വൃദ്ധൻ ഉച്ചമയക്കത്തിനുശേഷം ഉമ്മറക്കോലായിലിരുന്ന് മുറുക്കാനൊരുങ്ങുമ്പോഴാണ് അവർ വന്നത്. കൂടെ ചെറുമകനും ഉണ്ടായിരുന്നു.
“ഒരഞ്ഞൂറുറുപ്പിക, എന്താ?”
അവർ വൃദ്ധന്റെ സമീപം ചെന്ന് അല്‌പം ഉച്ചത്തിൽ പറഞ്ഞു.
“അറുന്നൂറുറുപ്പിക തരിൻ” – മറുപടി പറഞ്ഞത് അകത്തുനിന്നും ഇറങ്ങിവന്ന മകനാണ്.
“അങ്ങ്‌ടും ഇങ്ങ്‌ടും വേണ്ട, ഒരഞ്ഞൂറ്റമ്പത്.”
“ഓ, ശെരി.”
സമ്മതം മൂളിയതും പണം കൈപ്പറ്റിയതും മകൻതന്നെ.
വൃദ്ധന് അപ്പോഴും ഒന്നും മനസ്സിലായില്ല. മകൻ കൈപ്പറ്റിയ അഞ്ഞൂറ്റമ്പതിൽനിന്നും അമ്പതുരൂപ വൃദ്ധന്റെ കൈയിൽ പിടിപ്പിച്ചു.
“വെച്ചോളിൻ, വിഷ്വോല്ലെ വരണത്.”
വൃദ്ധൻ കൈയിൽ വന്ന അമ്പതുരൂപ നോട്ടിനെ തിരിച്ചും മറിച്ചും നോക്കി അന്തംവിട്ടിരുന്നു.
“ഇത്രേം കാലം കണ്ടോരൊക്കെ പറിച്ചോണ്ടുപോയില്ലേ. ഇനി കാശുകൊടുത്തു വാങ്ങട്ടെ.” – മകൻ ആരോടെന്നില്ലാതെ പറഞ്ഞു.
“നീ എന്താ കുട്ട്യേ പറേണത്? വരിക്കപ്ലാവിലെ ചക്ക കച്ചോടക്കാർക്ക് വിറ്റോ?”
വൃദ്ധൻ വിറച്ചുവിറച്ച് ചോദിച്ചു.
“ചക്കയല്ല മുത്തച്ഛാ, വേലിയോരത്തെ കണിക്കൊന്നേലെ പൂക്കളാണ് വിറ്റത്.”
ചെറുമകൻ അടുത്തുചെന്നു പറഞ്ഞു. വൃദ്ധൻ അന്തംവിട്ട് മകനെയും ചെറുമകനെയും മാറിമാറി നോക്കി.
“നീ എന്താ പറേണത് കുട്ട്യേ, കണിക്കൊന്നേലെ….?”
“ആ, അതന്നെ.”
മറുപടി പറഞ്ഞത് മകനായിരുന്നു.
“വേണ്ടീർന്നില്ല കുട്ട്യേ. ചുറ്റോുട്ടത്തൊളേളാരൊക്കെ പൂവിനു വരുമ്പഴ് എന്താ പറയ്യാ?”
“ബസാറുകാർക്ക് വിറ്റൂന്ന് പറയ്യ, അത്രന്നെ. ഇത്രേം കാലം ഓസിനു കൊണ്ടോയതൊക്കെ മതി.”
“കൊന്നപ്പൂ വേണ്ടവരൊക്കെ ഇനി ബിഗ്‌ബസാറിലേയ്‌ക്കു ചെല്ലട്ടെ മുത്തച്ഛാ?” – ചെറുമകൻ കൂട്ടിച്ചേർത്തു.
അവന്റെ നോട്ടം വൃദ്ധന്റെ കൈയിലിരിക്കുന്ന നോട്ടിലായിരുന്നു.
വൃദ്ധൻ കൈയിലിരുന്ന അമ്പതുരൂപ ചെറുമകന്റെ നേർക്കു നീട്ടി.
“നീ വെച്ചൊ, എനിക്കെന്തിനാ കാശ്.”
അവൻ രണ്ടുകൈയും നീട്ടി അതുവാങ്ങിച്ചു.
വേലിച്ചുവട്ടിൽ പൂത്തുലഞ്ഞുനിൽക്കുന്ന കണിക്കൊന്നയിലേയ്‌ക്കു നോക്കിയിരുന്ന വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു.
“എന്നാലും…”
Generated from archived content: story1_jan20_09.html Author: kk_pallasana