ക്രിസ്‌തുവിനും ഇഷ്‌താറിനും മദ്ധ്യേ

ലെബനനേയും ബെയ്‌റൂട്ടിനേയും ബന്ധിപ്പിക്കുന്ന ഉദ്യാനങ്ങൾക്കും മലകൾക്കും മദ്ധ്യേ വളരെ പുരാതനമായ ഒരു ചെറുക്ഷേത്രമുണ്ട്‌. വെളുത്തപാറയിൽ പണിതീർത്തെടുത്തതാണാ ക്ഷേത്രം. ആൽമണ്ട്‌, വില്ലോ, ഒലീവ്‌ എന്നീ വൃക്ഷങ്ങൾ അതിനു ചുറ്റും വളർന്നു നിന്നു. പ്രധാന തെരുവിൽ നിന്നും അരമൈൽ അകലെയാണത്‌ നിലനിൽക്കുന്നത്‌. പുരാവശിഷ്‌ടങ്ങളിലും സ്‌മാരകങ്ങളിലും താൽപ്പര്യമുളള ന്യൂനപക്ഷം മാത്രമേ അത്തരം സ്ഥലങ്ങൾ സന്ദർശിക്കാറുളളൂ. ലബനനിലെ വിസ്‌മൃതമായതോ, ഒളിഞ്ഞു കിടക്കുന്നതോ ആയ സ്ഥലങ്ങളിൽ ഒന്നായിരുന്ന ആ സ്ഥലം രസകരമായിരുന്നു. അതങ്ങനെ ഒറ്റപ്പെട്ടു കിടന്നിരുന്നതിനാൽ ഏകാന്തതാപ്രേമികൾക്ക്‌ അവിടം ഒരു ശ്രീകോവിലായനുഭവപ്പെട്ടിരുന്നു. ആരാധകർക്ക്‌ ഒരഭയസങ്കേതവും.

ഒരാൾ ആ ക്ഷേത്രത്തിലേക്ക്‌ കടന്നുചെന്നാൽ പ്രേമത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ ഇഷ്‌താറിന്റെ പാറയിൽ കൊത്തിയ ഒരു രൂപം കാണും. കിഴക്കുവശത്തെ മതിലിലാണത്‌. ഒരു ഫിനീഷ്യൽ ചിത്രം. അവൾ സ്വന്തം സിംഹാസനത്തിലങ്ങനെ വിരാജിച്ചിരിക്കുകയാണ്‌. വിവിധ നിലകളിൽ അവൾക്കു ചുറ്റും നഗ്നകളായ ഏഴ്‌ കന്യകമാരുമുണ്ട്‌. ആദ്യത്തെ കന്യക ഒരു പന്തം പേറിയിരിക്കുന്നു. അടുത്തവൾ ഒരു വീണയും. മൂന്നാമത്തെ കന്യകയാണെങ്കിൽ ഒരു സുഗന്ധധൂപപാത്രം പിടിച്ചിരിക്കുന്നു. അഞ്ചാമത്തെ കന്യക ഒരു പനീർ പൂങ്കുലയും. ആറാമത്തെ സുന്ദരി ഒരു പുഷ്‌പകിരീടമാണ്‌ ഏന്തിയിരിക്കുന്നത്‌. ഏഴാമത്തെ കന്യക ഒരമ്പും വില്ലും. ഇവരെല്ലാം തന്നെ ഇഷ്‌താറിനെ ആരാധനയോടെ നോക്കുകയാണ്‌.

അഞ്ചാമത്തെ ചുവരിൽ മറ്റൊരു ചിത്രം. ആദ്യത്തേതിനേക്കാൾ കുറേക്കൂടി പരിഷ്‌കാരമുളളത്‌. കുരിശേന്തി നിൽക്കുന്ന ക്രിസ്‌തു. അരികിൽ കരഞ്ഞുകൊണ്ട്‌ അവന്റെ മാതാവും മഗ്‌ദലനമറിയവും മറ്റേതോ രണ്ട്‌ സ്‌ത്രീകളും നിൽക്കുന്നു. പതിനഞ്ചാമത്തെയോ, പതിനാറാമത്തെയോ നൂറ്റാണ്ടിൽ ചിത്രീകരിക്കപ്പെട്ടതാണാ ബൈസാന്റെയിൻ ചിത്രം.

