ഒരു വ്യാഴവട്ടത്തിനുശേഷം ഞാനിതാ വീണ്ടം ഒരു വൻമതിലിനുമുന്നിൽ വന്നുപെട്ടിരിക്കുകയാണ്. അതേ, ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയരം കൂടിയ ഒരു ചുറ്റുമതിലായിരുന്നു അത്. അതും ഒരു ഗ്രാമത്തിൽ. കത്തിമുന കണക്കെ കട്ടികൂടിയ കുപ്പിച്ചില്ലുകൾ ഉടനീളം പാകിനിർത്തിയ ആ കരിങ്കൽ മതിലിൽ ചെന്നിടിച്ച്, പന്തീരാണ്ടുകാലത്തെ ആശ്രമജീവിതത്തിന്റെ ഫലമായി സാധ്യമായെന്നു കരുതിയിരുന്ന സകല നിയന്ത്രണങ്ങളും പൊട്ടിത്തകരുകയായിരുന്നു. ഈശ്വരാ, ഇതിനായിരുന്നോ ഇത്രയും കാലത്തിനുശേഷം എന്നെയിവിടെ എത്തിച്ചത്? ഇതിനായിരുന്നോ ആ മഹാഗുരു എന്നെ ആശീർവദിച്ചയച്ചത്?ഇറങ്ങാൻ നേരം അദ്ദേഹം ഉരുവിട്ട വാക്കുകൾ ഞാനിപ്പോഴും ഓർക്കുന്നു.
“ മകനേ, നിനക്ക് ചെയ്‌തുതീർക്കാൻ എന്തോ ഒന്ന് ബാക്കിയുള്ളതായി എന്റെ മനസ്സു മന്ത്രിക്കുന്നു. പോകൂ, അതെന്താണെന്ന് കണ്ടെത്തി നിർവ്വഹിച്ചു വരൂ.” അദ്ദേഹം പറയുകയുണ്ടായി.
ഇങ്ങനെയൊരു മതിൽ ആ മഹാത്മാവും കണ്ടില്ലെന്നു വരുമോ? അതോ, ഈ വൻമതിലായിരിക്കുമോ അദ്ദേഹം മനസ്സിൽ കണ്ടിട്ടുണ്ടാവുക? എന്തുമാകട്ടെ, എനിക്കിനി ഈ മതിലിനെ കണ്ടില്ലെന്നു നടിച്ച് യാത്രതുടരാനാവില്ല, തീർച്ച.
ഞാനോർക്കുന്നു, ഇത്രയും ഉയരമില്ലെങ്കിലും ഇതുപോലൊരു മതിലായിരുന്നുവല്ലോ എന്നെ ഒരു മോഷ്‌ടാവാക്കിയത്. ഒന്നോർത്താൽ മതിലുകളാണ് ഒരാളെ മോഷ്‌ടാവാക്കുന്നത്.
മതിലുകൾ ഒരിക്കലും എന്നെ അടങ്ങിയിരിക്കാൻ അനുവദിച്ചിട്ടില്ല. കൂറ്റൻ ചുറ്റുമതിലുകൾക്കുള്ളിൽ എല്ലാം ഭദ്രമാണെന്ന് അഹങ്കരിച്ചവരുടെ ഉറക്കം കെടുത്തിക്കൊണ്ട് ഞാൻ അപഹരണം ആട്ടക്കഥകൾ ആടിത്തിമർത്തു. ആയിരം കൈകൾ നീട്ടി മതിലുകൾ എന്നെ മാടിവിളിച്ചുകൊണ്ടേയിരിന്നു. ഇവിടെ ഇന്നിന്നതെല്ലാം ഉണ്ടെന്ന് അവ എന്റെ ചെവിയിൽ മന്ത്രിച്ചു. അതേ, മതിലുകൾ വീടുകളെ ഒറ്റുകൊടുക്കുന്നവരാണ്. മതിലുകളുടെ മധുരമായ പ്രതികാരം!
എന്നിട്ടും വിജയകരമായ ഒരു ഭവനഭേദനത്തിനുശേഷം എന്നെന്നേക്കുമായി മതിലുകളിൽ നിന്നും മുഖം തിരിച്ചതായിരുന്നു. ആശ്രമത്തിൽ അഭയംതേടിയതുതന്നെ വൻമതിലുകളുടെ വിളികൾ കേൾക്കാതിരിക്കാൻ വേണ്ടിയായിരുന്നുവല്ലോ. എന്നിട്ടും ഒടുവിൽ ഞാനിതാ ഒരു വൻമതിലിനു മുന്നിൽ……….
