കേരളത്തിലെ ബുദ്ധിജീവി എന്ന് പറയുമ്പോൾ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന രൂപം മൈക്കിന്റെ മുന്നിൽ നിന്ന് അതിഗംഭീരമായ സാഹിത്യഭാഷയിൽ ശ്രോതാക്കൾക്ക് പിന്തുടരാൻ പറ്റാത്ത വേഗതയിലും വേഗതയില്ലെങ്കിൽ മനസ്സിലാക്കാൻ പറ്റാത്ത സംസ്‌കൃതമോ ഇംഗ്ലീഷോ കടും വാക്കുകൾ കലർത്തി നമ്മെ അത്ഭുതപരതന്ത്രരാക്കുന്ന ഒരുകൂട്ടം നിരുപദ്രവികളായ സാഹിത്യപണ്ഡിതന്മാരാണെന്നാണ്. അവരും ഈ ബുദ്ധിജീവി വിശേഷണം സസന്തോഷം തങ്ങളുടെ ജന്മാവകാശമായി എടുത്തിട്ടുണ്ട്. അവർ എല്ലാ പ്രസംഗങ്ങളിലും ലേഖനങ്ങളിലും തങ്ങളുടെ ശിഷ്യന്മാരൊഴികെ മറ്റെല്ലാവരെയും സാധാരണയായി രസമായി കുറ്റം പറയുന്നതുകൊണ്ട് ഉപഭോക്താക്കൾക്കു വേണ്ടി കടുംമത്സരം നടത്തുന്ന ടിവി ചാനലുകളിലെയും പൈങ്കിളി വാരികകളിലെയും പ്രൈം ടൈം ആകർഷണീയതയോടൊപ്പം അവർക്ക് പ്രശസ്‌തി ലഭിക്കുന്നുമുണ്ട്.
ഇത് വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒരു വർഗ്ഗമല്ല.
പക്ഷെ ഇക്കൂട്ടരെ ബുദ്ധിജീവികൾ എന്നു വിളിക്കാമോ എന്നതിലേ സംശയമുളളു.
തങ്ങളുടെ ചുറ്റും സമൂഹത്തിൽ വന്നു കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ മാറ്റങ്ങളെ മനസ്സിലാക്കാനുളള ശ്രമകരമായ ചിന്തയും അവയെ കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അപഗ്രഥിച്ച് ഒരു ആശയപരമായ നേതൃത്വം നിസ്വാർത്ഥവും ധീരവുമായി നൽകാനുളള കഴിവും ഉളളവരെയാണ് ബുദ്ധിജീവികൾ എന്നു വിളിക്കേണ്ടത്. ഇവർ ഏതായാലും ഇക്കൂട്ടത്തിൽ പെടുകയില്ല.
നമ്മുടെയിടയിൽ ബുദ്ധിജീവികൾ തീരെ അപൂർവമായിരുന്നു, എക്കാലത്തും.
യൂറോപ്യൻ ചിന്തകൾക്ക് മലയാള ഭാഷ്യം കൊടുത്തവരെയാണ് നാം മഹാന്മാരായി കരുതിയിരുന്നത്. കേരളത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ആരും അതുകൊണ്ട് ഗൗരവമായി പഠിക്കാൻ മെനക്കെട്ടില്ല. എന്താണ് കേരളത്തിന്റെ ഈ പ്രത്യേകതകൾ?
ഇന്നത്തെ കേരളം നമുക്കൊന്നു നോക്കാം.
നൂറു ശതമാനം സാക്ഷരത. സ്‌ത്രീകൾക്കും പുരുഷന്മാരോടൊപ്പം ഏതു മേഖലയിലും പ്രവർത്തിക്കാനുളള സൗകര്യം, മണിയോർഡർ ഇക്കോണമി നിലനിർത്തുന്ന സാമ്പത്തികശക്തി, വികസിതരാജ്യങ്ങളോടൊപ്പമുളള ആയുർദൈർഘ്യം, അവരെക്കാൾ കുറവായ ശിശുമരണ നിരക്ക്, അത്യാധുനിക ആശുപത്രിസംവിധാനങ്ങൾ. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഉപഭോക്തൃനിലവാരവും അടിസ്ഥാന വേതനനിരക്കും, പുതിയ എന്തിനെയും ആവേശത്തോടെ സ്വീകരിക്കാനുളള കഴിവ്. അതേ സമയം രാഷ്‌ട്രീയമായ കാര്യങ്ങളിലും മതപരമായ കാര്യങ്ങളിലും ഒരു തരം നിസ്സംഗത. വാശിയില്ലായ്‌മ.
