ബഹുഭാഷാപണ്ഡിതനും ചരിത്രാന്വേഷകനുമായിരുന്ന പ്രൊഫഃകെ.കെ.രാമൻ അന്തരിച്ചു.
അന്വേഷണങ്ങൾക്കും പഠനങ്ങൾക്കുമായി ഉഴിഞ്ഞുവെച്ച ഒരു ജീവിതമായിരുന്നു കെ.കെ. രാമന്റേത്. ആഘോഷങ്ങളുടെയും ആക്രോശങ്ങളുടെയും യുദ്ധഭൂമിയായ നമ്മുടെ സാംസ്‌കാരികചിന്താലോകത്ത് ഘോഷങ്ങളില്ലാതെ ജീവിച്ച രാമൻ കടന്നുപോയതും പരമ്പരാഗത ആഘോഷങ്ങളുടെ അകമ്പടിയില്ലാതെയാണ്. പത്രങ്ങൾക്ക് അതൊരു ചരമകോളം വാർത്ത മാത്രവും.
ചരിത്രാന്വേഷകനെന്ന നിലയിൽ രാമന്റെ പല കണ്ടെത്തലുകളും തർക്കവിഷയമാണ്. സൈന്ധവലിപിയുടെ “കീ” ആവിഷ്‌കരിച്ചു എന്ന അവകാശവാദം അതിലൊന്നു മാത്രം. ഇന്ത്യാചരിത്രത്തിന്റെ എക്കാലത്തെയും വലിയ പ്രഹേളികയാണ് സൈന്ധവലിപികൾ. 1921 ൽ ഉത്‌ഘനനം ചെയ്യപ്പെട്ട മോഹൻ ജെദാരോ ഹാരപ്പൻ നാഗരികതയുടെ അവശിഷ്ടങ്ങളിൽ വ്യാപകമായി മുദ്രണം ചെയ്യപ്പെട്ടിട്ടുളള അജ്ഞാത ലിപികൾ വായിക്കാനായാൽ ഒരു പക്ഷെ അക്കാലത്തെ രാഷ്‌ട്രീയ വ്യവസ്ഥയെ സംബന്ധിച്ച ഒരു ചിത്രം ചരിത്രാന്വേഷികൾക്ക് ലഭിക്കുമായിരുന്നു. ആര്യൻ അധിനിവേശ സിദ്ധാന്തത്തിന്റെ യാഥാർത്ഥ്യങ്ങളും വെളിപ്പെടുമായിരുന്നു.
സംസ്‌കൃതത്തിന്റെയും സുമേറിയന്റെയും ഘടനകൾ ഇഴപിരിച്ച് പരിശോധിച്ചിട്ടും വെളിപ്പെടാതെ കിടന്ന സൈന്ധവലിപിയുടെ രഹസ്യം തനിക്ക് വ്യക്തമാക്കാനാവുമെന്നായിരുന്നു രാമന്റെ അവകാശവാദം. ഈ വിഷയത്തിൽ അദ്ദേഹം പുസ്തകങ്ങൾ രചിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ രാമന്റെ കണ്ടെത്തലുകൾ അനുധാവനം ചെയ്യപ്പെടാതെ പോയി.
ചരിത്രത്തെ സംബന്ധിച്ച യാതൊരു നിഗമനവും അന്തിമമെന്ന് പറയാൻ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ രാമനെതിരായി നടന്ന ബോധപൂർവ്വമായ ഖ്വാ ഖ്വാ വിളികൾ ആരുടെയെങ്കിലും നിക്ഷിപ്ത താൽപര്യങ്ങളെ സംരക്ഷിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Generated from archived content: kk_raman.html
Click this button or press Ctrl+G to toggle between Malayalam and English