ഷുനുഹാദാ വല്ലാഹി മജാനില്‍

ഭരണസിരാകേന്ദ്രമായ സെക്രട്ടറീയേറ്റിന്റെ മുന്നിലൂടെ സമീപത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിലേക്കു ഹര്‍ത്താല്‍ ദിവസം നടന്നു പോകുകയായിരുന്ന ഒരറബി സുഹൃത്തിന്റെ വാക്കുകളാണ് ഈ ലേഖനത്തിന്റെ തലവാചകം. ഹര്‍ത്താലനുകൂലികള്‍ പോലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതും സമീപത്തുള്ള ഓഫീസുകളുടേയും കച്ചവട സ്ഥാപനങ്ങളുടേയും നേരെ കല്ലെറിയുന്നതും കണ്ടപ്പോഴാണ് അറബി ഇങ്ങനെ പറഞ്ഞത്.

രാഷ്ട്രീയ അന്ധതക്കു മുന്നില്‍ അകപ്പെട്ടുപോയ ഒരു ജനതയുടെ പ്രതിരൂപമാണ് അവിടെ കണ്ടത്. ദൃശ്യ മാധ്യമങ്ങളുടെ വരവോടെ സമരക്കാരുടെ വീര്യവും വികൃതിത്തരങ്ങളും കൂടിയിട്ടുണ്ട്. ജനകീയ പ്രശ്നങ്ങളില്‍ സര്‍ക്കാരിനെതിരെ സമരം നടത്തുന്നത് സ്വഭാവികമാണ്. എന്നാല്‍ ഈ കലാപരിപാടി തുടങ്ങിയിട്ട് കാലങ്ങള്‍ എത്രയായി. ഇത്തരം സമരശൈലികള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇതിനു നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വിരസത തോന്നുന്നില്ലെങ്കില്‍ ജനങ്ങള്‍ക്കു മനസിലാകുന്നുണ്ടെന്നുള്ള സാമാന്യ ബോധമെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു തോന്നേണ്ടതല്ലേ?. മലയാളം കൂട്ടിവായ്ക്കാനും കേട്ടു മനസിലാക്കാനും കഴിയുന്ന മൂക്കു താഴോട്ടുവളര്‍ന്ന എല്ലാ മലയാളികള്‍ക്കും ഒരു കാര്യം മനസിലായി സമരം സമരത്തിനു വേണ്ടിയാണെന്ന്. നമ്മുടെ രാഷ്ട്രീയ സദാചാരം ചീഞ്ഞു നാറുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടേയും പ്രസ്താവനകളും പ്രസംഗങ്ങളും ആഹ്വാനങ്ങളും തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ വിറ്റു വന്ന പഴകിയ ഷവര്‍മയേക്കാള്‍ നാറ്റമുള്ളതാണ്.

രാഷ്ട്രീയം നെറിവില്ലായ്മയുടെ അറ്റവും ധാര്‍മ്മികത എടുക്കാച്ചരക്കുമാകുമ്പോള്‍ പഠിപ്പുണ്ടായിട്ടും വിവരവും വിവേകവും ഇല്ലാവത്തവരായി മാറുകയാണോ മലയാളി സമൂഹം.

