊളളുകയാണ്.
എല്ലാവരും കലാകാരന്മാരായി മാറുകയാണ്. ടെക്‌നോളജി എന്നെപ്പോലും കംപ്യൂട്ടർ ഗ്രാഫിക്‌സ് വഴി ചിത്രകാരനാക്കി മാറ്റിയേക്കാം.
ആധുനിക ചിത്രകലയിൽ, പാരമ്പര്യരീതികൾ ഭാരതത്തിൽ മാത്രമല്ല, ലോകമെമ്പാടും നിരാകരിക്കപ്പെട്ടിരിക്കുകയാണ്. റിനയസ്സൻസ് കാലഘട്ടത്തിൽ ആരംഭിച്ച് പത്തൊമ്പതാം നൂറ്റാണ്ടിൽ അരങ്ങു തകർത്ത പാശ്ചാത്യ ചിത്രകലാ പാരമ്പര്യം അവസാനിച്ചു കഴിഞ്ഞു.
ഒരു ചിത്രം, അത് ഡ്രായിംഗ് പേപ്പറിലോ കാൻവാസിലോ എന്തിലായാലും ഭിത്തിയിൽ തൂക്കിയിടാനുളള ഒന്നായിമാറുമ്പോൾ അത് കലാരൂപമല്ലാതായിത്തീരുന്നു. അത് ഇന്റീരിയർ ഡെക്കറേഷന്റെ ഭാഗം മാത്രമാണ്. സത്യത്തിൽ ആൾക്കാർ അതിനെ ആ വിധത്തിലാണ് കാണുന്നതും. ചിത്രകലയെക്കുറിച്ചുളള സങ്കൽപ്പത്തിനെപ്പോലും തകിടം മറിച്ച എന്തോ അത്ഭുതം സംഭവിച്ചു കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിൽ വ്യവസായവത്‌ക്കരണത്തിന്റെ കറുത്ത നാളുകളിൽ വില്യം മോറിസിനെയും റസ്‌ക്കിനെയും പോലുളള ചിന്തകർ നമ്മെ വലയം ചെയ്യാൻ പോകുന്ന വൈരൂപ്യത്തെക്കുറിച്ച് വിലപിച്ചിരുന്നു. ദൈനംദിന ജീവിതത്തിൽ സൗന്ദര്യം കൊണ്ടുവരേണ്ടതിനെപ്പറ്റി വാചാലരുമായിരുന്നു.
പക്ഷെ ഇരുപതാം നൂറ്റാണ്ടിൽ എന്താണ് സംഭവിച്ചത്. കലയും സൗന്ദര്യവും എല്ലാവരുടെയും ജീവിതങ്ങളിലേക്ക് അതിവേഗം നുഴഞ്ഞു കയറി.
ഇന്ന് നാം കാണുന്നതെല്ലാം സുന്ദരമായി പാക്ക് ചെയ്യപ്പെട്ടവയാണ്. ചിത്രകലയും ശില്പകലയും. എല്ലാറ്റിലും ദൃശ്യമായിക്കഴിഞ്ഞു. തീപ്പെട്ടിക്കൂട്, പ്ലാസ്‌റ്റിക്ക് കുപ്പി, മരുന്നുകാപ്‌സ്യൂൾ സ്‌റ്റ്‌റിപ്പ്, കാറ്, ടേബിൾ ലാമ്പ്, ഷർട്ട്, പുസ്‌തകം, കസേര, ചൂല്, എല്ലാം.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു സോഷ്യലിസ്‌റ്റ് സ്വപ്നമായിരുന്നു ഇത്. ഇന്ന് ഈ സോഷ്യലിസ്‌റ്റ് സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടപ്പോൾ അതിനെ സോഷ്യലിസ്‌റ്റ് മൗലികവാദികൾ കൺസ്യൂമറിസം അഥവാ ഉപഭോക്തൃസംസ്‌ക്കാരം എന്ന് പുച്ഛിക്കുന്നു. പക്ഷെ അവരും സാധനങ്ങൾ പാക്ക് ചെയ്യുന്നത് പഴയ രീതിയിലുളള പഴയ പത്രം കൊണ്ടുണ്ടാക്കിയ കൂടുകളിലോ കീറാറായ ചാക്കിലോ വേണമെന്ന് ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല.
