എന്നെ ചൂണ്ടയിടാൻ പഠിപ്പിച്ചത് ചിദംബരൻ ചെട്ടിയാരുടെ പോർത്ത്യക്കാരൻ ചാത്തുമണിയാണ്. മുഴുത്ത വരാൽ മത്സ്യങ്ങളെ പാടത്തുകുളത്തിന്റെ ആഴങ്ങളിൽ നിന്നും അടുക്കളയിലെത്തിക്കണമെങ്കിൽ പരിശ്രമത്തോടൊപ്പം ഭാഗ്യവും കൂടി വേണം.
ആദ്യമൊക്കെ ജലോപരിതലത്തിൽ ചുണ്ടുപിളർത്തിയെത്തുന്ന ചെറുമത്സ്യങ്ങളെയായിരുന്നു ഞാൻ ഉന്നം വച്ചത്. അപൂർവ്വമായി മാത്രം ചൂണ്ടയിൽ കുടുങ്ങുന്ന വലിയ മത്സ്യങ്ങൾ എന്റെ പിടിയിൽ ഒതുങ്ങിയതുമില്ല. ചാത്തുമണിയെ പരിചയപ്പെട്ടതോടെയാണ് എല്ലാം മാറിമറിഞ്ഞത്. ഇത്തിരിപ്പോന്ന പരലുകളെയല്ല ആഴങ്ങൾ അടക്കിവാഴുന്ന വമ്പൻമാരെയാണ് ഉന്നം വെയ്‌ക്കേണ്ടതെന്ന ഉപദേശം പതുക്കെപ്പതുക്കെ തലയിൽ കയറ്റിവിട്ടത് ചാത്തുമണിയാണ്. അതിനുപറ്റിയ ചൂണ്ടച്ചരടും കൊളുത്തും സംഘടിപ്പിച്ചുതന്നതും അവൻ തന്നെയാണ്.
വറുത്തെടുത്ത തേങ്ങപ്പിണ്ണാക്കും പുറ്റുമണ്ണും വാരിവിതറി വരാൽമത്സ്യങ്ങളെ ആകർഷിച്ചു വരുത്തുന്ന സൂത്രപ്പണിയും അവൻ തന്നെയാണ് പറഞ്ഞുതന്നത്. അതുകൊണ്ടുതന്നെ ആദ്യമായി ചൂണ്ടയിൽ കുടുങ്ങിയ തുടവണ്ണമുളള ചൊടിയനെ ചാത്തുമണിക്ക് ഗുരുദക്ഷിണയായി നൽകാൻ രണ്ടുവട്ടം ആലോചിച്ചില്ല. അന്നെനിക്ക് പതിമൂന്നു വയസ്സായിരുന്നു പ്രായം.
ചിദംബരൻ ചെട്ടിയാരുടെ പോർത്ത്യപ്പണി ഉപേക്ഷിച്ച് സ്വന്തമായി എരുമകളെ വാങ്ങി പരിപാലിക്കാൻ തുടങ്ങിയതോടെയാണ് ചാത്തുമണിയുമായി കൂടുതൽ അടുത്തത്. അപ്പോഴേക്കും ഞാനൊരു നല്ല ചൂണ്ടക്കാരനായിക്കഴിഞ്ഞിരുന്നു.
ഒരു ഞായറാഴ്‌ച പാടത്തുകുളത്തിൽ മുങ്ങിക്കുളിക്കാനെത്തിയ ചിദംബരൻ ചെട്ടിയാരുടെ മകൾ പദ്‌മാവതിക്ക് അന്ന് ചൂണ്ടയിൽ കുടുങ്ങിയ മുഴുത്ത മൂന്ന് വരാൽമത്സ്യങ്ങളെ നൽകി സൗഹൃദം തുടങ്ങിവെയ്‌ക്കാൻ പ്രേരിപ്പിച്ചതിനു പിന്നിലും ചാത്തുമണിയുടെ ദീർഘവീക്ഷണമായിരുന്നു. പിന്നീട് ആറേഴു കൊല്ലക്കാലം ചൂണ്ടയിട്ടതത്രയും പദ്‌മാവതിക്കുവേണ്ടിയായിരുന്നു.
ചൂണ്ടയുടെ പരിമിതി ബോധ്യപ്പെട്ടു തുടങ്ങിയത് പദ്‌മാവതിയുടെ വരവോടെയാണ്. അവൾ പാടത്തുകുളത്തിലെ കുളി പതിവാക്കിയതോടെ ചൂണ്ടയിൽ കുടുങ്ങാൻ ചൊടിയൻമാർ തികയാതെ വന്നു. അങ്ങനെയാണ് ഞാൻ തോട്ടയിലേക്ക് തിരിഞ്ഞത്.
