ധേനുയോഗം

“പാഠപുസ്‌തകം കൊണ്ടുവരാത്തവർ എണീറ്റു നിൽക്കുക.”

ക്ലാസ്സിലേയ്‌ക്കു കടന്നുവന്നപാടെ പത്‌മനാഭൻമാഷ്‌ ചൂരലുയർത്തിപ്പിടിച്ചു കൊണ്ട്‌ ആജ്ഞാപിച്ചു.

മുൻബഞ്ചിലിരുന്ന പങ്കജവല്ലി ഒരു പൊട്ടിക്കരച്ചിലോടെ എണീറ്റുനിന്നു.

“പുസ്‌തകം പശു തിന്നൂ സാർ.” – കരച്ചിലിനിടയിൽ അവൾ പറഞ്ഞു.

“പശു തിന്നെന്നോ! നിന്റെ വീട്ടിലെ പശുവിനെന്താ പുല്ലും വയ്‌ക്കോലുമൊന്നും കൊടുക്കാറില്ലേ?”

ചൂരലിലെ പിടി അയച്ചുകൊണ്ട്‌ പത്‌മനാഭൻമാഷ്‌ ചോദിച്ചു.

“അതൊരു എറങ്ങണംകെട്ട മാടാണ്‌ സാർ.”

പ്രശ്‌നത്തിൽ ഇടപെട്ടുകൊണ്ട്‌ ചെറിയമണി പറഞ്ഞു.

ചെറിയമണി പങ്കജവല്ലിയുടെ വീട്ടിനടുത്തുളള കുട്ടിയാണ്‌. ക്ലാസ്സിൽ മണിയെന്നുപേരുളള രണ്ടുപേർ ഉളളതുകൊണ്ട്‌ ചെറിയമണിയെന്നും വലിയമണിയെന്നും അവരെ തരംതിരിച്ചുവെച്ചിരിക്കുകയാണ്‌.

‘എറങ്ങണംകെട്ട’ എന്ന വാക്കിന്റെ അർത്ഥം വേണ്ടത്ര പിടികിട്ടിയില്ലെങ്കിലും പങ്കജവല്ലിയുടെ പശു ചില്ലറക്കാരിയല്ലെന്ന നിഗമനത്തിൽ പത്‌മനാഭൻമാഷ്‌ ഇതിനകം എത്തിച്ചേർന്നിരുന്നു.

ചെറിയമണി തുടർന്നുഃ “ആ മാട്‌ ഞങ്ങടെ വീട്ടീക്കടന്ന്‌ അപ്പൂപ്പന്റെ പഴഞ്ചൊൽ പുസ്തകം തിന്നിട്ടുണ്ട്‌.”

നൂറ്റൊന്ന്‌ പഴഞ്ചൊല്ലുകൾ എന്ന കൊച്ചുപുസ്‌തകം മുമ്പൊരിക്കൽ അവൻ ക്ലാസ്സിൽ കൊണ്ടുവന്ന കാര്യം മാഷോർത്തു. അതിൽ പത്തൊമ്പതാമത്തെ പേജിൽ പശുവിനെക്കുറിച്ചും ഒരു ചൊല്ലുണ്ടായിരുന്നു. ഏട്ടിലെ പശു പുല്ലുതിന്നില്ല എന്ന ചൊല്ലുതന്നെ.

“അപ്പൂപ്പൻ വായിച്ചിട്ട്‌ കോലായിൽ വെച്ചതായിരുന്നു. അപ്പോഴാണ്‌ മാടുവന്നു തിന്നത്‌.”

ചെറിയമണി തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു.

തീറ്റപ്പുൽ കൃഷിയെക്കുറിച്ചുളള കാർഷിക സർവ്വകലാശാലയുടെ ഒരു പുസ്തകം കുളമ്പുരോഗത്തിനു കുത്തിവെയ്‌ക്കാൻ കൊണ്ടുപോയപ്പോൾ മൃഗാശുപത്രിയിൽവെച്ച്‌ ആ പശു തിന്നിട്ടുണ്ടെന്നും അതിന്റെ വില അവർ അച്ഛനിൽനിന്നും വാങ്ങിയിട്ടാണ്‌ പശുവിനെ വിട്ടുകൊടുത്തതെന്നും മറ്റുമുളള പൂർവ്വചരിത്രം പങ്കജവല്ലിയും വെളിപ്പെടുത്തുകയുണ്ടായി.

തീറ്റപ്പുൽകൃഷിയെക്കുറിച്ചുളള പുസ്തകം പശു തിന്നതിൽ ഒരു ന്യായമുണ്ടെങ്കിലും മറ്റു രണ്ടു കേസുകളിലും പ്രഥമദൃഷ്‌ട്യാ പശു അപരാധിയാണെന്ന്‌ പത്‌മനാഭൻമാഷിനു തോന്നി. പഴഞ്ചൊൽ പുസ്‌തകത്തിൽ പശുവിനെക്കുറിച്ച്‌ ഒരു ചൊല്ലുണ്ടായിരുന്നുവെന്നത്‌ ശരിതന്നെ. പാഠപുസ്‌തകക്കാര്യത്തിൽ പശുവിന്റെ ഭാഗത്ത്‌ ന്യായം ഒട്ടുമില്ല. ‘പുല്ലാണു പുസ്‌തകജ്ഞാനം’ എന്നെഴുതിയ ഇടപ്പളളിയുടെ കവിതകൾ ഉൾപ്പെടുന്ന പുസ്‌തകമാണ്‌ പശു തിന്നിരുന്നതെങ്കിൽ പറയാനൊരു ന്യായമുണ്ടായിരുന്നു. അതുകൊണ്ട്‌ ഇതിങ്ങനെ വിടാൻ പറ്റില്ലെന്ന്‌ മാഷ്‌ മനസ്സിലുറപ്പിച്ചു.

