കറുപ്പേട്ടൻ

ഞാൻ കൃഷ്‌ണൻകുട്ടി. നാലാം ക്ലാസ്സിൽ പഠിക്കുന്നു. സ്‌കൂളിലെ കൈയെഴുത്തുമാസികയായ ‘പമ്പര’ത്തിലേക്ക്‌ ഒരു കഥയെഴുതിക്കൊണ്ടു ചെല്ലണമെന്ന്‌ കണ്ണൻമാഷ്‌ പറഞ്ഞിരിക്കുകയാണ്‌. പക്ഷേ, എന്താണെഴുതേണ്ടതെന്ന്‌ ഒരു പിടിയും കിട്ടുന്നില്ലല്ലോ.

അച്‌ഛനോടു ചോദിച്ചപ്പോൾ പറയുന്നത്‌, കുട്ടികൾ എന്തെഴുതിയാലും കഥയാകുമെന്നാണ്‌. എന്തെഴുതണമെന്നുളള എന്റെ പ്രശ്‌നം അപ്പോഴും ബാക്കിയായി.

ചേച്ചിയും എന്നെ സഹായിച്ചില്ല. കഥയുടെ കാര്യം പറഞ്ഞുകേട്ടപ്പോൾ പോയിരുന്ന്‌ ഗുണനപ്പട്ടിക പഠിക്കാനായിരുന്നു ചേച്ചിയുടെ ഉപദേശം.

അമ്മയ്‌ക്കാണെങ്കിൽ എപ്പോഴും കരയാൻ തന്നെ നേരമുളളു. കഥയുടെ കാര്യം പറയാൻ അടുക്കളയിൽ ചെന്നപ്പോഴും അമ്മ കരയുകയായിരുന്നു. (നിഷാദിന്റെ അമ്മയും കരയുന്നതു കണ്ടിട്ടുണ്ടെന്ന്‌ അവൻ പറഞ്ഞു. അമ്മമാർ എന്തിനാണ്‌ ഇങ്ങനെ കരയുന്നത്‌?)

കൂട്ടുപാതയിലെ കല്ലത്താണിയുടെ മുകളിൽ കയറിനിന്നുകൊണ്ട്‌ വരുന്നവരോടും പോകുന്നവരോടും ‘അത്താണിയെ ആരു താങ്ങും?’ എന്നു ചോദിച്ചിരുന്ന നാരായണേട്ടൻ വലിയൊരു കഥയാണെന്ന്‌ ആളുകൾ പറയുന്നതു കേട്ടിട്ടുണ്ട്‌. മിനിഞ്ഞാന്നാണ്‌ എല്ലാവരും കൂടി ആ പാവത്തിനെ പിടിച്ചിറക്കി വണ്ടിയിൽ കയറ്റിക്കൊണ്ടുപോയത്‌.

അത്താണി നാരായണണേട്ടന്റെ കഥ മതിയോന്ന്‌ കണ്ണൻമാഷിനോടു ചോദിച്ചപ്പോൾ ‘കൊക്കിലൊതുങ്ങുന്നത്‌ കൊത്തിയാൽ മതി’യെന്നായിരുന്നു മറുപടി.

അടുത്ത വീട്ടിലെ പാഞ്ചാലിച്ചേച്ചിയെ ചുറ്റിപ്പറ്റി ഒരുപാട്‌ കഥകളുണ്ടെന്നാണ്‌ പലരും പറയുന്നത്‌. പക്ഷേ, ആ ചേച്ചിയോടു ചെന്നു ചോദിച്ചപ്പോൾ, പറഞ്ഞത്‌ ചേച്ചി കഥയില്ലാത്തവളായിത്തീർന്നിട്ട്‌ കാലം കുറെയായെന്നാണ്‌!

