ദുരവസ്‌ഥ

അനസൂയയും പ്രിയംവദയും സഹോദരിമാരായിരുന്നു. വിവാഹം കഴിഞ്ഞ്‌ നിരവധി വർഷങ്ങൾക്കുശേഷം ഭാസ്‌ക്കരൻമാസ്‌റ്റർക്ക്‌ ആറ്റുനോറ്റുണ്ടായ ഇരട്ടക്കുട്ടികൾ.

“ഇവരിലാരാണ്‌ മൂത്തത്‌?” ആരെങ്കിലും അന്വേഷിച്ചാൽ അനസൂയയുടെ പ്രിയംവദയുടെയും അമ്മ പറയും.“ആദ്യം അനസൂയയെ പെറ്റു. പിന്നെ പ്രിയംവദയേയും.”

ഭാസ്‌ക്കരൻമാസ്‌റ്ററപ്പോൾ തിരുത്തിക്കൊണ്ടുപറയും.“ആദ്യം പെറ്റകുട്ടിയെ അനസൂയയെന്നു വിളിച്ചു. പിന്നെ പെറ്റക്കുട്ടിയെ പ്രിയംവദയെന്നും.”

അനസൂയയ്‌ക്കപ്പോൾ റേഡിയോവിലെ ലളിതസംഗീതപാഠമാണ്‌ ഓർമ്മവരിക. അമ്മയുടെ സംസാരവും അനുബന്ധമായുളള അച്‌ഛന്റെ തിരുത്തലും കേൾക്കുമ്പോൾ അനസൂയ പറയും. “തുടങ്ങിയല്ലോ അച്‌ഛനുമമ്മയും ലളിതസംഗീതപാഠം.”

അതുകേൾക്കുമ്പോൾ ഭാസ്‌ക്കരൻമാസ്‌റ്റർ ചിരിക്കും. ചിരിയായിരുന്നു ഭാസ്‌കരൻമാസ്‌റ്ററുടെ മുഖമുദ്ര. ദേഷ്യപ്പെടുന്ന ഭാസ്‌ക്കരൻമാസ്‌റ്ററുടെ മുഖം ആരുടെയും ഓർമ്മയിലില്ല. മുഖം കറുത്തൊരു വാക്ക്‌ തന്റെ ആയുസ്സിൽ മാസ്‌റ്റർ മക്കളോട്‌ പറഞ്ഞിട്ടില്ല. മക്കൾ വികൃതിക്കാണിച്ചാലും വാശിപിടിച്ചാലും മാസ്‌റ്റർ ചിരിയ്‌ക്കാറേയുളളൂ. അത്‌ കാണുമ്പോൾ മാസ്‌റ്ററുടെ ഭാര്യ പറയും. “നിങ്ങളവരെ ലാളിച്ചു വഷളാക്കേണ്ട. ഇന്നല്ലെങ്കിൽ നാളെ മാറ്റാ​‍േൻ​‍്യാടെ പൊറുക്കണ്ടോരാ, പെൺകുട്ട്യോള്‌.”

അതുകേൾക്കുമ്പോഴും ഭാസ്‌ക്കരൻമാസ്‌റ്റർ ചിരിക്കും. സ്‌നേഹമാണഖിലസാരമൂഴിയിൽ എന്നതായിരുന്നു മാസ്‌റ്ററുടെ വിശ്വാസപ്രമാണം. ആശാൻ കവിതകൾ മാസ്‌റ്റർ ഈണത്തിൽ ചൊല്ലുമായിരുന്നു. അച്‌ഛന്റെ കാവ്യാഭിരുചി മക്കൾക്കും പകർന്നു കിട്ടി.

അനസൂയയറിയാത്ത ഒരു രഹസ്യവും പ്രിയംവദയ്‌ക്കുണ്ടായിരുന്നില്ല. പ്രിയംവദയറിയാത്ത ഒരു രഹസ്യവും അനസൂയയ്‌ക്കുമുണ്ടായിരുന്നില്ല. അവരൊന്നും പരസ്‌പരം മറച്ചുവെച്ചില്ല. അനസൂയ അരവിന്ദനെ പ്രണയിച്ചമ്പോൾ അവളത്‌ പ്രിയംവദയോടു പറഞ്ഞു. അരവിന്ദൻ അനസൂയയ്‌ക്കയച്ച ആദ്യത്തെ പ്രണയലേഖനം അവരൊന്നിച്ചാണ്‌ വായിച്ചതും. വായിച്ചു കഴിഞ്ഞതിനുശേഷം അനസൂയ പറഞ്ഞു. “എന്റെ അരവിന്ദേട്ടൻ.”

എന്റേതെന്ന സങ്കല്പം അന്നോളം അവരുടെ ജീവിതത്തിലുണ്ടായിട്ടില്ല. സ്വാർത്ഥം തീർച്ചയായും പ്രണയവുമായി ബന്ധപ്പെട്ട സംഗതിയായിരിക്കണം. സഹോദരിമാരെങ്കിലും തോഴിമാരെപോലെയാണ്‌ അവർ ജീവിച്ചത്‌, അതുകൊണ്ടുതന്നെ സഹോദരിമാർ തമ്മിലുളള ബന്ധത്തിൽ സ്വാഭാവികമായും സംഭവിക്കാവുന്ന അതിർത്തി രേഖകളൊന്നും തന്നെ അവൾക്കിടയിലുണ്ടായിരുന്നില്ല. അവരെല്ലാം തുറന്നു സംസാരിച്ചു. ഈസോപ്പുകഥകൾ മുതൽ ഹാരോൾഡ്‌ റോബിൻസൺ വരെ അവരൊന്നിച്ചാണ്‌ വായിച്ചതും.

