മരണസിംഹാസനത്തിന്‌ മുന്നിൽ

ഇക്കാലത്ത്‌ വിവാഹം അപഹാസ്യമായ ഒരേർപ്പാടായി തീർന്നിട്ടുണ്ട്‌. യുവാക്കളുടെ അവരുടെ മാതാപിതാക്കളുടെയും കൈകളിലാണതിന്റെ ഭരണനിർമ്മാണങ്ങൾ. മിക്കവാറും രാജ്യങ്ങളിൽ യുവാക്കൾ വിജയിക്കുകയും രക്ഷിതാക്കൾ പരാജയമടയുകയും ചെയ്യുന്നു. സ്‌ത്രീ ഒരു ഉൽപ്പന്നമെന്നമട്ടിലാണ്‌ കൈകാര്യം ചെയ്യപ്പെടുക. ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക്‌ അവൾ വിൽക്കപ്പെടുകയോ, വാങ്ങപ്പെടുകയോ ചെയ്യുന്നു. കാലം അവളുടെ സൗന്ദര്യത്തെ അഴിച്ചു പണിയുന്നു. സൗന്ദര്യം മാഞ്ഞ അവൾ വീട്ടിലെ ഒരു മരസ്സാമാനമായി ഒരിരുണ്ട മൂലയിലേക്ക്‌ വലിച്ചെറിയപ്പെടുന്നു.

ആധുനിക സംസ്‌കൃതി സ്‌ത്രീക്ക്‌ ഒരൽപ്പം ചിന്താശക്തി പകർന്നിട്ടുണ്ട്‌. എന്നാൽ മനുഷ്യന്റെ അതിമോഹം നിമിത്തം അത്‌ അവളുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഇന്നലത്തെ സ്‌ത്രീ സന്തോഷവതിയായ ഭാര്യയായിരുന്നു. പക്ഷേ ഇന്നവൾ ദുരിതമനുഭവിക്കുന്നു. ഇന്നലെവരെ അവൾ തുറന്ന പ്രകാശത്തിൽ അന്ധമായി നടന്നു. ഇന്നോ, അവൾ അന്ധകാരത്തിൽ മിഴികൾ പൂട്ടി നടക്കുന്നു. അവൾ അജ്ഞയായിരുന്നപ്പോൾ സുന്ദരിയായിരുന്നു. വിനയവതിയും ആദർശയുക്തയും ദൗർബ്ബല്യങ്ങളിരിക്കെത്തന്നെ ശക്തയുമായിരുന്നു. ഇന്ന്‌ സ്‌ത്രീക്ക്‌ മൗലികത നഷ്‌ടപ്പെട്ടിരിക്കുന്നു. മലീമസയായിരിക്കുന്നു. തൊലിപ്പുറമേ മാത്രമാണ്‌ അവളുടെ ആദർശനിഷ്‌ഠ. അറിവ്‌ അവളെ കഠോര ചിത്തയുമാക്കി. സൗന്ദര്യവും അറിവും മൗലികതയും ആദർശപരതയും ശാരീരിക ദൗർബ്ബല്യവും ആത്മശക്തിയും സമഞ്ഞ്‌ജസമായി ഒരു സ്‌ത്രീയിൽ മേളിക്കുന്ന ഒരു കാലം വരുമോ?

ഞാൻ ആത്മീയപുരോഗതി മനുഷ്യജീവിതത്തിലെപ്പോഴെങ്കിലും വന്നു ഭവിച്ചേ തീരു എന്നു വിശ്വസിക്കുന്ന ഒരുവനാണ്‌. എന്നാൽ പൂർണ്ണതയിലേക്കുളള പ്രവേശനം സാവധാനമേ സംഭവിക്കൂ. അത്‌ വേദനാപൂർണ്ണവുമായിരിക്കും.

ഈ വിചിത്രമായ തലമുറ ഉണർവ്വിനും നിദ്രയ്‌ക്കുമിടയിലത്രേ. അത്‌ കൈകളിൽ ഭൂതകാലത്തിന്റെ മണ്ണും ഭാവിയുടെ വിത്തും ശേഖരിക്കുന്നു. എന്തായാലും നാം ഓരോ നഗരത്തിലും ഭാവിയെ പ്രതീകവൽക്കരിക്കുന്ന ഒരു യുവതിയെ കണ്ടെത്തുന്നു.

ബെയ്‌റൂട്ടിൽ സെൽമ കരാമിയായിരുന്നു ഭാവിവനിതയുടെ പ്രതീകം. തങ്ങളുടെ കാലത്തിനപ്പുറത്തേക്ക്‌ ചിന്തിക്കുകയും അതേ മട്ടിൽ ജീവിക്കുകയും ചെയ്യുന്ന അനേകരിലൊരുവളായി അവൾ വർത്തമാനകാലത്തിന്റെ ഇരയായിത്തീർന്നു. കാറ്റിൽ അടർന്നുവീണ്‌ പുഴയിലൂടൊഴുകുന്ന പൂവെപ്പോലെ പരാജിതരുടെ ഘോഷയാത്രയിലംഗമായി അവളും നടന്നുപോയി.

മാൻസ്വൊർ ബേഗാലിബും സെൽമയും തമ്മിലുളള വിവാഹം നടന്നു. റാസ്‌ബെയ്‌റൂട്ടിലുളള ഒരു മനോഹരവസതിയിലവർ താമസവുമാക്കി. അവിടങ്ങളിലാണ്‌ വലിയവർ താമസിച്ചിരുന്നത്‌. സമ്പന്നരുടെ കോട്ടകളാണവിടം മുഴുവനും. ഉദ്യാനമദ്ധ്യത്തിലുളള ആ ഏകാന്തഭവനത്തിൽ സെൽമയുടെ പിതാവ്‌ അതോടെ ഒറ്റപ്പെട്ടു. അയാൾക്കു കൂട്ടായി ഓർക്കിഡുകൾ മാത്രമായിരുന്നു. ആട്ടിൻപറ്റത്തിനിടയിൽ ഏകാകിയായ ആട്ടിടയനെപ്പോലെയായി ആ മനുഷ്യൻ.