കുളവരമ്പിലെ പനയിൽനിന്നും വീണു മരിച്ച പാലുണ്ണിയേട്ടന്റെ പ്രേതം കഴിഞ്ഞ വെളളിയാഴ്‌ച അയാളുടെ വീട്ടിലെത്തി പ്രേമച്ചേച്ചിയോട്‌ വെളളച്ചോറു ചോദിച്ചുവെന്നും ആ ചേച്ചി പനിച്ചു കിടക്കുകയാണെന്നും പാലുകൊണ്ടുവരുന്ന വളളിച്ചേച്ചി അമ്മയോടു പറയുന്നതു കേട്ടു. അതൊരു കഥയാക്കി എഴുതിക്കൊണ്ടു ചെന്നപ്പോൾ കണ്ണൻമാഷ്‌ വല്ലാതെ കണ്ണുരുട്ടുകയാണുണ്ടായത്‌.

അപ്പോഴും എന്തിനെക്കുറിച്ചാണ്‌ എഴുതേണ്ടതെന്ന്‌ കണ്ണൻമാഷ്‌ പറഞ്ഞില്ല.

ലോറി ഓട്ടുന്ന അറുമുഖേട്ടൻ എന്തോ അസുഖംവന്നു മരിച്ചപ്പോൾ ആളുകൾ ആരും അങ്ങോട്ടുചെല്ലാതിരുന്നതും അവസാനം ആരൊക്കെയോ വന്ന്‌ ചുവന്നവിളക്കുതിരിയുന്ന വണ്ടിയിൽ കയറ്റിക്കൊണ്ടു പോയതും ഈയിടെ നടന്ന കഥയാണ്‌. അറുമുഖേട്ടന്റെ ഭാര്യയും ഉടനെ ചാകുമെന്നാണ്‌ ആളുകൾ പറയുന്നത്‌. പക്ഷേ, ഇക്കഥയും ‘പമ്പര’ത്തിനു പാകമാകില്ലെന്നാണ്‌ കണ്ണൻമാഷ്‌ പറയുന്നത്‌.

അവസാനം ഒരു സഹായത്തിനെത്തിയത്‌ സാക്ഷരത നടത്തുന്ന അപ്പുമണിയേട്ടനാണ്‌. ഒറ്റക്കാലുളള കാക്കയെക്കുറിച്ച്‌ ഒരു കഥയെഴുതാനാണ്‌ മണിയേട്ടൻ പറയുന്നത്‌. എന്നും രാവിലെ പാത്രം കഴുകുന്നിടത്ത്‌ പറന്നെത്തി കലപില കൂട്ടുന്ന കാക്കകളുടെ കൂട്ടത്തിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി നിൽക്കാറുളള ഒറ്റക്കാലുളള ഒരു മെലിഞ്ഞ കാക്കയെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്‌.

ഒരിടത്തൊരു കാക്കയുണ്ടായിരുന്നു. അതിന്‌ ഒരു കാലേ ഉണ്ടായിരുന്നുളളൂ എന്നൊക്കെ എഴുതിയാൽ അതൊരു കഥയാകുമെന്നാണ്‌ മണിയേട്ടൻ പറയുന്നത്‌.

അങ്ങനെയാണ്‌ ഞാൻ അക്കഥ എഴുതാൻ തുടങ്ങിയത്‌. എഴുതിത്തുടങ്ങിയപ്പോഴാണ്‌ ഒരു സംശയം എന്നെ കൊത്തിവലിച്ചത്‌. എന്തുകൊണ്ടാണ്‌ ആ കാക്ക എപ്പോഴും അമ്മിണിച്ചേച്ചിയുടെ വീട്ടിൽതന്നെ ചുറ്റിപ്പറ്റി നിൽക്കുന്നത്‌? അമ്മിണിച്ചേച്ചി ആ കാക്കയ്‌ക്ക്‌ ദോശയും മറ്റും ഇലയിൽ വെച്ചുകൊടുക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. മറ്റു കാക്കകളെയെല്ലാം ആട്ടിയോടിച്ച്‌ ഒറ്റക്കാലൻ കാക്കയ്‌ക്കുമാത്രം ദോശ ചുട്ടുകൊടുക്കുന്നതിന്റെ കാരണം എന്തായിരിക്കും?

