മലയാള സിനിമയ്‌ക്ക്‌ വസന്തകാലം വിരിയിച്ച ശാരംഗപാണി

കയർ ഫാക്‌ടറി തൊഴിലാളിയായി ജീവിതമാരംഭിച്ച ശാരംഗപാണി 1940-ൽ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ ചേർന്ന്‌, തൊഴിലാളി പ്രസ്‌ഥാനത്തിനുവേണ്ടി പ്രവർത്തിച്ചു തുടങ്ങി. കമ്മ്യൂണിസ്‌റ്റ്‌ ആശയങ്ങളിൽ ആകൃഷ്‌ടനായ അദ്ദേഹം പാർട്ടിക്കുവേണ്ടി നാടകങ്ങൾ എഴുതിക്കൊണ്ടാണ്‌ കലാരംഗത്തേക്ക്‌ കടന്നുവന്നത്‌ 1957-ൽ ‘ഭാവന’എന്ന നാടകമായിരുന്നു ആദ്യത്തെ സൃഷ്‌ടി. എങ്കിലും ശാരംഗപാണിയിലെ കലാകാരനെ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്‌ ‘ബല്ലാത്ത ദുനിയാവ്‌ ’ എന്ന പ്രശസ്‌തമായ നാടകത്തിലൂടെയാണ്‌.

വിപ്ലവത്തിന്റെ വളക്കൂറുള്ള ആലപ്പുഴമണ്ണിൽ പുന്നപ്ര വയലാർ സമരം പൊട്ടിപ്പുറപ്പെട്ടു. സമരത്തിൽ പങ്കെടുത്ത സഖാക്കളുടെ കൂട്ടത്തിൽ ശാരംഗപാണിയേയും അന്നത്തെ സബ്‌ഇൻസ്‌പെക്‌ടർ സത്യൻ അറസ്‌റ്റ്‌ ചെയ്‌ത്‌ ലോക്കപ്പിലാക്കി. ലോക്കപ്പിൽ കിടന്ന്‌ മുദ്രവാക്യം മുഴക്കിയ ശാരംഗപാണിയെയും സത്യൻ മർദ്ദിച്ചു. വർഷങ്ങൾ പലത്‌കടന്നു. കാക്കി യൂണിഫോം തനിക്കിണങ്ങുന്നതല്ലെന്ന്‌ മനസ്സിലാക്കിയ സത്യൻ സിനിമാനടനായി മാറി. അങ്ങനെ ഉദയാ സ്‌റ്റുഡിയോയിൽ ഷൂട്ടിംഗിനെത്തിയ അദ്ദേഹം താൻ അഭിനയിക്കുന്ന ചിത്രത്തിലെ തിരക്കഥാകൃത്തിനെ കണ്ടു. അത്‌ ശാരംഗപാണിയാണെന്നു മനസ്സിലാക്കി. സത്യൻ മാപ്പ്‌ പറഞ്ഞു അത്‌ ശാരംഗപാണിയും സത്യനും തമ്മിലുള്ള ഒരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. ഇത്‌ അവരെ അടുത്തറിയാവുന്നവർക്ക്‌ മാത്രം അറിയാവുന്ന ഒരു പിന്നാമ്പുറം കഥ. ഉദയാ സ്‌റ്റുഡിയോയുടെ വാതിൽ ശാരംഗപാണിക്കു വേണ്ടി മലർക്കെ തുറന്നത്‌ തികച്ചും യാദൃശ്ചികമായ മറ്റൊരു കഥ.