പടിഞ്ഞാറുവശത്തെ മതിലിൽ വൃത്താകാരത്തിലുളള രണ്ട്‌ പ്രവേശനചത്വരങ്ങളുണ്ട്‌. അവയിലൂടെ കടന്നുവരുന്ന പ്രകാശം ചിത്രങ്ങളിൽ വീണ്‌ അവ സ്വർണ്ണജലച്ചായത്തിലെഴുതപ്പെട്ടവയാണെന്ന്‌ തോന്നിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ മദ്ധ്യത്തിലായി ഒരു വലിയ മാർബിൾ ചത്വരമുണ്ട്‌. അതിന്റെ വശങ്ങളിലും ചിത്രങ്ങൾ കൊത്തിവെയ്‌ക്കപ്പെട്ടിരിക്കുന്നു. അവയിൽ ചിലത്‌ കാണാനാവാത്ത വിധം ചോരയും വീഞ്ഞും എണ്ണയും വീണ്‌ കറപിടിച്ചിരിക്കുന്നു. പണ്ട്‌ ആളുകൾ ബലിയർപ്പിച്ചിരുന്നത്‌ ആ മാർബിൾ ചത്വരത്തിൽ വെച്ചായിരുന്നുവെന്ന്‌ കാണാം.

അഗാധമായ മൂകതയൊഴികെ ആ ക്ഷേത്രത്തിലൊന്നും തന്നെയില്ല. ജീവിച്ചിരിക്കുന്നവരോട്‌ ദേവതകളുടെ രഹസ്യങ്ങൾ ശബ്‌ദമില്ലാതെ അത്‌ വെളിവാക്കുന്നു. പോയ പുരുഷാന്തരങ്ങളെക്കുറിച്ചും മതങ്ങളുടെ പരിണാമത്തെക്കുറിച്ചും നിശ്ശബ്‌ദമായി ആ ക്ഷേത്രം മന്ത്രിക്കുന്നു. അത്തരമൊരു ദൃശ്യം താൻ ജീവിക്കുന്ന ലോകത്തുനിന്നും ഒരു കവിയെ അനേകമകലെയുളള ഒരിടത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. ആളുകൾ പിറന്നുവീഴുന്നതുതന്നെ മതപരതയോടെയാണെന്ന്‌ ആ ദൃശ്യം തത്വജ്ഞാനികളെ പ്രബോധിപ്പിക്കുന്നു.

അറിയപ്പെടാത്തതായ ആ ക്ഷേത്രത്തിൽ വെച്ച്‌ മാസത്തിലൊരിക്കലെന്നോണം ഞാനും സെൽമയും കണ്ടുമുട്ടി. മണിക്കൂറുകൾ ഞങ്ങൾ ഒപ്പം ചെലവഴിച്ചു. ആ വിചിത്രചിത്രങ്ങളിൽ ഞങ്ങൾ നോക്കിക്കൊണ്ടിരുന്നു. ക്രൂശിതനായ ക്രിസ്‌തുവിനെക്കുറിച്ചും അവിടെ ജീവിച്ചു മറഞ്ഞ ഫിനീഷ്യൻ ജനതയെക്കുറിച്ചും ഇഷ്‌താറിന്റെ പ്രതിമക്കുമുന്നിൽ സുഗന്ധം പുകച്ച്‌ ആരാധിച്ചിരുന്ന ആളുകളെക്കുറിച്ചും ഞങ്ങൾ ചിന്തിച്ചു. കാലത്തിന്റെയും അനശ്വരതയുടേയും മുന്നിൽ അതെല്ലാം നഷ്‌ടപ്രായമായിരിക്കുന്നു. എല്ലാം മാഞ്ഞലിഞ്ഞു പോയിരിക്കുന്നു.

ഞാൻ സെൽമയെ സന്ധിച്ച ഓർമ്മകളെക്കുറിച്ച്‌ വർണ്ണിക്കുവാൻ വാക്കുകൾക്കാവില്ല. സ്വർഗ്ഗീയങ്ങളായിരുന്നു ആ മുഹൂർത്തങ്ങൾ. വേദനയും സന്തോഷവും ദുഃഖവും പ്രതീക്ഷയും ദുരിതവും നിറഞ്ഞവയായിരുന്നു ആ വേളകൾ.