ആർത്തവത്തോടടുത്ത ദിവസങ്ങളിലൊരിക്കൽ അനസൂയ പ്രിയംവദയോടു പറഞ്ഞു. “ആർത്തവത്തോടടുക്കുന്ന ദിവസങ്ങളിൽ കത്തുന്ന ഒരു പച്ചമരമാണ്‌ ഞാൻ. ഈ അഗ്‌നിയെ ഒന്നണയ്‌ക്കാൻ…”

അനസൂയ അർദ്ധോക്‌തിയിൽ നിർത്തിയപ്പോൾ പ്രിയംവദ പൂരിപ്പിച്ച. “വേനൽ പോലെ കരുത്തുളള ഒരു പുരുഷൻ വേണം അല്ലേ അനസൂയാ. ഉഷ്‌ണം ഉഷ്ണേനശാന്തിയെന്നാണല്ലോ.”

“വേനൽപോലെ കരുത്തുളള പുരുഷൻ. നിന്റെ ഉപമ ശംഭീരമായിട്ടുണ്ട്‌. അച്‌ഛൻ കേട്ടിരുന്നുവെങ്കിൽ തീർച്ചയായും പ്രശംസിച്ചേനെ.” അനസൂയ ചിരിച്ചുകൊണ്ടു പറഞ്ഞു.

“അച്‌ഛൻ കേട്ടാൽ പ്രശംസിക്കുകയല്ല. എത്രയും പെട്ടെന്ന്‌ കെട്ടിച്ചയയ്‌ക്കാനാവും നോക്കുക.” പ്രിയംവദയും ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.

അരവിന്ദനയച്ച ആദ്യത്തെ പ്രണയലേഖനം അവരൊന്നിച്ചാണ്‌ വായിച്ചതെങ്കിലും അരവിന്ദന്റെ ആദ്യചുംബനം അനസൂയയുടെ മാത്രം സ്വകാര്യമായി. ഭ്രൂണദശമുതൽ ഒരേ പറുദീസ പങ്കിട്ട അനസൂയയ്‌ക്കും പ്രിയംവദയ്‌ക്കുമിടയിൽ ആദ്യത്തെ രഹസ്യമുണ്ടായത്‌ അരവിന്ദൻ അനസൂയയെ ചുംബിച്ചതുമുതലാണ്‌. അന്നു രാവിൽ പ്രിയംവദ ഉറങ്ങിയിട്ടും അനസൂയ ഉറങ്ങിയില്ല. പിറ്റേന്നു രാവിലെ പ്രിയംവദ ഉണർന്നിട്ടും അനസൂയ ഉണർന്നില്ല.

അടുത്തുളള ക്ഷേത്രത്തിൽനിന്നും ഉയർന്നുകേട്ട കൗസല്യാ സുപ്രജാ എന്നു തുടങ്ങുന്ന കീർത്തനത്തിനൊപ്പം പതിവുപോലെ പ്രിയംവദയുണർന്നു. അനസൂയ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തിലും അവളുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം തെളിഞ്ഞു. അവളേതോ മധുര സ്വപ്നത്തിലായിരുന്നിരിക്കണം. പ്രിയംവദ കിടപ്പറവിട്ടു അടുക്കളയിലേക്ക്‌ നടന്നു.

ഒരു പുറംമൊരിഞ്ഞ ദോശ മറിച്ചിടുന്നതിനിടയിൽ അമ്മ പ്രിയംവദയോടു ചോദിച്ചു. “അനസൂയയെവിടെ?”

“അവളുണർന്നിട്ടില്ല.” പ്രിയംവദ പറഞ്ഞു.

പതിവു തെറ്റിയതോർത്ത്‌ അമ്മ ചോദ്യഭാവത്തിൽ പ്രിയംവദയെ നോക്കി. മുൻപൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ല. കിടപ്പറവിട്ട്‌ അവരൊന്നിച്ചേ ഇന്നലെയോളം പുറത്തിറങ്ങിയിട്ടുളളു.

അനസൂയ ഉറക്കമുണരുമ്പോൾ അരികിൽ പ്രിയംവദയെ കണ്ടില്ല. അവളെഴുന്നേറ്റ്‌ അടുക്കളയിലേയ്‌ക്ക്‌ നടന്നു.

“അമ്മേ പ്രിയംവദയെവിടെ?” അനസൂയ ചോദിച്ചു.

“അവൾ പുറത്തെങ്ങാനുമുണ്ടാകും. നീയെന്തേ എണീയ്‌ക്കാൻ വൈകിയത്‌?” അമ്മ ചോദിച്ചു.

അനസൂയ അതിന്‌ മറുപടിയൊന്നും പറഞ്ഞില്ല. അവൾ പുറത്തേയ്‌ക്ക്‌ നടന്നു.

മുറ്റത്തെ പനിനീർച്ചെടിയിൽ വിരിഞ്ഞ പൂക്കളെ ലാളിച്ചുകൊണ്ട്‌ പ്രിയംവദ നിൽപ്പുണ്ടായിരുന്നു.

“നീയെന്തേ എന്നെ വിളിച്ചില്ല.” അനസൂയ പ്രിയംവദയോടു ചോദിച്ചു.

“സ്വർഗ്ഗത്തിലെ കട്ടുറുമ്പാവേണ്ടെന്നു കരുതി.” പ്രിയംവദ പറഞ്ഞു.

