ആള്‍ദൈവങ്ങള്‍ മരിക്കുമ്പോള്‍

അമ്പത്തൊന്നു പനകളുടെ ചെത്തവകാശം കൈക്കൂടി വന്നതോടെയാണ്‍ പാടത്തുവീട്ടിലെ അപ്പുമണി പനങ്കാവിന്റെ തമ്പുരാനായത്. ആ അമ്പത്തൊന്നില്‍ പെരുങ്കുളവരവിമ്പിലെ പാണ്ഡവപ്പനകളും ഉള്‍പ്പെടുന്നു. പാണ്ഡവപ്പനകളുടെ കറവക്കാരന് തമ്പുരാന്‍പട്ടം തേടിയെത്തുമെന്ന് പണ്ടെയ്ക്കു പണ്ടേ പഴമക്കാര്‍ പറഞ്ഞുവെച്ചിട്ടുള്ളതാണ്.

ഗ്രാമത്തിനു പുറത്തുപോയി പഠിച്ചപയ്യന്‍ വല്ല എഴുത്തുകുത്തു പണിയിലും ഏര്‍പ്പെടുമെന്നു പ്രതീക്ഷിച്ചവര്‍ക്ക് പാടേതെറ്റി. കരിമ്പനകളുടെ കറവക്കാരനായി കഴിഞ്ഞുകൂടാനായിരുന്നു പയ്യനുകമ്പം. മുത്തിത്തള്ളയുടെ പൂതിയും മറ്റൊന്നായിരുന്നില്ല. പത്തു പനക്കയറുന്നതിന്റെ ഒരു പെരുമ ഏതുപണിക്കു കിട്ടുമെന്നാണ് തള്ളമ്മയുടെ ചോദ്യം. അപ്പന്റെ ചെത്തുകത്തി ഇറയത്തിരുന്ന് തുരുമ്പിക്കുന്നതുകാണാന്‍ പെറ്റമ്മയും ആഗ്രഹിച്ചിട്ടില്ല. എതിരുപറഞ്ഞത് നേര്‍പെങ്ങള്‍ മാത്രം. അവളെ ആണൊരുത്തന് പിടിച്ചേല്പ്പിച്ച് അപ്പുമണി പനകയറ്റം തുടര്‍ന്നു.

വാനിലേക്കു വാരിപ്പുണര്‍ന്നുയര്‍ന്ന് പച്ചപ്പിലമര്‍ന്ന് കരിമ്പനകള്‍ ചുരത്തുന്ന ലഹരി കറന്നെടുക്കുന്ന പണി ഒന്നു വേറെതന്നെയാണെന്ന് അപ്പുമണി കരുതുന്നു.

പതിമൂന്നാമത്തെ വയസ്സിലാണ് അപ്പുമണി പനകയറ്റത്തിന്റെ ഹരിശ്രീകുറിച്ചത്. അപ്പന്റെ കണ്ണുവെട്ടിച്ച് കുളവരമ്പിലെ കുട്ടിപ്പനയിലായിരുന്നു തുടക്കം. ഉച്ചുമാകാളിയുടെ പൊങ്കലുത്സവത്തിന് കുരുത്തോല വെട്ടാനായിരുന്നു അത്. പിന്നെ, പതിനാറിന്റെ തുടക്കത്തില്‍ കളവരമ്പിലെ തലയെടുപ്പുള്ള പനകളില്‍ പലതിലും കയറിയിറങ്ങിയത് വലിയവീട്ടിലെ പാറുക്കുയുടെ മുങ്ങിക്കുളിയുടെ ചന്തം കണ്ണൂനിറയെ കാണാനായിരുന്നു.

ഒരുനാള്‍ അതുകണ്ടുപിടിച്ച അപ്പന്‍ അരപ്പട്ടയിലെ ചെത്തുകത്തിയെടുത്തു നീട്ടുകയായിരുന്നു.

‘ഏതായാലും എന്റെ മകന്‍ പനകേറ്റം തൊടങ്ങീലേ. എന്നാ പിന്നെ വെറും കയ്യോടെ എറങ്ങണ്ട.

അതായിരുന്നു അപ്പന്റെ പ്രതികരണം. അപ്പനു പക്ഷേ, നിരാശപ്പെടേണ്ടി വന്നില്ല. ആ ചെത്തുകത്തിക്കൊണ്ട് അപ്പുമണി പനങ്കാവു മുഴുവന്‍ വെട്ടിപ്പിടിച്ചു. അപ്പന്റെ കണ്ണടയുമ്പോള്‍ അമ്പത്തൊന്നു പനകളുടെ ചെത്തവകാശം അപ്പുമണിയെ തേടിയെത്തിയിരുന്നു.