തകഴിയുടെ ചെമ്മീൻ എന്ന നോവൽ വിപണിയിൽ ഇറങ്ങിയ കാലം. കുഞ്ചാക്കോയ്‌ക്ക്‌ അത്‌ സിനിമയാക്കിയാൽ കൊള്ളാമെന്ന്‌ തോന്നി. നോവലിന്റെ ഒരു കോപ്പി വാങ്ങാൻ കുഞ്ചാക്കോ പ്രസാധകശാലയിലേക്ക്‌ ആളെ പറഞ്ഞയച്ചു. ആദ്യ എഡിഷൻ മുഴുവൻ വിറ്റു തീർന്നിരുന്നു. എന്നാൽ അപ്പോൾ അവിടെയിരുന്ന ഒരു യുവാവ്‌ തന്റെ കയ്യിൽ നല്ലൊരു കഥയുണ്ടെന്നും കുഞ്ചാക്കോയെ കാണണമെന്നും പറഞ്ഞ്‌ ഉദയാ സ്‌റ്റുഡിയോയിലെത്തി. അത്‌ മറ്റാരുമായിരുന്നില്ല. കാലാന്തരത്തിൽ പ്രശസ്‌തനായ മൊയ്‌തു പടിയത്ത്‌ എന്ന സാഹിത്യകാരനായിരുന്നു. നോവൽ വായിച്ചു കേട്ട കുഞ്ചാക്കോ പറഞ്ഞത്‌ കഥയെക്കുറിച്ചുള്ള ഒരു അഭിപ്രായമല്ലായിരുന്നു മറിച്ചൊരു തീരുമാനമായിരുന്നു. ഈ കഥ ഉദയാ ചിത്രമാക്കുന്നു. അങ്ങനെയാണ്‌ ‘ഉമ്മ’ എന്ന മെഗാഹിറ്റ്‌ സിനിമയുടെ പിറവി.

ഡിസ്‌കഷൻ കഴിഞ്ഞു. പടത്തിന്റെ വൺലൈനും എഴുതി. പക്ഷെ വായിച്ചു കേട്ടപ്പോൾ മുസ്ലീം കഥാപാത്രങ്ങൾ പറയേണ്ട സംഭാഷണങ്ങൾ നിർമ്മാതാവിന്‌ ഇഷ്‌ടപ്പെട്ടില്ല. അതിനൊരാളെ കണ്ടെത്തണം. ആ അന്വേഷണമാണ്‌ അന്ന്‌ ഉദയാസ്‌റ്റുഡിയോയ്‌ക്കു മുന്നിൽ തയ്യൽക്കട നടത്തിക്കൊണ്ടിരുന്ന ശാരംഗപാണിയിൽ ചെന്നെത്തിയത്‌. ‘ബല്ലാത്ത ദുനിയാവ്‌ എന്ന നാടകം കുഞ്ചാക്കോ ഇതിന്‌ മുമ്പ്‌ കണ്ടിരുന്നെന്നും അതിലെ സംഭാഷണങ്ങൾ അദ്ദേഹത്തിന്‌ ഇഷ്‌ടപ്പെട്ടിരുന്നെന്നും പിന്നീട്‌ അറിയാൻ കഴിഞ്ഞു. ആ ഇഷ്‌ടമാണ്‌ ശാരംഗപാണിയെ തിരക്കഥാ രചനയുടെ കസേരയിൽ ഇരിക്കാൻ അവസരം കൊടത്തത്‌. ഉമ്മ കേരളത്തിലുടനീളം 100 ദിവസം ഹൗസ്‌ഫുൾ ആയി പ്രദർശിപ്പിച്ചു. ഇന്ന്‌ 50 ദിവസം തികച്ചോടിയില്ലെങ്കിൽ പോലും മെഗാഹിറ്റ്‌ എന്നു പറയും. അങ്ങനെയാണെങ്കിൽ ശാരംഗപാണി തിരക്കഥ എഴുതിയ ഉമ്മയെ സൂപ്പർ മെഗാഹിറ്റ്‌ എന്ന്‌ വിളിക്കാമല്ലോ? എന്തായാലും അവിടുന്നങ്ങോട്ട്‌ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു ജാലവിദ്യക്കാരനെപ്പോലെ മുപ്പത്തിയൊൻപതോളം ചിത്രങ്ങൾക്ക്‌ ശാരംഗപാണി രചന നടത്തി. എല്ലാം ഹിറ്റിന്റെയും സൂപ്പർ ഹിറ്റിന്റെയും മെഗാഹിറ്റിന്റെയും ഒരു ജൈത്രയാത്ര അപ്പോഴും ആ ചിത്രങ്ങളുടെ കഥാകാരൻ ദാരിദ്രമനുഭവിച്ച്‌ ഉദയായുടെ സ്‌റ്റാഫ്‌ ആർട്ടിസ്‌റ്റായി ജോലി നോക്കേണ്ട ഗതികേടിലായിരുന്നു അതുകൊണ്ടു മാത്രമാണ്‌ ചികിത്സക്കുപോലും പണം തികയാതെ ദാരിദ്ര്യത്തിന്റെ പുതപ്പണിഞ്ഞ്‌ ജീവിതത്തിന്റെ അവസാനയാമംവരെ കഴിയേണ്ടിവന്നത്‌. സിനിമയ്‌ക്ക്‌ പ്രകാശമേകി ഒരു മെഴുകുതിരിപോലെ ഉരുകി തീരുകയായിരുന്നു ആ ജീവിതം.