നമ്മുടെ ഇടയിൽനിന്ന് ഒരു ഗാന്ധിജിയോ, വിവേകാനന്ദനോ, സുഭാഷ്‌ചന്ദ്രബോസോ എന്തിന്, എം.ജി. ആറോ പോലും ഉണ്ടാകുകയില്ല. തീർച്ച.
എന്തിന്, നാം എന്തൊക്കെ വീമ്പു പറഞ്ഞാലും നമ്മുടെ ഒരു രാഷ്‌ട്രീയസാമൂഹ്യ നേതൃത്വത്തിനും ചിന്തയ്‌ക്കും ലോകത്തിന്റെ പോകട്ടെ ഭാരതത്തിന്റെതന്നെ മുഖ്യധാരയിൽ ഒരു നിർണ്ണായകമായ ശക്തി പ്രകടിപ്പിക്കാനുളള കഴിവ് ഇന്നുവരെ ഉണ്ടായിട്ടില്ല. സ്വതന്ത്രഭാരതത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയുളള ചരിത്രത്തിൽ ഒരു സമയത്തും സ്വതന്ത്രമായി തന്റെ തീരുമാനങ്ങൾ നടപ്പിലാക്കാനുളള ഔന്നത്യം നേടിയ ഒരു കേരളീയനും ഭാരതത്തിന്റെ രാഷ്‌ട്രീയ നേതൃത്വത്തിൽ എത്തിയിരുന്നില്ല. നാം ഒന്നാംതരം എക്‌സിക്യൂട്ടീവുകളാണ്. ഏറ്റവും നന്നായി നേതൃത്വത്തിന്റെ തീരുമാനങ്ങൾ നിഷ്‌പക്ഷമായി നടപ്പിലാക്കാൻ കഴിവുളളവർ.
ദില്ലിയിലെ മിക്ക ദേശീയനേതാക്കന്മാരുടെയും, സോണിയാജി മുതൽ ഫൂലൻദേവി വരെ, പെഴ്‌സണൽ സെക്രട്ടറിമാർ മലയാളികൾ ആണ് എന്നത് നാം ശ്രദ്ധിക്കുക. നാം വി.പി. മേനോന്മാരാണ്. സർദാർ പട്ടേലുമാരല്ല.
നാം ഒന്നാം തരം അനുയായികളാണ്.
നേതാക്കന്മാരല്ല.
നമ്മുടെ ബുദ്ധിജീവികൾക്കു മാത്രമായി ഈ പൊതുസ്വഭാവത്തിൽ നിന്നു വ്യത്യസ്തമായ മാനസികഭാവം പ്രതീക്ഷിക്കുന്നത് ശരിയല്ല. ഈ മേഖലയിലും നമുക്ക് അനുയായികളേ ഉളളൂ. നേതാക്കന്മാരില്ല.
എന്താണിതിനു കാരണം?
നാം വർഗ്ഗപരമായി ചില പ്രത്യേകതകളുളളവരാണ്.
ഏകാധിപത്യരീതിയിൽ മാത്രം പ്രവർത്തിക്കാൻ കഴിവുളള കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ അതറിഞ്ഞുകൊണ്ടുതന്നെ ലോകത്തിൽ ഇദംപ്രഥമമായി ജനാധിപത്യ രീതിയിൽ തങ്ങളെ ഭരിക്കാനായി സസന്തോഷം വോട്ടു ചെയ്‌തെത്തിച്ചവരാണ് നമ്മൾ. രാഷ്‌ട്രീയ മുഖംമൂടിയണിഞ്ഞ ജാതിപ്പാർട്ടികളെ ഒരു ചമ്മലുമില്ലാതെ സ്വന്തം കുടക്കീഴിൽ നിർത്തുക മാത്രമല്ല, തങ്ങളുടെ ഇന്നർ ഗ്രൂപ്പിലും ജാതിക്ക് പ്രാധാന്യം നൽകി വിജയകരമായി കൂട്ടുമുന്നണിഭരണം നടത്തുന്ന മാർക്‌സിസ്‌റ്റു പാർട്ടിയേയും കോൺഗ്രസ്സിനെയും സസന്തോഷം നാം മതേതരരായി അംഗീകരിച്ച് പ്രോത്സാഹിപ്പിക്കുന്നു.