പെരുങ്കുളത്തിലെ പാറുക്കുട്ടിമാരുടെ നീരാട്ടുനിലച്ചിട്ടും അപ്പുമണി പനകയറ്റം തുടര്‍ന്നു. പഠിപ്പുണ്ടായിട്ടും അവന്‍ മറ്റൊരു പണിക്കു ശ്രമിച്ചില്ലെന്നതാണു നേര്‍. അമ്പത്തൊന്നു പനകളുടെ കറവക്കാരന്‍ മറ്റൊരു പണിയുടെ ആവശ്യമില്ലെന്ന് അവന്‍ മനസ്സിലുറപ്പിക്കുകയായിരുന്നു.

മുപ്പതുപിന്നിട്ടിട്ടും ഒറ്റത്തടയായി നിന്ന അപ്പുമണിയെ ചുറ്റിപ്പറ്റി കഥകള്‍ പലതും പ്രചരിച്ചുതുടങ്ങിയത് പൊടുന്നനെയായിരുന്നു. പനങ്കാവിലെ ഒറ്റപ്പനവാഴുന്ന കുട്ടിമാളവുള്ളപ്പോള്‍ അപ്പുമണിക്ക് മറ്റൊരുവളെന്തിനെന്ന വര്‍ത്തമാനം നാലാള്‍ കൂടുന്നിടത്തൊക്കെ ഉയര്‍ന്നുവന്നു. എന്നും പതിനാറുകാരിയായ, പനങ്കുലപോലെ മുടിയുള്ള, പാലപ്പൂവിന്റെ ഗന്ധമൂറുന്ന സുന്ദരിയായ കുട്ടിമാളുവായി നട്ടുച്ചകളില്‍ അപ്പുമണി പനങ്കാവിലെ കാഞ്ഞിരത്തിനുകീഴെ കാമക്കൂത്താടിയതിനു സാക്ഷികളുണ്ടായി!

പെറ്റതള്ളയും നേര്‍പെങ്ങളും പറഞ്ഞുപറഞ്ഞ് അപ്പുമണി മുപ്പത്തിമൂന്നില്‍ പെണ്ണുകെട്ടി. ആരും ആശിച്ചുപോകുന്ന ഒരു പെണ്ണായിരുന്നു പങ്കജം. ഒറ്റനോട്ടത്തില്‍തന്നെ ആ പത്തൊമ്പതുകാരിയെ അപ്പുമണിക്കുബോധിച്ചു. പെണ്ണൂം പിടക്കോഴിയുമൊന്നും വേണ്ടെന്നു വാശിപിടിച്ചവന്‍ പിന്നെ, കര്‍ക്കടകം, കഴിഞ്ഞുകിട്ടാന്‍ കാത്തിരിപ്പായി. ചിങ്ങത്തിലെ ആദ്യത്തെ മുഹൂര്‍ത്തത്തില്‍തന്നെ മിന്നുകെട്ടി കൂടെപ്പൊറുപ്പിക്കുകയും ചെയ്തു.

പനകയറ്റക്കാരുടെ പെണ്ണുങ്ങള്‍ക്ക് പനങ്കാവിലെ കരിമ്പനവാഴുന്ന കുട്ടിമാളു എന്നും ഒരു പേടിസ്വപ്നമായിരുന്നു. ഉച്ചയായിട്ടും ആണുങ്ങള്‍ വീടയണായാതിരുന്നാല്‍ അവര്‍ക്ക് ആധിയാണ്. പിന്നെ, മാകാളിയെ വിളിച്ച് കരച്ചിലും പറച്ചിലുമായി. നേര്‍ച്ചകളായി. പിറ്റേന്നു മുതല്‍ അവരുടെ ആണുങ്ങളുടെ അരയില്‍ കറുത്ത ചരടില്‍ കോര്‍ത്ത രക്ഷയുടെ എണ്ണവും വണ്ണവും കൂടുകയായി.

പനങ്കാവിലെ കുട്ടിമാളുവിനെക്കുറിച്ചുള്ള ആധി പതുക്കെപതുക്കെ പങ്കജത്തിന്റെയും ഉറക്കം കെടുത്തി. വെള്ളിയാഴ്ചകളില്‍ അന്തിപ്പനകേറിയെത്തുന്ന അപ്പുമണിയുടെ മാറത്തെ പാലപ്പൂമണം അവളെ അസ്വസ്ഥയാക്കി. അരയിലെ രക്ഷയിലും ഉച്ചുമാകാളിയിലും അവള്‍ക്കുണ്ടായിരുന്ന വിശ്വാസം ചോര്‍ന്നുപോയി.