അഭിമാനം സാമൂഹ്യജീവിതത്തിൽ ദുഃഖങ്ങൾ പോലെയും കോപവും നിരാശയും പോലെയും, സ്‌നേഹവും വെറുപ്പും പോലെയും സുപ്രധാന വികാരമായി കാണാനാണ്‌ ശാരംഗപാണി എന്നും ആഗ്രഹിച്ചിരുന്നത്‌. വിധി വിഹിതത്തിലും ജീവിതത്തിനുമിടയിലുള്ള നിസ്സഹായതയാണ്‌ മനുഷ്യന്റെ ഏറ്റവും വലിയ സങ്കടമെന്ന്‌ പ്രസിദ്ധ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഒരു കഥാപാത്രത്തിലൂടെ നമ്മളോടു പറഞ്ഞിട്ടുണ്ട്‌. ശാരംഗപാണിക്കുവേണ്ടി ഇതിലും നല്ലൊരു അടിക്കുറിപ്പെഴുതുക പ്രയാസം! അതുകൊണ്ട്‌ ആരുടെയും മുമ്പിൽ ഒന്നിനും യാചിക്കാതെ എല്ലാം തന്റെ സ്വകാര്യ ദുഃഖത്തിന്റെ തടവറയിൽ അടച്ചിടുകയായിരുന്നു ശാരംഗപാണിയെന്ന മനുഷ്യസ്‌നേഹി. പക്ഷേ ധീരതയുടെ കാര്യത്തിൽ മറ്റാരെക്കാളും മുമ്പിൽ നിൽക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്‌. ഒരിടത്തും അടിയറവ്‌ പറയാത്ത സ്വഭാവം. അഭിമാനത്തോടൊപ്പം ധീരത വ്യക്തിത്വത്തിന്റെ ഒരു ഭാഗമായി ശാരംഗപാണി കണ്ടു. അതുകൊണ്ടായിരിക്കാം ധീരന്മാരുടെ വീരകഥകൾ എഴുതാൻ ആ കലാകാരന്റെ തൂലികയ്‌ക്ക്‌ പ്രത്യേക കഴിവ്‌ കിട്ടിയത്‌.

ഇത്രയധികം മെഗാഹിറ്റുകളെഴുതി മലയാള സിനിമയ്‌ക്ക്‌ വസന്തകാലം വിരിയിച്ച ശാരംഗപാണി ഉദയായിൽ മാത്രം ഒതുങ്ങിനില്‌ക്കാതെ അന്നത്തെ പ്രസിദ്ധ സംവിധായകരായ കെ.എസ്‌. സേതുമാധവൻ, രാമുകാര്യാട്ട്‌, പി. ഭാസ്‌ക്കരൻ എന്നിവർക്കു വേണ്ടി തിരക്കഥാരചന നടത്തിയിരുന്നെങ്കിൽ ശാരംഗപാണി ഇന്ന്‌ അന്താരാഷ്‌ട്ര നിലവാരത്തിൽ ശ്രദ്ധിക്കപ്പെടുമായിരുന്നു. നിർഭാഗ്യം! തലയെടുപ്പുള്ള ഗുരുവായൂർ കേശവനെ പുറത്തേക്കിറക്കാതെ ഒരു മതിൽക്കെട്ടിനുള്ളിൽ തളച്ചിട്ട അനുഭവമായിരുന്നു ഉദയായിൽ ശാരംഗപാണിയുടേത്‌.

