ചിതയിലുയർന്ന വെളിച്ചം

മുപ്പത്‌ വർഷങ്ങൾക്ക്‌ മുമ്പൊരു മഴക്കാലം തൊഴിലും വരുമാനവുമില്ലാതെ എറണാകുളത്ത്‌ ഞാൻ, ചില സുഹൃത്തുക്കളുടെ ആശ്രിതനായി കഴിയുകയായിരുന്നു. ഒരു ദിവസം പോസ്‌റ്റ്‌ മെട്രിക്‌ ഹോസ്‌റ്റലിൽവച്ച്‌ ഉറക്കമുണർന്നതു മുതൽ അകാരണമായ ഭീതിയും അസ്വാസ്ഥ്യവും എന്നെ ബാധിച്ചു. കടുത്ത ദുരന്തത്തിലകപ്പെട്ട അനുഭവം. ഉച്ചവരെയും നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നു. നിമിഷംതോറും പെരുകിപ്പെരുകിവരുന്ന മനഃക്ലേശത്തിന്‌ കീഴ്‌പ്പെട്ടതോടെ തലയോലപ്പറമ്പിൽ, അമ്മാവന്റെ വീട്ടിലേക്ക്‌ പോകാനുറച്ചു. കയ്യിൽ വണ്ടിക്കൂലി കഴിച്ചാൽ കുറച്ചു പൈസയേ ബാക്കിയുളളൂ. ബസ്സിറങ്ങിയപ്പോൾ അമ്മാവന്റെ അയൽക്കാരനാണ്‌ പറഞ്ഞത്‌, എന്റെ ചേട്ടൻ കുഞ്ഞുകുഞ്ഞിന്‌ സുഖമില്ലെന്ന വിവരത്തിന്‌ കമ്പി വന്നിട്ട്‌ അമ്മാവനും അമ്മായിയും വയനാട്ടിലേക്ക്‌ പോയിരിക്കുകയാണ്‌. പകൽ മുഴുവൻ ഞാനനുഭവിച്ച സ്വാസ്ഥ്യക്കേട്‌ പെരുകി, സമനില തെറ്റുന്നതായി തോന്നി. വണ്ടിക്കൂലിക്ക്‌ തികയാത്ത പണം അദ്ദേഹത്തിന്റെ കയ്യിൽനിന്നും വാങ്ങി ഞാൻ ഉടനെതന്നെ എറണാകുളത്തേക്ക്‌ തിരിച്ചു യാത്രയായി.

