ലേലം

ഗാന്ധിജയന്തിയുടെ തലേന്നാണ് ആ നോട്ടീസ് ഗോപാലന്‍ മാഷുടെ ശ്രദ്ധയില്‍ പെടുന്നത്. ഏതോ ഒരു കൂട്ടര്‍ ഗാന്ധിജിയുടെ വടിയും കണ്ണടയും ലേലം ചെയ്യുന്ന വിവരമായിരുന്നു നോട്ടീസിലെ ഉള്ളടക്കം. വരുന്ന ഗാന്ധിജയന്തി ദിനത്തില്‍ നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ വച്ചാണ് ലേലം. താല്‍പ്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം മഹാത്മജിയുടെ കണ്ണടയും വടിയും സ്വന്തമാക്കാനുള്ള സുവര്‍ണാവസരം പാഴാക്കരുതെന്ന ഉപദേശത്തോടെയാണ് നോട്ടീസ് അവസാനിക്കുന്നത്.

നോട്ടിസ് വായിച്ച് ഗോപാലന്‍ മാഷ് ആകെ ഒന്നു വിയര്‍ത്തു. നാഗമാണിക്യം, വെള്ളി മൂങ്ങ, സ്വര്‍ണ്ണച്ചേന തുടങ്ങിയ തട്ടിപ്പുവാര്‍ത്തകള്‍ മാഷുടെ മനസിലൂടെ മിന്നിമറഞ്ഞു. ഇപ്പോഴിതാ രാഷ്ട്രപിതാവിന്റെ ‍പേരിലും. ആരുടെയെങ്കിലും പഴയ കണ്ണടയും വടിയും കാണിച്ച് ആരാധകരുടെ കണ്ണില്‍ പൊടിയിടാനുള്ള പരിപാടിയാണെന്ന കാര്യത്തില്‍ മാഷ്ക്ക് സംശയമുണ്ടായില്ല.

ഗോപാലന്‍ മാഷ് അപ്പോള്‍ തന്നെ ശിഷ്യന്‍‍ കൂടിയായ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പക്ടറെ വിളിച്ച് കാര്യം പറഞ്ഞു. നോട്ടിസിലെ ഫോണ്‍ നമ്പറും നല്‍കി. കാര്യങ്ങള്‍ അന്വേഷിക്കാമെന്നും തട്ടിപ്പുകാരാണെങ്കില്‍ പിടിച്ച് അകത്തിട്ടേക്കാമെന്നും സി ഐ ഉറപ്പു നല്‍കി.

അതുകേട്ടപ്പോഴാണ് മാഷിനു സമാധാനമായത്. ഒരു ഗാന്ധിയനും കബളിക്കപ്പെടാന്‍ പാടില്ലെന്ന് മാഷിനു നിര്‍ബന്ധമുണ്ടായിരുന്നു.

ഗാന്ധിജയന്തി ദിനത്തില്‍ ഒരു പരിപാടിയില്‍ മാഷ് പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് സി ഐ യുടെ ഫോണ്‍ വരുന്നത്. സംശയിച്ചതു പോലെ സംഗതി തട്ടിപ്പാണെന്നും നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. പങ്കെടുത്തുകൊണ്ടിരുന്ന പരിപാടി കഴിഞ്ഞതും മാഷ് ഒരു ഓട്ടോ റിക്ഷ പിടിച്ച് നേരെ സ്റ്റേഷനിലേക്കു ചെന്നു. ആ ദേശ ദ്രോഹികളെ നേരില്‍ കണ്ട് നാലു വര്‍ത്തമാനം പറഞ്ഞിട്ടു തന്നെ കാര്യമെന്ന് മാഷ് മനസിലുറപ്പിച്ചു കഴിഞ്ഞിരുന്നു.

മാഷ് ചെല്ലുമ്പോള്‍ നാലു പേരെയും പോലീസുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ലേല വസ്തുക്കള്‍ ഗാന്ധിജി ഉപയോഗിച്ചതു തന്നെയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അവര്‍. മാഷ് ആ കണ്ണടയും വടിയും പരിശോധിച്ചു . അത്രയൊന്നും പഴക്കമില്ലാത്ത രണ്ടു വസ്തുക്കളും ഗാന്ധിജിയുടെതല്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ഏതു മന്ദബുദ്ധിക്കും ബോധ്യപ്പെടുന്നതാണ്.

