കാപ്പിയാണോ ചായയാണോ നല്ലത്?
അറുപതു വർഷം മുമ്പാണ്. അന്ന് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ആരും കാപ്പിയോ ചായയോ കുടിക്കാറില്ലായിരുന്നു. (കാപ്പി ഇന്നും പ്രചാരമായിട്ടില്ല.) അവിടുത്തെ പ്രധാന പാനീയം പാല്, അല്ലെങ്കിൽ ലസ്സി എന്ന മധുരവും മണവും ചേർത്ത തൈര്. അതിനു സമ്പത്തില്ലാത്തവൻ ഒരു വലിയ മൊന്ത വെളളം.
ബ്രൂക്ക് ബോണ്ട് കമ്പനി ചായ വ്യവസായത്തിൽ മുന്നേറുന്നു. ഇന്ത്യയിലും മാർക്കറ്റ് വേണം. രണ്ടാം ലോകമഹായുദ്ധം കയറ്റുമതിക്ക് കടിഞ്ഞാണിടുന്നു.
അന്ന് മുപ്പത്തിയഞ്ചു കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. അവരിൽ തൊണ്ണൂറു ശതമാനവും ഗ്രാമങ്ങളിൽ. അവരെ ചായകുടിക്കാരാക്കിയാൽ മതി. അതിനെന്താ മാർഗ്ഗം?
ഇന്ത്യയുടെ മനസ്സ് അറിയാവുന്ന ഏതോ ബുദ്ധിമാൻ കമ്പനി മാനേജ്‌മെന്റിൽ ഉണ്ടായിരുന്നിരിക്കണം. അയാൾ ഐഡിയാ കൊണ്ടുവന്നു.
ഇന്ത്യൻ ഗ്രാമങ്ങളിൽ സാധാരണയായി ഭേദപ്പെട്ട കല്ലും കുമ്മായവും കൊണ്ടു തീർത്ത കെട്ടിടങ്ങൾ രണ്ടോ മൂന്നോ മാത്രമേ കാണൂ. അതിൽ ഒന്ന് അമ്പലത്തിന്റേതായിരിക്കും. ബ്രൂക്ക് ബോണ്ട് ഒരു പരസ്യ കമ്പെയിൻ തുടങ്ങി. ഇത്തരം അമ്പലങ്ങളുടെ ചുമരിൽ വലിയ ചിത്രം. ഒരു കൈയിൽ മലയും പൊക്കി പറക്കുന്ന ഹനുമാൻ. ചുണ്ടിൽ പുഞ്ചിരി. താഴെ ബ്രൂക്ക് ബോണ്ട് ചായയുടെ പ്രശസ്‌തമായ ചെമപ്പു ചതുരക്കൂട്.
ചായ കുടിക്കൂ. ഹനുമാനെപ്പോലെ ശക്തി നേടൂ.
ചായയുണ്ടാക്കുന്ന രീതി സെയിൽസ്‌മാൻ ഫ്രീ സാമ്പിളിനൊപ്പം കാട്ടിക്കൊടുത്തു. മറ്റൊന്നും ചെയ്യേണ്ട. ഇപ്പോൾ നിങ്ങൾ കഴിക്കുന്ന പാലിൽ ചായപ്പൊടി ഇടുക. മണത്തിന് ലസ്സിയിൽ ചേർക്കുന്ന സുഗന്ധദ്രവ്യങ്ങൾ ചേർക്കൂ. പാലിന്റെയും ലസ്സിയുടെയും ഗുണങ്ങൾ ഒട്ടും പോകാതെ ഹനുമാന് ലഭിച്ച ശക്തി പ്രദാനം ചെയ്യുന്ന പുതിയ ഡ്രിംക്.
ഏറെത്താമസിയാതെ പ്രതീക്ഷിച്ചതിലും വേഗം ചായ ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ പ്രിയപ്പെട്ട പാനീയമായി മാറി. പാലിന്റെ തോത് കുറഞ്ഞു. പകരം വെളളമായി. സുഗന്ധദ്രവ്യങ്ങൾ പിൻവാങ്ങി.
ഇന്ത്യയിലെ പാവപ്പെട്ട ഗ്രാമീണന് സാമൂഹ്യനീതിയും സാമ്പത്തികനീതിയും നേടിക്കൊടുക്കാൻ ഏറ്റവും ശക്തമായ താത്വിക അടിത്തറയുളള നമ്മുടെ കമ്യുണിസ്‌റ്റ് മാർക്‌സിസ്‌റ്റ് പാർട്ടികൾക്ക് പത്തെഴുപതു വർഷത്തെ പ്രവർത്തനത്തിനുശേഷവും അവരുടെ ഇടയിൽ തങ്ങളുടെ ഒരു ചെറിയ സാന്നിദ്ധ്യം പോലും കാട്ടാൻ പറ്റാത്തതിന് എന്താണു കാരണം? തത്വശാസ്‌ത്രത്തിന്റെ കുഴപ്പമല്ല. തീർച്ച. പിന്നെയോ? ബ്രൂക്ക് ബോണ്ടിന്റെയത്രയുംപോലും ഇന്ത്യൻ മനസ്സിനെ മനസ്സിലാക്കാൻ കഴിവില്ലാത്തതുകൊണ്ടാണോ?
ആയിരിക്കണം എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.
അതോർത്തു ദുഃഖിച്ചിട്ടുമുണ്ട്.
Generated from archived content: chayayum_communist.html Author: kl_mohanavarma