ആ പഴയ ദേവാലയത്തിൽ ഞങ്ങൾ രഹസ്യമായി സന്ധിച്ചുപോന്നു, പഴയദിനങ്ങളെ ഓർമ്മിച്ചുകൊണ്ട്‌, ഞങ്ങൾ വർത്തമാനകാലത്തെക്കുറിച്ച്‌ ചർച്ച ചെയ്‌തു. ഭാവിയെ ഭയപ്പെട്ടു. പോകെപ്പോകെ അന്യോന്യം ഹൃദയാഗാധതകളിലൊളിച്ചിരുന്ന രഹസ്യങ്ങൾ പുറത്തെടുത്ത്‌ കൈമാറി. അവനവന്റെ വേദനയേയും ദുരിതത്തേയും പറ്റി പരസ്‌പരം പഴിചാരി. സങ്കൽപ്പചിത്രങ്ങളായ പ്രതീക്ഷകൾ മെനഞ്ഞ്‌ അന്യോന്യം സാന്ത്വനിപ്പിച്ചു. ദുഃഖഭരിതങ്ങളായ കിനാവുകൾ കണ്ടു. പലപ്പോഴും ഞങ്ങൾ കണ്ണീർ തുടച്ച്‌ ശാന്തചിത്തരാകുകയും മന്ദഹസിക്കുകയും പ്രേമമൊഴിച്ച്‌ മറ്റെല്ലാം മറക്കുകയും ചെയ്‌തു. ഹൃദയങ്ങൾ അലിഞ്ഞില്ലാതാകും വരെ ഞങ്ങൾ ആലിംഗനബദ്ധരായി അവിടെ ഇരുന്നു. പിന്നീട്‌ അവൾ എന്റെ നെറ്റിയിൽ ഒരു വിശുദ്ധ ചുംബനമർപ്പിക്കുകയും എന്റെ ഹൃദയം ഹർഷോന്മാദം കൊണ്ട്‌ നിറയ്‌ക്കുകയും ചെയ്യും. അവൾ ആനക്കൊമ്പിന്റെ നിറമുളള ആ കഴുത്ത്‌ കുനിച്ചിരിക്കുമ്പോൾ ഞാനതിൽ ചുംബിക്കും. മലകൾക്കപ്പുറം ആദ്യത്തെ അരുണകിരണങ്ങൾ ചുവക്കുംപോലെ അപ്പോൾ അവളുടെ കപോലങ്ങൾ തുടുക്കും. മൃദുവായി ആ ചുവപ്പ്‌ പടരും. പോക്കുവെയിലിന്റെ മഞ്ഞ്‌ജിമ മേഘങ്ങളിൽ ചായം പൂശുന്നതും നോക്കി അങ്ങകലെ ചക്രവാളത്തിൽ കണ്ണും നട്ട്‌ ഞങ്ങളിരിക്കും.

ഞങ്ങളുടെ ചർച്ചകൾ പ്രണയം മാത്രമായിരുന്നില്ല. പലപ്പോഴും ഞങ്ങൾ സമകാലിക വിഷയങ്ങളിൽ സഞ്ചരിച്ചു. അന്യോന്യം ആശയങ്ങൾ കൈമാറി. ചർച്ചകൾക്കിടയിൽ സ്‌ത്രീകൾക്ക്‌ സമൂഹത്തിലുളള സ്ഥാനത്തെക്കുറിച്ചും പോയ തലമുറകൾ അവളുടെ സ്വഭാവത്തിലേൽപ്പിച്ച മുദ്രകളെക്കുറിച്ചും സ്‌ത്രീ പുരുഷബന്ധങ്ങളെക്കുറിച്ചും ആത്മീയരോഗങ്ങളെക്കുറിച്ചും വിവാഹജീവിതത്തെ മലിനീകരിക്കുന്ന അഴിമതിയെക്കുറിച്ചും അവൾ അഭിപ്രായപ്രകടനം നടത്തി. ഒരിക്കൽ അവൾ പറഞ്ഞതോർക്കുന്നു. “കവികളും സാഹിത്യകാരൻമാരും സ്‌ത്രീഹൃദയത്തിന്റെ ദുരൂഹത അന്വേഷിച്ചു. പക്ഷേ ഇന്നേവരേയ്‌ക്കും അവർക്കതേപ്പറ്റി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അവർ ലൈംഗികതയുടെ മൂടുപടത്തിന്‌ പിന്നിൽ നിന്നു മാത്രമാണവരുടെ ചിന്ത. പുറംമോടികളില്ലാതെ അവർ മറ്റൊന്നും കാണുന്നില്ല. വെറുപ്പിന്റെ ഒരു ഭൂതക്കണ്ണാടിയിലൂടെയാണ്‌ അവർ സ്‌ത്രീകളെ നോക്കുന്നത്‌. കീഴടങ്ങലും ദൗർബല്യവുമല്ലാതെ മറ്റൊന്നും അവർ കാണുന്നുമില്ല.”