ഒടുവില്‍ അപ്പുമണി പോലുമറിയാതെ ഒരു പാതിരായ്ക്ക് ഉറക്കപ്പായയില്‍ നിന്നും കുട്ടിമാളുവിനോട് പ്രതികാരത്തിനിറങ്ങിത്തിരിച്ചു. പങ്കജത്തെ പനങ്കാവിലെ കാഞ്ഞിരമരക്കൊമ്പില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് പിറ്റേന്നുകണ്ടെത്തിയത്.

പങ്കജത്തിന്റെ ചിതയെരിയുമ്പോള്‍തന്നെ യക്ഷിപ്പനയ്ക്കുമേല്‍ ഇടിത്തീവീണതും പാണ്ഡവപ്പനകളിലൊന്ന് കടപുഴകിനിലം പതിച്ചതും ഗ്രാമത്തില്‍ ഏറെക്കാലം ചര്‍ച്ചാവിഷയമായി.

പനങ്കാവിലെ യക്ഷിപ്പന പച്ചയോടെനിന്നു കത്തുന്നതുകണ്ടുകൊണ്ട് പ്രിയപ്പെട്ടവളുടെ ചിതയ്ക്കരികില്‍നിന്നും തിരിഞ്ഞുനടന്ന അപ്പുമണിയെ പിന്നീടാരും കണ്ടിട്ടില്ല. ആകാശത്തിലെ ആ കറവക്കാരനെ ഗ്രാമം മറന്നുതുടങ്ങി. അപ്പുമണിയുടെ പെറ്റമ്മമാത്രം പാതിരാവോളം മകനേയും കാത്ത് മണ്ണെണ്ണവിളക്കിനു കൂട്ടിരുന്നു.

‘അവന്‍ വരും. ചാവാന്‍ നേരത്ത് ചുണ്ടിലിത്തിരി വെള്ളമിറ്റിക്കാന്‍ എന്റെ മകന്‍ വരാതിരിക്കില്ല.

ആ അമ്മ ഒരു മന്ത്രംപോലെ എപ്പോഴും ഉരുവിട്ടുക്കൊണ്ടിരുന്നു.

ആ മന്ത്രം ഫലിച്ചു. പതിനാലുവര്‍ഷങ്ങള്‍ക്കു ശേഷം അപ്പുമണി പെറ്റവയറിനുമുന്നിലെത്തി. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ മരണത്തിനു വിട്ടുകൊടുത്ത കാളായി ഏഴുദിവസം ഒരു മിടിപ്പു മാത്രമായി കിടന്നത് അപ്പുമണിക്കു വേണ്ടിയായിരുന്നു. ഓട്ടുമൊന്തയില്‍ നിന്നും കോരിയെടുത്ത ഗംഗാജലം നുകര്‍ന്ന് ആ അസ്ഥിപഞജരം എന്നന്നേക്കുമായി കണ്ണടച്ചു.

അപ്പുമണിയുടെ തിരിച്ചുവരവ് ഗ്രാമത്തില്‍ അവസാനിക്കാത്ത ചര്‍ച്ചകള്‍ക്കുവഴിമരുന്നിട്ടു. അമ്മയുടെ മരണം അപ്പുമണി എങ്ങനെയറിഞ്ഞു.? ഏതുനിമിഷവും മരണം സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കാളായി ഏഴുനാള്‍ മരണത്തെ നോക്കുക്കുത്തിയാക്കിയതെങ്ങനെ?

അതേ, അപ്പുമണിക്കുവേണ്ടി മരണം കാത്തുനിന്നു കാശിയില്‍നിന്നും ഗംഗാജലവുമായി അപ്പുമണി എത്തുന്നതും കാത്ത് മഹാമൃത്യു ഏഴുനാള്‍ കാത്തുനിന്നു.

മാതാവിന്റെ മരണാനന്തരക്രിയകള്‍ക്കുശേഷം അപ്പുമണി പനങ്കാവിലെ ഓലപ്പുരയിലേക്കു താമസം മാറ്റി. അതോടെ കണ്ണനൂര്‍ ഗ്രാമത്തിന്റെ ജാതകത്തില്‍ ശുക്രദശാകാലം ആരംഭമായി.

Generated from archived content: aaldaivangal1.html Author: kk_pallasana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English