നാം തമിഴരെപ്പോലെ ഹിന്ദിക്ക് എതിരല്ല. പക്ഷെ നാം ദില്ലിയിൽ ചെന്നാൽ ഇംഗ്ലീഷേ സംസാരിക്കൂ. ഗോസായികൾ എന്നു ഇംഗ്ലീഷിൽ അന്തസ്സായി പുച്ഛിച്ച് നാം കേന്ദ്ര അവഗണനയ്‌ക്കെതിരായി ഇവിടെ വന്ന് ഘോരഘോരം ഉദ്‌ഘോഷിക്കും. തമിഴരെപ്പോലെ വഴക്കിടുകയില്ല.
ഇടതുപക്ഷത്തിന് നിർണ്ണായകത്വമുണ്ടായിരുന്ന കേന്ദ്രത്തിലെ ദേവഗൗഡാ-ഗുജ്‌റാൾ കൂട്ടുകക്ഷി മന്ത്രിസഭകളിൽപ്പോലും നാം സ്ഥാനമേ വേണ്ടെന്നു വയ്‌ക്കുന്ന നിസ്വാർത്ഥമതികളാണ്.
ഈ മൈൻഡ് സെറ്റിന് ഞാൻ കാണുന്ന കാരണം ഇതാണ്.
കേരളം ഒരു കാലത്തും ദേശീയവിദേശീയ ശക്തികളാൽ ആക്രമിക്കപ്പെട്ട് കീഴടക്കപ്പെട്ടിട്ടില്ല. സമുദ്രഗുപ്‌തൻപോലും കേരളത്തെ തന്റെ ദിഗ്വിജയമേഖലയിൽ ഉൾപ്പെടുത്തിയിരുന്നില്ല. യുദ്ധവും പ്രകൃതിക്ഷോഭവും ക്ഷാമവും കേരളത്തിന് അജ്ഞാതമായിരുന്നു. വാണിജ്യവും വ്യവസായവും പൊതുവെ ഒരു കാലത്തും കേരളത്തിലെ ജനങ്ങളുടെ തൊഴിലിൽ പെട്ടിരുന്നില്ല.
കേരളത്തിലെ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രൈസ്‌തവരും തങ്ങളുടെ മതവിശ്വാസങ്ങളുടെ ഇന്ത്യൻ പൊതുധാരയിൽ നിന്ന് എക്കാലവും വ്യത്യസ്തരായിരുന്നു. ഇന്നും വ്യത്യസ്തരാണ്.
ഇവിടുത്തെ ഹിന്ദുമതം പോലും ഒരു പ്രത്യേകജനുസ്സാണ്. ഇവിടെ ക്ഷേത്രങ്ങളിൽ ശ്രീരാമൻ ഒരു പ്രധാന ആരാധനാമൂർത്തിയല്ല. കേരളത്തിനു പുറത്ത് ഗണിച്ചിട്ടില്ലാത്ത ശാസ്‌താവാണ് ഇന്നും ഇവിടെ ഹിന്ദുക്കളുടെ പ്രധാന ദൈവരൂപം. കേരളത്തിലെ ഹിന്ദുമതത്തിൽ ചാതുർവർണ്യം ഇല്ല. ഇവിടുത്തെ ബ്രാഹ്‌മണർ ദക്ഷിണേന്ത്യൻ പൂജാരിവർഗ്ഗത്തിൽ നിന്നുപോലും തികച്ചും ഭിന്നരായ ഒരു അധിനിവേശവർഗ്ഗമായിരുന്നു. ഇവിടെ ഹിന്ദുക്കളിലെ ഏറ്റവും പ്രധാന വർഗ്ഗങ്ങളായ നായരും ഈഴവരും ചാതുർവർണ്യത്തിലെ ഒരു പട്ടികയിലും ഉൾപ്പെടാത്തവരാണ്. ഇവിടുത്തെ ചെറിയ നാടുവാഴിവർഗ്ഗം ബുദ്ധിയും മന്ത്രശക്‌തിയുമുളള നമ്പൂതിരിമാരുടെ വെറും ആജ്ഞാനുവർത്തികളും മക്കളുമായ സംരക്ഷകർ മാത്രമായിരുന്നു. ഇവിടെ ഇന്ത്യൻ സമൂഹത്തിലെ ജീവനാഡികളായ വൈശ്യർ ഇല്ല. ഇവിടെ വാണിജ്യം വനവിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രക്രിയ മാത്രമായിരുന്നു. അറബികളും മറ്റു വരുത്തരുമാണ് ഇവിടെ വാണിജ്യം കൈകാര്യം ചെയ്തിരുന്നത്.