“ ഈ വീട് ആരുടേതാണ്?” – അതുവഴിവന്ന ഒരാളോട് ഞാൻ തിരക്കി.
അയാൾ എന്നെ ഒന്നു വിസ്‌തരിച്ചു നോക്കി. പേരും നാളുമൊന്നും എനിക്കറിയില്ല സ്വാമീ. ആൾക്കുരങ്ങുകണക്കെ അവലക്ഷണം പിടിച്ച ഒരു മനുഷ്യനെ ഞാനിവിടെ ഒന്നുരണ്ടുതവണ കണ്ടിട്ടുണ്ട്. സ്വാമി അവിടേയ്‌ക്കാണെങ്കിൽ സൂക്ഷിക്കണം. കരിമ്പുലികൾ കണക്കെ മൂന്നാലുനായ്‌ക്കളുണ്ടവിടെ. കഴിഞ്ഞമാസം സെൻസസ് ഡ്യൂട്ടിക്കായി ആ ഗേറ്റുതുറന്നുചെന്ന ഒരു ചെറുപ്പക്കാരൻ ഇപ്പോഴും ആസ്‌പത്രിയിലാണ്.
അത്രയും പറഞ്ഞ് അയാൾ കടന്നുപോയി. അതുതന്നെ എനിക്കുധാരാളമായിരുന്നു. അല്‌പനേരം കൂടി ആ മതിലിനുമുന്നിൽ നിന്നശേഷം ഞാൻ എന്റെ താല്‌ക്കാലിക വസതിയിലേയ്‌ക്കു ചെന്നു. കാഷായവസ്‌ത്രം അഴിച്ചുവെച്ച് ഞാൻ നീണ്ടു നിവർന്നു. കിടന്നു, പന്ത്രണ്ടുവർഷങ്ങൾക്കുമുമ്പുപേക്ഷിച്ച പകലുറക്കത്തിലേക്ക്.
ഇരുട്ടിനോടൊപ്പം കാറ്റും മഴയും കൈകോർത്തു പിടിച്ച ആ രാത്രിയിൽ ഞാൻ വീണ്ടും ആ മതിലിനുമുകളിലെത്തി. അദൃശ്യമായ ആയിരം ഹസ്‌തങ്ങളാൽ, ഒരമ്മ കുഞ്ഞിനെയെന്നോണം അതെന്നെ കോരിയെടുത്തുയർത്തി. പകലുകണ്ട അപരിചിതൻ സൂചിപ്പിച്ച ആ ‘കരിമ്പുലികൾ’ നാലും എന്നെ നോക്കി വാലാട്ടി നിന്നു. മതിലുകൾ മാത്രമല്ല, നായ്‌ക്കളും പ്രതികാരം ചെയ്‌തു തുടങ്ങിയിരിക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറയാൻ തോന്നിപ്പോയ ഒരു നിമിഷമായിരുന്നു അത്.
ഏതു വാതിലും തുറക്കാവുന്ന ഒരു താക്കോലുണ്ടായിരുന്നു പണ്ട് എന്റെ വിരൽതുമ്പിൽ. പന്ത്രണ്ടു വർഷങ്ങൾക്കുമുമ്പ് പുഴയിലെറിഞ്ഞുകളഞ്ഞ ആ താക്കോലിനെക്കുറിച്ചുള്ള ഓർമ്മകൾക്കുമുന്നിൽ നിൽക്കുകയായിരുന്ന എന്നെ അമ്പരിപ്പിച്ചുകൊണ്ട് ആ വാതിൽ തുറക്കപ്പെട്ടു.
ഇവിടെയിതാ വാതിലുകളും പ്രതികാരം ചെയ്യുകയാണ്.
വാതിൽ തുറന്നിട്ട സുന്ദരിയായ യുവതിയെ നോക്കി ഞാൻ മനസ്സിൽ മന്ത്രിച്ചു.
“അവസാനം നിങ്ങൾ വന്നു”. എന്നെ അടിമുടി അളന്നതിനുശേഷം അവൾ പറഞ്ഞു.
എന്തു പറയണമെന്നറിയാതെ മിഴിച്ചുനിൽക്കെ അവൾ ഒരു താക്കോൾകൂട്ടം എന്റെ മുന്നിൽ വെച്ചു.
“നീളം കുറഞ്ഞ പരന്നതാക്കോൽ പണപ്പെട്ടിയുടേതാണ്. നീണ്ട താക്കോൽ ആഭരണപ്പെട്ടിയുടേതും”. അവൾ വിശദമാക്കി.