എറണാകുളത്തെത്തിയ ഞാൻ നേരെ ചെന്നത്‌ ‘യാത്ര’ എന്ന മാസികയുടെ പത്രാധിപരായിരുന്ന രവീന്ദ്രന്റെ (ചിന്ത രവി) അടുത്തേക്കാണ്‌. നിർഭാഗ്യമെന്നു പറയട്ടെ, അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. ഏതാണ്ട്‌ സന്ധ്യയേറെയാവുവോളം നഗരത്തിലെ സുഹൃത്തുക്കളെ അന്വേഷിച്ചു നടന്നെങ്കിലും വയനാട്ടിലേക്കുളള വണ്ടിക്കൂലി തരപ്പെടുത്താൻ കഴിഞ്ഞില്ല. രാവിലെ ഹോസ്‌റ്റലിൽനിന്നും അല്‌പം ആഹാരം കഴിച്ചിരുന്നെങ്കിലും വിശപ്പും ദാഹവും ഞാനറിഞ്ഞിരുന്നതേയില്ല. ഈ അലച്ചിലിന്നൊടുവിൽ ലോ കോളേജ്‌ ഹോസ്‌റ്റലിൽ ഞാനെത്തി. കെ.ജി. ഭാസ്‌കരനോട്‌ (ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്‌ജി കെ.ജി.ബാലകൃഷ്‌ണന്റെ അനുജൻ) കുറെ പണം വാങ്ങി റെയിൽവേ സ്‌റ്റേഷനിലേക്കോടി. ഞാനെത്തിയപ്പോൾ മംഗലാപുരത്തേക്കുളള തീവണ്ടി പ്ലാറ്റ്‌ഫോറത്തിൽ വന്നു നിൽപുണ്ടായിരുന്നു. ടിക്കറ്റെടുത്ത്‌ ചലിച്ചു തുടങ്ങിയ തീവണ്ടിയിൽ ചാടിക്കയറിയായിരുന്നു യാത്ര. പിറ്റേന്ന്‌ പുലർച്ചെ അഞ്ചരയ്‌ക്കാണ്‌ കോഴിക്കോട്ടെത്തിയത്‌. നേരെ പോയത്‌ ട്രാൻസ്‌പോർട്ട്‌ സ്‌റ്റാന്റിലേക്കാണ്‌. മീനങ്ങാടിയിലാണ്‌ എനിക്കിറങ്ങേണ്ടത്‌. യാത്രക്കൂലിക്കുളള പണം തികയാതിരുന്നതുകൊണ്ട്‌ വൈത്തി വരെയുളള ടിക്കറ്റെടുത്തു. ബസ്‌ കുറച്ചുദൂരം ചെന്നപ്പോൾ മുതൽ മഴ തുടങ്ങി. താമരശ്ശേരി ചുരം മുതൽ കൊടുംമഴയായി. പുറത്തെ കാഴ്‌ചകളൊന്നും ദൃശ്യമല്ല. ഷട്ടറുകളെല്ലാം താഴ്‌ത്തിയിട്ട്‌ സാവധാനം പോയ ബസ്‌ വൈത്തിരിയിലെത്തുമ്പോൾ, പിൻസീറ്റിൽ ഒരറ്റത്ത്‌ കണ്ണടച്ച്‌ ആരുമറിയാത്ത ഭാവത്തിലിരുന്ന ഞാൻ വൈത്തിരിയിലിറങ്ങാതെ യാത്ര തുടർന്നു. ഞാനൊരു ടിക്കറ്റില്ലാ യാത്രക്കാരനാണെന്ന്‌ കണ്ടക്‌ടർ തിരിച്ചറിഞ്ഞില്ല. മീനങ്ങാടി 54-​‍ാം മൈലിൽ ബസ്സിറങ്ങുമ്പോൾ കനത്ത മഴയായിരുന്നു.

മഴ നനഞ്ഞ്‌, ചെളിയും വെളളവും ഒഴുകുന്ന ടാറിടാത്ത വഴുതുന്ന വഴിയിലൂടെ ഞാൻ ഓടുകയായിരുന്നു. വയനാട്ടിലെ കുന്നുകളും താഴ്‌വരകളും പിന്നിട്ട്‌, പാടങ്ങളിൽ നിറഞ്ഞുകവിഞ്ഞു കിടന്ന വെളളം നീന്തിക്കടന്നുളള യാത്രയായിരുന്നത്‌. വഴിയിൽ ഒരു തോടിന്‌ കുറുകെയുണ്ടായിരുന്ന പാലം ഒലിച്ചുപോയിരുന്നതിനാൽ, തോട്‌ നീന്തി ഞാൻ മറുകരയെത്തി. ഇനിയുളളത്‌, വെളളം നിറഞ്ഞുകിടക്കുന്ന, വരമ്പുകൾ കാണാനില്ലാത്ത ഒരു കിലോമീറ്ററിലേറെയുളള പാടങ്ങളാണ്‌. വഴി സുപരിചിതമായിരുന്നെങ്കിലും പലപ്പോഴും ഞാൻ കാലിടറിവീണു. ഒടുവിൽ വീടിനു തൊട്ടു താഴെയുളള കാരപ്പുഴയെന്ന വലിയ തോടിന്റെ കരയിലെത്തിയപ്പോൾ അസാധാരണവും ബീഭത്സവുമായ ഒഴുക്കാണുണ്ടായിരുന്നത്‌. കടപുഴകിവീണ മരങ്ങൾ ഒഴുക്കിലൂടെ പായുന്നുണ്ടായിരുന്നു. ചുവന്നുകലങ്ങി തീരം കവിഞ്ഞൊഴുകുന്ന തോട്‌ നീന്തിക്കടന്നില്ലെങ്കിൽ, അര കിലോമീറ്റർ അകലെയുളള പാലം കടന്നാലേ വീട്ടിൽ എത്താനാവൂ. ഞാൻ ഏറെയൊന്നുമാലോചിച്ചില്ല. കാരാപ്പുഴയിലേക്ക്‌ എടുത്തുചാടി, ഒഴുക്കിനെ മുറിച്ച്‌ നീന്തി മറുകരയെത്തി കയറ്റം ഓടിക്കയറി വീട്ടിൽ എത്തിയപ്പോൾ ചേട്ടനെ ശവപ്പെട്ടിയിലാക്കിയിരുന്നു. തലേദിവസം 11 മണിക്ക്‌ മരിച്ച ചേട്ടനെ ഞാൻ വരുന്നതും കാത്ത്‌ അടക്കം ചെയ്യാതിരിക്കുകയായിരുന്നു. ശവസംസ്‌കാരത്തിന്‌ ഞങ്ങൾ കുടുംബാംഗങ്ങളും കുറച്ച്‌ അയൽക്കാരും മാത്രമാണുണ്ടായിരുന്നത്‌. ചേട്ടന്റെ ശവശരീരത്തിന്‌ മുമ്പിൽ ഞാൻ കരഞ്ഞില്ല; നിർവ്വികാരനായിരുന്നു. അമ്മയൊഴിച്ചാരും കരഞ്ഞിരുന്നില്ലെന്നാണോർമ്മ. ആ ദുരന്തജീവിതം അവസാനിച്ചു കാണാൻ എല്ലാവരും ആഗ്രഹിച്ചിരുന്നുവെന്ന്‌ തോന്നുന്നു. മഴയുടെ ശക്തി കുറഞ്ഞപ്പോൾ ജാതീയമോ മതപരമോ ആയ ചടങ്ങുകളൊന്നുമില്ലാതെ പറമ്പിന്റെ തെക്കുവശത്ത്‌ ചേട്ടനെ അടക്കം ചെയ്‌തു.

