ഭൂമി,
നീ പൊറുക്കുക!
നിന്റെ
മുലപ്പാലൂറ്റി തെഴുത്തവരോട്
നാവുണങ്ങിയ കുഞ്ഞുങ്ങളുടെ
കണ്ണുകൾ ചൂഴ്‌ന്നെടുത്തവരോട്
വിണ്ടുകീറിയ വിളനിലങ്ങളുടെ
മുറവിളി കേൾക്കാത്തവരോട്.
ഭൂമി,
നീ പൊറുക്കുക!
ഈ ദേവാലയത്തിൽ
മതവിദ്വേഷത്തിന്റെ
കുരുതിക്കളം തീർത്തവരോട്
വിശ്വാസ പ്രമാണങ്ങളിൽ
വിഷം നിറച്ചവരോട്
സ്വന്തം നാവുകൾ വിഴുങ്ങി
നെടുവീർപ്പുകളിൽ ചിരിയുണക്കി
ചുവന്ന ഇടനാഴികളിൽ
പൊരുതി വീഴുന്ന എല്ലിൻകൂടുകളോട്.
ഭൂമി,
നീ പൊറുക്കുക!
ഇളം പെണ്ണിനെ നക്കി തിന്നവരോട്
നിറഞ്ഞ മെഴുകുതിരിക്കണ്ണാൽ
നിശബ്ദമായി മോങ്ങുന്ന
പ്രഭാത ഭ്രൂണങ്ങളുടെ കൈയ്യിൽ
കണ്ണീർക്കോപ്പ സമ്മാനിച്ചവരോട്.
ഭൂമി,
നീ പൊറുക്കുക!
പൈതൃകത്തിന്റെ മുള്ളാണിപ്പഴുതിൽ
വെടിമരുന്നു നിറച്ച് നിന്റെ ചരിത്രം-
കളങ്കപ്പെടുത്തിയവരോ,ടെല്ലാം ക്ഷമിച്ച്
നീലിച്ച പുലർകാലങ്ങളിൽ
ചിരപരിചിതമായ
വെടിയൊച്ചകൾക്കിടയിൽ
മതം പൊള്ളിത്തിണർക്കുന്ന
മദ്ധ്യാഹ്ന വെയിലിൽ
നിന്റെ
മൗനം കാത്തുകൊള്ളുക!
ഇനിയാ
മൗനത്തിന്റെ തൂക്കുപാലത്തിൽ
ആദ്യം മുറിച്ചു കടക്കുന്ന ജഡം
എന്റേതായിരിക്കും!
Generated from archived content: aug27_poem1.html Author: kilimanur_noushad