ഇത്
നാം തണുത്തുറഞ്ഞതാം
ആദ്യത്തെ ഡിസംബർ
ആദ്യ മഴക്കാലം, നവവത്സരം…
പ്രണയം വന്ന്
നെറ്റിയിൽ ചുംബിച്ച്
ചുണ്ടിൽ മധുവിറ്റിച്ച്
നെഞ്ചിൽ തഴുകി
ഉണർത്തിയ നാൾ തൊട്ട്
പതിവു തെറ്റാതെത്തി
കടന്നുപോയ്
ഋതുഭേദത്തിൻ പ്രസാദങ്ങളെത്ര
നാമറിയാതെ!
പോയ ജന്മയാതനകളിൽ
രാവറുതിയിൽ പൂക്കും
ഇത്തിരിവെട്ടങ്ങളിൽ
കാലമെത്രയായ് നമ്മൾ
നടപ്പൂ തമ്മിൽ തമ്മിൽ
കാവലായ്, ഇടയ്‌ക്കിടെ
പിണങ്ങിയും വീണ്ടും ഇണങ്ങിയും….
ഗ്രീഷ്‌മത്തിൻ തീക്ഷ്‌ണരസമൂറ്റി,
ഏറെ പ്രിയങ്കരമായവയൊക്കെ
പകർന്നു നീ
ഓരോ ഋതുവിലും
ജീവന്റെ ഓരോ അണുവിലും…..
കാണാപ്പുറത്ത്
പ്രണയം ശാന്തമായൊഴുകുന്ന
നദിയെ സ്വപ്‌നം കണ്ടുകൊണ്ട്
ഞാൻ നടന്നു….
നദി കടന്നപ്പോൾ
കവിത കടന്നുവന്നു
ഒരു സ്വരം, വാക്ക്, ഒരീണം
പിന്നെ ഒരു പ്രവാഹം….
സമർപ്പണംഃ ജീവിതത്തിന്റെ കത്തുന്ന വേനലിൽ ഒരു വസന്തമായ് കടന്നുവന്ന സ്‌നേഹത്തിന്.
Generated from archived content: poem1_july14.html Author: kilimanur_noushad