മരിക്കുമ്പോൾ 33 വയസ്സുണ്ടായിരുന്ന ചേട്ടന്‌ ഭ്രാന്തായിരുന്നു. കടുത്ത ‘ക്രോണിക്‌ സ്‌കിസോഫ്രേനിയ. പതിനൊന്ന്‌ വർഷംമുമ്പ്‌, ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌ കോളേജിൽ 3-​‍ാം വർഷം ബി.എ. വിദ്യാർത്ഥിയായിരിക്കെ ഹോസ്‌റ്റൽമുറിയിൽ നിന്നുമോടി റെയിൽപ്പാളത്തിൽ തലവച്ചു കിടന്നതാണാരംഭം. പിന്നാലെ ഓടിച്ചെന്ന വിദ്യാർത്ഥികളാണ്‌ റെയിൽപ്പാളത്തിൽനിന്നും പിടിച്ചുമാറ്റിയത്‌. അവർ ചേട്ടന്റെ കൈകൾ ബന്ധിച്ച്‌ ഒരു കാറിൽ വീട്ടിൽ കൊണ്ടുവന്നാക്കി. അക്കാലത്ത്‌ ഭ്രാന്ത്‌ ഒരസാധാരണ രോഗമായിരുന്നു. ഒരു ശാപം. അതിന്റെ ആദ്യ പ്രതികരണം ചുറ്റുപാടുമുളളവരുടെ പഴിയാണ്‌. ഭ്രാന്തൻ മാത്രമല്ല, കുടുംബാംഗങ്ങളും എല്ലാവരിൽനിന്നും ഒറ്റപ്പെടുന്നു. അച്‌ഛൻ കമ്യൂണിസ്‌റ്റുകാരനും നിരീശ്വരവാദിയുമായിരുന്നതുകൊണ്ട്‌ തൊട്ടടുത്ത ദിവസംതന്നെ പറമ്പിന്റെ ഒരു തുണ്ട്‌ വിറ്റ പണവുമായി ചികിത്സിക്കാൻ കൊണ്ടുപോയി. അന്ന്‌ ആരോഗ്യമന്ത്രിയായിരുന്ന പി.എസ്‌.ശ്രീനിവാസന്റെ സഹായത്തോടെ മാനസികരോഗാശുപത്രിയിലെ ഡോ.ജേക്കബിന്റെ പ്രത്യേക പരിചരണം ചേട്ടന്‌ ലഭിച്ചു. ഇന്ത്യയിൽതന്നെ അറിയപ്പെടുന്ന മനോരോഗചികിത്സകനായിരുന്ന അദ്ദേഹം ചേട്ടന്റെ രോഗം ഭേദമാവുകയില്ലെന്നും മരുന്നുകൾകൊണ്ട്‌ ശാന്തമാക്കാനെ കഴിയുകയുളളുവെന്നും അച്‌ഛനോട്‌ പറഞ്ഞിരുന്നു. മാനസികാരോഗാശുപത്രിയിലെ കുറച്ചുനാളത്തെ ചികിത്സയ്‌ക്കുശേഷം അല്‌പം ശാന്തമായപ്പോൾ ചേട്ടനെ വീട്ടിലേക്ക്‌ കൊണ്ടുപോന്നു.