വിവാഹാഘോഷത്തിന്റെ നാളുകൾ അകന്നുപോയി. പക്ഷേ മധുവിധു തിക്തദുഃഖസ്‌മരണകൾ മാത്രമേ അവശേഷിപ്പിച്ചുളളൂ.

യുദ്ധങ്ങൾ അവശേഷിപ്പിക്കുന്നത്‌ മനുഷ്യാസ്ഥികൂടങ്ങളെയാണല്ലോ.

വിവാഹത്തിന്റെ അന്തസ്സ്‌ യുവതിയുവാക്കളിൽ പ്രചോദനമുണർത്തുന്നു. ഹൃദയപുളകങ്ങൾ വർഷിക്കുന്നു. പക്ഷേ അതിന്റെ അവസാനം അവരുടെ ഹൃദയങ്ങളെ സമുദ്രത്തിലാഴ്‌ത്തിയ നാഴികക്കല്ലുകളാക്കുന്നു. അവരുടെ ആഹ്ലാദം പൂഴിയിൽ വീണ പാദമുദ്രകൾ പോലെ അതിവേഗം മാഞ്ഞൊഴിഞ്ഞു പോകുന്നു.

വസന്തം പിൻവാങ്ങി. ഗ്രീഷ്‌മവും ശരത്തും വന്നു. പിൻവാങ്ങി. എന്നാൽ എനിക്ക്‌ സെൽമയോടുളള പ്രണയം അനുദിനം വളർന്നുവന്നു. അത്‌ കൊടിയ ആരാധനതന്നെയായി മാറി. സ്വർഗ്ഗസ്ഥനായ തന്റെ മാതാവിനോട്‌ അനാഥനാക്കപ്പെട്ട ശിശുവിനുളള വികാരത്തിന്‌ സമാനമായിരുന്നു അത്‌. എന്റെ ഉൽക്കട മോഹം അന്ധമായ ദുഃഖമായി മാറിക്കഴിഞ്ഞിരുന്നു. സ്വസത്തയെയല്ലാതെ അതിന്‌ മറ്റൊന്നും കാണാൻ കഴിയാത്ത നിലയായി. എന്റെ മിഴികളിൽ നിന്നും അശ്രുകണങ്ങൾ പൊഴിഞ്ഞതിന്‌ കാരണം പ്രണയമായിരുന്നു. ആസ്ഥാനത്ത്‌ കുഴക്കം കയറിപ്പറ്റി. അതെന്റെ ഹൃദ്രക്തം പാനം ചെയ്യാനാരംഭിച്ചു. എന്റെ സെൽമയോടുളള അനുഭാവത്തിന്റെ ദീർഘനിശ്വാസങ്ങൾ സെൽമ സന്തോഷവതിയായിരിക്കുവാനുളള ഒരു നിരന്തര പ്രാർത്ഥനയായി മാറി. ഭർത്താവുമൊരുമിച്ചുളള അവളുടെ ജീവിതം വിജയകരമായിത്തീരട്ടെ എന്ന്‌ ഞാനാഗ്രഹിച്ചു.

എന്റെ പ്രാർത്ഥനകളും പ്രതീക്ഷകളു പാഴായി. സെൽമയുടെ ദുരിതം മരണത്തിന്‌ മാത്രം മാറ്റാൻ കഴിയുന്ന ഒരാന്തരവ്യാധിയായി പരിണമിച്ചു കഴിഞ്ഞിരുന്നു.

മാൻസ്വൊർ ബേയ്‌ക്ക്‌ ജീവിതാർഭാടങ്ങളെല്ലാം സ്വയമേവ കരഗതമായിരുന്നു. എങ്കിൽക്കൂടി അയാൾ ആർത്തി മുഴുത്തവനും ദുർമ്മോഹിയുമായിരുന്നു. സെൽമയെ വിവാഹം ചെയ്‌തതിനുശേഷം ഭാര്യാപിതാവ്‌ മരിച്ചുപോകാനായി അയാളുടെ പ്രാർത്ഥന. കഴിവതും ഭാര്യപിതാവിനെ അയാൾ ഒറ്റപ്പെടുത്തി. ഭാര്യാപിതാവു മരിച്ചുപോയാൽ സകലസമ്പത്തുക്കളും തനിക്ക്‌ വന്നുചേരുമല്ലോ എന്നായിരുന്നു ആ മനുഷ്യന്റെ ഉന്നം.

തന്റെ അമ്മാവന്റെ സ്വഭാവത്തിന്‌ ചേരുന്നതായിരുന്നു ബേയുടെയും സ്വഭാവം. ഒരേയൊരു വ്യത്യാസം മാത്രം. ബിഷപ്പിന്‌ വേണ്ടിയിരുന്നതെല്ലാം താൻ മാറിൽ ധരിച്ചിരുന്ന സ്വർണ്ണക്കുരിശിന്റേയും വൈദികവൃത്തിയുടേയും സുരക്ഷിതത്വത്തിൽ രഹസ്യമായി ലഭിച്ചു. അയാൾ രഹസ്യമായി സകലതും ആസ്വദിക്കുകയും ചെയ്‌തു. മരുമകൻ പക്ഷേ എല്ലാം പരസ്യമായനുഭവിച്ചു. ബിഷപ്പ്‌ രാവിലെ പളളിയിലേക്കു പോകും. വിധവകളും അനാഥരും സാധാരണക്കാരുമായവരിൽ നിന്നും പലതും പിഴിഞ്ഞെടുക്കും. എന്നാൽ മാൻസ്വർ ബേ ലൈംഗികാസ്വാദനത്തിനായി പകലുകൾ ചെലവഴിച്ചു. ഞായറാഴ്‌ചകളിൽ ബിഷപ്പ്‌ സുവിശേഷം പ്രസംഗിച്ചുവെങ്കിൽ തുടർന്നുളള ദിവസങ്ങളിൽ തന്റെ വാക്കുകൾക്കനുസരിച്ചായിരുന്നില്ല ആചരണം. പ്രാദേശികമായ രാഷ്‌ട്രീയ രഹസ്യപദ്ധതികൾ നിർമ്മിക്കുകയും ഉപജാപങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. തന്റെ അമ്മാവന്റെ അന്തസ്സും സ്വാധീനവും ഉപയോഗിച്ച്‌ മരുമകൻ നല്ല കൈക്കൂലി വാങ്ങി പലർക്കും രാഷ്‌ട്രീയ നേട്ടങ്ങളുണ്ടാക്കിക്കൊടുക്കുകയും ചെയ്‌തിരുന്നു.

