ദാമ്പത്യം
രാത്രി ഃ 10.30
ഭാര്യഃ ഞാനൊരു പാട്ടു പാടട്ടെ?
ഭർത്താവ് ഃ വേണ്ട
ഭാര്യ ഃ അതെന്താ?
ഭർത്താവ് ഃ എനിക്കുറങ്ങണം
രാത്രി 12.10
ഭർത്താവ് ഃ ഞാനൊന്ന് ചുംബിക്കട്ടെ?
ഭാര്യ ഃ വേണ്ട
ഭർത്താവ് ഃ അതെന്താ?
ഭാര്യ ഃ എനിക്കുറങ്ങണം
വായന
ആരു പറഞ്ഞു വായന മരിച്ചെന്ന്?
വില്‌പനയിൽ റെക്കാർഡ് സൃഷ്‌ടിക്കുന്ന അശ്ലീല സിനിമാ നടിയുടെ ആത്മകഥ ഉയർത്തിപ്പിടിച്ചുകൊണ്ട് പുസ്‌തക പ്രസാധകൻ പ്രസംഗിച്ചപ്പോൾ വായനയെ സ്‌നേഹിക്കുന്ന ഞങ്ങൾ നാട്ടുകാർ ഹാളുകിടുങ്ങുമാറുച്ചത്തിൽ കൈയ്യടിച്ചുകൊണ്ടേയിരുന്നു.
ആത്മഹത്യ
ജീവിതം മടുത്ത് ആത്മഹത്യക്കൊരുങ്ങിയപ്പോൾ കൺഫ്യൂഷൻ.
എങ്ങിനെ മരിക്കണം?
തൂങ്ങിമരണം, ട്രെയിൻ, വിഷം….?
ചിന്തിച്ച് ചിന്തിച്ച് താടിയും മുടിയും നീട്ടി നടന്ന എനിക്കിപ്പോൾ ഒരെഴുത്തുകാരന്റെ ഛായയുണ്ടെന്ന് എല്ലാവരും പറയുന്നു.
എന്തായാലും ഇപ്പോൾ ഞാൻ എഴുത്തിലേക്കിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ആത്മഹത്യ പിന്നെയും ചെയ്യാമല്ലോ… അല്ലേ….
സൗഹൃദം
അനന്തരാമൻ എന്ന ഞാനും മുഹമ്മദ് ഇഖാബാൽ എന്ന അവനും അടുത്ത സുഹൃത്തുക്കൾ. ഞങ്ങൾ വൈകുന്നേരങ്ങളിൽ മാനാഞ്ചിറയുടെ പുൽപ്പരപ്പിൽ മലർന്നുകിടന്ന് മദ്യത്തെപ്പറ്റിയും പെൺകുട്ടികളെപ്പറ്റിയും സംസാരിച്ചു. കോർണേഷൻ തീയേറ്ററിൽ തമിഴ് സിനിമാ ഗാനങ്ങൾക്കൊപ്പിച്ച് നൃത്തം ചവുട്ടി. എന്നാൽ ഞങ്ങളൊരിക്കലും മാറാട്, ഗുജറാത്ത്, എൻ ഡി എഫ്, വി എച്ച് പി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായില്ല. ഭയത്തിന്റെ തിരശ്ശീല സംസാരങ്ങളിൽ ഞങ്ങൾക്ക് അതിർത്തികൾ നിശ്ചയിച്ചു. എന്നാൽ ഇപ്പോൾ ഞാൻ ഭയപ്പെടുന്നത് മുമ്പ് സംസാരിച്ചിരുന്ന കാര്യങ്ങൾപോലും സംസാരിക്കാൻ പറ്റാതാവുന്ന ഒരു നിമിഷത്തെക്കുറിച്ചോർത്താണ്.
കവല(കൾ)
കവലയുടെ ഒരറ്റത്ത് ഏതോ ഒരു മുസ്ലീം സംഘടനയുടെ പൊതുയോഗത്തിനുളള ഒരുക്കങ്ങൾ നടക്കുകയാണ്. അക്‌ബർ സൗണ്ട്‌സിലെ പയ്യൻ മൈക്ക് ടെസ്‌റ്റ് ചെയ്യുന്നു. സ്‌റ്റേജിനടുത്തിരുന്ന് സിഗരറ്റ് പുകയ്‌ക്കുകയാണ് അബ്ബാസും റിയാസലിയും. പെട്ടെന്നാണ് കാവിയുടുത്ത് ചെമന്ന പൊട്ടുതൊട്ട രമേശൻ പൊതുയോഗസ്ഥലത്തേക്ക് നടന്നത്. കവല നിശബ്‌ദമായി. എന്തും സംഭവിക്കാം……
ഹുസൈന്റെ നേതൃത്വത്തിലുളള ഒരു കൂട്ടം മുസ്ലീംങ്ങൾ എന്തിനും തയ്യാറായി നിലയുറപ്പിച്ചപ്പോൾ ഇപ്പുറത്ത് ദേവദാസിന്റെ നേതൃത്വത്തിലുളള ഹിന്ദു സംഘവും കാത്തുനിൽക്കുകയാണ്.
രമേശൻ അബ്ബാസിനും റിയാസലിക്കും അടുത്തെത്തി.
വാഹനങ്ങൾ ബ്രേക്കിട്ടു. മത്സ്യമാർക്കറ്റിൽ ഇതേവരെ ബഹളമുണ്ടാക്കിയിരുന്ന കാക്കകളുടെ ശബ്‌ദം പോലും കേൾക്കാനില്ല.
എന്തും സംഭവിക്കാം….
പെട്ടെന്ന് രമേശൻ പോക്കറ്റിൽനിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ച് അബ്ബാസിനുനേരെ കൈനീട്ടി. അബ്ബാസ് ഒരു കവിൾ പുകകൂടി വലിച്ചുകയറ്റി സിഗരറ്റ് രമേശന് നൽകി. അതിൽനിന്നും തന്റെ സിഗരറ്റിലേക്ക് തീ പകർന്ന് രമേശൻ തിരിച്ച് നടന്നു.
ഇത്തരം ഓരോ തീ വാങ്ങലുകൾ പോലും കവല(കൾ)യെ തീ തീറ്റിച്ചു കൊണ്ടേയിരിക്കുന്നു.
മരണം
അകത്ത് വല്യച്ഛന്റെ അവസാന നിമിഷങ്ങൾ…
മറ്റു ബന്ധുക്കൾക്കൊപ്പം രവിയും ഡോക്‌ടർ ഇന്നത്തെ രാത്രികൂടെ മാത്രം ആയുസ്സ് വിധിച്ച വല്യച്ഛന്റെ മരണത്തെ കാത്തിരിക്കുകയാണ്.
കാത്തിരുന്ന് കാത്തിരുന്ന് രവി ഉറങ്ങിയപ്പോൾ വല്യച്ചൻ രാത്രിയെ അതിജീവിച്ചു.
രാവിലെ കട്ടൻ കാപ്പിയുമായി വന്ന വേലക്കാരി രവിയെ വിളിച്ചു.
രവിസാറെ എഴുന്നേൽക്കൂ. വല്യച്ഛന് ഒന്നും സംഭവിച്ചിട്ടില്ല.
പക്ഷേ രവി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. വല്യച്ഛന്റെ മരണത്തെ കാത്തിരുന്ന രവി മരണത്തിന്റെ ശാന്തമായ, കറുത്ത ഇടനാഴിയിലൂടെ യാത്ര ചെയ്യാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
Generated from archived content: story1_apr5_08.html Author: kk_jayesh