ഇന്ന്‌ പ്രശസ്‌ത സാഹിത്യകാരന്മാർ പോലും ഒരു വർഷമെടുത്തിട്ടാണ്‌ ഒരു ചിത്രത്തിന്റെ തിരക്കഥയ്‌ക്ക്‌ രൂപം നൽകുന്നത്‌ ശാരംഗപാണിയാകട്ടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതാൻ എടുക്കുന്ന കാലപരിധി ഒരുമാസം മാത്രം. ഏറ്റവും ഒടുവിലായി ഞാൻ അദ്ദേഹത്തെ കാണുമ്പോൾ 15 ദിവസംകൊണ്ട്‌ ഒരു തിരക്കഥ എഴുതേണ്ടി വന്ന സാഹചര്യം എന്നോടു പറഞ്ഞുഃ മറിയക്കുട്ടി കൊലപാതകം നടന്ന സമയം കോടതിയിലെ വിചാരണപോലും മലയാളമനോരമപോലുള്ള പത്രങ്ങൾ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു കേരളത്തെ ആകെ ഇളക്കിമറിച്ച ആ കേസ്‌ വളരെ സെൻസേഷണലായി അത്‌ പി.എ. തോമസ്‌ പടമാക്കാൻ പോകുന്നതായി കുഞ്ചാക്കോ എങ്ങനെയോ അറിഞ്ഞു. അവരുടെ സ്‌ക്രിപ്‌റ്റ്‌ വർക്ക്‌ തീർന്നു. ഷൂട്ടിംഗ്‌ തുടങ്ങിയാൽ മതി. പക്ഷേ കുഞ്ചാക്കോയ്‌ക്ക്‌ അതിനുമുൻപത്‌ പടമാക്കണം. എന്താണൊരു മാർഗ്ഗം? ശാരംഗപാണിയെ മുറിയിലേക്കു വിളിപ്പിച്ച്‌ കാര്യം പറഞ്ഞു. ഷൂട്ടിംഗിനുള്ള ഏർപ്പാട്‌ ചെയ്‌തുകൊള്ളാനാണ്‌ ശാരംഗപാണി കുഞ്ചാക്കോയോട്‌ പറഞ്ഞത്‌. ശാരംഗപാണി വാക്കുപാലിച്ചു. വെറും 15 ദിവസം കൊണ്ട്‌ മനോഹരമായൊരു തിരക്കഥ അങ്ങനെയാണ്‌ തോമസ്‌ പിക്‌ചേഴ്‌സിനുമുമ്പ്‌ “മാടത്തരുവിക്കൊലകേസ്‌” എന്ന പേരിൽ ഉദയാ ആ ചിത്രമിറക്കുന്നത്‌.

സാമൂഹ്യകഥകൾ മാത്രമല്ല ചരിത്രകഥകൾ എഴുതുന്നതിലും ശാരംഗപാണിക്കുള്ള കഴിവ്‌ അപാരമായിരുന്നു. ഏതെങ്കിലും ഇൻസ്‌റ്റിറ്റ്യൂട്ടിലോ ആരുടെയെങ്കിലും ശിഷ്യത്വം സ്വീകരിച്ചോ ആർജിച്ചതല്ല ഈ കഴിവ്‌. സർഗ്ഗ പ്രതിഭ ഒന്നുകൊണ്ടുമാത്രം നേടിയതാണ്‌. ഇന്ന്‌ കുറേ പടങ്ങൾ എഴുതിക്കഴിഞ്ഞാൽ ഭാവനയുടെ ഉറവപറ്റി രണ്ടാം ഭാഗത്തിന്റെയും റിമേക്കിന്റെയും പിറകേ പോവുകയാണ്‌ എഴുത്തുകാരിൽ പലരും വലിയ വിദ്യാഭ്യാസമെന്നുമില്ലാത്ത ശാരംഗപാണിക്ക്‌ ഈ ഭാവനാ ദാരിദ്ര്യം ഇല്ലായിരുന്നു. ഇവിടെയാണ്‌ അദ്ദേഹത്തിന്റെ രചനാവൈഭവത്തിന്റെ മാറ്റ്‌ നമ്മൾ ഉരച്ചുനോക്കേണ്ടത്‌. സംഭാഷണങ്ങളിൽ ശക്തിയും പ്രത്യേകതയർഹിക്കുന്നു. ചാട്ടുളിപോലെ അരിങ്ങോടരെ അരിഞ്ഞു വീഴ്‌ത്തുന്നതും, പരിഹാസത്തിന്റെ പൂത്തിരിയുമായി എതിരാളികളെ ഭസ്‌മീകരിക്കുന്നതും, പ്രേമസല്ലാപങ്ങളിൽ മുംതാസിനെയും ഷാജഹാനെയും തോൽപ്പിക്കും വിധത്തിലുള്ള സംഭാഷണങ്ങൾ ഉതിർന്നു വീഴുമ്പോൾ അന്നൊക്കെ ഓരോ മിനിട്ടിലും പ്രേക്ഷകലക്ഷങ്ങൾ കരഘോഷം മുഴക്കിയിരുന്നു. ഒരർത്ഥത്തിൽ ഈ ജനകീയ അംഗീകാരമല്ലായിരുന്നോ ഇന്നത്തെ പുരസ്‌ക്കാരങ്ങളെക്കാൾ വലുത്‌?.