“സ്വർഗ്ഗത്തിലെ കട്ടുറുമ്പോ?” അനസൂയ ചോദ്യഭാവത്തിൽ പ്രിയംവദയെ നോക്കി.

“നീ ഉറക്കത്തിൽ ചിരിയ്‌ക്കുന്നതുകണ്ടു. എന്തായിരുന്നു സ്വീറ്റ്‌ ഡ്രീം.”

അനസൂയ അതിനു മറുപടിയൊന്നും പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്‌തു.

“ഉറക്കത്തിലെ ചിരിയ്‌ക്ക്‌ ഉണർവിലെ ചിരിയുടെ അകമ്പടി. എന്നോടും കൂടൊന്നു പറ. എന്തായിരുന്നു സ്വപ്‌നം.”

“ഏയ്‌ ഒന്നുമില്ല” അനസൂയ ഒഴിഞ്ഞുമാറി.

അനസൂയയുടെയും പ്രിയംവദയുടെയും കോളേജിൽ പുതിയതായി നിയമനം കിട്ടി വന്ന ഇംഗ്ലീഷ്‌ ലക്‌ചററായിരുന്നു അരവിന്ദൻ. ഷെല്ലിയേയും കീറ്റ്‌സിനേയും വ്യാഖ്യാനിക്കുന്നതിനിടയിൽ എപ്പോഴോ അരവിന്ദന്റെ കണ്ണുകൾ അനസൂയയുടെ കണ്ണുകളുമായി ഇടഞ്ഞു. അതായിരുന്നു തുടക്കം. പിന്നെപ്പിന്നെ…

ഇരട്ടക്കുട്ടികളുടെ വിവാഹവും ഒരുമിച്ചുതന്നെ നടത്തണമെന്നത്‌ അനസൂയയുടെയും പ്രിയംവദയുടേയും അച്ഛനമ്മമാരുടെ ആഗ്രഹമായിരുന്നു. അവരുടെ ജന്‌മത്തോളം പഴക്കമുളള പൂർവ്വനിശ്‌ചയം. അരവിന്ദന്റെ വീട്ടുകാർ അനസൂയയെ കാണാനെത്തിയപ്പോൾ അച്ഛൻ ഒരു നിബന്ധനമാത്രം വെച്ചു. “കല്ല്യാണദിവസം നിശ്ചയിക്കുന്നതൊക്കെ പിന്നീടാവാം. തൽക്കാലം ഒരു മോതിരം മാറൽ ചടങ്ങ്‌. പ്രിയംവദയുടെ ബന്ധുതകാര്യം കൂടി ശരിയായാ പിന്നെ എപ്പോ വേണമെങ്കിലും കല്ല്യാണമാവാം.”

അരവിന്ദന്റെ വീട്ടുകാർ അതിനു തടസ്സമൊന്നും പറഞ്ഞില്ല. ജാതകം നോക്കണമെന്ന കാര്യത്തിലായിരുന്നു അവർക്കു നിർബന്ധം. അരവിന്ദന്റേയും അനസൂയയുടെയും ജാതകങ്ങൾ ഒത്തുനോക്കിയ ജ്യോത്സ്യൻ രണ്ടുവീട്ടുകാരോടുമായി പറഞ്ഞു. “ഈ ജാതകങ്ങൾ തമ്മിൽ ഒട്ടും പൊരുത്തമില്ല. പോരെങ്കിൽ സ്‌ത്രീ ജനിച്ച കൂറിന്റെ ആറാം കൂറിലാണ്‌ പുരുഷജന്മം. അന്യോന്യവൈര്യവും വിരഹദുഃഖവുമാണ്‌ ഫലം. രണ്ടിലൊരാൾക്കു മരണംവരെ സംഭവിക്കാം.”

“അരവിന്ദേട്ടനെയല്ലാതെ മറ്റൊരാളെ ഞാൻ വിവാഹം കഴിയ്‌ക്കില്ല. ഈ വിവാഹം മുടങ്ങ്യാ ഞാൻ തൂങ്ങിച്ചാവും.” ജ്യോത്സ്യരുടെ ഫലപ്രവചനമറിഞ്ഞ അനസൂയ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.

“മോളേ, നിന്റെയിഷ്‌ടത്തിനൊന്നും ഇന്നോളം അച്ഛനെതിരുനിന്നിട്ടില്ല. എന്നാലും ജ്യോത്സ്യരിങ്ങനെ പറഞ്ഞ സ്‌ഥിതിയ്‌ക്ക്‌…”അച്‌ഛൻ മകളോട്‌ പറഞ്ഞു.

“എനിയ്‌ക്കൊന്നും കേൾക്കണ്ട. എനിക്ക്‌ അരവിന്ദേട്ടനെ മറക്കാനാവില്ല.” അനസൂയ തേങ്ങലോടെ പറഞ്ഞു.

“മോളേ അതൊക്കെ ചെറുപ്പത്തിന്റെ ഒരു തോന്നൽ മാത്രമാണ്‌. കന്യമാർക്കു, നവാനുരാഗങ്ങൾ കമ്രശോണ സ്‌ഫടികവളകൾ, ഒന്നു പൊട്ടിയാൽ മറ്റൊന്ന്‌. അതല്ലേ ശരി.” അച്‌ഛൻ ചോദിച്ചു.