വളരെ പെട്ടെന്നാണ്‌ മനസ്സിലായത്‌, ആ ശാന്തതയ്‌ക്കുളളിൽ ഭ്രാന്ത്‌ കെടാതെ കനലായി എരിഞ്ഞുകിടക്കുകയാണെന്ന്‌. ഭൂതകാലം അദ്ദേഹം ഏറെക്കുറെ വിസ്‌മരിച്ചിരുന്നു. പകൽ അലഞ്ഞുതിരിഞ്ഞ്‌ നടക്കുക. രാത്രി മുഴുവൻ ഉറങ്ങാതിരിക്കുക. അപ്രതീക്ഷിതമായി ആക്രമണസ്വഭാവം കാണിക്കുക. ഉറക്കമില്ലാത്ത രാത്രികളിൽ പഴയ നാടകഗാനങ്ങൾ വരിതെറ്റിയും, അടുക്കില്ലാതെയും പാടിക്കൊണ്ടിരിക്കുക എന്നിങ്ങനെയായിരുന്നു പ്രതികരണങ്ങൾ.

ഭ്രാന്തന്റെ ലോകത്തിലേക്ക്‌ ബന്ധുക്കളോ അയൽക്കാരോ കടന്നുവന്നില്ല. ചേട്ടനെയവർ ഭയപ്പെട്ടിരുന്നപ്പോൾ, ഞങ്ങൾക്കെതിരെ നിലനിന്നത്‌ സാമൂഹ്യ ബഹിഷ്‌കരണമായിരുന്നു. എങ്കിലും ഈയവസ്ഥയിലും ഭ്രാന്തിനെക്കുറിച്ചൊട്ടേറെ പാഠങ്ങളുണ്ടായി. അച്‌ഛന്‌ നമ്പൂതിരിശാപമേറ്റതാണെന്നതാണ്‌ അതിലൊന്ന്‌. ഞങ്ങൾ നമ്പൂതിരിമാരുടെ കുടികിടപ്പുകാരായിരുന്നപ്പോൾ, അയാളുടെ പറമ്പിലെ നാളികേരം ഇട്ട്‌ വിറ്റതുകൊണ്ടാണ്‌ നമ്പൂതിരിയുടെ ശാപമേറ്റതത്രേ. മറ്റൊന്ന്‌ ഏറെ പുസ്‌തകങ്ങൾ വായിച്ചതുകൊണ്ടാണെന്നായിരുന്നു. ഇനിയുമൊരെണ്ണം അയൽക്കാരിയായൊരു പെൺകുട്ടിയുമായുളള പ്രണയബന്ധത്തിന്റെ തകർച്ചയിൽനിന്നുണ്ടായ നൈരാശ്യം കൊണ്ടായിരുന്നുവെന്നാണ്‌. മുൻചൊന്ന ആരോപണങ്ങളൊന്നും പരിഹരിക്കുക സാധ്യമല്ലാതിരിക്കെ, ഏതോ കാരണവന്മാരുടെ അതൃപ്‌തികൊണ്ടാണെന്നും ആരോ കൈവിഷം കൊടുത്തതുകൊണ്ടാണെന്നും അമ്മ വിശ്വസിച്ചിരുന്നു. മറിച്ചുളള വാദഗതികൾ അമ്മയുടെ മുമ്പിൽ വിലപ്പോകില്ലാതിരുന്നതിനാൽ, അമ്മയെ ആശ്വസിപ്പിക്കേണ്ടതുളളതുകൊണ്ട്‌ മന്ത്രവാദം നടത്തി മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഏഴു ദിവസത്തെ ഹോമം നടത്താനുറച്ചു. പുരയിടത്തിന്റെ മറ്റൊരറ്റം വിറ്റ പണംകൊണ്ട്‌, മുറ്റത്തു വിശാലമായ പന്തലുണ്ടാക്കി. ആ പന്തലിൽവച്ചായിരുന്നു ഏഴു ദിവസത്തെ ഹോമം നടന്നത്‌. പിന്നെ, കൈവിഷമിറക്കാൻ ചേർത്തലയ്‌ക്കടുത്തുളള തിരുവിഴാക്ഷേത്രത്തിൽ കൊണ്ടുപോയി ഛർദ്ദിപ്പിച്ചു. ഇക്കാലത്താണ്‌ പ്രീ യൂണിവേഴ്‌സിറ്റി ഒന്നാംവർഷ വിദ്യാർത്ഥിനിയായി ചേച്ചി ഒരന്യമതസ്ഥനുമായി ഒളിച്ചോടുന്നത്‌. ഇതോടെ ബന്ധുക്കളിൽനിന്നുമുളള എതിർപ്പ്‌ രൂക്ഷമായി. ഒരുപക്ഷേ, അക്കാലത്തെ നാട്ടിലെ ഏറ്റവും വെറുക്കപ്പെട്ട കുടുംബം ഞങ്ങളുടേതായിരുന്നു.