രാത്രിയുടെ പരിരക്ഷയിൽ ഒരു കളളനെപ്പോലെയായിരുന്നു ബിഷപ്പിന്റെ പ്രവർത്തനമെങ്കിൽ പകലുകളിൽ നിർഭയനായി വഞ്ചനകൾ നടത്തി. അയാൾക്കതഭിമാനം പകർന്നിരുന്നുവത്രേ. പക്ഷേ എന്തൊക്കെതന്നെയായാലും ആളുകൾ ഇത്തരക്കാരെയൊക്കെ വീണ്ടും വിശ്വസിക്കുന്നു. സ്വന്തം രാജ്യത്തെ നശിപ്പിക്കുന്ന അറവുകാരും ചെന്നായ്‌ക്കളുമാണെങ്കിലും അവരെ ജനത വിശ്വസിക്കുന്നു. അയൽക്കാരെപ്പോലും ഈ ദുർവൃത്തർ അവരുടെ ഉരുക്കുമുഷ്‌ടികൊണ്ട്‌ ആക്രമിക്കുന്നു.

സെൽമാ… കണ്ണീർ തുടക്കൂ… സന്തോഷവതിയാകൂ. മുഖത്തുനിന്നും ദുഃഖമൊഴിവാക്കൂ… വരൂ… നമുക്ക്‌ പിതാവിന്റെ രോഗശയ്യയ്‌ക്കരികിൽ ചെന്നിരിക്കും. കാരണം, അദ്ദേഹത്തിന്റെ ജീവിതം നിന്റെ ജീവിതത്തെ ആശ്രയിച്ചിരിക്കുന്നു. നിന്റെ പുഞ്ചിരി മാത്രമാണതിനുളള ഒരേയൊരു മരുന്ന്‌.

അവൾ ദയാമയിയായി, സ്‌നേഹത്തോടെ തന്നെ നോക്കി. അവൾ പറഞ്ഞുഃ “എന്നോട്‌ ക്ഷമയോടെയിരിക്കാനാവശ്യപ്പെടുന്ന നിങ്ങൾക്കുതന്നെയല്ലേ ആദ്യം അതിന്റെ ആവശ്യം? വിശക്കുന്നവൻ തന്റെ റൊട്ടി മറ്റൊരുവന്‌ കൊടുക്കുമോ? തനിക്ക്‌ അങ്ങേയറ്റം ആവശ്യമായ ശമനൗഷധം ഒരു രോഗി മറ്റൊരു രോഗിക്ക്‌ പകർന്നു നൽകുമോ?”

അവൾ എണീറ്റു. അവളുടെ ശിരസ്സ്‌ അൽപ്പം മുന്നോട്ട്‌ താഴ്‌ന്നു. ഞങ്ങൾ വൃദ്ധന്റെ മുറിയിലേക്കു നടന്നു. അദ്ദേഹത്തിന്റെ ശയ്യയ്‌ക്കരികിലിരുന്നു. സെൽമ ചെറുതായൊ​‍ാന്നു ചിരിച്ചു. അവൾ ശാന്തചിത്തയാണെന്നഭിനയിച്ചു. താൻ രോഗത്തിൽ നിന്നുടനെ വിമുക്തനാകുമെന്ന്‌ ആ പിതാവ്‌ മകളെ ധരിപ്പിക്കാൻ ശ്രമിച്ചു. മകളും അച്‌ഛനും അന്യോന്യം സമാശ്വസിപ്പിക്കാനാണ്‌ ശ്രമിച്ചതെങ്കിലും ശബ്‌ദരഹിതമായ ദീർഘനിശ്വാസങ്ങൾ അവരിരുവരും കേട്ടു. അവർ രണ്ട്‌ തുല്യശക്തികളെപ്പോലെയിരുന്നു. പരസ്‌പരം സാവധാനം ഒഴിവാക്കുന്ന രണ്ട്‌ തുല്യശക്തികൾ. മകൾ പോയതിനുശേഷം പിതൃഹൃദയം ഉരുകിത്തീരുകയായിരുന്നു. അവർ രണ്ട്‌ പവിത്രാത്മാക്കളായിരുന്നു. ഒന്ന്‌ പിരിഞ്ഞുപോകാൻ വെമ്പുന്നുവെങ്കിൽ മറ്റേത്‌ ദുഃഖസംത്രാസങ്ങൾ കൊണ്ട്‌ വീർപ്പുമുട്ടിക്കഴിയുന്നു. സ്‌നേഹത്താലും മരണത്താലും അവ പരസ്‌പരാലിംഗനം ചെയ്യുന്നു. ഞാനോ, അവർക്കിടയിൽ കേടുവന്ന എന്റെ ഹൃദയവുമായി നിൽക്കുന്നു. വിധിയുടെ കൈകളാൽ അമർത്തപ്പെട്ട മൂന്നാത്മാക്കളാണിപ്പോൾ ഞങ്ങൾ. ഞങ്ങൾ എങ്ങനെയോ ഒരുമിച്ചിരിക്കുന്നു. പ്രളയത്താൽ നശിപ്പിക്കപ്പെട്ട ഒരു പാർപ്പിടം പോലെ ഒരു വൃദ്ധൻ. അരിവാൾകൊണ്ട്‌ മുറിവേറ്റ്‌ ഒരുവശം പോയ ലില്ലിപ്പുഷ്‌പം പോലെ ഒരു യുവതി. കനത്ത ഹിമ പാതത്താൽ കഴുത്തൊടിഞ്ഞ ഒരു തൈമരംപോലെ ദുർബ്ബലനായൊരു യുവാവും. ഞങ്ങളൊക്കെത്തന്നെ വിധിയുടെ കൈയ്യിലെ കളിപ്പാവകൾ.