“വൈലോപ്പിളളിയല്ലല്ലോ അച്ഛന്റെ കവി. ആശാൻ ആശയഗംഭീരൻ എന്നാണ്‌ അച്ഛൻ പറയാറുളളത്‌. പഴകിയ തരുവല്ലിമാറ്റിടാം, പുഴയൊഴുകും വഴി വേറെയാക്കിടാം, കഴിയുമവ- മനസ്വിമാർ മന-,സ്സൊഴിവതശക്യമൊരാളിലൂന്നിയാൽ. ലീലയിലെ ഈ വരികൾ അച്‌ഛനോർമ്മയുണ്ടാവും.” അനസൂയ പറഞ്ഞു.

അനസൂയയുടെ വാക്കുകൾക്കു മുൻപിൽ ഭാസ്‌ക്കരൻമാസ്‌റ്റർ നിരായുധനായി. മാസ്‌റ്റർ തെല്ലിട നിശ്ശബ്‌ദനായി. പിന്നീട്‌ അനസൂയയെ നോക്കി പറഞ്ഞു. “മോളുടെ തീരുമാനമിതാണെങ്കിൽ അച്ഛനിനി മറുത്തൊന്നും പറയുന്നില്ല. നിനക്കു നല്ലതുവരണമെന്നേ അച്ഛനുളളൂ.”

“അച്‌ഛന്റെ അനുഗ്രഹമുണ്ടെങ്കിൽ എനിയ്‌ക്കൊരാപത്തും വരില്ല.”

അരവിന്ദന്റെ വീട്ടിലും കടുത്ത എതിർപ്പുണ്ടായിരുന്നു.

“ജ്യോത്സ്യത്തിലൊന്നും വലിയ കാര്യമില്ല. മനസ്സുകൾ തമ്മിലുളള പൊരുത്തമാണ്‌ പ്രധാനം. ഞങ്ങൾ തമ്മിലതുണ്ട്‌.” അരവിന്ദൻ തന്റെ വീട്ടുകാരോട്‌ തീർത്തു പറഞ്ഞു.

ഒടുവിൽ രണ്ടുവീട്ടുകാരും മനമില്ലാമനസ്സോടെ വിവാഹത്തിനു സമ്മതിച്ചു.

പ്രിയംവദയുടെ പ്രതിശ്രുതവരൻ ബാലചന്ദ്രന്‌ സ്‌റ്റേറ്റ്‌ ബാങ്കിലായിരുന്നു ജോലി. അച്ഛനമ്മമാർക്ക്‌ ഏക മകൻ.

നാടടക്കിയ സദ്യയോടെ അനസൂയയുടെയും പ്രിയംവദയുടെയും കല്യാണം കഴിഞ്ഞു. അറിഞ്ഞവരൊക്കെ പറഞ്ഞു. “ഭാസ്‌ക്കരൻമാഷ്‌ ഭാഗ്യവാനാ. പൊന്നുംകുടം പോലുളള രണ്ടു പെങ്കുട്ട്യോള്‌. പൗർണ്ണമി തിങ്കൾപോലെ രണ്ടു മരുമക്കളും. ഇനി എന്താ വേണ്ടത്‌.”

സംഗതി സത്യമായിരുന്നു. പക്ഷേ അനസൂയയുടെ പൗർണ്ണമി തിങ്കളിന്‌ ഗ്രഹണം വിഴുങ്ങിയത്‌ പൊടുന്നനെയായിരുന്നു.

ഇടത്തേക്കണ്ണിന്‌ കാഴ്‌ച കുറഞ്ഞുകൊണ്ടായിരുന്നു അരവിന്ദന്‌ അസുഖം തുടങ്ങിയത്‌. നഗരത്തിലെ പ്രശസ്‌തമായ ഇ.എൻ.ടി. ഡോക്‌ടർ ആദ്യം ചികിത്സിച്ചു. പിന്നീട്‌ അങ്കമാലിയിലും മധുരയിലുമുളള കണ്ണാശുപത്രികളിലൊക്കെ ചികിത്സ തുടർന്നു. ഒടുവിലാണ്‌ വിവരമറിഞ്ഞത്‌. അരവിന്ദന്‌ അർബുദമാണെന്ന്‌ തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. എണ്ണവറ്റിയ ദീപം കണക്കെ അയാൾ കരിന്തിരി കത്തിയണഞ്ഞു.

അനസൂയ വാവിട്ടു കരഞ്ഞു. ഒപ്പം പ്രിയംവദയും. അരവിന്ദന്റെ ശവസംസ്‌കാരചടങ്ങിൽ വെച്ചായിരുന്നു ഭാസ്‌ക്കരൻമാസ്‌റ്റർക്ക്‌ ആദ്യമായി നെഞ്ചുവേദന അനുഭവപ്പെട്ടത്‌. പിന്നീടേറെക്കാലം മാസ്‌റ്റർ ജീവിച്ചിരുന്നില്ല.

ഒടുവിൽ ആ വലിയവീട്ടിൽ അമ്മയും അനസൂയയും തനിച്ചായി. ഭാസ്‌ക്കരൻ മാസ്‌റ്ററുടെ പെൻഷനുണ്ടായിരുന്നതിനാൽ അവരുടെ നിത്യവൃത്തിക്ക്‌ ബുദ്ധിമുട്ടുണ്ടായില്ല. എങ്കിലും ജീവിതം ചിലപ്പോൾ ചിലരോട്‌ ഒട്ടും കാരുണ്യം കാണിക്കാറില്ലല്ലോ. അനസൂയയുടെ കാര്യത്തിലും അതാണ്‌ സംഭവിച്ചത്‌. അച്‌ഛൻ മരിച്ച്‌ ആണ്ടൊന്ന്‌ തികയും മുൻപ്‌ അമ്മയും മരിച്ചു. ഉറക്കത്തിലായിരുന്നു മരണം. “അനായാസേന മരണം, വിനാ ദൈന്യേനജീവിതം” എന്നാണല്ലോ. അമ്മയുടെ മരണം ശ്ലോകത്തിലെന്നോണം അനായാസമായിരുന്നുവെങ്കിലും അതിനുശേഷമുളള അനസൂയയുടെ ജീവിതം ആയാസകരമായിരുന്നു. അമ്മ മരിച്ചതോടെ അച്‌ഛന്റെ പെൻഷൻ മുടങ്ങി.