തോട്ടകൾ പൊട്ടിത്തുടങ്ങിയതോടെയാണ് രാധാമണിയും മറ്റും എന്റെ ഇടപാടുകാരായി തീർന്നത്. പദ്‌മാവതിയെക്കാൾ പ്രതിഫലം നൽകാനും അവർക്കു പ്രാപ്‌തിയുണ്ടായിരുന്നു.
ഇതിനിടയിൽ എപ്പോഴോ നഞ്ചുകലക്കുന്ന ഏർപ്പാടും ഞാൻ തുടങ്ങിവച്ചു. പുഴയിലെ പാറക്കെട്ടുകൾക്കിടയിൽ അജ്ഞാതവാസത്തിലായിരുന്ന ആരൽമത്സ്യങ്ങളെ പുറത്തുചാടിക്കാൻ തോട്ടയും പോരാതെ വന്നപ്പോഴായിരുന്നു അത്. ചാത്തുമണി എതിർത്തിട്ടും ഞാൻ അതിൽനിന്നും പിന്തിരിഞ്ഞില്ല. ചീർത്ത ആരൽമത്സ്യങ്ങളുടെ രുചിയറിഞ്ഞ രാധാമണിമാർ കൈമെയ് മറന്ന് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.
നഞ്ചുകലക്കിയ വെളളം കുടിച്ച് ചാത്തുമണിയുടെ എരുമകളിലൊന്ന് ചത്തപ്പോഴും ഞാൻ പിന്തിരിഞ്ഞില്ല. അപ്പോഴേക്കും ചൂണ്ടച്ചരടിന്റെ പഴയ കടപ്പാടുകൾ പൊട്ടിപോകാവുന്നവിധം ദുർബലപ്പെട്ടു കഴിഞ്ഞിരുന്നു. ചൂണ്ടയിൽ കുടുങ്ങുന്ന നീർക്കോലികളെ ഒഴിവാക്കേണ്ടതെങ്ങനെയെന്ന് പണ്ട് ചാത്തുമണി പഠിപ്പിച്ച പാഠം ഞാൻ മറന്നിരുന്നുമില്ല. ചാത്തുമണിയെ വീശിയെറിഞ്ഞ് ഞാൻ നഞ്ചിനു വീര്യം കൂട്ടി.
മീനത്തിലത്യുച്ചനായ ശുക്രന്റെ ദശാകാലം അവസാനിച്ചതും തുലാസൂര്യന്റെ ആറാണ്ടുകാലം ആരംഭിച്ചതും അറിയാൻ വൈകിപ്പോയി. ഒരു നട്ടുച്ചനേരത്ത് കൈയിൽ വെച്ചുതന്നെ പൊട്ടാനിടയായ തോട്ട വലതുകൈപ്പത്തിയും ഇടതുകണ്ണും കൊണ്ടുപോയി.
പാടത്തുകുളത്തിൽ ഇന്ന് വരാൽമത്സ്യങ്ങളില്ല. പുല്ലുമൂടി കിടക്കുന്ന പുഴയിൽ ആരൽ മത്സ്യങ്ങളുമില്ല. പദ്‌മാവതിയുടെ പശുക്കളെ പരിപാലിച്ചുകൊണ്ട് ഞാനിന്ന് പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. അക്കരപ്പച്ച കണ്ട് ഭ്രമിക്കാതിരിക്കാനും ഇന്നലെകളിലേക്കു തിരിഞ്ഞുനോക്കാതിരിക്കാനും ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു. എങ്കിലും പുഴയോരത്തെ പുൽത്തിട്ടകളിലിരുന്ന് ചൂണ്ടയിടുന്ന കുട്ടികൾക്കിടയിലൂടെ കടന്നുപോകുമ്പോൾ ഞാനറിയാതെ നിന്നുപോകാറുണ്ട്. തൊണ്ടയിൽ തുളച്ചുകയറിയ ചൂണ്ടക്കൊളുത്തുമായി വായുവിലുയർന്നു പിടയുന്ന പരൽമീനുകളുടെ പിടച്ചിൽ ഇടനെഞ്ചിലേറ്റു വാങ്ങി പിന്തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്നുയരുന്ന പൊട്ടിച്ചിരികൾക്ക് ചെവി കൊടുക്കാറില്ല.
Generated from archived content: story1_july19_06.html Author: kk_pallasana