മൂട്ടകൾ

ജാതകത്തിൽ സരസ്വതീയോഗമുണ്ടെന്ന കുട്ടൻജ്യോത്സ്യരുടെ കണ്ടെത്തലാണ്‌ കോമളവല്ലിയെക്കൊണ്ട്‌ ‘മൂട്ടകൾ’ എന്ന കവിത എഴുതിപ്പിച്ചത്‌.

ഗ്രഹസ്ഥിതി വിലയിരുത്തിയ ജ്യോത്സ്യർ, ലഗ്നകേന്ദ്രങ്ങളിൽ ശുഭന്മാരായ ഗുരു-ശുക്ര ബുധൻമാർ ഉച്ചത്തിൽ നിൽക്കുന്നതിനാൽ കോമളവല്ലി കാളിദാസനെ പോലെയോ അതിലും ഉയരത്തിലോ എത്തുമെന്ന്‌ പ്രവചിക്കുകയായിരുന്നു.

പതിനെട്ടു വയസ്സിനിടയ്‌ക്ക്‌ ഒരു പ്രേമലേഖനം പോലും എഴുതിയിട്ടില്ലാത്ത കോമളവല്ലി ജ്യോത്സ്യരുടെ പ്രവചനം തളളാനും കൊളളാനുമാവാതെ മിഴിച്ചിരുന്നുപോയി.

കുട്ടൻജ്യോത്സ്യൻ പറഞ്ഞാൽ പറഞ്ഞതാണ്‌. എട്ടിലെ ഗുളികനെയും കേതുവിനെയും ചൂണ്ടിക്കാട്ടി കോമളവല്ലിയുടെ മൂത്ത സഹോദരൻ മുപ്പത്തിരണ്ടു വയസ്സിനപ്പുറം ഭൂമിയിൽ ഉണ്ടാവില്ലെന്നു പ്രവചിച്ചതും മുപ്പത്തിരണ്ടാം പിറന്നാളിന്‌ കേക്ക്‌ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ചതും അത്ര പെട്ടെന്നൊന്നും കോമളവല്ലിക്ക്‌ മറക്കാനാവില്ലല്ലോ.

ആ ജ്യോത്സ്യരാണ്‌ കവടിസഞ്ചിയിൽ കൈവെച്ചു പറയുന്നത്‌ കാളിദാസന്റെ സിംഹാസനത്തിന്‌ കോമളവല്ലി അവകാശിയായിത്തീരുമെന്ന്‌! എങ്കിൽ ഒരു കൈനോക്കിയിട്ടുതന്നെ കാര്യമെന്ന്‌ കോമളവല്ലിയും ഉറപ്പിച്ചു. അങ്ങനെയാണ്‌ ചൂലുപിടിച്ച്‌ തഴമ്പിച്ച ആ കൈകളിൽ തൂലിക കടന്നുവന്നതും ‘മൂട്ടകൾ’ പുറത്തു ചാടിയതും.

നാലുവരി കവിതയ്‌ക്കായി നാലഞ്ചുനാൾ കട്ടിലിൽ കമഴ്‌ന്നുകിടന്ന്‌ ഉറക്കം കളഞ്ഞ കോമളവല്ലി ഒടുവിൽ ‘മൂട്ടകൾ’ എന്ന തലക്കെട്ടിൽ ഒരു കവിതയെഴുതുകയായിരുന്നു. ഇത്രയും കാലം മൂട്ടകടി കൊണ്ടതിന്‌ ഇങ്ങനെയെങ്കിലും ഒരു ഗുണമുണ്ടായല്ലോ എന്ന ആശ്വാസത്തോടെ അവളത്‌ ഒരു സാംസ്‌കാരിക സംഘടന ആഗോളതലത്തിൽ സംഘടിപ്പിച്ച സാഹിത്യമത്സരത്തിലേക്ക്‌ അയച്ചുകൊടുക്കുകയും ചെയ്‌തു.

ആശ്ചര്യമെന്നു പറയട്ടെ, കോമളവല്ലിയുടെ ‘മൂട്ടകൾ’ക്കായിരുന്നു ഇരുപത്തയ്യായിരം രൂപയും സരസ്വതീദേവിയുടെ രജതശില്പവും, അമേരിക്കയിൽ നടക്കുന്ന സാഹിത്യസമ്മേളനത്തിൽ സ്വന്തം കവിത അവതരിപ്പിക്കാനുളള അവസരവും അടങ്ങുന്ന ഒന്നാം സമ്മാനം!

മറ്റൊരു വീണപ്പൂവെന്നാണ്‌ വിധികർത്താക്കൾ മൂട്ടകളെ വിശേഷിപ്പിച്ചത്‌. പെൺകുട്ടിയെ കടിച്ചുകൊണ്ടിരിക്കുന്ന മൂട്ടകൾ സമൂഹത്തിലെ ചേട്ടൻമാർ തന്നെയാണെന്നും പെൺകുട്ടിയെ താങ്ങുന്ന കട്ടിൽ കാലഘട്ടത്തിന്റെ പ്രതീകമാണെന്നും കട്ടിലിലെ വിടവുകൾ നിയമവ്യവസ്ഥിതിയുടെ പോരായ്മകളിലേക്കാണ്‌ വിരൽ ചൂണ്ടുന്നതെന്നും മറ്റുമാണ്‌ വിധികർത്താക്കൾ ആഗോളതലത്തിൽ വിലയിരുത്തിയത്‌! സ്വാനുഭവങ്ങളുടെ ചൂടും ചൂരും കവിതയിലുടനീളം പ്രകടമാണെന്നും വിധികർത്താക്കളിൽ ഒരാൾ പ്രത്യേകം എടുത്തുപറയുകയും ചെയ്‌തിരുന്നു!

സരസ്വതീയോഗം യാഥാർത്ഥ്യമായതിന്റെ ആഹ്ലാദത്തിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനിടയിലാണ്‌ ആ വാർത്ത ഒരു കൊടുങ്കാറ്റായി വന്ന്‌ അവളെ തൂക്കിയെറിഞ്ഞത്‌. ‘ഊറുന്ന ചുടുചോര ഒരു നൂറുമൂട്ടകൾ ഊഴമിട്ടൂറ്റിക്കുടിച്ച’ ഒരു മാംസപിണ്ഡത്തെ ചുമക്കാനാവില്ലെന്നു കാണിച്ച്‌ നിശ്ചയിച്ചുറപ്പിച്ച വിവാഹാലോചനയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചിരിക്കുകയാണ്‌ ഒരു അത്യന്താധുനിക ആസ്വാദകൻ കൂടിയായ വരൻ.

രണ്ടാമതും ഗ്രഹനില പരിശോധിച്ച കുട്ടൻജ്യോത്സ്യർ മടിച്ചുമടിച്ച്‌ ഇത്രയും കൂടി പറഞ്ഞു; “കുട്ടിക്ക്‌ മംഗല്യയോഗം കാണുന്നില്ല.”

Generated from archived content: story1_april16.html Author: kk_pallasana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English