ഭർത്താവ്‌.

അച്‌ഛൻ

അമ്മ, ഓരോരുത്തരായി പിരിഞ്ഞുപോയപ്പോൾ അനസൂയ തനിച്ചായി.

തനിയ്‌ക്കാരേയും പഴിക്കാനില്ല. അനസൂയയോർത്തു. തന്റെ ജീവിതം താൻ തന്നെ തിരഞ്ഞെടുത്തതാണ്‌. സ്വയംവരം ചെയ്‌ത കന്യകയ്‌ക്ക്‌ ആരേയും കുറ്റപ്പെടുത്താനാവില്ല. സ്വന്തം ദുർവിധിയെ പഴിയ്‌ക്കാമെന്നു മാത്രം. അനസൂയ തന്നെത്തന്നെ ശപിച്ചു. അരവിന്ദനെ സ്‌നേഹിക്കാൻ തോന്നിയ നിമിഷങ്ങളെ ശപിച്ചു. പ്രണയം ഒരു ക്ഷണികവസന്തം മാത്രമാണെന്ന്‌ അവൾ തിരിച്ചറിഞ്ഞു. ബന്ധങ്ങൾ, അതിന്റെ നശ്വരത, എല്ലാം അനസൂയ സ്വന്തം ജീവിതംകൊണ്ട്‌ അനുഭവിച്ചറിഞ്ഞു. കടുത്ത ഏകാന്തതയും അനാഥത്വവും അനുഭവപ്പെട്ട ആ നാളുകളിൽ അനസൂയ ഉപനിഷത്തുക്കളിൽ അഭയം തേടി. വേദാന്തം മനസ്സിന്റെ ആകുലതകളെ ഒട്ടൊക്കെ ശമിപ്പിച്ചു. എങ്കിലും…

അമ്മ മരിക്കുമ്പോൾ പ്രിയംവദ ഗർഭിണിയായിരുന്നു. അന്ന്‌ വിവരമറിഞ്ഞു വന്നതിൽപിന്നെ പ്രിയംവദ ഭർതൃഗൃഹത്തിലേയ്‌ക്ക്‌ തിരിച്ചുപോയില്ല.

“അനസൂയ ഇവിടെ തനിച്ചല്ലേ. നമുക്കിനി തൽക്കാലം ഇവിടെ നിൽക്കാം.” പ്രിയംവദ ബാലചന്ദ്രനോട്‌ പറഞ്ഞു. താൻ പോയാൽ അനസൂയയുടെ കാര്യം കഷ്‌ടമാവുമെന്ന്‌ പ്രിയംവദയ്‌ക്കറിയാമായിരുന്നു.

“വീട്ടിൽ അച്ഛനുമമ്മയും തനിച്ച്‌… പോരെങ്കിൽ നമ്മളിവിടെ നിൽക്കുന്നത്‌ അവർക്ക്‌ ഇഷ്‌ടപ്പെടുമെന്നും തോന്നുന്നില്ല.” ബാലചന്ദ്രൻ പറഞ്ഞു.

“നിങ്ങൾക്കു നിങ്ങളുടെ വീട്ടുകാരുടെ കാര്യമേയുളളൂ. ഇവിടെ അനസൂയ തനിച്ചാണെന്ന കാര്യം നിങ്ങളോർക്കാത്തതെന്താണ്‌?” പ്രിയംവദ ബാലചന്ദ്രനെ കുറ്റപ്പെടുത്തിക്കൊണ്ടു പറഞ്ഞു.

പ്രിയംവദ പറയുന്നതിലും കാര്യമുണ്ടെന്നു ബാലചന്ദ്രനു തോന്നി. എങ്കിലും അച്ഛനമ്മമാരെക്കുറിച്ചോർത്തപ്പോൾ അയാൾ ധർമ്മസങ്കടത്തിലായി. ഒടുവിൽ പ്രിയംവദയുടെ താൽപര്യത്തിനുതന്നെ അയാൾ വഴങ്ങി.

പ്രിയംവദയുടെ വയറ്റിലും രണ്ടുകുട്ടികൾ വളരുന്നുണ്ടായിരുന്നു. ഗർഭത്തിന്റെ പറുദീസയിൽ താനും അനസൂയയും ഒന്നിച്ചു കഴിഞ്ഞിരുന്ന നാളുകളെക്കുറിച്ച്‌ പ്രിയംവദയോർത്തു. ആ ഓർമ്മകളിൽ അവൾ തരളിതയായി.

ബാലചന്ദ്രൻ ഇടയ്‌ക്കൊക്കെ പ്രിയംവദയോടും സ്‌നേഹപൂർവ്വം കലഹിച്ചുകൊണ്ടു പറയും.“വല്ലാത്തൊരു സഹോദരിസ്‌നേഹം തന്നെയാണേ.”