കേരളത്തിലെ ക്രൈസ്‌തവമുസ്ലീം മതവിഭാഗങ്ങൾ ഒരു രാജ്യം പിടിച്ചടക്കിയവരുടെ മതപരിവർത്തനശ്രമങ്ങളുടെ ഫലമായി മതം മാറിയവരായിരുന്നില്ല. അവർ ഇവിടുത്തെ തനതായ മതവിശ്വാസത്തിന്റെ ഒരു എക്‌സ്‌റ്റൻഷൻ മാത്രമായിരുന്നു.
കേരളത്തിലെ പാർപ്പിടങ്ങൾ ഇന്ത്യയുടെ ഇതരഭാഗങ്ങളിലെപ്പോലെ ഒന്നിച്ചുകൂടിനിൽക്കുന്ന രീതിയിലുളളതല്ല. ഇവിടെ ഗ്രാമങ്ങൾ ഒരു നേതാവിന്റെ കീഴിൽ സംരക്ഷണം അനിവാര്യമായ ഒറ്റപ്പെട്ട ഭാഗമായിരുന്നില്ല. ഗ്രാമത്തലവന്മാർ എന്ന ഒരു നേതൃനിര സാമൂഹ്യവും നൈതികവും ബൗദ്ധികവുമായിപ്പോലും ഇവിടെ സ്വാഭാവികവളർച്ച നേടിയില്ല. സമഷ്‌ടിയായ പൊതുരീതിയെക്കാൾ സാമൂഹ്യമായ ഇടപെടലുകളിൽ വൈയക്തികത്വം പ്രകടമാക്കുന്ന സ്വഭാവവിശേഷമാണ് ഇവിടെ ഉണ്ടായത്.
സാക്ഷരത ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം മുതൽ നമ്മളെ പുറം ലോകവാർത്തകളുമായി അടുപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നമ്മളെ സംബന്ധിച്ചിടത്തോളം മഹാത്മജിയുടെ രാമരാജ്യാധിഷ്‌ഠിതമായ ചിന്തകളെക്കാളും ആകർഷകമായിരുന്നത് റഷ്യൻ വിപ്ലവത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ പരിണാമങ്ങളായിരുന്നു. അനാചാരങ്ങൾക്കെതിരായി ശ്രീ നാരായണഗുരുവും മറ്റു അരാഷ്‌ട്രീയ നേതാക്കളും തുടങ്ങിവച്ച ശക്തമായ എതിർപ്പ് പുതിയ റഷ്യയുടെ ആകർഷകമായ മുഖഭംഗിയുടെ പ്രതിഫലനമായി നാം കണക്കാക്കി. സോഷ്യലിസം മാത്രമാണ് തങ്ങളുടെ തത്വശാസ്‌ത്രം എന്ന് ഊറ്റം കൊളളാത്ത ഒരു ചിന്തയ്‌ക്കും (ജാതി, വിഭാഗീയ കൂട്ടായ്‌മകൾ ഉൾപ്പടെ) ഇവിടെ ജന്മമെടുക്കാൻ സാധ്യമായില്ല.
ഇതുകൊണ്ട് പല ഗുണങ്ങളുമുണ്ടായി. ഭൂനിയമവും, ജനകീയാസൂത്രണവും പോലെയുളള പൊതുനന്മ ലാക്കാക്കിയ പരിപാടികൾക്ക് തുടക്കം കുറിക്കാൻ കേരളത്തിനേ കഴിഞ്ഞുളളു.