ഫാരിസ്‌ എഫാന്റി മെല്ലെ അനങ്ങി. കൈകൾ മകളുടെ നേർക്ക്‌ നിവർത്തി. സ്‌നേഹം വഴിഞ്ഞൊഴുകുന്ന ഒരു മൃദുലസ്വരത്തിൽ അദ്ദേഹം പറഞ്ഞുഃ “പ്രിയപ്പെട്ട മോളേ… എന്റെ കൈയ്യൊന്നു പിടിക്കൂ..” സെൽമ പിതാവിന്റെ കരം ഗ്രഹിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. “ഞാൻ വേണ്ടതിലേറെ ജീവിച്ചു. ജീവിത ഋതുഭേദങ്ങളുടെ കനികൾ ആവോളം ഭക്ഷിച്ചു. ജീവിതത്തിന്റെ സകലതലങ്ങളും സമഭാവനയോടെ ഞാൻ താണ്ടിക്കടന്നു. നിനക്ക്‌ മൂന്നുവയസ്സു മാത്രമുളളപ്പോഴെനിക്കു നിന്റെ അമ്മയെ നഷ്‌ടപ്പെട്ടു. എന്റെ മടിയിൽ ഒരമൂല്യനിധിയായി അവൾ നിന്നെ ഉപേക്ഷിച്ചുപോയി. നീ വളരുന്നതു ഞാൻ നോക്കിനിന്നു. നിന്റെ മുഖം അമ്മയുടെ രൂപഭാവങ്ങളാളുന്നത്‌ ഞാൻ കണ്ടു. താരകങ്ങൾ താഴെ തടാകത്തിൽ പ്രതിഫലിക്കും പോലെയായിരുന്നു അത്‌..

നിന്റെ സ്വഭാവം ബുദ്ധിവിശേഷം… സൗന്ദര്യംപോലും അമ്മയിൽനിന്നും പകർന്നു കിട്ടിയതാണ്‌. നിന്റെ നാട്യങ്ങളും സംഭാഷണശൈലി പോലും അമ്മയുടേതാണ്‌. വാക്കിലും പ്രവൃത്തിയിലും നീ നിന്റെ അമ്മയെ അനുസ്‌മരിപ്പിച്ചിരുന്നതിനാൽ നീയായിരുന്നു ജീവിതത്തിലുടനീളം എന്റെ ഏകാശ്വാസം. ഇപ്പോഴിതാ.. എനിക്കു വയസ്സായിരിക്കുന്നു. മരണത്തിന്റെ നനുത്ത ചിറകുകൾക്കു കീഴെയാണെനിക്ക്‌ ഇനി വിശ്രമിക്കാനുളള സ്ഥലം. മകളേ, സാന്ത്വനിക്കൂ… നീയൊരു യുവതിയായിത്തീരുന്നതുവരെ ഞാൻ ജീവിച്ചു. മരണശേഷവും ഞാൻ നിന്നിൽ ജീവിക്കും. അതിനാൽ ആശ്വസിക്കൂ. ശരത്‌ക്കാലത്ത്‌ ഇലകൾ കൊഴിയുന്നപോലെ ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ഞാൻ ഇന്ന്‌ വിട പറയുന്നത്‌ നാളെയോ മറ്റന്നാളോ വിടപറയുന്നതിൽ നിന്നും വ്യത്യസ്‌തമാവില്ല. എന്റെ മരണമുഹൂർത്തം അതിവേഗം സമാഗതമായിക്കൊണ്ടിരിക്കുന്നു. എന്റെ ആത്മാവ്‌ നിന്റെ അമ്മയുടേതുമായി ഒന്നാകാൻ തുടിച്ചുകൊണ്ടിരിക്കുന്നു.

മധുരതരമായും സ്‌നേഹപൂർണ്ണമായും ആ പിതാവ്‌ ഇങ്ങനെ പറയുമ്പോഴൊക്കെ മുഖം ആനന്ദവികാരം കൊണ്ട്‌ വെട്ടിത്തിളങ്ങി. പിന്നീടദ്ദേഹം തലയിണക്കീഴിലേക്ക്‌ കൈകൊണ്ടുപോയി. സ്വർണ്ണച്ചട്ടക്കൂടുളള ഒരു ചെറിയ ചിത്രം അദ്ദേഹം പുറത്തെടുത്തു. ആ ചെറിയ ചിത്രത്തിൽ നോക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു. ”വരൂ! സെൽമാ- നോക്കൂ… നിന്റെ അമ്മയുടെ ചിത്രം നോക്കൂ…“

സെൽമ കണ്ണീർ തുടച്ചു. ആ ചിത്രത്തിൽ ഏറെ നേരം നോക്കി നിന്നതിനുശേഷം അവളതിലാവർത്തിച്ചു ചുംബിച്ചു കരഞ്ഞു. ”ഓ! അമ്മേ… പ്രിയപ്പെട്ട അമ്മേ…“ അവൾ സ്വന്തം വിറയാർന്ന ചുണ്ടുകൾ ആ ചിത്രത്തിലർപ്പിച്ചു, സ്വാത്മാവിനെ ആ ചിത്രബിംബത്തിലേക്ക്‌ നിവേശിപ്പിക്കുവാനെന്നപോലെ.