“എന്റെ വയറ്റിലും രണ്ടുകുട്ടികൾ വളരുന്നുണ്ട്‌. അത്‌ മറക്കണ്ട. നാളെ അവരു തമ്മില്‌ എങ്ങനെ കഴ്യണംന്നാ ബാലേട്ടനാഗ്രഹിക്കുന്നത്‌.” പ്രിയംവദ ചോദിക്കും.

അവളുടെ ചോദ്യത്തിനുമുൻപിൽ ബാലചന്ദ്രൻ നിരായുധനായിക്കൊണ്ടു പറയും.“പൊന്നേ, ഞാൻ വെറുതെ പറഞ്ഞൂന്നേയുളളു.”

പ്രിയംവദയുടെ പ്രസവത്തോടെ ഉറങ്ങിക്കിടന്നിരുന്ന വീടുണർന്നു. ഇരട്ടക്കുട്ടികളുടെ സംരക്ഷണത്തിന്‌ അനസൂയ സഹകാരിയായി.

“ദൈവം എനിക്ക്‌ ഇരട്ടക്കുട്ടികളെ നൽകിയത്‌ നിന്നെക്കൂടിയോർത്തിട്ടാവും.” പ്രിയംവദ അനസൂയയോടു പറഞ്ഞു.

കുട്ടികൾ തെല്ലു വളർന്നപ്പോൾ അവരുടെ കിടപ്പ്‌ അനസൂയയ്‌ക്കൊപ്പമായി. അവൾ കുഞ്ഞുങ്ങളെ താരാട്ടുപാടിയുറക്കി. അവരുറക്കമായാൽ അനസൂയ ഒച്ചയുണ്ടാക്കാതെ നിശ്ശബ്‌ദമായി കരഞ്ഞു.

ഒരു ചുമരിനപ്പുറം പ്രിയംവദയുടെ ഇക്കിളിപൂണ്ട ചിരി. അതിന്റെ പരാഗരേണുക്കൾ അനസൂയയുടെ മനസ്സിലും വീണു. ഇലമുളച്ചിയെപ്പോലെ അതു പൊട്ടിപ്പൊട്ടിമുളച്ചു.

പിന്നെപ്പിന്നെ അനസൂയ തൊട്ടതിനൊക്കെ പ്രിയംവദയുമായി പിണങ്ങി. കലഹിച്ചു. പ്രിയംവദയ്‌ക്ക്‌ അനസൂയയെ മനസ്സിലാക്കാൻ പലപ്പോഴും കഴിഞ്ഞില്ല.

“പണ്ടൊന്നും നീയിങ്ങനെയായിരുന്നില്ല.” പ്രിയംവദ അനസൂയയോടു പരിഭവം പറഞ്ഞു.

“അതു പണ്ടല്ലേ.” അനസൂയ ചോദിച്ചു.

“പണ്ടത്തേതിലും വിട്ട്‌ ഇപ്പോൾ വിശേഷിച്ചെന്തുണ്ടായി.” പ്രിയംവദ ചോദിച്ചു.

“വിശേഷങ്ങളൊക്കെ നിനക്കല്ലേ. എനിയ്‌ക്കെന്തു വിശേഷമുണ്ടാവാൻ.” അനസൂയ പറഞ്ഞു.

“ഇവിടെ നിനക്കെന്തിന്റെ കുറവാണുളളത്‌? നിന്റെ ഇഷ്‌ടം കഴിഞ്ഞേ ഞാനെന്തും എടുക്കുന്നുളളൂ. നിന്റെ ഒരാഗ്രഹത്തിനും ഞാനെതിരുപറഞ്ഞിട്ടില്ല.”

“എന്റെ ആഗ്രഹങ്ങളൊക്കെ നിനക്ക്‌ നിറവേറ്റാനാവ്വോ” അനസൂയ ചോദിച്ചു.

“എന്നുവെച്ചാൽ…?”

“ഞാനും ഒരു പെണ്ണാണ്‌. നിന്നെപ്പോലെ. ഒരു വെളുത്ത പുടവയ്‌ക്ക്‌ ശരീരത്തിന്റെ തൃഷ്‌ണകളെ ശമിപ്പിക്കാൻ കഴിയില്ല.” അനസൂയ പറഞ്ഞു.

“നീ പറയുന്നതൊന്നും എനിയ്‌ക്ക്‌ മനസ്സിലാവുന്നില്ല.”

“നിനക്കു മനസ്സിലാവില്ല. കാരണം നിനക്കെല്ലാമുണ്ട്‌ എല്ലാം. എനിയ്‌ക്കാവട്ടെ ഒന്നുമില്ല. ഒന്നും.” ഒരു വിതുമ്പലിൽ അനസൂയയുടെ വാക്കുകൾ മുറിഞ്ഞു. പിന്നെ തേങ്ങലടക്കി കണ്ണുതുടച്ചുകൊണ്ടവൾ പറഞ്ഞു. “ഭർത്താവ്‌, കുട്ടികൾ, ഒരു പുരുഷന്റെ സ്‌നേഹം, മധുരമായൊരു വാക്ക്‌, ലാളന എല്ലാം ഞാനും കൊതിയ്‌ക്കുന്നുണ്ട്‌.” തിരുവാതിര ഞാറ്റുവേലയിലെന്നോണം അനസൂയയിൽ നിന്നു വാക്കുകൾ തിരിമുറിയാതെ പെയ്‌തുകൊണ്ടിരുന്നു.