പക്ഷെ അതോടൊപ്പം ഒരു വലിയ ദുര്യോഗവും ഉണ്ടായി. രാഷ്‌ട്രീയപ്പാർട്ടികൾക്ക് ഏറ്റവും ശക്തരായ ശത്രുക്കൾ അവരുടെ സഹായികളുടെ ഇടയിൽനിന്നു തന്നെ ഉയർന്നു. കേരളത്തിൽ വാണിജ്യ വ്യവസായമേഖലകളിലെ തൊഴിലാളികളുടെ ശതമാനം തീരെ കുറവാണ്. മുതലാളി തൊഴിലാളി വർഗ്ഗസമരത്തിൽ ഇവിടെ പ്രസക്തമായ തൊഴിലാളിവർഗ്ഗത്തിന്റെ ചട്ടയണിഞ്ഞിരിക്കുന്നത് സമൂഹത്തിലെ ഉന്നതനിലയിലുളള സർക്കാർ അർദ്ധസർക്കാർ (വിദ്യാഭ്യാസമേഖലയുൾപ്പടെ) ഉദ്യോഗസ്ഥവൃന്ദമായിരുന്നു എന്നത് നാം കാണാൻ ഭയക്കുന്ന വൈരുദ്ധ്യമാണ്. ഇവിടെ വർഗ്ഗസമരത്തിലെ തൊഴിലാളി ഉന്നതവരുമാനവും ബുദ്ധിയുമുളള, നാടിന്റെ പുരോഗതിയുടെ ഗുണഫലങ്ങളിൽ സിംഹഭാഗവും ഒരു മനസ്സാക്ഷിക്കുത്തുപോലുമില്ലാതെ കൈവശമാക്കുന്ന ശക്തരായ ഈ വർഗ്ഗമാണ്. മുതലാളി സത്യത്തിൽ ഈ യജമാനന്മാരുടെ അവകാശങ്ങൾ(?) സ്ഥാപിച്ചു കൊടുക്കാനായി കരം കൊടുക്കുന്ന അസംഘടിതരായ തൊഴിൽരഹിതരും. പക്ഷെ നാം നിസ്സംഗരാണ്. അതിനു കാരണം പുറംനാടുകളിൽ ജോലിയിലിരിക്കുന്ന ബന്ധുക്കളയക്കുന്ന പണവും തങ്ങൾക്കും അവിടേയ്‌ക്ക് പോകാൻ സാധിച്ചേക്കുമെന്ന ആശയും, ഇല്ലെങ്കിൽ എന്നെങ്കിലും ഇവിടെത്തന്നെ വൈറ്റ് കോളർ ജോലി ലഭിച്ച് മറുകണ്ടം ചാടാമെന്ന സ്വപ്‌നവുമാണ്.
ഈ തൊഴിലാളിയുടെ മുഖംമൂടിയണിഞ്ഞ മുതലാളിവർഗ്ഗത്തെക്കുറിച്ച് നമ്മുടെ എല്ലാ രാഷ്‌ട്രീയപ്പാർട്ടികൾക്കും ചിന്തകർക്കുമറിയാം. നമ്മുടെ മാർക്‌സിസ്‌റ്റു പാർട്ടിയും കോൺഗ്രസ്സും ഇതേക്കുറിച്ച് ബോധവാന്മാരാണ് എന്ന് അവരുടെ അടുത്ത കാലത്തെ പ്രവർത്തനരീതിയിൽ നിന്ന് മനസ്സിലാക്കാം. മാർക്‌സിസ്‌റ്റു പാർട്ടി ഇക്കാര്യത്തിൽ കാട്ടുന്ന ആത്മാർത്ഥതയെ വെറും ഉൾപ്പാർട്ടി നേതൃത്വസംഘർഷമായി കാണുന്നത് ശരിയല്ല എന്നാണ് എനിക്കു തോന്നുന്നത്. സംഘടിത തൊഴിലാളി വർഗ്ഗത്തിന്റെ നന്മയും ജനങ്ങളുടെ പൊതുനന്മയും രണ്ടായാൽ രണ്ടാമത്തേതിനായിരിക്കണം പ്രാധാന്യം എന്നത് അംഗീകരിക്കാൻ രാഷ്‌ട്രീയപ്പാർട്ടികളിലെ എല്ലാ വിഭാഗങ്ങൾക്കും കഴിയണം. ഇന്ന് അതിന് അവർക്കു കഴിയുന്നില്ല.