സ്‌കൂൾ ഫൈനൽ കഴിഞ്ഞ്‌ എറണാകുളം മഹാരാജാസ്‌ കോളേജിൽ ചേർന്നതോടെയാണ്‌ എന്റെ വായനാലോകം വികസിക്കുന്നത്‌. ചെറുപ്പം മുതലേ നോവലുകളും കഥകളും വായിക്കുമായിരുന്നെങ്കിലും കവിത, നിരൂപണം, ചരിത്രം, രാഷ്‌ട്രീയം എന്നിവയുടെ വായനയും തുടർന്നുളള എഴുത്തുമാണെന്നെ ഭാവിയിലേക്കെന്നപോലെ ഭൂതകാലത്തിലേക്കും തിരിഞ്ഞുനോക്കാൻ സഹായിച്ചത്‌.

ഞങ്ങൾ ’ഇച്ചാച്ചൻ‘ എന്ന്‌ വിളിച്ചിരുന്ന ചേട്ടനായിരുന്നു നാട്ടിൽനിന്നുമാദ്യം ബി.എ.യ്‌ക്ക്‌ പഠിച്ചിരുന്ന പുലയസമുദായാംഗം. കറുത്തു മെലിഞ്ഞ്‌ ഏതാണ്ട്‌ ആറടിക്കുമേൽ ഉയരം. നെറ്റിയുടെ ഇടതുഭാഗത്തൊരു ചെറിയ മുഴ. കുട്ടികൾ മാത്രമല്ല, പ്രായമായവർപോലുമദ്ദേഹത്തെ വിളിച്ചിരുന്നത്‌ അമ്മാവനെന്നായിരുന്നു. പഠിത്തത്തിൽ കേമനായിരുന്നില്ലെങ്കിലും വയലാർ, പി.ഭാസ്‌കരൻ, ഒ.എൻ.വി. കുറുപ്പ്‌ എന്നിവരുടെ കവിതകളോടൊപ്പം ധാരാളം നോവലുകളും വായിക്കുമായിരുന്നു. പത്താം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ കവിത എഴുതാനാരംഭിച്ചത്‌. ഒരു നോട്ടുബുക്ക്‌ നിറയെ കവിതകൾ. അവയിൽ രണ്ടുമൂന്നെണ്ണം ഏതോ ചെറുകിട പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നിരുന്നു. മിതഭാഷിയും ശാന്തനുമായിരുന്ന ചേട്ടൻ നിർഭയനും ധിക്കാരിയുമായിരുന്നു. നല്ലൊരു വോളിബോൾ കളിക്കാരനുമായിരുന്നു. പല പ്രാവശ്യം നാട്ടിലെ ചെറുപ്പക്കാരുമായി അടിപിടിയുണ്ടാക്കിയിരുന്നു. ചില ബന്ധുബലമുളള കുടുംബക്കാരുമായുളള അടിപിടി ഞങ്ങൾക്കെതിരായ നിരന്തരമായ ഭീഷണിയായി മാറിയിരുന്നു. കൂടാതെയദ്ദേഹം ഒന്നാന്തരമൊരു ചീട്ടുകളിക്കാരനുമായിരുന്നു. അതും പണം വച്ചുളള കളി. വീട്ടിൽ ഞങ്ങളുടെമേൽ അച്‌ഛനേക്കാൾ സർവ്വാധിപത്യമാണ്‌ ചേട്ടനുണ്ടായിരുന്നത്‌. ആ നോട്ടത്തിനുപോലും ഞങ്ങളെ ഭയപ്പെടുത്താൻ കഴിയുമായിരുന്നു. നിസ്സാര കുറ്റങ്ങൾക്കുപോലുമുളള ശിക്ഷ കഠിനമായിരുന്നു. തന്മൂലം പാഠപുസ്‌തകങ്ങളോടൊപ്പം സാഹിത്യകൃതികളും വായിക്കാൻ ഞങ്ങൾ നിർബന്ധിതരായി. പിന്നീട്‌ വർഷങ്ങൾക്കുശേഷം ആദ്യപുസ്‌തകമായ കലാപവും സംസ്‌കാരവും ചേട്ടനാണ്‌ ഞാൻ സമർപ്പിച്ചത്‌.

