ഒരു ദിവസം വൈകീട്ട് തന്റെ വീട്ടിൽ നിന്നും ആഹാരം കഴിക്കാമെന്ന് ഫാരിസ് എഫാന്ററി എന്നെ ക്ഷണിച്ചു. ഞാനാ ക്ഷണം സ്വീകരിച്ചു. സ്വർഗ്ഗം സെൽമയുടെ കരങ്ങളിലർപ്പിച്ച ദിവ്യമായ അപ്പം ഭക്ഷിക്കുന്നതിനായിരുന്നല്ലോ എന്റെ വിശപ്പ്. ആ ആത്മീയമായ ആഹാരം ഞാനെത്രയേറെ ഭക്ഷിച്ചുവോ അത്രയേറെ എന്റെ വിശപ്പ് വർദ്ധിച്ചു വന്നു. അറേബ്യൻ കവിയായ ഖയസ് ഡാന്റെ സാഫോ എന്നിവരുടെ ഹൃദയങ്ങൾക്ക് തീപിടിപ്പിച്ച ആഹാരമാണത്. ചുംബനങ്ങളുടെ മാധുര്യവും കണ്ണീരിന്റെ കയ്‌പും കലർത്തി ദൈവം പാകം ചെയ്യുന്നതാണ് ആ ആഹാരം.
ഫാരിസ് എഫാന്റിയുടെ ഗൃഹാങ്കണ്യോദ്യാനത്തിലേക്ക് കടന്ന ഞാൻ ഒരു താഴ്‌ന്ന വൃക്ഷശിഖരത്തിൽ തലയണവച്ച് ഒരു ചാരുബെഞ്ചിലിരുന്നിളവേൽക്കുന്ന സെൽമയെയാണ് കണ്ടത്. ആ ശുഭ്രവസ്‌ത്രത്തിൽ അവളൊരു വധുവെപ്പോലെ കാണപ്പെട്ടു. അഥവാ ആ സ്ഥലം കാക്കുന്ന രക്ഷിയാണോ അവൾ എന്നും തോന്നിയേക്കാം.
ഞാൻ നിശബ്‌ദനായി സാദരം അവളെ സമീപിച്ചു. ഞാനവൾക്കരികിലായി ഇരുന്നു. എനിക്ക് ഒന്നും സംസാരിക്കാനേ കഴിയാതെയായി. ഞാൻ മൗനം പാലിച്ചു. മൗനമാണ് ഹൃദയത്തിന്റെ ഒരേയൊരു ഭാഷ. എന്നാൽ ശബ്‌ദരഹിതമായ എന്റെ വിളി അവൾ കേൾക്കുന്നുണ്ടെന്നെനിക്ക് വ്യക്തമായി. അവൾ എന്റെ കണ്ണുകളിൽ നോക്കി എന്റെ ആത്മാവിനെ കാണുന്നുണ്ടായിരുന്നു.
അൽപ്പനേരത്തിനകം ആ വൃദ്ധൻ പുറത്തിറങ്ങിവന്ന് പതിവിൻ പടി എനിക്ക് അഭിവാദനം നൽകി. അദ്ദേഹം കരം എനിക്കുനേരെ ഉയർത്തിയപ്പോൾ, എന്നെയും അദ്ദേഹത്തിന്റെ മകളേയും തമ്മിൽ ബന്ധിപ്പിച്ച രഹസ്യങ്ങളെ അദ്ദേഹം അനുഗ്രഹിക്കുകയാണോ എന്നെനിക്ക്് തോന്നി. അദ്ദേഹം പറഞ്ഞുഃ “കുട്ടികളേ, വിരുന്ന് തയ്യാറായി. നമുക്ക് ആഹരിച്ചു തുടങ്ങാം. ഞങ്ങൾ എഴുന്നേറ്റ് അദ്ദേഹത്തെ പിൻതുടർന്നപ്പോൾ സെൽമയുടെ നയനങ്ങൾ തിളങ്ങി. പിതാവ് ഞങ്ങളെ കുട്ടികളേ എന്ന് വിളിച്ചത് അവളുടെ പ്രണയത്തിന് പുതിയൊരു ഭാവവൃത്തിയേകി.