മനുഷ്യരാശിയുടെ ചുണ്ടിലെ ഏറ്റവും മനോഹരമായ വാക്കത്രേ ”അമ്മ“ ”എന്റെ അമ്മേ“ എന്ന വിളിയാണ്‌ ഏറ്റവും മനോഹരമായ വിളി. പൂർണ്ണമായും പ്രതീക്ഷയും സ്‌നേഹവും നിറഞ്ഞ ഒരു വിളിയാണത്‌. ഹൃദയാഗാധതകളിൽ നിന്നും ഉരുവം കൊളളുന്ന മധുരതരവും ദയാമയവുമായ പദം. അമ്മ സർവ്വവുമാണ്‌. ദുഃഖത്തിലവൾ സാന്ത്വനമേകുന്നു. ദുരിതകാലത്ത്‌ പ്രതീക്ഷ നൽകുന്നു. ക്ഷയോന്മുഖഘട്ടത്തിൽ കരുത്ത്‌ പകരുന്നു. അവൾ സ്‌നേഹസ്രോതസ്സാകുന്നു. ദയ, സഹാനുഭൂതി, ക്ഷമ…. എല്ലാം അവളിൽ നിന്നുറവെടുക്കുന്നു. ഒരുവന്‌ അമ്മയെ നഷ്‌ടപ്പെടുന്നുവെങ്കിൽ നിരന്തരമായി അനുഗ്രഹവർഷം ചൊരിയുകയും കാവൽ നൽകുകയും ചെയ്യുന്ന ഒരു കന്മഷമറ്റ ആത്മാവിനെയാണവന്‌ നഷ്‌ടപ്പെടുക.

പ്രകൃതിലുളളതെന്തും അമ്മയിൽനിന്നും ആവിർഭവിച്ചതാകുന്നു. ഭൂമി സൂര്യനിൽ നിന്നുളവായി. സ്വന്തം ചൂടേകി സൂര്യൻ ഭൂമിയെ പരിപാലിക്കുന്നു. ഭൂമി സമുദ്രഗീതങ്ങളും വാനമ്പാടികളുടേയും അരുവികളുടേയും ഗാനങ്ങളും കേട്ട്‌ നിദ്രയിലേക്കു വീഴുംവരെ സൂര്യൻ പ്രകൃതിയെ ഉപേക്ഷിക്കുന്നതേയില്ല. ഈ ഭൂമിയാണ്‌ തരുനിരകളുടേയും പൂക്കളുടേയും മാതാവ്‌. ഭൂമി അവയെ പ്രസവിക്കുന്നു. ശുശ്രൂഷിക്കുന്നു. പിന്നീട്‌ മുലകുടി മാറ്റുന്നു. പിന്നീട്‌ അവ ഫലങ്ങളുടെയും വിത്തുകളുടെയും മാതാവായി മാറുന്നു. സർവ്വാസ്‌തിത്വത്തിന്റെയും മാതാവാരാണ്‌? അനശ്വരമായ ആത്മാവു തന്നെ. പ്രേമത്തിന്റെയും മനോഹാരിതയുടേയും പൂർണ്ണതയാണത്‌. പരമാത്മാവ്‌.

സെൽമ തീരെ കുഞ്ഞായിരിക്കുമ്പോഴാണ്‌ മാതാവ്‌ മരണമടഞ്ഞതെന്നതിനാൽ അവൾക്ക്‌ അമ്മയെ കണ്ട ഓർമ്മയില്ല. ആ ചിത്രം കണ്ടപാടെ ”എന്റെ അമ്മേ…“ എന്ന്‌ അവൾ പൊട്ടിക്കരഞ്ഞു. അമ്മ എന്ന വാക്ക്‌ നമ്മുടെ ആഴങ്ങളിലുണ്ട്‌. ആഹ്ലാദത്തിന്റെയും വ്യസനത്തിന്റെയും നിമിഷങ്ങളിൽ ആ വാക്ക്‌ നാം ഉച്ചരിക്കുന്നു. പനീർപ്പൂവിന്റെ സുഗന്ധം സ്വച്ഛവും കലങ്ങിമറിഞ്ഞതുമായ കാറ്റിൽ ഒരേപോലെ കലരുംപോലെ. ആവർത്തിച്ച്‌ ആ ചിത്രത്തിൽ സെൽമ ചുംബിച്ചുകൊണ്ട്‌ അവൾ അതിലുറ്റുനോക്കി. ഒടുവിലവൾ പിതാവിന്റെ ശയ്യയിലേക്കമർന്നു. ആ വൃദ്ധൻ ഇരുകൈകൊണ്ടും മകളെ അണച്ചുപിടിച്ചു. ശിരസ്സിൽ ഒരു കരതലമർപ്പിച്ചു. ”ഞാനിപ്പോൾ വെറും കടലാസിലുളള ഒരു ചിത്രം കാട്ടിത്തന്നു. നിന്റെ അമ്മയുടെ ചിത്രം. ഇനി ഞാൻ നിന്റെ അമ്മയുടെ വാക്കുകൾ പറയാം…. കേൾക്കൂ..“

തളളപ്പക്ഷിയുടെ ചിറകടികേട്ട്‌ ഒരു കുഞ്ഞുപക്ഷി കൂട്ടിൽ തലയുയർത്തി നോക്കുംപോലെ അവൾ ശ്രദ്ധയോടെ അച്ഛനെ നോക്കി.