എന്താണ് മലയാളിയുടെ മനസ്സില്‍? ഇരുപതാം നൂറ്റാണ്ടിനു മുന്‍പുള്ള കോസ്മോപോളിറ്റന്‍ സംസ്ക്കാരമോ? മഹാബലിയുടെ നാട്ടിലെ ഉട്ടാപ്പിയോ, അമ്പതുകളിലെ പുരോഗമനയുഗമോ, എഴുപതുകളിലെ തീവ്രസ്വപ്നങ്ങളുടെ കാലഘട്ടമോ. ഇതൊന്നുമല്ലെങ്കില്‍ ഇന്നത്തെ ഉപഭോക്തൃ സംസ്ക്കാരമോ പരിണാമത്തിന്റെ ഏതു ഘട്ടമാണ് മലയാളികള്‍ കൊണ്ടു നടക്കുന്നത്? മലയാളിയുടെ കപട സദാചാരം അമ്മയുടെയും സഹോദരിയുടേയും നഗനത വിറ്റു കാശാക്കുന്ന നിലയില്‍ അധപതിച്ചിരിക്കുമ്പോള്‍ കൊച്ചു കേരളമെന്ന ആഗോള മലയാളി സമൂഹം ഇന്നെവിടെ എത്തി നില്‍ക്കുന്നു? മൂന്നേകാല്‍ കോടി ജനതയില്‍ ഒരു കോടി ഇരുപതു ലക്ഷം കേരളത്തിനു വെളിയിലാണ്. രണ്ടേകാല്‍ കോടി ജനങ്ങളെ നയിക്കാന്‍ ദീര്‍ഘ വീക്ഷണവും വ്യക്തമായ കര്‍മ്മപരിപാടികളുമില്ലാത്ത രണ്ടു ഡസനിലേറെ രാഷ്ട്രീയ പാര്‍ട്ടികള്‍. ഇവര്‍ക്കു മൂക്കുകയറിടാനും വേണ്ടി വന്നാല്‍ വോട്ടു ബാങ്ക് എന്ന തിട്ടൂരം കാട്ടി വിരട്ടാനും ചങ്ങനാശ്ശേരി സ്തുതി മണ്ഡപ കാവല്‍ക്കാരും കണിച്ചു കുളങ്ങര കൈലാസധിപന്മാരും ഉത്തര്‍പ്രദേശിനേയും ബീഹാറിനേയും നാണിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഒരു സംസ്ഥാനമെന്നു കേള്‍ക്കുമ്പോള്‍ പോലും ലജ്ജയില്ലാതായിപ്പോയോ ? മലയാളി സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലം. അശുദ്ധിയുടേയും ആഭാസത്തരങ്ങളുടേയും പെരും നുണകളുടേയും ഇടയില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ കഴിയാത്ത തരത്തില്‍ വീടിനുള്ളില്‍ അടച്ചു പൂട്ടിയിരുന്ന് ഹര്‍ത്താലുകള്‍ ആചരിക്കേണ്ട ഗതികേടില്‍ എത്തി നില്‍ക്കുന്ന ദയനീയ സ്ഥിതി വിശേഷം ആവര്‍ത്തിച്ച് അനുഭവിച്ചിട്ടും പ്രതികരണശേഷി നഷ്ടപ്പെടുന്ന മലയാളിക്ക് എല്ലാം നേടണം. പക്ഷെ മിനക്കെടാന്‍ കഴിയില്ല രാഷ്ട്രീയ സിംഹങ്ങള്‍ക്കു മുന്നില്‍ വെറും കാട്ടു പൂച്ചയായി മാറുന്ന മലയാളികളും പാര്‍ട്ടികളിലെ സാധാരണ അണികളും. 16 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് 33 വയസായിട്ടും നീതി ലഭിക്കാത്ത നിയമ വ്യവസ്ഥക്കെതിരെ കമാന്നൊരക്ഷരം മിണ്ടാന്‍ കഴിയാത്ത രാഷ്ട്രീയ പാര്‍ട്ടിയുടെ തടവറയില്‍ കഴയുന്ന മഹിളാപ്രസ്ഥാനങ്ങളുടെ ഗീര്‍വാണം കേള്‍ക്കുമ്പോള്‍ തെരുവു വേശ്യകള്‍ പോലും നാണിച്ചു പോകും ക്വട്ടേഷന്‍ സംഘങ്ങള്‍ കൊലയാളിതൊഴിലാളികളും വേശ്യകള്‍ ലൈംഗികത്തൊഴിലാളികളുമായി മാറുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മാന്യന്മാരും മതേതരരെന്നും വിചാരിച്ചിരുന്നവര്‍ പോലും വര്‍ഗ്ഗീയ പെരുമഴയില്‍ ആനന്ദ നൃത്തം ചവിട്ടാനാണ് ഇഷ്ടപ്പെടുന്നത്. നാ‍വുയര്‍ത്തിയും നട്ടെല്ല് വളയാതെയും അഭിപ്രായം പറയുന്നവരെ നോട്ടപ്പുള്ളികളാക്കി തെരുവില്‍ വിരോധം തീര്‍ക്കുന്നു. സമൂഹത്തിലെ കേമന്മാരുടേയും കെങ്കേമന്മാരുടേയും കൈകൊണ്ടുവരക്കുന്ന വൃത്തങ്ങളില്‍ നില്‍ക്കാത്തവരെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന സാഹചര്യം. അരിയാഹാരം കഴിക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അറവുകാരന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മൃഗത്തിന്റെ വെപ്രാളമാ‍ണ് ഓര്‍മ്മവരുന്നത്. മനുഷ്യസമത്വവും വിമോചനവും സ്വപ്നം കണ്ട് രംഗത്തു വന്ന പ്രസ്ഥാനങ്ങള്‍ പരസ്പരം കീരിയും പാമ്പും പോലെയായി. ഹസ്തിനപുരം എനിക്കു മാത്രം ഭരിക്കാനുള്ളതാണ് പാണ്ഡവര്‍ തുലയട്ടെ എന്ന ദുര്യോധന്റെ നീതിശാസ്ത്രം പോലെയാണ് കേരളത്തിലെ ഈ വിപ്ലവ പാര്‍ട്ടിയിലെ വലിയേട്ടന്‍ മനോഭവം.

പൊതുജനങ്ങളുടെ ഓര്‍മ്മ ഹൃസ്വമാണ്. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം മറന്നു പോകുന്ന മറവിരോഗം ബാ‍ധിച്ചവരെ പോലെ മലയാളി സമൂഹം മാറുമ്പോള്‍ ബുദ്ധിയില്ലെങ്കിലും പ്രായോഗിക രാഷ്ട്രീയത്തില്‍ കുരുട്ടുബുദ്ധി അവലംബിക്കുന്ന രാഷ്ട്രീയക്കാരന്‍ ഭരണത്തിലേറുമ്പോള്‍ അണ്ണാനെ മരത്തിലേക്ക് ഓടിച്ചുവിട്ട് താഴെ നിന്ന് നിരാശപ്പെടുന്ന ആ മൃഗത്തിന്റെ ഗതിയാണ് എന്നും മലയാളിക്ക്. അറബി പറഞ്ഞതു പോലെ ഇവര്‍ക്കു ഭ്രാന്താണ് ശുദ്ധ ഭ്രാന്താണ്.

പിന്‍ കുറിപ്പ്

സദാചാര പോലീസ് പ്രയോഗം സദാചാരത്തിനും പോലീസിനും അപമാനകരമാണ്. കപട സദാചാര ഗുണ്ടായിസം എന്നു തിരുത്തിയാലും.

Generated from archived content: essay1_aug20_12.html Author: kk_ponnappan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here