ശനിയാഴ്ചകളുടെ അവകാശികള്‍

എല്ലാ ശനിയാഴ്ചകളിലും മുടങ്ങാതെ വീട്ടുമുറ്റത്തെത്തുന്ന മൂന്നുപേരുണ്ട്.

ഒന്നാമത്തേത് ഒരു കാക്കയാണ്. ഒരു മുടന്തന്‍ കാക്ക. ശനിയാഴ്ചകളില്‍ ഉണ്ണിയെ ഉണര്‍ത്തുന്നതു തന്നെ ഈ ‘ ശനിയന്‍ കാക്ക’ യാണെന്നു പറയാം. എള്ളും തൈരും ചേര്‍ത്ത ഒരുരുള ഉണക്കലരി ചോറ് വാഴയിലച്ചീന്തിലാക്കി ഏഴുമണിക്കു മുമ്പായി മുടന്തന്‍ കാക്കയ്ക്കു നല്‍കും. ചേച്ചിയുടെ ശനി ദോഷം തീരാനാണു പോലും ഈ ഏര്‍പ്പാട്. എച്ചില്‍ ക്കുഴിക്കു സമീപം ചേച്ചി കൊണ്ടു വയ്ക്കുന്ന ഉരുള ചോറ് മുടന്തന്‍ കാക്ക ശനിയാഴ്ചകളിലെ അവകാശമാക്കി മാറ്റിയിരിക്കുകയാണ്.

ശനിയാഴ്ചകളില്‍ വെട്ടം വീഴുന്നതിനു മുമ്പു തന്നെ മുടന്തന്‍ കാക്ക അടുക്കള മുറ്റത്തെ മുരിങ്ങ മരകൊമ്പിലിരുന്ന് ‘ അവകാശക്കരച്ചില്‍’ തുടങ്ങും. ഉരുളച്ചോറ് കിട്ടുന്നതു വരെ കരച്ചിലോട് കരച്ചില്‍ ആയിരിക്കും. മറ്റു ദിവസങ്ങളില്‍ അവകാശ കരച്ചിലിനൊന്നും നില്‍ക്കാതെ എച്ചില്‍ക്കുഴിയില്‍ നിന്നും കിട്ടുന്നതെന്താണെന്നു വച്ചാല്‍ കൊത്തിവിഴുങ്ങിയിട്ടു പോകും.

മുടന്തന്‍ കാക്കയുടെ ഇടപാടുതീരുമ്പോഴായിരിക്കും പിച്ചാണ്ടിയുടെ വരവ്. മുഷിഞ്ഞ വേഷത്തില്‍ തോളത്തൊരു മാറാപ്പും ഭസ്മത്താലവുമായി മുറ്റത്തെത്തുന്ന കിഴവന്‍ പിച്ചാണ്ടിക്ക് ഒരു രൂപയും ഒരു പിടി അരിയുമാണ് പതിവ്. നാണയത്തുട്ടുമായി ചെല്ലുന്ന ഉണ്ണിക്ക് പിച്ചാണ്ടി ഒരു നുള്ള് ഭസ്മം നല്‍കും.

പത്തുമണിയോടെയാണ് മൂന്നാമന്റെ വരവ്. അണ്ണാച്ചിയെന്ന് എല്ലാവരും വിളിക്കുന്ന പാണ്ടിദുര. പഴഞ്ചന്‍ മോട്ടോര്‍ ബൈക്കില്‍ നേരെ മുറ്റത്തു വന്നിറങ്ങും. തമിഴന്‍ പാണ്ടിദുരക്ക് ‘ ആഴ്ച്ചപ്പണം’ അമ്പത്തഞ്ചു രൂപ നല്‍കണം. അമ്പതു രൂപ മുതലും അഞ്ചു രൂപ പലിശയും. പണം കൈപ്പറ്റിക്കഴിയുമ്പോള്‍ പാണ്ടിദുര ബാഗില്‍ നിന്നും ഒരു മിഠായിയെടുത്ത് ഉണ്ണിക്കു നേരെ നീട്ടും. ദോഷം പറയരുതല്ലോ; അച്ഛന്‍ ആഴ്ചപണം മുടക്കിയാലും പാണ്ടിദുര മിഠായി മുടക്കാറില്ല.

പാണ്ടിദുര കടന്നു വരാത്ത ശനിയാഴ്ചകളെക്കുറിച്ച് അച്ഛനും പിച്ചാണ്ടിയെ കാണാനിട വരാത്ത ശനിയാഴ്ചകളെക്കുറിച്ച് അമ്മയും മുടന്തന്‍ കാക്കയെ മറക്കാന്‍ കഴിയുന്ന ശനിയാഴ്ചകളെക്കുറിച്ച് ചേച്ചിയും സ്വപ്നം കാണുന്നു.

പക്ഷെ, ഉണ്ണീക്ക് ശനിയാഴ്ച്ചകളെന്നാല്‍ ഇവരൊക്കെയാണ്. മുടന്തന്‍ കാക്കയും, പിച്ചാണ്ടിയും, പാണ്ടിദുരെയുമില്ലാത്ത ഒരു ശനിയാഴ്ചയെക്കുറിച്ച് അവന് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല.

ചേച്ചിയുടെ ശനിദോഷത്തിന്റെ കാലാവധി അടുത്ത വൃശ്ചികംവരെയാണു പോലും. അതോടെ മുടന്തന്‍ കാക്കയുടെ ഉരുളച്ചോറിനും അറുതി വരും. അല്ലെങ്കിലും ഇഷ്ടമുണ്ടായിട്ടൊന്നുമല്ലല്ലോ ഈ ഇടപാട്.

പിച്ചാണ്ടിയുടെ കാര്യവും പരുങ്ങലിലാണ്. കിഴവന് പഴയപോലെ നടക്കാനൊന്നും വയ്യ. കൂടിയാല്‍ ഒരു കൊല്ലം. പക്ഷെ , പാണ്ടിദുര അതൊരു തുടര്‍ക്കഥയാവാനാണ് സാധ്യത. കഴിഞ്ഞ ശനിയാഴ്ച പാണ്ടിദുര മകന്‍ ചിന്നദുരയെ കൂടെ കൊണ്ടുവന്ന് വീട്ടിലുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയുണ്ടായി. ‘ എനക്കപ്പറം ഇവന്താന്‍’ എന്നാണ് പാണ്ടിദുര അഭിമാനത്തോടെ വിളംബരം ചെയ്തത്. പാണ്ടിദുര അവസാനിക്കുന്നിടത്ത് ചിന്നദുര ആരംഭിക്കുമെന്ന് ചുരുക്കം.

അതെന്തായാലും ഉണ്ണിയുടെ ശനിയാഴ്ചകള്‍ ഇപ്പോള്‍ ഒട്ടും വിരസമല്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

Generated from archived content: story1_jan16_12.html Author: kk_pallasana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English