അപ്പോൾ ആധുനിക ചിത്രകലയ്‌ക്ക് ഒരു ലക്ഷ്യം ഉണ്ടാകുമോ വരുംകാലത്ത് എന്നെനിക്കു സംശയമുണ്ട്. ചിത്രം വരയ്‌ക്കുക എന്നതുപോലും പഴയ ഒരു ആശയമായി സമീപഭാവിയിൽ മാറിയേക്കാം എന്നെനിക്കു തോന്നുന്നു.
ഈ ദിശയിലേക്ക് ചിത്രകല എത്തിച്ചേർന്നത് ഒരു സ്വാഭാവികപരിണാമമായിട്ടാണ് എനിക്കു തോന്നുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ചിത്രകലയെ ഏറ്റവും സ്വാധീനിച്ചത് പാബ്ലോ പിക്കാസോ എന്ന സ്‌പാനിഷ് ചിത്രകാരനായിരുന്നല്ലോ. പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധ ചിത്രകാരനായിരുന്ന ടൈറ്റിയാനും, പതിനേഴാം നൂറ്റാണ്ടിലെ വെലാസ്‌ക്വസിനും ഏറിയാൽ കുറച്ച് ആയിരം ജനങ്ങളുടെ മുന്നിൽ മാത്രമേ തങ്ങളുടെ രചനകൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞുളളു. രാജാക്കന്മാരും പ്രഭുക്കന്മാരും പണ്ഡിതന്മാരും മാത്രം അടങ്ങിയ ആസ്വാദകവൃന്ദമായിരുന്നു അത്. സാങ്കേതികമായ പ്രശ്‌നങ്ങൾ, പ്രത്യേകിച്ചും യാത്ര, ചിത്രങ്ങൾ സൂക്ഷിക്കാനുളള വൈഷമ്യം, കമ്യൂണിക്കേഷൻസ് എല്ലാം ചിത്രങ്ങളുടെ ആസ്വാദകരുടെ എണ്ണം ചുരുക്കി. എന്നാൽ ഇരുപതാം നൂറ്റാണ്ടായപ്പോഴേക്ക് സ്ഥിതി മാറി. പിക്കാസോയുടെ ആഡിയൻസ് കോടിക്കണക്കിനായിരുന്നു. പിക്കാസോയുടെ ചിത്രം കാണാത്തവർ അതിന്റെ പ്രിന്റുകൾ കണ്ടു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒരിക്കലും അവസാനിക്കാത്ത അപഗ്രഥനത്തിനും, ഗോസിപ്പിനും, ആരാധനയ്‌ക്കും കടുത്ത വിമർശനത്തിനും ഊഹോപാഹങ്ങൾക്കും വിളനിലമായി. ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹത്തെ കണ്ടില്ല എന്നു നടിക്കാൻ ആർക്കും കഴിഞ്ഞില്ല. മൈക്കലാഞ്ഞ്‌ജലോയെക്കാൾ പോലും തന്റെ ജീവിതകാലത്ത് പ്രസിദ്ധി നേടിയ പിക്കാസോ ശരിക്കും ചിത്രകലയുടെ കലാശക്കളിയാണ് കളിച്ചത്. ഇനി ഒരിക്കലും പിക്കാസോയെപ്പോലെ ഒരു പ്രശസ്‌തൻ ചിത്രകലയിൽ ഉണ്ടാകുകയില്ല. കാരണം സമൂഹത്തിന്റെ മൂർത്തമായ അന്തർശക്തിയും മിത്തിന്റെ ദൃശ്യവത്‌ക്കരണവും ചടുലവും സനാതനവുമായ ബിംബങ്ങളുടെ ആവിഷ്‌ക്കരണവും ഇതുവരെ ചിത്രകലയും ശില്‌പകലയും നടത്തികൊണ്ടിരുന്നത് മറ്റു മാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഫോട്ടോഗ്രാഫി, സിനിമാ, ടെലിവിഷൻ.