ഞാൻ ബി.എസ്‌.സിക്ക്‌ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ ഡോ.ജേക്കബ്‌ എഴുതിയ ’മനോരോഗങ്ങൾ‘ എന്ന തുടർലേഖനം മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്‌. ആ ലേഖനപരമ്പര കൃത്യമായി വായിച്ചതുകൊണ്ടാണ്‌ ചേട്ടന്റെ രോഗത്തെപ്പറ്റി എനിക്ക്‌ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞത്‌. വിവിധതരം സ്‌കിസോഫ്രേനിയകളിൽ ഒരിക്കലും ഭേദമാകില്ലാത്ത സ്‌കിസോഫ്രേനിയയാണതെന്നെനിക്ക്‌ മനസ്സിലായി. ഇപ്പോൾ ഞങ്ങളുടെ മൂന്നേക്കർ പറമ്പിൽ രണ്ട്‌ ഏക്കറും വിറ്റോ പണയപ്പെടുത്തിയോ അന്യാധീനപ്പെട്ടു കഴിഞ്ഞിരുന്നു. ബന്ധുക്കളിൽനിന്നുളള എതിർപ്പാകട്ടെ അതിരൂക്ഷമായിരുന്നു. ഇപ്രകാരമൊരു കടലെടുക്കുന്ന തുരുത്തായി നാട്ടിൽ ജീവിതം തുടരുക അസാദ്ധ്യമായപ്പോഴാണ്‌ അവശേഷിച്ചിരുന്ന വീടും പറമ്പും വിറ്റ്‌ വയനാട്ടിലേക്ക്‌ കുടിയേറാൻ തീരുമാനിച്ചത്‌.