അമ്പലമുറ്റത്തെ വേദികളിൽ നിന്ന്‌ ’ബാലെ‘ എന്ന കലാരൂപത്തെ സിനിമാറ്റിക്‌ സ്‌റ്റൈയിലിലാക്കി ജനഹൃദയങ്ങളിൽ പ്രതിഷ്‌ഠിച്ച അംഗീകാരം ശാരംഗപാണിക്ക്‌ മാത്രമുള്ളതാണ്‌. സ്വന്തം അമ്മയിൽ നിന്ന്‌ കേട്ട്‌ പഠിച്ച വടക്കൻ പാട്ടുകൾ, പിന്നീട്‌ വടക്കൻ വീരഗാഥകൾ രചിക്കാൻ തന്നെ സഹായിച്ചിട്ടുണ്ടെന്ന്‌ ശാരംഗപാണി പലസ്‌ഥലത്തും പറഞ്ഞിട്ടുണ്ട്‌. അമ്മയുടെ ആ പിൻബലവും അനുഗ്രഹവുമാകാം പാലാട്ടുകോമൻ, ആരോമൽച്ചേകവർ; ഉണ്ണിയാർച്ച, പാലാട്ട്‌ കുഞ്ഞിക്കണ്ണൻ, തുമ്പോലാർച്ച, ആരോമലുണ്ണി, കണ്ണപ്പനുണ്ണി തുടങ്ങിയ കഥകളെഴുതി മെഗാഹിറ്റുകളാക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന്‌ ലഭിച്ചത്‌.

ഇത്രയും ഭാവനാസമ്പന്നനായ ശാരംഗപാണിയുടെ ഇന്നലകളെക്കുറിച്ചോർക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ നേർത്ത ഒരു നൊമ്പരം നിമിഷനേരത്തേക്കെങ്കിലും ഉണ്ടായില്ലെങ്കിൽ നമുക്കൊക്കെ മനസ്സാക്ഷിയുണ്ടോ എന്നൊരു ആത്മപരിശോധന സ്വയം നടത്തേണ്ടത്‌ അനിവാര്യം. ’ബല്ലാത്ത ദുനിയാവ്‌‘ എന്ന അദ്ദേഹത്തിന്റെ ശ്രദ്ധയമായ നാടകം ഓർമ്മപ്പെടുത്തുന്നതു പോലെ ബല്ലാത്ത ഈ ദുനിയാവിൽ കിടന്ന്‌ ജീവിതത്തിന്റെ കയ്‌പ്പുനീർ മുഴുവൻ കുടിച്ചുകൊണ്ടാണ്‌ മഹാനായ ആ കലാകാരൻ നമ്മളോടു യാത്ര പറഞ്ഞത്‌.