ഫാരിസ്‌ എഫാന്റി തുടർന്നു ”നീ ഒരു ശിശുവായിരിക്കെ നിന്റെ അമ്മയ്‌ക്ക്‌ സ്വപിതാവിനെ നഷ്‌ടപ്പെട്ടു. അദ്ദേഹം വേർപിരിഞ്ഞകന്നപ്പോൾ അവൾ വല്ലാതെ ക്ലേശിച്ചു കരഞ്ഞു. എന്നാൽ അവൾ ക്ഷമാശീലയും ബുദ്ധിമതിയുമായിരുന്നു. ശവസംസ്‌കാരം കഴിഞ്ഞയുടനെ അവൾ എന്നിലേക്ക്‌ മടങ്ങിവന്ന്‌ കൈ എനിക്കു നേരെ നീട്ടി. “ഫാരീസ്‌… എന്റെ അച്‌ഛൻ മരിച്ചു. ഇനി താങ്കൾ മാത്രമാണീ ലോകത്തെനിക്കുളള സാന്ത്വനം. ദേവദാരുവിന്റെ ശാഖകൾപോലെ ഹൃദയത്തിന്റെ ഭാവങ്ങൾ വേർപിരിഞ്ഞു കാണുന്നു. ദേവദാരുവിന്റെ ഒരു ശക്തമായ ശാഖ ഒടിഞ്ഞു പോയാൽ അത്‌ വേദനിക്കും. പക്ഷേ നശിച്ചുപോകുകയില്ല… പൊയ്‌പ്പോയ ആ ശാഖയിലേക്കുളള ചൈതന്യം വൃക്ഷം മറ്റൊരു ശാഖയിലേക്കു പകരുന്നു. അങ്ങനെ ഒടിഞ്ഞ ഭാഗം നിറയ്‌ക്കുവാൻ ആ ശാഖയ്‌ക്കു പിന്നീട്‌ കഴിയുന്നു. ഇതാണ്‌ നിന്റെ അമ്മ പറഞ്ഞത്‌. നിന്റെ മുത്തച്ഛൻ മരിച്ചപ്പോൾ…. എന്റെ ശരീരം മരണം അതിന്റെ വിശ്രാന്തികേന്ദ്രത്തിൽ കൊണ്ടുപോകുമ്പോൾ നീയും ഇതുതന്നെ പറയണം… ദൈവത്തിങ്കലേക്ക്‌ എന്റെ ആത്മാവ്‌ പോകുമ്പോൾ…. തകർന്ന ഹൃദയത്തോടും ഉതിർന്നുവീഴുന്ന അശ്രുബിന്ദുക്കളോടും കൂടി സെൽമ അതിന്‌ മറുപടി പറഞ്ഞു.

അമ്മയ്‌ക്ക്‌ സ്വന്തം അച്‌ഛൻ നഷ്‌ടപ്പെട്ടപ്പോൾ താങ്കൾ ആ സ്ഥാനമേറ്റെടുത്തു. പക്ഷേ അങ്ങ്‌ എനിക്ക്‌ നഷ്‌ടപ്പെടുമ്പോൾ ആ സ്ഥാനം ആരേറ്റെടുക്കും? സത്യസന്ധനും സ്‌നേഹവാനുമായ ഒരാളെയാണ്‌ എന്റെ അമ്മയ്‌ക്ക്‌ ആശ്രയിക്കുവാനുണ്ടായിരുന്നത്‌. കൂടാതെ അമ്മയ്‌ക്കൊരു കുഞ്ഞുണ്ടായിരുന്നു, ആശ്വസിക്കുവാൻ… എനിയ്‌ക്കെന്തുണ്ട്‌? അങ്ങ്‌ വേർപിരിഞ്ഞു പോയാൽ പിന്നെ എനിക്കാരുണ്ട്‌? അങ്ങായിരുന്നു എനിക്ക്‌ അച്‌ഛനും അമ്മയും… യൗവ്വനത്തിലുടനീളം എന്റെ സുഹൃത്തും…”

ഇങ്ങനെ പറയുന്നതിനിടയിലവളെന്നെ നോക്കി. വസ്‌ത്രാഞ്ചലം അൽപ്പമൊന്നുയർത്തിപ്പിടിച്ച്‌ അവൾ തുടർന്നു. “അങ്ങ്‌ പൊയ്‌ക്കഴിഞ്ഞാലെനിക്കവശേഷിക്കുന്ന ഏക സുഹൃത്ത്‌ ഇദ്ദേഹമാണ്‌. പക്ഷേ ഇദ്ദേഹം സ്വയം പീഢിപ്പിക്കുന്ന അവസ്ഥയിൽ എന്നെ എങ്ങനെ സമാശ്വസിപ്പിക്കും? ഒരു തകർന്ന ഹൃദയത്തിനെങ്ങനെ ദുരിതമനുഭവിക്കുന്ന ഒരാത്മാവിൽ അഭയം തിരക്കാനൊക്കും? തകർന്ന ചിറകുകളുളള ഒരു കിളിക്ക്‌ പറക്കാനാവുമോ? ഒരു ദുഃഖിതയെ സമാശ്വസിപ്പിക്കുവാൻ അയൽക്കാരിയുടെ ദുഃഖത്തിനാവുമോ? ഇദ്ദേഹം എന്റെ ആത്മാവിന്റെ സുഹൃത്താണ്‌. ഇതിനകം തന്നെ ഞാൻ ഇദ്ദേഹത്തിയന്റെ ചുമലിൽ ഒരു വലിയ ദുഃഖഭാരം ഏൽപ്പിച്ചുക്കഴിഞ്ഞു. എന്റെ കണ്ണീരുകൊണ്ട്‌ ഇദ്ദേഹത്തിന്റെ മിഴികൾ മങ്ങിക്കഴിഞ്ഞു. ഇദ്ദേഹമിപ്പോൾ അന്ധകാരമല്ലാതെ മറ്റൊന്നും കാണുന്നില്ല. ഞാനത്യന്തം സ്‌നേഹിക്കുന്ന ഒരു സഹോദരനാണിദ്ദേഹം… പക്ഷേ ഇദ്ദേഹം മറ്റേതൊരു സഹോദരനെയുംപോലെയാണെനിക്ക്‌. അദ്ദേഹമെന്റെ ദുഃഖം പങ്കുവെയ്‌ക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുമ്പോൾ എന്റെ ഹൃദയത്തിലെ കയ്‌പ്‌ അധികരിക്കുകയും കരളെരിയുകയും ചെയ്യുന്നു…”