വയനാട്ടിലെ തണുപ്പുളള കാലാവസ്ഥയിൽ നേരിയ ശാന്തത അനുഭവപ്പെട്ടെങ്കിലും ’എസ്‌ക്കസിൻ‘, ’ലാർജക്‌ടിൻ‘ എന്നീ മരുന്നുകൾ കഴിക്കാതെ വന്നതോടെ സ്ഥിതി വഷളായി. തുടർന്ന്‌, കോഴിക്കോട്‌ മാനസികരോഗാശുപത്രിയിലെ ഡോ. ശാന്തകുമാറിനെ കാണിച്ച്‌ ഹോസ്‌പിറ്റലിൽ അഡ്‌മിറ്റു ചെയ്‌തു. കുറെ നാളുകൾക്കുശേഷമാണ്‌ തിരിച്ചു കൊണ്ടുപോരുന്നത്‌. അക്കാലത്തെ മുഖ്യ സ്വഭാവം കൊടും വിശപ്പായിരുന്നു. എന്താഹാരം എത്ര കിട്ടിയാലും മതിയാത്ത വിശപ്പ്‌. ചേട്ടന്‌ ഞങ്ങളെല്ലാം അപരിചിതരായിരുന്നു. പലപ്പോഴും ആക്രമണത്തിന്‌ മുതിർന്നു. ചിലപ്പോൾ എന്നെയും മണിയെയും അടിക്കുമായിരുന്നു. നാട്ടിലൊരാളെ തല്ലിയതോടെ കേസ്സായി. കമ്പളക്കാട്‌ എസ്‌.ഐയുടെ നിർദ്ദേശപ്രകാരമാണ്‌ ചങ്ങലയിൽ ബന്ധിച്ചത്‌. വീടിന്‌ താഴെ ചെറിയൊരോലപ്പുരയുണ്ടാക്കിയാണ്‌ ചങ്ങലയിൽ ബന്ധിച്ചിട്ടിരുന്നത്‌. ഏറെ ദുഃഖകരമായിരുന്നാ കാഴ്‌ച. പരിപൂർണ്ണനഗ്‌നനായി മലമൂത്രവിസർജ്ജനങ്ങൾ ഒരൊറ്റ സ്ഥലത്ത്‌ നടത്തി, കൂനിക്കൂടിയുളള ഇരിപ്പ്‌ ഖസാക്കിന്റെ ഇതിഹാസത്തിലെ കുപ്പുവച്ചനെയാണോർമ്മിപ്പിക്കുന്നത്‌. കൊടുംമഞ്ഞിലും മഴയിലും ഒരു കരിമ്പടമാണ്‌ പുതച്ചിരുന്നത്‌. പലപ്പോഴും ഏറെ ക്ലേശങ്ങൾ സഹിച്ചാണ്‌ കുളിപ്പിച്ചതും മുടിയും താടിയും വടിച്ചിരുന്നതും. ഈ ശുശ്രൂഷയിൽ അനുജൻ മണി ഏറെ ത്യാഗപൂർവ്വം പ്രവർത്തിച്ചിരുന്നതുകൊണ്ടാണവന്‌ പഠനം തുടരാൻ കഴിയാതെ വന്നത്‌. വയനാട്ടിൽ ഞങ്ങൾക്ക്‌ ബന്ധുക്കളില്ലാതിരുന്നതിനാലും ചുറ്റുപാടുമുളള കുടിയേറ്റക്കാർക്ക്‌ ഏതെങ്കിലും തരത്തിലുളള ദുരനുഭവങ്ങളുണ്ടായിരുന്നതിനാലും ഏറെ പഴി കേൾക്കേണ്ടി വന്നില്ല. മറ്റൊരു കാരണം, ഞങ്ങളുടെ സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌കാരിക ജീവിതത്തോട്‌ നാട്ടുകാർ പുലർത്തിയ ആദരവായിരുന്നു.

ചേട്ടന്റെ മരണസമയത്തും അതിന്‌ മുമ്പുളള ഏതാനും നാളുകളിലും ഞാൻ വീട്ടിലില്ലാതിരുന്നതിനാൽ അവസാന നാളുകളെക്കുറിച്ചറിയാൻ കഴിഞ്ഞില്ല. അക്കാര്യം ആരോടും ചോദിച്ചിട്ടുമില്ല. ആ മരണത്തിനുശേഷം വീട്ടിലാർക്കും വയനാട്ടിൽ തുടർന്ന്‌ താമസിക്കാനുളള താത്‌പര്യമുണ്ടായില്ല. അമ്മയാണ്‌ ഏറെ അസ്വസ്ഥത പുലർത്തിയത്‌. ചേട്ടനെ ജാതീയമായ ആചാരങ്ങളില്ലാതെ സംസ്‌കരിച്ചതിൽ അവർ അതീവദുഃഖിതയായിരുന്നു. ചേട്ടന്റെ ആത്മാവ്‌ ഗതികിട്ടാതെ അലഞ്ഞുനടക്കുകയാണെന്നും ഞങ്ങളുടെ ദുർഗതിക്ക്‌ കാരണമതാണെന്നും അമ്മ വിശ്വസിച്ചിരുന്നു. മാത്രമല്ല, ചേട്ടനെ സംസ്‌കരിച്ച സ്ഥലത്തുനിന്നും കുറച്ചു മണ്ണെടുത്ത്‌ ഒരു പ്ലാസ്‌റ്റിക്‌ പെട്ടിയിൽ അമ്മ സൂക്ഷിച്ചിരുന്നു. അമ്മയുടെ രോഗങ്ങളോടൊപ്പം അസ്വസ്ഥതയും അധികരിച്ചതോടെയാണ്‌ കാരാപ്പുഴ പദ്ധതി പ്രദേശത്തുനിന്നും കുടിയിറക്കപ്പെട്ട ഞങ്ങൾ രണ്ട്‌ വർഷം വയനാട്ടിലെ വാകേരിയിലെ താമസത്തിനുശേഷം കല്ലറയിലേക്ക്‌ താമസം മാറ്റുന്നത്‌. വയനാട്ടിൽനിന്നും പോരുമ്പോൾ ആ മണ്ണും കൊണ്ടുപോന്നിരുന്നു. കല്ലറയിൽ താമസമാക്കിയ ആദ്യനാളുകളിൽതന്നെ വയനാട്ടിൽനിന്നും കൊണ്ടുവന്ന മണ്ണ്‌ മുന്നിൽവച്ച്‌ മന്ത്രവാദവും ഹോമവും നടത്തി ചേട്ടന്റെ ആത്മാവിന്‌ അമ്മ നിത്യശാന്തി നൽകി.