മേശക്കരികിലിരുന്ന് ഞങ്ങൾ പുരാതനമായ വീഞ്ഞ് നുകരുകയും ഭക്ഷണം രുചിക്കുകയും ചെയ്‌തുകൊണ്ടിരുന്നുവെങ്കിൽതന്നെ ഞങ്ങളുടെ ആത്മാക്കൾ അവിടെയങ്ങുമായിരുന്നില്ല. അവ വിദൂരമായ അന്യദേശങ്ങളിലെവിടെയോ അലയുകയായിരുന്നു. ഞങ്ങൾ ഭാവി സമ്മാനിക്കാനിരിക്കുന്ന കഠിനതകളെക്കുറിച്ചോർക്കുകയായിരുന്നു.
ഞങ്ങൾ മൂവരേയും ചിന്തകൾ വേർപിരിച്ചിരുന്നു. പക്ഷെ ഞങ്ങൾ സ്‌നേഹത്താൽ ഏകീഭവിക്കപ്പെട്ടിരുന്നു. വികാരോദ്വോഗങ്ങൾ മടുത്ത നിഷ്‌ക്കളങ്കരായ മൂന്നാത്മാക്കൾ. പക്ഷേ അറിവു കുറഞ്ഞവർ. സ്വന്തം മകളെ സ്‌നേഹിച്ചിരുന്ന ആ ഒരു പിതാവ് ഒരു നാടകപദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. അവളുടെ ശാശ്വത സന്തോഷത്തെ കരുതി. ഇരുപതുകാരിയായ ഒരു യുവതി സ്വന്തം ഭാവിയിലേക്ക് ഉത്‌കണ്‌ഠയോടെ നോക്കുകയായിരുന്നു. സ്വപ്‌നം കാണുകയും ദുഃഖിക്കുകയും ചെയ്യുന്ന ഒരു യുവാവ്. അവനാകട്ടെ ജീവിതത്തിന്റെ മദ്യമോ വിനാഗരിയോ രുചിച്ചിട്ടുമില്ല- സ്‌നേഹത്തിന്റെയും അറിവിന്റെയും ഉന്നതമേഖലകളിലേക്ക് തനിക്കതിന് കഴിവില്ലെങ്കിൽ തന്നെയും സ്വയം ആരോഹണം ചെയ്യാനുദ്യമിക്കുകയായിരുന്നു. ആ ഏകാന്തഭവനത്തിൽ പോക്കുവെയിലിലിരുന്ന് ഞങ്ങൾ ഭക്ഷണമാസ്വദിക്കുകയും വീഞ്ഞ് നുകരുകയും ചെയ്‌തു. സ്വർഗ്ഗത്തിന്റെ കണ്ണുകൾ ആ ഭവനത്തിന് കാവൽ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ പാനപാത്രങ്ങളുടെ അടിയിൽ ഉൽകണ്‌ഠയും കയ്‌പും ഒളിഞ്ഞു കിടന്നിരുന്നു.
ഞങ്ങൾ ഭക്ഷണം കഴിച്ചുതീരാറായപ്പോൾ ഫാരിസ് എഫാന്റിയെ കാണാനായി ഒരു സന്ദർശകൻ വാതിക്കലെത്തിയിട്ടുണ്ടെന്ന് ഭൃത്യകളിലൊരുവൾ വന്നറിയിച്ചു. വൃദ്ധൻ ചോദിച്ചുഃ ”ആരാണയാൾ?“ ”ആ ബിഷപ്പിന്റെ സന്ദേശവാഹകൻ.“ ഭൃത്യ പ്രതിവചിച്ചു. സ്വർഗ്ഗീയ രഹസ്യങ്ങൾ ഊഹിച്ചറിയുവാനായ ആകാശമേഖലകളിലേക്ക് ശിരസ്സുയർത്തി നോക്കുന്ന ഒരു പ്രവാചകനെപ്പോലെ ഫാരസ് എഫാന്റി മകളുടെ നേരെ ഉറ്റുനോക്കി. പിന്നീടദ്ദേഹം ഭൃത്യയോട് പറഞ്ഞുഃ
”അയാളെ കടന്നുവരാനനുവദിക്കൂ..“
ഭൃത്യ പൊയ്‌ക്കഴിഞ്ഞതിനുശേഷം പൗരസ്‌ത്യവേഷഭൂഷകൾ ധരിച്ച് സമൃദ്ധമായി വളർത്തിയ മേൽമീശയുടെ അറ്റങ്ങൾ ചുരുട്ടിവെച്ച ഒരാൾ കടന്നുവന്ന് വൃദ്ധനെ അഭിവാദനം ചെയ്‌തുകൊണ്ട് പറഞ്ഞുഃ ”ബഹുമാന്യനായ ബിഷപ്പ് അദ്ദേഹത്തിന്റെ വാഹനത്തിൽ എന്നെ അയച്ചിരിക്കുന്നു. താങ്കളുമായി പ്രധാനപ്പെട്ട ഏതോ കാര്യം ചർച്ചചെയ്യാൻ അദ്ദേഹമാഗ്രഹിക്കുന്നത്രേ!
