ഒരു ഓണം കൂടി

ഒരു ഓണം കൂടി.

അന്യോന്യം ആശംസകൾ നൽകാൻ മലയാളിക്ക്‌ പ്രിയപ്പെട്ട തനതായ ഒരു സന്ദർഭം കൂടി.

നാം ഒരിക്കലും ആശംസകൾ നൽകുന്ന ഒരു സമൂഹമായിരുന്നില്ല. അന്യോന്യം കാണുമ്പോൾ ഗുഡ്‌ മോർണിംഗോ, ഹലോയോ, കൈപിടിച്ചു കുലുക്കലോ, കെട്ടിപ്പിടിക്കലോ, ഉമ്മ വയ്‌ക്കലോ കാട്ടുന്ന സമൂഹമായിരുന്നില്ല. മലയാളഭാഷയിൽ ഇത്തരം ഔപചാരികത കാട്ടാൻ പറ്റിയ വാക്കുകൾ പോലുമില്ല.

ഒരു പുഞ്ചിരി. മറുപടിയായി തിരിച്ചും പുഞ്ചിരി.

നാം നൂറ്റാണ്ടുകളായി പുഞ്ചിരിയിലൂടെ സൗഹൃദം പകരുന്നവരായിരുന്നു.

നമ്മെ കാൽക്കീഴിലാക്കാൻ വന്നവരെയെല്ലാം നാം പുഞ്ചിരിച്ച്‌ സ്വന്തമാക്കി. എല്ലാവർക്കും നാം ദാനം നൽകി. വാമനനും വാസ്‌ക്കോഡി ഗാമയും കമ്യൂണിസവും എല്ലാം നമ്മെ കീഴ്‌പ്പെടുത്തിയമട്ടിൽ നമ്മുടെ ദാനം സ്വീകരിച്ചു.

അവസാനം വാമനൻ ഓണത്തിന്‌ വരുന്ന മഹാബലിയുടെ മാഹാത്മ്യം വർദ്ധിപ്പിക്കുന്ന നാടൻ കഥാപാത്രമായി.

വാസ്‌ക്കോഡിഗാമയ്‌ക്ക്‌ കറുത്ത സ്വർണ്ണം മുഴുവൻ സ്വന്തമാക്കണം. കോഴിക്കോട്ട്‌ സാമൂതിരി പുഞ്ചിരിച്ചുകൊണ്ട്‌ കുരുമുളകുചെടികൾ പോലും കൊണ്ടുപൊയ്‌ക്കൊളളാൻ അനുമതി നൽകി. എന്നിട്ട്‌ ഈ ദാനത്തിന്‌ എതിരു നിന്ന ദിവാന്റെ നേരെ പുഞ്ചിരിച്ചുകൊണ്ട്‌ രഹസ്യം പറഞ്ഞു. സായിപ്പിന്‌ നമ്മുടെ കാലവർഷം കൊണ്ടുപോകാൻ പറ്റുകില്ലല്ലോ.

കമ്യൂണിസത്തെ നാം പുഞ്ചിരിച്ച്‌ സ്വന്തമാക്കി. ഈ കർക്കിടകമാസത്തിൽ ഏറ്റവും ഭക്തിസാന്ദ്രമായ രാമായണപ്രോഗ്രാമുകൾ അവതരിപ്പിച്ചത്‌ നിരീശ്വരത്വം വ്രതമായ മാർക്‌സിസ്‌റ്റ്‌ പാർട്ടിയുടെ കൈരളി ടി.വി. ചാനലായിരുന്നു.

ഓണം മലയാളിയുടേതു മാത്രമാണ്‌. കാലവർഷം തരുന്ന കുരുമുളകുപോലെ, മുസ്ലീം സേവകനായ വാവരുമൊത്ത്‌ ശബരിമലയിൽ വാഴുന്ന അയ്യപ്പനെപ്പോലെ, ക്രിസ്‌തുദേവനെക്കുറിച്ച്‌ യൂറോപ്പുപോലും അറിയുന്നതിന്‌ നൂറ്റാണ്ടുകൾക്കു മുമ്പ്‌ നമ്മുടെ സമൂഹത്തിന്റെ ഭാഗമായി മാറിയ തോമ്മാശ്ലീഹാ സന്യാസിയെപ്പോലെ, രാഷ്‌ട്രീയത്തെ കോമഡി ഷോയായി ആസ്വദിക്കുന്ന മനസ്സുപോലെ, നമ്മുടെ മാത്രമായ ഒന്നാണ്‌ ഓണം.

നമ്മുടെ മാത്രമായിരുന്ന മറ്റു പലതും മാറിക്കഴിഞ്ഞിരിക്കുന്നു.

വിവേകാനന്ദസ്വാമികൾ ഇവിടുത്തെ അയിത്തവും തീണ്ടലും കണ്ട്‌ കേരളം ഒരു ഭ്രാന്താലയമാണെന്ന്‌ പറഞ്ഞു. ഇന്ന്‌ അയിത്തം പോയിട്ട്‌ മതവും ജാതിയും പോലും രാഷ്‌ട്രീയക്കാർക്ക്‌ ചിലവു കുറച്ച്‌ വോട്ടു നേടാനുളള ആയുധം മാത്രമാക്കി നാം മാറ്റിക്കഴിഞ്ഞു.

പേരിൽ, വേഷത്തിൽ, ആഹാരത്തിൽ, സംസാരഭാഷയിൽ, പെരുമാറ്റത്തിൽ എല്ലാം നാം കഴിഞ്ഞ അമ്പതു വർഷത്തിനിടയിൽ വരുത്തിയ ഐകരൂപ്യം ലോകത്തെവിടെയും ഉണ്ടാകാത്ത സാമൂഹ്യവിപ്ലവമാണ്‌.

ഈ മാറ്റം ശുഭോദർക്കമാണ്‌.

ഈ മാറ്റത്തിന്റെ ഏറ്റവും പ്രകടമായ സിംബലാണ്‌ ഓണം.

എല്ലാവർക്കും ഓണപ്പുഞ്ചിരി.

Generated from archived content: aug30_edit.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English