ആ വഴിക്ക്‌ ആലോചിച്ചപ്പോഴാണ്‌ ഞാൻ മരിച്ചുപ്പോയ കറുപ്പേട്ടനിൽ ചെന്നെത്തിയത്‌. പാലുപോലെ വെളുത്ത അമ്മിണിച്ചേച്ചിയെ കാക്കയെപ്പോലുളള കറുപ്പേട്ടൻ കല്യാണം കഴിച്ചു കൊണ്ടുവന്നപ്പോൾ ആളുകൾ എന്തൊക്കെയാണ്‌ പറഞ്ഞു നടന്നത്‌? ‘കാക്കയും പ്രാവും’ എന്നാണ്‌ ഒരിക്കൽ പാർവ്വതിച്ചേച്ചി അവരെ കണ്ടപ്പോൾ പറഞ്ഞത്‌.

പാറ പൊട്ടിക്കലായിരുന്നു കറുപ്പേട്ടന്റെ പണി. പാറമടയിൽ വെച്ചുണ്ടായ ഒരപകടത്തിൽ പാവം കറുപ്പേട്ടന്റെ ഒരു കാല്‌ മുട്ടിനുതാഴെ വെച്ച്‌ മുറിഞ്ഞുപോയി. പിന്നെ, ആറേഴുമാസക്കാലം അവശേഷിച്ച ഒറ്റക്കാലുമായാണ്‌ കറുപ്പേട്ടൻ അമ്മിണിച്ചേച്ചിയോടൊപ്പം നടന്നത്‌. കഴിഞ്ഞ കർക്കടകമാസത്തിലാണ്‌ കറുപ്പേട്ടൻ മരിച്ചത്‌. പാറമടയിൽ മുങ്ങിമരിക്കുകയായിരുന്നു. പോലീസുകാർ വന്നതും കറുപ്പേട്ടനെ ഓലപ്പായയിൽ പൊതിഞ്ഞുകെട്ടി കാശുമണിയേട്ടന്റെ കാളവണ്ടിയിൽ കയറ്റിക്കൊണ്ടുപോയതും മറ്റും എനിക്ക്‌ നല്ല ഓർമ്മയുണ്ട്‌. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്‌ കാളവണ്ടിയുടെ പിന്നാലെ ഓടിയ അമ്മിണിച്ചേച്ചിയെ എങ്ങനെയാണ്‌ മറക്കുക?

ഒറ്റക്കാലൻ കാക്കയിൽ കറുപ്പേട്ടനുണ്ടെന്ന എന്റെ സംശയത്തിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌. ആ കാക്ക കൂടുവച്ചിരിക്കുന്നത്‌ അമ്മിണിച്ചേച്ചിയുടെ വീട്ടുമുറ്റത്തെ പുളിമരത്തിലാണ്‌!

മരിച്ചുപോകുന്നവരാണ്‌ കാക്കകളായി പുനർജ്ജനിക്കുന്നതെന്ന്‌ മൂന്നിലെ മീനാക്ഷിയുടെ മുത്തശ്ശി പറയാറുണ്ടത്രെ. (അതുകൊണ്ടായിരിക്കണം കാക്കകൾ മാത്രം ഇത്രയധികം കാണുന്നത്‌.)

ഇനി ഒന്നും ആലോചിക്കാനില്ല. ഒറ്റക്കാലൻ കാക്കയുടെ കഥ എഴുതുക തന്നെ. കണ്ണൻമാഷിന്‌ ഈ കാക്കക്കഥ ഇഷ്‌ടപ്പെടാതിരിക്കില്ല, തീർച്ച.

Generated from archived content: story1_feb10.html Author: kk_pallasana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here