ഇപ്പോഴെനിക്ക്‌ പൂർണ്ണമായറിയാം, ഭ്രാന്ത്‌ രോഗമാണ്‌. തലച്ചോറിന്റെ കോശങ്ങളിൽ അജ്ഞാതമായ കാരണങ്ങളാലുണ്ടാകുന്ന രാസപ്രവർത്തനമാണതിനുറവിടം. അപൂർവ്വം ചിലർക്കൊഴിച്ച്‌ ചികിത്സകൊണ്ടോ മനഃശാസ്‌ത്രപരമായ പരിചരണംകൊണ്ടോ ഭേദമാക്കാവുന്നതാണത്‌. ക്രോണിക്‌ സ്‌കിസോഫ്രേനിയ പോലും മരുന്നുകളും പരിചരണവും കൊണ്ട്‌ നിയന്ത്രിക്കാൻ കഴിയുന്ന വിധം ചികിത്സ&മനഃശാസ്‌ത്രമേഖല വളർന്നിട്ടുണ്ട്‌. ചേട്ടന്‌ ഭ്രാന്തുണ്ടാകാൻ കാരണമെന്ന്‌ നാട്ടുകാർ കരുതിയ സാഹചര്യങ്ങൾ എനിക്കഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്‌. നമ്പൂതിരി ശാപമേൽക്കാൻ കഴിയുന്നവിധം, സീഡിയന്റെ പ്രവർത്തനഫണ്ട്‌ പിരിക്കാൻ പോയ ഞാനുൾപ്പെടുന്നൊരു സംഘം ഒരു നമ്പൂതിരിയെ ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന്‌ മുതിരുകയും ചെയ്‌തിട്ടുണ്ട്‌. പുസ്‌തകവായനയും പ്രേമനൈരാശ്യവും എനിക്കന്യമല്ല.

ചേട്ടന്റെ ഭ്രാന്തോ മരണമോ അല്ല, ഇപ്പോഴുമദ്ദേഹത്തെക്കുറിച്ചോർമ്മിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്‌. മറിച്ചദ്ദേഹം അബോധപൂർവ്വം എന്റെ ബാല്യ-കൗമാരങ്ങളിൽ ചെലുത്തിയ സ്വാധീനമാണ്‌. ആ സ്വാധീനം ആഴമേറിയതായതുകൊണ്ടാണ്‌ ഇപ്പോഴുമൊരു അപരനോട്‌ ഞാൻ പുലർത്തുന്ന ആത്മബന്ധം. ആ അപരൻ എന്റെ അച്‌ഛന്റെ ജ്യേഷ്‌ഠന്റെ മകനായ ടി.യു.കുഞ്ഞാണ്‌. എൻ.ജി.ഒ. യൂണിയന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഇപ്പോൾ പി.ഡബ്ലിയു.ഡിയിൽ നിന്നും റിട്ടയർ ചെയ്‌ത കുഞ്ഞേട്ടനോട്‌ ഞാനെപ്പോഴും നിർവ്വചിക്കാനാവാത്തൊരടുപ്പം പുലർത്തിയിരുന്നു. മരിച്ചുപോയ ചേട്ടന്റെ സ്ഥാനത്ത്‌ ഞാനദ്ദേഹത്തെ കണ്ടിരുന്നുവോ?

(ഡിസി ബുക്‌സ്‌ പുറത്തിറക്കുന്ന പച്ചക്കുതിര മാസികയുടെ ’ഭ്രാന്ത്‌‘ എന്ന പതിപ്പിൽ നിന്നും-)

കെ.കെ. കൊച്ച്‌ ദലിത്‌ ആക്‌ടിവിസ്‌റ്റും എഴുത്തുകാരനുമാണ്‌.

Generated from archived content: essay2_dec20.html Author: kk_kochu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here