“കുട്ടി, നാളെ അച്ഛനോടൊന്നു വരാൻ പറയണം. ഇപ്പോൾ ഇരുന്നോളൂ.” അദ്ദേഹം ചൂരൽ മേശപ്പുറത്തിട്ടുകൊണ്ടു പറഞ്ഞു.

ശിക്ഷയിൽ നിന്നൊഴിവാക്കപ്പെട്ട സന്തോഷത്തിൽ അന്നുച്ചയ്‌ക്കുതന്നെ അവൾ അച്ഛനെ വിളിച്ചു കൊണ്ടുവന്നു.

“ഏട്ടിലെ പശു പുല്ലുതിന്നില്ലെന്നു കേട്ടിട്ടുണ്ട്‌. പക്ഷേ, വീട്ടിലെ പശു ഏടുതിന്നുന്ന കാര്യം പുതിയൊരറിവാണ്‌. മകളുടെ പുസ്‌തകം മാടുതിന്ന കാര്യമാണ്‌ ഞാൻ പറഞ്ഞുവരുന്നത്‌.”

പങ്കജവല്ലിയുടെ അച്ഛനെ അടുത്തു വിളിച്ചിരുത്തിക്കൊണ്ട്‌ മാഷ്‌ പറഞ്ഞു.

“അതിരിക്കട്ടെ. നിങ്ങളുടെ പശുവിനു പാലെത്രയുണ്ട്‌?”

“രണ്ടുനേരവും കൂടി പന്ത്രണ്ടിടങ്ങഴി കിട്ടുന്നുണ്ട്‌. ഇന്നലെ പക്ഷേ പതിനെട്ടിടങ്ങഴി കിട്ടുകയുണ്ടായി.” – അയാൾ അഭിമാനത്തോടെ പറഞ്ഞു.

“ആറിടങ്ങഴി കൂടുതൽ കിട്ടിയത്‌ പുസ്തകം തിന്നതുകൊണ്ടായിരിക്കും.”- മാഷ്‌ ഒരു ഗൂഢസ്‌മിതത്തോടെ പറഞ്ഞു.

പങ്കജവല്ലിയുടെ അച്ഛൻ എന്തോ ഓർത്ത്‌ അല്പനേരം സ്‌റ്റാഫ്‌റൂമിന്റെ മോന്തായത്തിൽ നോക്കി നിന്നു. പൊടുന്നനെ അയാൾ ഒരു ചാട്ടം.

“അതേ, പുസ്തകം തിന്നുമ്പോഴൊക്കെ പാല്‌ കൂടാറുണ്ട്‌! മാഷു പറഞ്ഞപ്പോഴാണ്‌ ഞാനും അതിനെക്കുറിച്ചാലോചിച്ചത്‌. പുല്ലിന്റെ പുസ്തകം തിന്നതിന്റെ പിറ്റേന്നും പാലു കൂടുകയുണ്ടായി. എന്തിന്‌, അയലത്തെ കാർന്നോരുടെ കൊച്ചുപുസ്തകം തിന്നപ്പോഴും ഇടങ്ങഴിപ്പാല്‌ കൂടുതൽ കിട്ടിയിരുന്നു.”

അത്രയും പറഞ്ഞ്‌ അയാൾ സ്‌റ്റാഫ്‌ റൂമിൽ നിന്നും ഇറങ്ങിയോടി.

പങ്കജവല്ലിയുടെ പിതാവ്‌ വേതാളകഥകൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന സകല പുസ്‌തകങ്ങളും പശുവിനെക്കൊണ്ട്‌ തീറ്റിച്ചുവെന്നാണ്‌ പിറ്റേന്നറിയാൻ കഴിഞ്ഞത്‌. പങ്കജവല്ലി സ്‌കൂളിൽ വന്നിട്ടുമില്ല.

പാഠപുസ്‌തം കൊണ്ടുവരാത്തവർ ആരൊക്കെയാണെന്ന പതിവു ചോദ്യത്തിനുമുതിരാതെ പത്‌മനാഭൻമാഷ്‌ നേരെ പാഠഭാഗത്തേയ്‌ക്ക്‌ കടന്നു.

“കുലഗുരുവിന്റെ ഉപദേശപ്രകാരം ദിലീപനും പത്നിയും പശു പരിപാലനത്തിനായി പുറപ്പെട്ടു…”

തലേന്നു നിർത്തിയിടത്തുനിന്നും മാഷ്‌ വായിച്ചു തുടങ്ങി.

Generated from archived content: story-feb26.html Author: kk_pallasana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here