സെൽമയുടെ വാക്കുകൾ കഠാരപോലെ എന്റെ ഹൃദയത്തിൽ കുത്തിത്തറച്ചു. എനിക്കിനി അധികം സഹിക്കാനാവില്ലെന്നു തോന്നി. നൈരാശ്യമുറ്റിയ ആത്മാവോടെ ആ വൃദ്ധൻ അവളെ ശ്രവിച്ചു, കാറ്റിൽ വിറകൊളളുന്ന ഒരു പ്രകാശനാളം പോലെ. കൈകൾ നിവർത്തിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു. “മകളേ… ഞാൻ സമാധാനത്തോടെ വിട ചോദിക്കട്ടെ.. ഞാനീ കൂട്‌ തകർത്തു കഴിഞ്ഞു. നിന്റെ അമ്മ എന്നെ വിളിക്കുന്നു. എന്നെ തടയരുതേ… ഞാൻ പറന്നുപൊയ്‌ക്കൊളളട്ടെ… ആകാശം സ്വച്ഛമാണിപ്പോൾ. സമുദ്രം പ്രശാന്തവും. യാനപാത്രം യാത്രയ്‌ക്കു സജ്ജമാകട്ടെ. അതിനെ വൈകിക്കരുതേ.. വിശ്രമിക്കുന്നവരോടൊപ്പം ഞാനും വിശ്രമിക്കട്ടെ… ഞാൻ അന്ത്യം സ്വപ്‌നം കാണട്ടെ. എന്റെ ആത്മാവ്‌ പ്രഭാതത്തോടൊപ്പം ഉണരട്ടെ. നിന്റെ ആത്മാവ്‌ എന്റെ ആത്മാവിനെ ചുംബിച്ച്‌ പ്രതീക്ഷകൾ പകരുമാറാകട്ടെ… അങ്ങനെയെങ്കിൽ എന്നെ ശുശ്രൂഷിക്കുകയില്ല. എന്റെ കരങ്ങളിൽ ദുരിതത്തിന്റെ അശ്രുബിന്ദുക്കൾ വീഴ്‌ത്താതിരിക്കൂ. എന്റെ ശവകുടീരത്തിൽ അവ മുൾച്ചെടികളായി വളരും. എന്റെ നെറ്റിത്തടത്തിൽ ഉൽക്കണ്‌ഠയുടെ ചുളിവുകൾ പടർത്താതിരിക്കൂ. എന്റെ അസ്ഥികളുടെ പൊടി കാറ്റ്‌ പറത്തി ദൂരെ പച്ചപ്പുൽത്തകിടികളിലേക്കെത്തിച്ചേക്കില്ല. എന്റെ കുട്ടീ, ഞാൻ നിന്നെ സ്‌നേഹിച്ചു. ഞാൻ മരിച്ചാലും നിന്നെ സ്‌നേഹിക്കും. എന്റെ ആത്മാവ്‌ സദാ നിനക്ക്‌ കാവൽ നിന്ന്‌ നിന്നെ രക്ഷിക്കും..”

പാതിയടഞ്ഞ കണ്ണുകളോടെ, വൃദ്ധൻ പിന്നീടെന്നെ നോക്കി. “മോനേ… സെൽമക്ക്‌ നീ ഒരു ശരിയായ സഹോദരനായിരിക്കണം. നിന്റെ അച്‌ഛനെനിക്കെങ്ങനെയായിരുന്നുവോ അതുപോലെ. ഇവൾക്ക്‌ നീ താങ്ങായിരിക്കണം. അത്യാവശ്യഘട്ടങ്ങളിൽ സഹായിയായിരിക്കണം. ഇവളെ കരയാനനുവദിക്കരുത്‌. കാരണം മരിച്ചവരെ പ്രതി കരയുകയെന്നതേറ്റം നിരർത്ഥകമാവും. സുഖകരങ്ങളായ ഐതിഹ്യങ്ങളും കഥകളും അവളെ പറഞ്ഞു കേൾപ്പിക്കൂ… ദുഃഖം മറക്കുവാൻ അവൾക്കുവേണ്ടി ഗാനങ്ങൾ ആലപിക്കൂ. എന്നെപ്പറ്റി നിങ്ങളുടെ അച്‌ഛനോട്‌ പറയണം. ഞങ്ങളുടെ യൗവ്വനകാലത്തെക്കുറിച്ച്‌ അച്‌ഛനോട്‌ ചോദിക്കണം. ജീവിതാവസാനകാലത്ത്‌ ഞാൻ അയാളെക്കരുതി, നിന്നെ സ്‌നേഹിച്ചിരുന്ന കഥയും പറയാൻ മറക്കരുതേ..”

നിശ്ശബ്‌ദത തുടർന്നു. ആ വൃദ്ധന്റെ മരണത്തിന്റെ വിളർച്ച പടരുന്നത്‌ ഞാൻ കണ്ടുതുടങ്ങി. അദ്ദേഹത്തിന്റെ കൃഷ്‌ണമണികൾ മറിഞ്ഞു. അദ്ദേഹം മന്ത്രിച്ചു. “അരുത്‌. ഡോക്‌ടറെ വിളിക്കരുത്‌.. മരുന്നുപയോഗിച്ച്‌ ഈ കൂട്ടിലുളള വാസം അയാളിനിയും വർദ്ധിപ്പിച്ചേക്കും. അടിമത്തത്തിന്റെ നാളുകൾ അകന്നു കഴിഞ്ഞു. എന്റെ ആത്മാവ്‌ ആകാശങ്ങളിൽ സ്വാതന്ത്ര്യം തിരക്കുകയാണിപ്പോൾ.. പുരോഹിതനേയും ഇങ്ങോട്ട്‌ കൊണ്ടുവരരുതേ. കാരണം ഞാനൊരു പാപിയായിരുന്നുവെങ്കിൽ എന്നെ രക്ഷിക്കുവാൻ പുരോഹിതരുടെ മന്ത്രജപാലാപങ്ങൾക്കു കഴിയുന്നതല്ല. ഞാൻ നിഷ്‌കളങ്കനായിരുന്നുവെങ്കിൽ എനിക്ക്‌ സ്വർഗ്ഗം നൽകാനും അവർക്കു കഴിയുകയില്ല. മനുഷ്യന്റെ ഇച്ഛാശക്തിക്ക്‌ ദൈവത്തിന്റെ കൽപ്പനകളെ ഉലംഘിക്കുവാൻ കഴിയില്ല. നക്ഷത്രഗതികൾ തിരുത്തിക്കുറിക്കുവാൻ ജോത്സ്യന്മാർക്കു കഴിയുകയില്ലല്ലോ. എന്റെ മരണത്തിനുശേഷം ഭിഷഗ്വരന്മാരും പുരോഹിതൻമാരും അവരവർക്കിഷ്‌ടംപോലെ ചെയ്‌തുകൊളളട്ടെ. ലക്ഷ്യത്തിലെത്തുംവരെ എന്റെ കപ്പൽ സഞ്ചരിക്കുകതന്നെ ചെയ്യും.”

