അന്‍പത്തിയഞ്ചു കഴിഞ്ഞവര്‍ വീട്ടിലിരിക്കണോ?

അണികളുടെ ചുടുചോര നേതാക്കള്‍ക്ക് നല്ലവളമാണ്. ആ രുചിയറിഞ്ഞ നേതാക്കളാണ് യുവജനങ്ങളെ വീണ്ടും സമരത്തിന് തെരുവിലേക്കയക്കുന്നത്. പൂരം കാണാന്‍ പൂരപ്പുറത്ത് കയറിനില്ക്കുന്നതു പോലെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിന്റെ പേരില്‍കാണുന്ന തെരുവ് യുദ്ധം ഇന്ന് ജനങ്ങള്‍ ടെലിവിഷനിലൂടെ കണ്ട് ആസ്വദിക്കുകയാണ് . ഇതിന്റെ പേരില്‍ ഇരു മുന്നണി നേതാക്കളും അങ്ങോട്ടുമിങ്ങോട്ടും ആക്രോശങ്ങളള്‍ മുഴക്കി പാര്‍ട്ടി അണികളെ ഹരം കൊള്ളിക്കുമ്പോള്‍ യഥാര്‍ത്ഥ്യ ബോധത്തോടെയാരും ചിന്തിക്കുന്നില്ല, രാഷ്ട്രം എന്നത് മനുഷ്യന്‍ നിര്‍മ്മിച്ച ഏറ്റവും വലുതും ബലിഷ്ടവുമായ സാമൂഹിക സ്ഥാപനമാണ് . ആ സ്ഥാപനത്തില്‍ പണിയെടുക്കുന്നവര്‍ക്കെല്ലാം തുല്ല്യ നീതി ലഭിക്കേണ്ടത് ജനാധിപത്യ വ്യവസ്ഥയില്‍ ഏതൊരുപൌരന്റെയും മൌലീകാവകാശമാണ് .

രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ജീവനക്കാരും നടത്തുന്നത് ജനസേവനമാണ് . എന്നാല്‍ രാഷ്ട്രീയക്കാര്‍ തൊണ്ണൂറ് വയസ്സ് കഴിഞ്ഞാലും , ഓര്‍മശക്തി ഭാഗീകമായി നഷ്ടപ്പെട്ടാലും പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആരോഗ്യസ്ഥിതി മോശമായാലും ജനപ്രതിനിധിയായും മന്ത്രിയായും മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ജനസേവനം നടത്തുമ്പോള്‍ സര്‍ക്കാര്‍ ആഫീസുകളില്‍ ‍ഊര്‍ജ്ജസ്വലരായി ജോലിയെടുക്കുന്നവര്‍ അന്‍പത്തിയഞ്ചാം വയസ്സില്‍ വിരമിച്ച് വീട്ടില്‍ പോയി ഇരിക്കണമെന്ന് പറയുന്നതിന്റെ ന്യായങ്ങള്‍ യുക്തിഭദ്രമല്ല . ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയിലും ഭരിച്ചിരുന്ന പശ്ചിമബംഗാളിലും മറ്റുചില സംസ്ഥാനങ്ങളിലും പെന്‍ഷന്‍പ്രായം അറുപതാണ് . മാത്രമല്ല, കേന്ദ്രസര്‍ക്കാരില്‍ ‍ജോലിചെയ്യുന്നവരുടെ വിരമിക്കല്‍ പ്രായം അറുപതായി നിജപ്പെടുത്തിയിരിക്കുമ്പോള്‍ ഒരു വിഭാഗം ജീവനക്കാര്‍ സംസ്ഥാന സര്‍ക്കാരുടെ കീഴിലായിപ്പോയതുകൊണ്ട് അന്‍പത്തിയഞ്ചാം വയസ്സില്‍ വിരമിക്കണമെന്ന് പറയുന്നതിന്റെ യുക്തിയാണ് മനസ്സിലാകാത്തത് . ശരിയും തെറ്റും വേര്‍തിരിച്ച് വിധി പറയുന്ന ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം അറുപതും സുപ്രീംക്കോടതി ജഡ്ജിമാരുടേത് അറുപത്തിയഞ്ചുമാണ് . ഉദ്യോഗരംഗത്തായാലും രാഷ്ട്രീയരംഗത്തായാലും ജനങ്ങളെ സേവിക്കുന്നവരെ രണ്ട് തരം പൌരന്മാരായി കാണുന്നതു തന്നെ ഒരര്‍ത്ഥത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്ല്യ നീതിക്കെതിരാണ് . ഈ വിവേചനത്തിനെതിരെ നാളിതുവരെ പുരോഗമനവാദികളും സാമൂഹിക നീതി കാംഷിക്കുന്നവരും എന്തുകൊണ്ട് ശബ്ദിച്ചില്ലെന്നുള്ളത് അദ്ഭുതകരമായി തോന്നുന്നു.

മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് മനുഷ്യരുടെ ശരാശരി ആയുസ്സ് നാല്പ്പത്തിയഞ്ചും അന്‍പതുമായിരുന്നു. ജീവിത ശൈലിയില്‍ വന്ന മാറ്റവും ആരോഗ്യരംഗത്തുണ്ടായ വിപ്ലവകരമായ പുരോഗതിയും ജനങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായി . ഇന്ന് പ്രത്യേകിച്ച് മലയാളിയുടെ ശരാശരി ആയുസ്സ് എഴുപത്തിയഞ്ചിനും എണ്‍പതിനുമിടയിലാണ് . അന്‍പത്തിയഞ്ചാം വയസ്സില് വിരമിക്കുന്നവരില്‍ ഭൂരിഭാഗവും നാട്ടിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കാഴ്ച്ചയും നാം കാണുന്നു . സ്വകാര്യ സംരംഭമായ മാളുകളിലും, സ്വര്‍ണ്ണവ്യാപാര സ്ഥാപനങ്ങളിലും, വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും , സുരക്ഷാ മേഖലകളില്‍ ജോലിചെയ്യുന്ന മിക്കവരും തന്നെ പോലീസ് ഡിപ്പാര്‍ട്ടമെന്റില്‍നിന്നും വിരമിച്ചവരാണ് . സര്‍ക്കാരിന്റെ തന്നെ നിയമ വകുപ്പില്‍ സേവനം അനുഷ്ടിക്കുന്നവര്‍ വിരമിച്ചതിനു ശേഷം ഹൈക്കോടതികളിലും കീഴ്ക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു . വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ വിരമിച്ചതിനുശേഷം സ്വകാര്യ ആശുപത്രികളില്‍ പത്തും ഇരുപതും വര്‍ഷം ജൊലി ചെയ്യുന്നു . സ്പെഷ്യലൈസ് ചെയ്ത ഡോക്ടര്‍മാരുടെ അഭാവം സര്‍ക്കാരിന് ഇന്ന് തലവേദനയാണ് . അദ്ധ്യാപനവൃത്തിയില്‍നിന്നും വിരമിച്ച പ്രമുഖരായ ഒ എന്‍ വി , നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, എന്‍ എം കാരാശ്ശേരി തുടങ്ങിയവര്‍ ഇന്നും സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നില്ക്കുന്നു . ഇവരെപ്പോലുള്ളവരുടെ സേവനം നീട്ടിക്കൊടുത്തിരുന്നെങ്കില്‍ ഭാവി തലമുറയുടെ പഠനത്തിന് എന്തൊക്കെ നേട്ടമുണ്ടാവുമായിരുന്നു . വിരമിച്ചതിനുശേഷം ആരോഗ്യത്തോടെ മറ്റു തൊഴിലുകളിലും വ്യത്യസ്ത മണ്ഡലങ്ങളിലും വ്യാപൃതരായിരിക്കുമ്പോള്‍ ശരാശരി ഇരുപത്തിയഞ്ച് വര്‍ഷം വരെ സര്‍ക്കാരിന് ഒരു സേവനവും ചെയ്യാതെ പെന്‍ഷന്‍ നല്‍കുമ്പോള്‍ കോടികളാണ് ഖജനാവിന് നഷ്ടം വരുന്നത് . അഭ്യസ്ഥവിദ്യരുടെ തൊഴില്‍ നഷ്ടമാകുമെന്ന് പറയുന്നതിന് പ്രസക്തിയില്ല . സ്പെഷ്യല്‍ റിക്രൂട്ടമെന്റ് മുഖേന ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ . ചില വിദേശ രാജ്യങ്ങളില്‍ ആരോഗ്യം അനുവദിക്കുന്നതുവരെ ജോലി ചെയ്യാം . രാഷ്ട്രീയനേതാക്കള്‍ക്ക് മരിക്കുന്നതുവരെ ജനസേവനം നടത്തി എല്ലാവിധ ആനുകൂല്ല്യങ്ങളും നേടാം . അഭ്യസ്ഥ വിദ്യരായ ഉദ്യോഗ വൃന്ദങ്ങള്‍ക്ക് അത് പാടില്ല . ഇതെന്ത് ന്യായം? വിരമിക്കല്‍ പ്രായം അറുപതെങ്കിലും ആക്കി ഉയര്‍ത്താന്‍ ഇനിയും വൈകരുത് . വൈകി വരുന്ന നീതി അനീതിയാണ് .

Generated from archived content: essay1_may26_12.html Author: kk_ponnappan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here