നൂറു വർഷം പോലുമായില്ല ചിത്രകലയുടെ ഭാഷ അതിന്റെ ആരാധകർക്കു മാത്രമുളളതല്ല എന്ന വിശ്വാസം ലോകമെമ്പാടും പടർന്നുപിടിച്ചിട്ട്. പിക്കോസോയുടെ ചിത്രകലാബാഹ്യമായ പരിപാടികൾ കാരണം ലഭിച്ച സൂപ്പർ സ്‌റ്റാർ ഇമേജ്, ഒരു ലിവിംഗ് ലെജൻഡ് ഇമേജ്, ചിത്രകലയ്‌ക്ക് ബാഹ്യമായ ഒരു ഇമേജും നൽകി. നമ്മുടെ നാട്ടിൽ ഹുസൈൻ ഒരു നല്ല ഉദാഹരണമാണ്. അദ്ദേഹത്തിന്റെ രൂപവും പെരുമാറ്റവും മാധുരി ദീക്ഷിത്തും സരസ്വതിയും എല്ലാം ചിത്രകലയുടെ ഒരു പോപ്പുലർ അംഗീകാരത്തിന്റെ ഭാഗമായി മാറി.
ക്യൂബിസം, സർറിയലിസം, അബ്‌സ്‌ട്രാക്‌റ്റ് എക്സ്‌പ്രെഷനിസം, ഇരുപതാം നൂറ്റാണ്ട് ചിത്രകലയുടെ ശൈലിയിലും ഉളളടക്കത്തിലും ഇത്രയധികം പരീക്ഷണങ്ങൾ. ചരിത്രാതീത കാലം മുതൽ ഉളള മാറ്റത്തിനെക്കാൾ കൂടുതൽ മാറ്റങ്ങൾ ചിത്രകലയ്‌ക്ക് ഈ നൂറ്റാണ്ടിൽ ഉണ്ടായി. പണ്ടൊരിക്കലും ചിത്രകല എന്താണ്, എങ്ങിനെയാണ് എന്നു തുടങ്ങി പുതിയ ഓരോ ആശയങ്ങളും ഇത്രയധികം ഗൗരവമായ ചർച്ചയ്‌ക്കു വിധേയമായിരുന്നില്ല. അതുപോലെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ജനങ്ങളുമായി കല ഇക്കാലത്ത് സമരസപ്പെട്ടു. അവന്റ് ഗാർഡ്, അത്യന്താധുനികത്വം പോലും ഈ നൂറ്റാണ്ടിൽ പഴയതായി. പരീക്ഷണം മാത്രമല്ല, എസ്സെൻട്രിസിറ്റിയും ഇരുപതാം നൂറ്റാണ്ടിന്റെ മുഖമുദ്രയായി.
ഇതിൽ ഏറ്റവും തമാശ നമുക്ക് അത്ഭുതകരവും വിനാശകരവും എന്നു തോന്നിയതും കൊട്ടിഘോഷിക്കപ്പെട്ടതുമായ പല നൂതനത്വവും ദശാബ്‌ദങ്ങൾക്കകം തന്നെ പഴയതായി കണക്കാക്കപ്പെട്ടു എന്നതാണ്.
വാസ്‌തവം പറഞ്ഞാൽ പുതിയ ഒന്നിനും നമ്മെ ഞെട്ടിപ്പിക്കാൻ കഴിയില്ല എന്ന നിലയാണിന്ന്.
ടെക്‌നോളജിയുടെ മിന്നൽ വേഗത്തിലുളള വളർച്ച ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിർണ്ണായകമായി സ്വാധീനിച്ചതുപോലെ ചിത്രകലയെയും ബാധിച്ചു.
പരമ്പരാഗതചിത്രകലയുടെ കൊട്ടിക്കലാശമാണ് നാം ഇന്നു കേൾക്കുന്നത് എന്നു പറഞ്ഞാൽ അത് ഒരു വെറും സത്യം മാത്രമാണ്.
Generated from archived content: chithrakala.html Author: kl_mohanavarma