വൃദ്ധന്റെ മുഖം മേഘാവൃതമാകുകയും ചിരി മാഞ്ഞൊഴിയുകയും ചെയ്‌തു. ഒരു നിമിഷം അഗാധമായി ചിന്തിച്ചതിനുശേഷം അദ്ദേഹം എന്റെ അരികിലേക്കുവന്ന് സൗഹൃദപൂർണ്ണമായ സ്വരത്തിൽ പറഞ്ഞുഃ “ഞാൻ തിരിച്ചെത്തുംവരെ നിങ്ങൾ ഇവിടെ ഈ ഏകാന്തസ്ഥലത്തു തന്നെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സാന്നിദ്ധ്യം സെൽമക്ക് ആസ്വാദ്യമായിരിക്കുമെന്നതാണതിന് കാരണം..”
ഇത്രയും പറഞ്ഞ് വൃദ്ധൻ സെൽമക്കെതിരെ തിരിഞ്ഞ് മന്ദഹസിച്ചു. അവൾ അതംഗീകരിക്കുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. അവൾ അനുകൂലമായി ശിരസ്സാട്ടിയെങ്കിലും അവളുടെ കപോലങ്ങൾ തുടുത്തു. വീണാനാദത്തേക്കാൾ മധുരിമവഴിയുന്നൊരു സ്വരത്തിൽ അവൾ മൊഴിഞ്ഞു “നമ്മുടെ അതിഥിക്ക് ആഹ്ലാദമരുളാൻ എന്നാലാവുംവിധം ഞാൻ ശ്രമിക്കാമച്ഛാ.”
അവളുടെ അച്‌ഛനേയും ബിഷപ്പിന്റെ സന്ദേശവാഹകനേയും കയറ്റിയ വാഹനം അപ്രത്യക്ഷമാകുംവരെ അവൾ ശ്രദ്ധിച്ചു. പിന്നീടവളെഴുന്നേറ്റ് എനിക്കെതിരെ കിടന്നിരുന്ന പച്ചപ്പട്ടുവിരിച്ച ഒരു ചെറുശയ്യയിൽ വന്നിരുന്നു. പ്രഭാതമാരുതനേൽക്കുമ്പോൾ പച്ചപുൽത്തകിടിയിലേക്ക് കുനിയുന്ന ഒരു ലില്ലിപുഷ്‌പം പോലിരുന്നു അവൾ.
പ്രണയവും മനോഹാരിതയും പ്രഭാവവും അന്യോന്യമിഴകലർന്ന രാത്രിയിൽ സെൽമ തനിച്ചുളളപ്പോൾ ഞാനവൾക്കരികിലുണ്ടാവണമെന്നതായിരുന്നു ദൈവേച്ഛ. തരുനിരകളാൽ ചുറ്റപ്പെട്ട ആ മനോഹരഭവനത്തിൽ ഞങ്ങളിരുവരും മൂകരായി അന്യോന്യം നോക്കിക്കൊണ്ടിരുന്നു. ഒരാൾ സംസാരിക്കുന്നതിനായി മറ്റൊരാൾ കാത്തിരുന്നു. പക്ഷേ രണ്ടാത്മാക്കൾക്കിടയിൽ ആശയവിനിമയം നടക്കുന്നതിന് വാക്കുകൾ അനിവാര്യമല്ല. നാവുകളിൽ നിന്നോ, ചുണ്ടുകളിൽനിന്നോ വാർന്നു വീഴുന്ന അക്ഷരങ്ങളല്ല ഹൃദയങ്ങളെത്തമ്മിൽ ഒരുമിപ്പിക്കുന്നത്.