പ്രിയംവദ സ്തംബ്‌ധയായി. അനസൂയ പറഞ്ഞതത്രയും നേരാണ്‌. അവൾ തനിയ്‌ക്കൊപ്പം വളർന്നവളാണ്‌. ഒരേ മെത്തയിൽ കിടന്ന്‌ ഒരേ പാത്രത്തിലുണ്ട്‌ ഒന്നിച്ച്‌ വളർന്നവരാണ്‌ തങ്ങൾ. ഒടുവിൽ…

ഇന്ന്‌ തന്റെ ഔദാര്യത്തിലാണ്‌ അവളുടെ ജീവിതം. ഇതിഹാസ കഥയിലെന്നോണം ഇന്ന്‌ താൻ ദേവയാനിയും അവൾ ശർമ്മിഷ്‌ടയുമാണ്‌. അപ്പോൾ തന്റെ ഭർത്താവ്‌ ബാലചന്ദ്രനാരാണ്‌? പ്രിയംവദ തന്നോടുതന്നെ ചോദിച്ചു. ആ ചോദ്യത്തിന്റെ പൗരാണികമായ ഉത്തരത്തിനു മുൻപിൽ പ്രിയംവദ വിളറി. അപ്പോഴവൾ അനസൂയ പണ്ടുപറഞ്ഞ വാക്കുകളോർത്തു. “ആർത്തവത്തോടടുക്കുന്ന ദിവസങ്ങളിൽ കത്തുന്ന ഒരു പച്ചമരമാണ്‌ ഞാൻ. ഈ അഗ്‌നിയെ ഒന്നണയ്‌ക്കാൻ…”

“ദൈവമേ” പ്രിയംവദ അറിയാതെ മന്ത്രിച്ചുപോയി. താനെന്തെ ഇത്രനാളും ഇക്കാര്യമോർത്തില്ല. കോളുകൊണ്ട കടലുപോലെ യൗവനം ഇളകി മറിയുന്ന ഇരുപത്തിമൂന്നാം വയസ്സിൽ വൈധവ്യദുഃഖവും പേറിനിൽക്കുന്ന എന്റെ അനസൂയ, നമ്മൾ കൃത്യമായി ഒപ്പം തളിർക്കാറുളള ഒരേതരം വൃക്ഷങ്ങളാണല്ലോ. ഒരേ ശിശിരത്തിൽ ഇലപൊഴിക്കുകയും ഒരേ വസന്തത്തിൽ പൂവിടുകയും ചെയ്യുന്ന ഒരേതരം വൃക്ഷങ്ങൾ. എന്നിട്ടും ഞാൻ നിന്നെ അറിഞ്ഞില്ല.

അന്നുരാത്രിയിൽ കിടപ്പറിയിൽ വെച്ച്‌ പ്രിയംവദ ബാലചന്ദ്രനോടു പറഞ്ഞു.

“നിങ്ങളെന്നെ സ്പർശിക്കുമ്പോൾ എനിയ്‌ക്കെന്തോ ഒരു കുറ്റബോധംപോലെ… പാവം അനസൂയ.”

“ഇപ്പോഴെന്തേ ഇങ്ങനെ തോന്നാൻ?” ബാലചന്ദ്രൻ ചോദിച്ചു.

“മുൻപേ തോന്നേണ്ടതാണ്‌. എന്റെ സ്വാർത്ഥമെന്നുവേണം പറയാൻ.”

“നമ്മളെന്തു ചെയ്യാൻ? നമ്മുടെ കുറ്റമല്ലല്ലോ. എത്ര ആലോചനകൾ ഞാൻ കൊണ്ടുവന്നു.”

“ശരിയാണ്‌. എന്നാലും…” പ്രിയംവദ അർദ്ധോക്‌തിയിൽ നിർത്തി.

ബാലേട്ടൻ പറയുന്നത്‌ നേരാണ്‌. അരവിന്ദൻ മരിച്ച്‌ ആണ്ടെത്തിയതിൽ പിന്നീട്‌ അനസൂയയ്‌ക്കായി പല വിവാഹാലോചനകളും കൊണ്ടുവന്നതാണ്‌. എന്നാൽ വിവാഹം കഴിഞ്ഞ്‌ അധികമാവും മുൻപ്‌ ഭർത്താവ്‌ മരിച്ച യുവതിയുടെ ദോഷജാതകത്തിന്റെ മാലിന്യമേറ്റെടുക്കുവാൻ ആരും തയ്യാറായില്ല.

ബാലചന്ദ്രൻ പ്രിയംവദയെ തന്നോടടുപ്പിച്ചപ്പോൾ പ്രിയംവദ വിലക്കിക്കൊണ്ടു പറഞ്ഞു. “ഇന്നെന്തോ എനിയ്‌ക്കൊട്ടും മൂഡില്ല. ഞങ്ങളെന്തും പങ്കിട്ടേ അനുഭവിച്ചിട്ടൊളളൂ. ഇപ്പോൾ…”

“അനസൂയയെക്കുറിച്ച്‌ ഞാനും ഓർക്കായ്‌കയല്ല. ഇത്ര ചെറുപ്പത്തിൽ….” പിന്നീട്‌ ബാലചന്ദ്രനൊന്നും പറഞ്ഞില്ല. അയാൾ തിരിഞ്ഞു കിടന്നു.