അവ്വിധം ധീരമായി തങ്ങളുടെ അന്വേഷണങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ നമ്മുടെ ചിന്തകർക്കും കഴിയുന്നില്ല.
ഈ അന്തസ്സംഘർഷമാണ് നമ്മുടെ കേരളത്തിന്റെ യഥാർത്ഥപ്രശ്‌നം.
രാഷ്‌ട്രീയ നേതൃത്വത്തിനെ മനസ്സിലാക്കാം. മാർജിനൽ വോട്ടിൽ കൈവിട്ടുപോകുന്ന ഭരണം. ആരെയും പിണക്കാൻ പറ്റുകയില്ല. വർഗ്ഗസമരവും സോഷ്യലിസവും അതുകൊണ്ട് അജണ്ടയിലെ പ്രധാന വിഷയങ്ങളാണ്. ഇടയ്‌ക്കൊരു രക്തസാക്ഷിയും ആവശ്യമാണ്. വിപ്ലവവീര്യവും, മതവും എപ്പോഴും കൂടെ ഉണ്ടായിരിക്കണം. തങ്ങളുടെ ശ്രമം മൂലം വിദേശികൾ മൂലധനം മുടക്കി കേരളത്തിൽ വ്യവസായം തുടങ്ങി തൊഴിൽരഹിതർക്കു ജോലി നൽകാൻ പോകുന്നു എന്നും അതേ ശ്വാസത്തിൽ ആഗോളവത്‌ക്കരണത്തിനെതിരെ സമരം വേണമെന്നും നടത്തുന്ന പ്രഖ്യാപനങ്ങൾ സാക്ഷരരായ ജനത്തെ വിശ്വസിപ്പിക്കണം. ആദിവാസിഭൂമിപ്രശ്‌നം, ക്രീമിലെയർ തുടങ്ങി എല്ലാ പാർട്ടികളിലെയും നേതാക്കന്മാർക്ക് വ്യക്തമായ ബോദ്ധ്യമുളള കാര്യങ്ങളിൽപ്പോലും ധീരമായി സമൂഹത്തിലെ അശരണർക്കുവേണ്ടി ഒരു നിലപാട് സ്വീകരിക്കാൻ പാടില്ല. വിദ്യാഭ്യാസം പോലെ ഏറ്റവും പ്രധാനവിഷയങ്ങളിൽ പോലും തങ്ങളുടെ വോട്ട് ബാങ്കിനെ നിയന്ത്രിക്കുന്ന ശക്തികളെ അനുസരിക്കാതെ പറ്റില്ല.
പക്ഷെ സ്വതന്ത്രരായി തങ്ങളുടെ ചിന്തകളിലൂടെ സമൂഹത്തിന് നേതൃത്വവും ഭരണാധികാരികൾക്ക് വെളിച്ചവും കാട്ടേണ്ട വർഗ്ഗമോ? അവർക്ക് വോട്ടു വേണ്ടല്ലോ! പാർട്ടിവിപ്പിൽ ഒതുക്കേണ്ട ചിന്തകൾ മാത്രം പുറത്തുകാട്ടാവുന്ന ഒരു എമ്മെല്ലെ സ്ഥാനമോ രാജ്യസഭാ മെമ്പർ സ്ഥാനമോ ഔദ്യോഗികപദവിയോ അവരുടെ ശബ്‌ദത്തിനും ചിന്തകൾക്കും ബ്രേക്കിടരുതല്ലോ.
അങ്ങിനെയുളള ചിന്തകരായ ബുദ്ധിജീവികൾ പിറക്കുന്നതു വരെ നമുക്ക് ഇപ്പോഴത്തെ സാദാ ബുദ്ധിജീവികളുടെ പ്രസംഗം കേട്ട് രസിക്കാം.
Generated from archived content: budhijeevi.html Author: kl_mohanavarma