‘’ അല്ല മാഷേ , ഇവര്‍ സകല ദൈവങ്ങളേയും പിടിച്ചു സത്യം ചെയ്തു കഴിഞ്ഞു. ഇതു രണ്ടും ഗാന്ധിജിയുടേതാണെന്ന് ഇവര്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇവന്മാരെ എന്താ ചെയ്യേണ്ടത്?’‘

സി. ഐ ചോദിച്ചു.

‘’ നിങ്ങള്‍ക്കു വിരോധമില്ലെങ്കില്‍ ഇവന്മാരോട് ഞാനൊന്നു സംസാരിച്ചോട്ടെ’‘- മാഷ് ചോദിച്ചു.

‘’ തീര്‍ച്ചയായും മാഷ് എന്താണെന്നുവെച്ചാല്‍ ചോദിച്ചോളൂ’‘

അദ്ദേഹം അനുവാദം നല്‍കി.

ഗോപാലന്‍ മാഷ് കണ്ണില്‍ കനലുമായി അവരുടെ മുന്നിലേക്കു ചെന്നു.

‘’ സത്യവും അഹിംസയും നെഞ്ചോടു ചേര്‍ത്തു പിടിച്ച ആ മഹാത്മാവിന്റെ പേരില്‍ തന്നെ വേണോ നിങ്ങള്‍ക്ക് ഇങ്ങെനെയൊരു തട്ടിപ്പ് നടത്താന്‍?’‘

അദ്ദേഹം തൊണ്ടയിടറിക്കൊണ്ടു ചോദിച്ചു.

‘’ ഞങ്ങള്‍ പറയുന്നത് സത്യമാണ് ഇതു രണ്ടും ഗാന്ധിജി ഉപയോഗിച്ചതു തന്നെ’‘

അവരില്‍ ഒരാള്‍ നെഞ്ചില്‍ കൈവച്ചു കൊണ്ടു പറഞ്ഞു.

‘’ നിങ്ങള്‍ക്ക് എവിടെ നിന്നു കിട്ടി ‘’അയാളെ ആഴത്തില്‍ ഒന്നു നോക്കിയശേഷം മാ‍ഷ് ചോദിച്ചു.

‘’ നഗരസഭക്കു മുന്നിലെ പഴയ ഗാന്ധി പ്രതിമയില്‍ നിന്നാണ് ഞങ്ങള്‍ക്കിതു ലഭിച്ചത് ‘’

അയാള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

ഗോപാലന്‍ മാഷ് അറിയാതെ ഒന്നും ചിരിച്ചു പോയി. അവിടെ നിന്നിരുന്ന പോലീസുകാര്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

‘’ ഇവന്മാരെ എന്തു ചെയ്യണം?’‘ പുറത്തിറങ്ങാന്‍ തുടങ്ങിയ മാഷിനോട് സി. ഐ ചോദിച്ചു.

‘’ നാലുപേര്‍ക്കും ഓരോ തൂമ്പയും ചൂലും കൊടുക്കുക. സ്റ്റേഷനും പരിസരവുമൊക്കെ ഒന്നു വൃത്തിയാകട്ടെ. പിന്നെ സമയമുണ്ടെങ്കില്‍ അടുത്തുള്ള ആശുപത്രിയും. വൈകുന്നേരം വിട്ടാല്‍ മതി’‘

സ്റ്റേഷന്റെ ഭിത്തിയില്‍ തൂങ്ങിക്കിടന്നിരുന്ന ഗാന്ധിജിയുടെ ഛായാ ചിത്രത്തിലൂടെ കണ്ണോടിച്ചുകൊണ്ട് ഗോപാലന്‍ മാഷ് അറിയിച്ചു. മഹാത്മാവിന്റെ മുഖത്തെ മന്ദഹാസം അപ്പോള്‍ മാഷുടെ മുഖത്തും പ്രതിഫലിച്ചു .

Generated from archived content: story2_nov6_13.html Author: kk_pallasana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here