ആർക്ക്‌ പരിഭവം തോന്നിയാലും ഇല്ലെങ്കിലും ഒരു കാര്യം ഈ ലേഖകന്‌ പറയാതെ വയ്യ മലയാളസിനിമാ രംഗത്ത്‌ പരിചയമുള്ള പലരും അദ്ദേഹത്തിന്റെ വീടിനുമുമ്പിൽ കൂടി പഞ്ചനക്ഷത്ര ഹോട്ടലിലേക്കു പോകുമ്പോൾ ശാരംഗപാണിയെ ഒരു വട്ടം കൂടി കാണുവാനോ ഒന്നു സാന്ത്വനപ്പെടുത്തുവാനോ ശ്രമിച്ചിട്ടില്ലെന്നുള്ളതാണ്‌ ഒരു ദുഃഖസത്യം. അവരുടെ അഹന്തയുടെയും തൻ പ്രമാണിത്വത്തിന്റെയും പേരിൽ ശാരംഗപാണിയുടെ ശാപം നിറഞ്ഞ നിഴൽ മലയാള സിനിമാ പ്രവർത്തകരുടെ പുറത്ത്‌ വീഴാതിരിക്കട്ടെ. ആ കലാകാരന്റെ അന്ത്യയാത്രയ്‌ക്ക്‌ സാക്ഷിയാവാൻ ചലച്ചിത്രരംഗത്തെ പ്രശസ്‌തരായ ആരെങ്കിലുമുണ്ടായിരുന്നോ? കഴിഞ്ഞകാല ഓർമ്മകൾ പെറുക്കിയെടുത്ത്‌ സ്‌നേഹത്തിന്റെ മുഖങ്ങൾ’ എന്ന ആത്മകഥാ രചനയുടെ പണിപ്പുരയിലായിരുന്നു ശാരംഗപാണിയുടെ അവസാന ദിനങ്ങൾ.

എല്ലാവരെയും സ്‌നേഹിച്ച്‌….. സ്‌നേഹിച്ച്‌ കൊതിതീരാത്ത ശാരംഗപാണി നിറസുഗന്ധമുള്ള ധാരാളം കഥകൾ നെഞ്ചിനകത്ത്‌ ബാക്കിവച്ചുകൊണ്ടായിരിക്കാം 86-​‍ാം വയസ്സിൽ നമ്മളിൽ നിന്നും വിടവാങ്ങിയത്‌. ഒരു കാര്യം തീർച്ച. പ്രിയങ്കരനായ ശാരംഗപാണിയുടെ ചിതയിൽ നിന്നുയർന്ന അഗ്നിനാളങ്ങൾക്ക്‌ കഥയുടെ നറുമണവും വടക്കൻപാട്ടിന്റെ ഈണവും താളവും ഉണ്ടായിരുന്നു എന്നു പറയുന്നതിൽ എന്താണ്‌ തെറ്റ്‌.

ഇത്രയും നാൾകൊണ്ട്‌ എത്രയോ മെഗാഹിറ്റ്‌ സിനിമകൾ നമുക്ക്‌ സമ്മാനിച്ച ശാരംഗപാണിയുടെ ചിതയ്‌ക്ക്‌ പ്രിയപുത്രൻ തീ കൊളുത്തുമ്പോൾ സംസ്‌ഥാന സർക്കാരിനുവേണ്ടി ആചാരവെടികൾ മുഴങ്ങാതിരുന്നത്‌ അദ്ദേഹത്തോടുള്ള തികഞ്ഞ അനാദരവല്ലാതെ മറ്റെന്താണ്‌? ഇത്രയും വലിയൊരു കലാകാരന്റെ അന്ത്യയാത്രയ്‌ക്ക്‌ സാക്ഷിയാവാൻ സ്‌ഥലം ജില്ലാ കളക്‌ടറെ അയച്ച്‌ തൃപ്‌തിപ്പെട്ടത്‌ സാംസ്‌കാരിക വകുപ്പിനുപറ്റിയ തെറ്റോ കുറ്റമോ? എന്തു തന്നെയായാലും വയലാർ പാടിയതുപോലെ സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ.

കടപ്പാട്‌ – ബിലാത്തി മലയാളി.

Generated from archived content: cinema1_mar26_11.html Author: kk_ponnappan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here