ശില്‌പം

മഹാനായൊരു പഴയ കലാകാരൻ വാർത്തെടുത്ത ഒരു ശില്‌പം കൈവശം വെച്ചുകൊണ്ട്‌ ഒരിക്കൽ മലമേടുകളിൽ ഒരാൾ താമസിച്ചിരുന്നു. അയാളുടെ വീട്ടുവാതുയ്‌ക്കൽ മുഖമടിച്ചു വീണുകിടന്നിരുന്ന ആ ശില്‌പത്തെ അയാൾ അത്രകാര്യമായി ഗൗനിച്ചിരുന്നില്ല.

ഒരിക്കൽ നഗരത്തിൽ നിന്നുള്ള വിജ്ഞാനിയായ ഒരു മനുഷ്യൻ അയാളുടെ വീടിനരികിലൂടെ കടന്നു പോയപ്പോൾ, ആ ശില്‌പം കാണാനിടയായ അയാൾ അതിന്റെ ഉടമയോട്‌ അതു വിൽക്കുന്നുണ്ടോയെന്നാരാഞ്ഞു. “ദൈവമേ, വൃത്തികെട്ടതും വിരസവുമായ ഈ കല്ല്‌ ആരാണു വാങ്ങുന്നത്‌?” ഉടമ ചിരിച്ചുകൊണ്ടു പറഞ്ഞു. “ഇതിന്‌ വിലയായി ഞാൻ നിങ്ങൾക്ക്‌ ഒരു വെള്ളിക്കാശു തരാം,” നഗരത്തിൽ നിന്നു വന്ന മനുഷ്യൻ പറഞ്ഞു. മറ്റെയാൾ ആശ്ചര്യപ്പെടുകയും ഒപ്പം ആനന്ദിക്കുകയുമുണ്ടായി.

അവിടെനിന്ന്‌ ആ ശില്‌പം ഒരാനപ്പുറത്തു കയറ്റി നഗരത്തിലേയ്‌ക്കു മാറ്റി. കുറെനാളുകൾക്കു ശേഷം മലമേടുകളിൽ നിന്നുള്ള മനുഷ്യൻ നഗരം സന്ദർശിച്ചു. സന്ദർശനവേളയിൽ തെരുവിലൂടെ നടക്കുമ്പോൾ ഒരു കടയ്‌ക്കു മുന്നിൽ തിങ്ങിക്കൂടിയിരുന്ന ജനങ്ങൾക്കിടയിൽ നിന്ന്‌ ഒരു മനുഷ്യൻ ഉച്ചത്തിൽ വിളിച്ചു കൂവുന്നതയാൾ കേട്ടു, “വരൂ…. കടന്നു വരൂ…. ലോകത്തിൽവെച്ചേറ്റവും മനോഹരവും ഭംഗിയാർന്നതുമായ ശില്‌പം കാണാൻ കടന്നുവരൂ…. മഹാനായ ഒരു കലാകാരന്റെ അത്യത്ഭുതകരമായ സൃഷ്‌ടി ഒന്നു ദർശിക്കുവാൻ വെറും രണ്ടു വെള്ളിക്കാശുകൾ മാത്രം.”

മലമേടുകളിൽനിന്നുള്ള മനുഷ്യൻ രണ്ടു വെള്ളിക്കാശുകൾ കൊടുത്ത്‌ ആ കടയിൽ പ്രവേശിച്ചു, അയാൾ സ്വയം ഒരു വെള്ളിക്കാശിനു വിറ്റ ആ ശില്‌പത്തെ കാണുവാൻ.

ഭാഷാന്തരം – ബാബുരാജ്‌. റ്റി.വി.

Generated from archived content: story1_nov18_10.html Author: khalil_gibran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here