ക്ഷേത്രമതിലുകളിലെ കൊത്തുപണികൾ നോക്കി. മറ്റൊരവസരത്തിൽ അവൾ പറഞ്ഞു. “ഈ പാറയുടെ ഹൃദയത്തിൽ ഒരു സ്‌ത്രീഹൃദയത്തിന്റെ അഭിലാഷങ്ങളുടെ സത്തയെ പ്രതീകവൽക്കരിക്കുന്ന രണ്ട്‌ മുദ്രകളുണ്ട്‌. അവ അവളുടെ ആത്മാവിൽ പതിയിരിക്കുന്ന രഹസ്യങ്ങളെ പുറത്തേക്കെടുക്കുന്നു. പ്രേമത്തിനും ദുഃഖത്തിനുമിടയിലാണവയുടെ സഞ്ചാരം… സ്‌നേഹത്തിനും ത്യാഗത്തിനുമിടയിൽ… സിംഹാസനാരൂഢമായ ഇസ്‌താറും കുരിശിന്നരികിൽ കുനിഞ്ഞിരിക്കുന്ന മേരിയും… പുരുഷൻ പ്രശസ്‌തിയും പ്രഭാവവും നേടുന്നു. സ്‌ത്രീയാണതിന്റെ വില നൽകുന്നത്‌… സഹനം..”

ദൈവമൊഴിച്ച്‌ മറ്റാരും ഞങ്ങളുടെ രഹസ്യസമാഗമങ്ങളെപ്പറ്റി അറിഞ്ഞില്ല. ക്ഷേത്രത്തിനു മേലെ പറന്നപക്ഷിക്കൂട്ടങ്ങളും അറിഞ്ഞു. പാഷാ ഉദ്യാനമെന്ന ഇടത്തേക്ക്‌ സെൽമ അവളുടെ വണ്ടിയിൽ വന്നശേഷം അവിടെ നിന്നും ക്ഷേത്രത്തിലേക്ക്‌ നടന്നുവരികയായിരുന്നു പതിവ്‌. അപ്പോൾ ആകാംക്ഷഭരിതനായി ഞാനവിടെ കാത്തുനിൽക്കുന്നുണ്ടാവും.

ആരെങ്കിലും ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടോ എന്ന്‌ ഞങ്ങൾ ഭയന്നിട്ടില്ല. ഞങ്ങളുടെ മനഃസാക്ഷികൾ പരസ്‌പരം ശല്യപ്പെടുത്തിയതുമില്ല. അഗ്നിയാൽ സ്‌ഫുടം ചെയ്‌തെടുക്കപ്പെട്ടതും കണ്ണീരിൽ കഴുകിയെടുക്കപ്പെട്ടതുമായ ആത്മാവ്‌ അപമാനം, നാണക്കേട്‌ തുടങ്ങി ആളുകൾ പറയുന്ന പലതിനും ഉയരെയായിത്തീരും, അടിമത്തത്തിന്റെ നിയമങ്ങൾക്കപ്പുറത്താണെപ്പോഴും അത്‌. മനുഷ്യഹൃദയങ്ങൾ സമ്മേളിക്കുന്നതിനെതിരെയുളള പഴയ നിയമങ്ങൾക്കും അപ്പുറത്താണത്‌. ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ അത്തരമൊരാത്മാവിന്‌ ശിരസ്സുയർത്തി നിൽക്കാനാവും.

മനുഷ്യരാശി നൂറ്റാണ്ടുകളായി പഴകിത്തുരുമ്പിച്ച്‌ മലിനമാക്കപ്പെട്ട നിയമങ്ങൾ സൃഷ്‌ടിച്ച്‌ സ്വയം പുലരുന്ന മഹത്തരവും സനാതനവുമായ നിയമങ്ങൾ അതെന്ന്‌ മനസ്സിലാക്കും? മങ്ങിയ മെഴുതിരി വെട്ടവുമായി മാത്രം പരിചയിച്ച മനുഷ്യനേത്രങ്ങൾക്ക്‌ സൂര്യനെ അഭിമുഖീകരിക്കാനാവുമോ? ആത്മാവിന്റെ രോഗങ്ങൾ ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക്‌ പകർന്നുകിട്ടുന്നു. ഒടുവിൽ അതൊരു രോഗമല്ലെന്ന മട്ടിൽ ഏവരും അംഗീകരിക്കുന്നിടത്തെത്തുന്നു. അത്‌ രോഗമല്ല, ആദ്യത്തെ മനുഷ്യന്‌ ദൈവം നൽകിയ പാരിതോഷികമാണതെന്ന്‌ അംഗീകരിക്കപ്പെടുന്നു. ആർക്കെങ്കിലും ഒരുവന്‌ ഇത്തരം ആത്മരോഗം ബാധിച്ചിട്ടില്ലെങ്കിൽ അവനെപ്പറ്റി മനുഷ്യർ നിന്ദയോടെ ഓർക്കുന്നു.

