കനൽമേഘങ്ങൾക്കു കീഴെ,
ഇടനെഞ്ച് പൊട്ടി
രക്‌തം പടർന്ന
കടൽത്തീരത്ത്
ഓർമകളുടെ മുല ചുരന്ന്
ഏകാകിയായി…..ഞാൻ.
അകലെ,
തളർന്ന മൂവന്തികൾ…..
എത്ര പെട്ടെന്നാണ്
വിയർത്ത പകലുകൾ
വിളറി വീണത്.
ഇനി,
കൊഴിഞ്ഞു പോയ
പ്രണയം പൂക്കുന്നതെപ്പോഴാണ്?
ഓർമകൾ,
വിണ്ട് കീറിയ മണ്ണിൽ
പതിക്കുന്ന
വേനൽ പെയ്‌ത്തു പോലെ…..
ഞാൻ,
എരിഞ്ഞു കത്തുന്നൊരു
നെരിപ്പോട്…..
നീ,
സ്‌നേഹിക്കയെന്ന
വരദാനം
ശാപമായി ലഭിച്ചവൾ…..
എന്നിൽ
പടിയിറങ്ങിയകന്ന
പ്രണയമേ,
എനിക്കൊരു
കനൽപ്പൂവിനെ തരൂ…..
ജ്വലിക്കും വാക്കിനെ തരൂ…..
Generated from archived content: poem_jan6.html Author: kilimanur_noushad