തിരപോലെ വാക്കുകൾ
തലതല്ലിയാർക്കവേ
പാവം കവിയിവൻ
പേടിച്ച് മാറുന്നു.
മഴപോൽ പരിഹാസം
മനസിൽ പതിക്കവേ
വെയിൽ വരുമെന്നേ
നിനച്ചു നിൽക്കുന്നു.
ഇരുട്ടിൽ ഒരുവഴി
കാണാതലയവേ
മലകൾ പിളർന്നൊരു
കവിത ജനിക്കുന്നു.
പുഞ്ചിരിക്കിളിമൊഴി
പ്രണയം പഠിപ്പിച്ച്
പാതിവഴിക്കവൾ
വിട്ടുപിരിയുന്നു.
കൂടപ്പിറപ്പുകൾ
കൂവിത്തിമിർക്കുന്നു
കരളിന്റെയുളളിൽ
ഒരു തുടി കേൾക്കുന്നു.
വാക്കുകൾക്കന്നം നൽകിയോ-
രച്ഛൻ വഴിയറിയാതെ
മുന്നോട്ടു നോക്കവേ
ഒരു മിന്നലാകുന്നു.
അളക്കുവാനാവാത്ത
ജീവിതം നോക്കി
കവിയിവൻ നിൽക്കെ
കേൾക്കുന്നു പോർവിളി
പകുക്കാൻ ജയിക്കാൻ
അരങ്ങത്തു നിൽക്കവേ
ഒരുതിര പിന്നെയും
കാലടി മാന്തുന്നു.
ചുവടൊന്നുറപ്പിച്ച്
ആഞ്ഞു കുതിക്കവേ
മെല്ലെയെൻ ഭൂമി
താഴോട്ട് പോവുന്നു.
Generated from archived content: chuvadu.html Author: kk_parameswaran
Click this button or press Ctrl+G to toggle between Malayalam and English