ഭർത്തൃഭവനം വിട്ട്‌ എന്നെ രഹസ്യമായി സന്ധിക്കാനിറങ്ങാറുളള സെൽമയെപ്പറ്റി തെറ്റായി ധരിക്കുന്നവർ ആത്മരോഗികളും ദുർബ്ബലരുമാണ്‌. ശക്തരും നന്മയുറ്റവരുമായവരെ അവർ വിമതരായി കണക്കാക്കുന്നു. വഴിയാത്രക്കാരുടെ കാൽക്കീഴിൽപ്പെട്ട്‌ ചതഞ്ഞമരുമെന്ന്‌ ഭയന്ന്‌ ഇരുട്ടിൽ ഇഴഞ്ഞുഴലുന്ന പ്രാണികളെപ്പോലെയാണ്‌ അക്കൂട്ടർ.

കാരാഗൃഹം തകർത്തു രക്ഷപ്പെടാൻ മാത്രം ശക്തനായ അടിച്ചമർത്തപ്പെട്ട ഒരു കുറ്റവാളി അത്‌ ചെയ്യാതിരിക്കുമ്പോൾ അവൻ ഭീരുവത്രേ. സെൽമ നിഷ്‌ക്കളങ്കയായൊരു തടവുകാരിയായിരുന്നു. അവൾക്ക്‌ രക്ഷപ്പെടാനുളള ധൈര്യവുമില്ല. കാരാഗൃഹത്തിന്റെ ജനാലയിലൂടെ വിശാലാകാശത്തേയും പച്ചനിറഞ്ഞ പുൽമേടുകളേയും അവൾ നോക്കിക്കണ്ടെങ്കിലതെങ്ങനെ കുറ്റകൃത്യമാവും? ഈ ക്ഷേത്രത്തിൽ ഇസ്‌തറിനും ക്രിസ്‌തുവിനും മദ്ധ്യേ അവൾ എന്നോടൊപ്പം ചേർന്നിരിക്കുന്നത്‌ സ്വഭർത്താവിനോട്‌ പുലർത്തുന്ന സത്യസന്ധതയില്ലായ്‌മയാണെന്ന്‌ സെൽമയെ ആളുകൾ പഴിക്കുമോ? അവർക്കിഷ്‌ടമുളളതെന്തോ, ആളുകൾ പറഞ്ഞുകൊളളട്ടെ. അന്യരുടെ ആത്മാക്കളിലുളള കളളിമുൾച്ചെളിപ്പാടങ്ങൾ സെൽമയുടെ ആത്മാവിലില്ല. കുറുക്കൻമാരുടെ ഓരിയിടലുകളും പാമ്പുകളുടെ ഫൂൽക്കാരങ്ങളും ഇല്ലാത്തൊരിടത്ത്‌ അവളെത്തിച്ചേർന്നുകഴിഞ്ഞിരുന്നു. എന്നെപ്പറ്റി ആളുകൾ അവരാഗ്രഹിക്കും മട്ടിൽ സംസാരിക്കട്ടെ. മരണത്തിന്റെ ഭൂതത്തെപേടിപ്പെടുത്തുവാൻ കളളൻമാരുടെ മുഖങ്ങൾക്കാവുമോ? തലക്കുമീതെ വടിവാളുകൾ മിന്നിത്തെളിയുന്നതും കാലിന്നടിയിലൂടെ ചോരച്ചാലുകളൊഴുകുന്നതും കണ്ട്‌ തഴമ്പിച്ച പടയാളിയെ തെരുവുകുട്ടികൾക്ക്‌ കല്ലെറിഞ്ഞ്‌ ഭയപ്പെടുത്താനാവുമോ?

Generated from archived content: odinja9.html Author: khalil_gibran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here