അർദ്ധരാത്രിയായപ്പോൾ വൃദ്ധൻ തന്റെ കണ്ണുകൾ അവസാനമായി തുറന്നു. അദ്ദേഹം സെൽമയെ ഉറ്റുനോക്കി. സെൽമ കട്ടിലിൽത്തന്നെ കുനിഞ്ഞിരിക്കുകയായിരുന്നു. അദ്ദേഹം ശബ്‌ദിക്കാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. മരണം അദ്ദേഹത്തിന്റെ ശബ്‌ദത്തെ ബാധിച്ചുകഴിഞ്ഞിരുന്നുവെങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞൊപ്പിച്ചു. “രാത്രി കടന്നുപോയിരിക്കുന്നു. ഓ, സെൽമാ… ഓ! സെൽമാ..” അദ്ദേഹത്തിന്റെ തല തലയിണയിൽ നിന്നും വീണു. മുഖം ആകെ വിളറിവെളുത്തു. അന്ത്യശ്വാസം അടർന്നുവീണനേരം അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു നേർത്ത മന്ദഹാസം ഞാൻ കണ്ടു.

സെൽമ അച്‌ഛന്റെ കൈതൊട്ടു. അത്‌ തണുത്തിരുന്നു. അച്‌ഛന്റെ കരതലം സ്വന്തം കൈയിലെടുത്തശേഷം അവൾ അച്‌ഛന്റെ മുഖത്തുനോക്കി. മരണത്തിന്റെ മൂടുപടം കൊണ്ട്‌ അനാവൃതമായിക്കഴിഞ്ഞിരുന്നു. കണ്ണീർ വാർക്കാൻ കഴിയാത്ത നിലയിൽ അവൾ കുഴങ്ങിപ്പോയി. ഒരു ദീർഘനിശ്വാസം പോലും അവൾക്കു തീർക്കാനായില്ല. അനങ്ങാൻ പോലും കഴിഞ്ഞില്ല. ഒരു നിമിഷം ശിലാപ്രതിമ കണക്കെ അവൾ വൃദ്ധനെ നോക്കിക്കൊണ്ടിരുന്നു. അവളെഴുന്നേറ്റ്‌ തറയിൽ നെറ്റി തൊടുമാറ്‌ കുനിഞ്ഞിരുന്നു. “ഹേ, പ്രഭോ! ഞങ്ങളിൽ കരുണ ചൊരിയണേ.. ഞങ്ങളുടെ തകർന്ന ചിറകുകളുടെ കേടുപാടുകൾ തീർത്തുതരണേ..”

ഫാരിസ്‌ എഫാന്റി കരാമി അന്തരിച്ചു. അനശ്വരത ആ ആത്മാവിനെ പുൽകി. ശരീരം ഭൂമിയിലേക്ക്‌ തിരിച്ചുപോയി. അദ്ദേഹത്തിന്റെ സമ്പത്തുകളത്രയും മാൻസ്വർ ബേ ഗാലിബിന്‌ വന്നുചേർന്നു. സെൽമ ജീവിതത്തിന്റെ തടവുകാരിയുമായി- ദുഃഖദുരിതങ്ങളുടെ തടവുകാരി.

ഞാൻ ദുഃഖത്തിലും ദിവാസ്വപ്‌നങ്ങളിലും നഷ്‌ടപ്പെട്ടു. കഴുകൻ ഇരക്കുമേലേ റോന്തുചുറ്റും പോലെ രാപ്പകലുകൾ എന്റെ മേലെ കറങ്ങിമാഞ്ഞുകൊണ്ടിരുന്നു. എന്റെ നിർഭാഗ്യം മറക്കുവാനായി ഞാൻ ഗ്രന്ഥങ്ങൾ വായിച്ചു. പൊയ്‌പ്പോയ തലമുറകളെഴുതിക്കൂട്ടിയ ആത്മവിദ്യാരചനകളിലൂടെ മുഴുകി. പക്ഷേ അത്‌ എണ്ണയൊഴിച്ച്‌ തീകെടുത്താൻ ശ്രമിക്കുംപോലെ പാഴായി. ദുരന്തങ്ങൾ മാത്രമേ ആ രചനകളിൽ ഞാൻ കണ്ടെത്തിയുളളൂ. കരച്ചിലും വിലാപവും മാത്രമേ കേൾക്കാൻ കഴിഞ്ഞുളളൂ. ഇയ്യോബിന്റെ പുസ്‌തകമാണ്‌ എനിക്കേറ്റം ഹൃദ്യമായി തോന്നിയത്‌. സോളമന്റെ ഗീതങ്ങളേക്കാൾ ഞാൻ ജെറമിയയുടെ കരുണ രസാത്മക ഗീതങ്ങളെന്നെ ആകർഷിച്ചു. പടിഞ്ഞാറൻ സാഹിത്യകാരൻമാരുടെ രചനകളിൽ എനിക്കേറ്റവും അടുപ്പം തോന്നിയത്‌ ഹാംലറ്റിനോടായിരുന്നു. അതെന്റെ ഹൃദയത്തിൽ തൊട്ടു. അങ്ങനെ നൈരാശ്യം നമ്മുടെ കാഴ്‌ചയെ മന്ദീഭവിപ്പിക്കുകയും നമ്മുടെ ശ്രവണേന്ദ്രിയങ്ങളെ മൂടുകയും ചെയ്യുന്നു. ംലാനതയിൽ മുങ്ങിയ ഭൂതരൂപങ്ങളെ മാത്രമേ അപ്പോൾ കാണാനുണ്ടാവൂ. ഉൽക്കണ്‌ഠ മുറ്റിയ ഹൃദയസ്‌പന്ദനങ്ങൾ മാത്രമേ കേൾക്കാൻ ലഭിക്കൂ.

Generated from archived content: odinja8.html Author: khalil_gibran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here