പ്രിയംവദയ്‌ക്ക്‌ ഉറക്കംവന്നില്ല. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ ബാലചന്ദ്രൻ ഉറക്കം പിടിച്ചപ്പോൾ പ്രിയംവദ എഴുന്നേറ്റു. ഷെൽഫിൽ നിന്ന്‌ അദ്ധ്യാത്മരാമായണമെടുത്ത്‌ കണ്ണുകളോടു ചേർത്ത്‌ തെല്ലിട ധ്യാനനിരതയായി. പിന്നെ പുസ്‌തകം പകുത്തെടുത്തു. ഏഴ്‌ വരിയും ഏഴക്ഷരവും കഴിഞ്ഞ്‌ ഇങ്ങനെ വായിച്ചു. “രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം, ഭ്രാതൃനാശത്തിനത്രേ കാംക്ഷയാകുന്നു തവ, ചേതസി ദുഷ്‌ടാത്മാവേ! ഞാനിതോർത്തീലയല്ലോ. രാമനാശാകാംക്ഷിതനാകിയ ഭരതന്റെ, കാമ സിദ്ധ്യാർത്ഥമവൻ തന്നുടെ നിയോഗത്താൽ, കൂടെപ്പോന്നിതു നീയും രാമന്നുനാശം വന്നാൽ, ഗൂഢമായെന്നെയും കൊണ്ടങ്ങു ചെല്ലുവാൻ നൂനം, എന്നുമേ നിനക്കെന്നെ കിട്ടുകയില്ലതാനു-മിന്നു മൽപ്രാണത്യാഗം ചെയ്‌വൻ ഞാനറിഞ്ഞാലും. ചേതസി ഭാര്യാ ഹരണോദ്യതനായ നിന്നെ, സോദര ബുദ്ധ്യാ ധരിച്ചീലാ രാഘവനേതും, രാമനെയൊഴിഞ്ഞു ഞാൻ മറ്റൊരു പുരുഷനെ, രാമപാദങ്ങളാണേ തീണ്ടുകയില്ലയല്ലോ.”

പിറ്റേന്ന്‌ രാവിലെ ബാലചന്ദ്രൻ ചായക്കുടിച്ചുകൊണ്ടിരിക്കവേ പ്രിയംവദ പറഞ്ഞു. “ഞാനിന്നലെ നിങ്ങളുടെ അച്ഛനേയും അമ്മയേയും സ്വപ്‌നം കണ്ടു. അപ്പൊ മുതല്‌ എനിയ്‌ക്ക്‌ മനസ്സിനെന്തോ വലിയ പ്രയാസം.”

“ങ്‌ഹും.” ബാലചന്ദ്രൻ വെറുതെ മൂളി.

“അച്ഛനുമമ്മയും അവിടെ തനിച്ച്‌… പ്രായമായവരല്ലേ? എത്രയായാലും കേൾക്കുന്നവരൊക്കെ നമ്മളെയേ കുറ്റപ്പെടുത്തൂ.” പ്രിയംവദ പറഞ്ഞു.

ബാലചന്ദ്രൻ അതിനും മറുപടിയൊന്നും പറഞ്ഞില്ല.

“നമ്മളങ്ങോട്ടുതന്നെ തിരിച്ചുപോയാലോ?” പ്രിയംവദ പറഞ്ഞു.

“അപ്പോൾ ഇവിടെ അനസൂയ തനിച്ച്‌…”

ബാലചന്ദ്രൻ അർദ്ധോക്‌തിയിൽ നിർത്തിയപ്പോൾ പ്രിയംവദ പറഞ്ഞു. “ഓ അതു സാരമില്ല. അവൾ അയൽപക്കത്തെ ആരെയെങ്കിലും വിളിച്ച്‌ രാത്രി കിടന്നോളും. പിന്നെ നമ്മളത്ര ദൂരത്തൊന്നുമല്ലല്ലോ. ഇടയ്‌ക്കൊക്കെ വന്ന്‌ വിവരമന്വേഷിക്കാം.”

പ്രിയംവദയുടെ സംസാരം കേട്ടപ്പോൾ ബാലചന്ദ്രന്‌ അത്ഭുതം തോന്നി. ഇവളുടെ നിർബന്ധത്തിനു വഴങ്ങിയിട്ടാണ്‌ താനന്നു വീട്ടിൽനിന്ന്‌ പോന്നത്‌. ഇപ്പോൾ…

പിറ്റേന്നുതന്നെ പ്രിയംവദയുടെ താൽപര്യപ്രകാരം മുറ്റത്തു ടാക്‌സിയെത്തി. വണ്ടിയുടെ ഡിക്കിയിൽ സാധനങ്ങളൊക്കെ ബാലചന്ദ്രൻ അടുക്കിവെയ്‌ക്കവേ പ്രിയംവദ അനസൂയയോടു യാത്ര പറഞ്ഞു. “ബാലേട്ടനു വലിയ നിർബന്ധം. വീട്ടിലേയ്‌ക്കുതന്നെ തിരിച്ചുപോണംത്രേ. ഞാനെന്തു ചെയ്യാനാ? പറഞ്ഞാ കേൾക്കണ്ടേ.”

അനസൂയ അതിനു മറുപടിയൊന്നും പറഞ്ഞില്ല.

പോകാൻ നേരം കുട്ടികൾ അനസൂയയെ നോക്കി കരഞ്ഞു. അവർ പോയിട്ടും കുട്ടികളുടെ നിലവിളി കാനൽതുളളികളെന്നോണം ഇടയ്‌ക്കിടെ ഇറ്റുവീഴുന്നുണ്ടെന്ന്‌ അനസൂയയ്‌​‍്‌ക്ക്‌ തോന്നി. അവൾ വാതിലടച്ച്‌ കിടക്കയിൽ കമിഴ്‌ന്നുകിടന്നു ഏങ്ങലടിച്ചു കരഞ്ഞു.

Generated from archived content: story_jan7.html Author: kishorkumar_pn

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here