“ഈ മൂന്നാമത്തേതോ?” – അല്പനേരത്തെ മൗനത്തിനൊടുവിൽ ഞാൻ ചോദിച്ചു.
അവൾ എന്നെ കൗതുകത്തോടെ ഒന്നു നോക്കി.
“ഇതുകൊണ്ട് നിങ്ങൾക്ക് കാര്യമായ പ്രയോജനമൊന്നും ഉണ്ടാവുകയില്ല മൂന്നാമതൊരെണ്ണത്തിനുവേണ്ടി ഒരെണ്ണം.” അവൾ നിർവികാരമായി പറഞ്ഞു.
“പ്രയോജനമൊന്നും ഉണ്ടാവില്ലെന്നു പറയുന്നത് വെറുതെ ഒരു കള്ളനോടും സന്യാസിയോടും കള്ളം പറയേണ്ടതെങ്ങനെയാണെന്ന് നിങ്ങളിനിയും പഠിച്ചിട്ടില്ല.”
“എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ ഇതു രണ്ടുമല്ലല്ലോ.”
“ എങ്കിൽ ഈ പാതിരാത്രിയിൽ ഇവിടെയിങ്ങനെ വന്നുകയറിയ ഞാൻ നിന്റെ ദൃഷ്‌ടിയിൽ ആരാണ്?”
ഒരു കൗതുകത്തിനുവേണ്ടി (അതേ, അതിനുവേണ്ടി മാത്രം) ഞാൻ ചോദിച്ചു.
“രക്ഷകൻ” – എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അവൾ മൊഴിഞ്ഞു.
“പന്തീരാണ്ടു കഴിഞ്ഞിട്ടായാലും നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു.”
“എനിക്കാന്നും മനസ്സിലാവുന്നില്ല.” ആശയക്കുഴപ്പത്തിലേയ്‌ക്കു മൂക്കുകുത്തിയ ഞാൻ പറഞ്ഞു.
“ഒരു വ്യാഴവട്ടക്കാലമായി ഞാനിവിടെ നിങ്ങളേയും പ്രതീക്ഷിച്ചിരിക്കുകയാണെന്നുമാത്രം മനസ്സിലാക്കുക.” അവൾ എന്റെ കരം ഗ്രഹിച്ചുകൊണ്ടറിയിച്ചു. പൊടുന്നനെ ഞാൻ ഗുരുവിന്റെ വാക്കുകൾ ഓർത്തു. എനിക്ക് എല്ലാം മനസ്സിലായി.
“വരൂ, നമുക്ക് പുറത്തുകടക്കാം. ” ഞാൻ തിടുക്കം കൂട്ടി.
“അപ്പോൾ ഈ താക്കോൽ ?”
അവൾ ഗൂഡമായ ഒരു മന്ദഹാസത്തോടെ ചോദിച്ചു.
“അതിവിടെത്തന്നെയിരിക്കട്ടെ. ഇനിയങ്ങോട്ടുള്ള യാത്രയിൽ നമുക്ക് ഒരു താക്കോലിന്റെയും ആവശ്യമില്ല.”
എന്റെ ചുമലിലേയ്‌ക്കു ചാഞ്ഞ് വിതുമ്പിതുടങ്ങിയ അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
താക്കോൽ കൂട്ടത്തെ മുറിയിലുപേക്ഷിച്ച് ഞങ്ങൾ പുറത്തിറങ്ങി.
കാറ്റും മഴയും നിലച്ചിരുന്നു. നിലാവിനെ മറച്ചിരുന്ന കാർമേഘങ്ങൾ പെയ്‌തൊഴിഞ്ഞിരിക്കുന്നു.
“എങ്ങോട്ട്?” – ഗെയ്‌റ്റ് കടന്നപ്പോൾ ഞാൻ പതിയെ ചോദിച്ചു.
“ആശ്രമത്തിലേക്ക്” അവൾ ഒരു നെടവീർപ്പോടെ അറിയിച്ചു. “അനുഗ്രഹം വാങ്ങണം പിന്നെ……..”
“പിന്നെ?”
“പിന്നെയെല്ലാം പിന്നെ” – അവൾ എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.
അവളെ അനുസരിക്കുക എന്നതിൽ കവിഞ്ഞ് എനിക്കൊന്നും ചെയ്യാനില്ലായിരുന്നു; ഒന്നും.
Generated from archived content: story1_jun1_09.html Author: kk_pallasana