നാവ് ഉച്ചരിക്കുന്നതിനേക്കാൾ പവിത്രവും മഹത്തരവുമായ ചിലതുണ്ട്. മൗനം നമ്മുടെ ആത്മാക്കളെ അലങ്കരിക്കുന്നു. നമ്മുടെ ഹൃദയങ്ങളോട് അത് മന്ത്രിക്കുന്നു. മൗനം ഹൃദയങ്ങളെ ഏകീഭവിപ്പിക്കുന്നു. മൗനം നമ്മെ നമ്മിൽ നിന്നുതന്നെ വേർപെടുത്തുകയും ആത്മാവിന്റെ നഭോമണ്‌ഡലം തുഴയാൻ സഹായിക്കുകയും ചെയ്യുന്നു. മൗനം നമ്മെ സ്വർഗ്ഗത്തോടടുപ്പിക്കുന്നു. ശരീരം വെറും തടവറ എന്നതിനപ്പുറം മറ്റൊന്നുമല്ലെന്ന് മൗനം നമ്മെ അനുഭവിപ്പിക്കുന്നു. നാം ഇവിടേക്ക് നാടു കടത്തപ്പെട്ടവർ മാത്രമാണെന്നും.
സെൽമ എന്റെ നേരെ നോക്കിയപ്പോൾ മിഴികളിൽ അവളുടെ ഹൃദയരഹസ്യം വെളിവായി. അവൾ സാവധാനം മൊഴിഞ്ഞുഃ
“നമുക്ക് പൂന്തോട്ടത്തിലേക്കു പോയി മരങ്ങൾക്കിടയിലിരുന്ന് മലകൾക്കപ്പുറത്തെ നിലാവ് കാണാം” ഞാൻ അനുസരണയോടെ ഇരിപ്പിടത്തിൽ നിന്നെണീറ്റുവെങ്കിലും സന്ദേഹിച്ചു നിന്നു.
“ചന്ദ്രബിംബം മുഴുവനുമുദിച്ചുയർന്ന് പൂങ്കാവനത്തെ പ്രകാശമാനമാക്കുന്നതുവരെ നാമിവിടെ തന്നെയിരിക്കുകയല്ലേ നന്ന്?” ഞാൻ കൂട്ടിച്ചേർത്തു. “ഇപ്പോൾ തരുനിരകളേയും പൂക്കളേയും കാണാനാവില്ല. ഇരുളിൽ എല്ലാം മാഞ്ഞിരിക്കും.”
അപ്പോൾ അവൾ പറഞ്ഞുഃ “ശരിയായിരിക്കാം. ഇരുളിന് പൂക്കളേയും തരുനിരകളേയും മറച്ചുപിടിക്കാനാവും. പക്ഷേ നാമിരുവരുടെയും ഹൃദയങ്ങളിലെ പ്രണയത്തെ എങ്ങനെ അതിന് ഒളിപ്പിക്കുവാനാകും?
ഒരു വിചിത്ര മട്ടിൽ ഇങ്ങനെ ഉച്ചരിച്ചതിനുശേഷം അവൾ കണ്ണുകൾ തിരിച്ച് ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. അവളുടെ വാക്കുകളിൽ ധ്യാനിച്ചുകൊണ്ട് ഞാൻ നിശ്ശബ്‌ദത പാലിച്ചു. ആ വാക്കുകളിലോരോന്നിന്റെയും ശരിയായ അർത്ഥത്തിന്റെ കനം ഞാൻ പരിശോധിച്ചു. താൻ പറഞ്ഞുപോയതിനെപ്പറ്റി അവൾ പശ്ചാത്തപിക്കുംപോലെ കാണപ്പെട്ടു. ആ വാക്കുകൾ എന്റെ ശ്രവണേന്ദ്രിയത്തിൽനിന്നും തുടച്ചു മാറ്റാനായി അവൾ സ്വനേത്രങ്ങളുടെ മാന്ത്രികതയാൽ പരിശ്രമിക്കുകയും ചെയ്‌തു. എന്നാൽ ആ മിഴികൾ അവൾ പറഞ്ഞ വാക്കുകൾ മറക്കുവാൻ സഹായങ്ങളാകുന്നതിനു പകരം എന്റെ ഹൃദയാഗാധതകളിലൂടെ വ്യക്തമായും ഗുണാവഹമായും ആവർത്തിക്കുകയും ഓർമ്മയിൽ എന്നന്നേയ്‌ക്കുമായി കൊത്തിവയ്‌ക്കപ്പെടുകയും ചെയ്‌തു.
ഈ ലോകത്തെ ഏത് മഹിമയും മനോഹാരിതയും ഉളവാകുന്നത് ഏതോ മനുഷ്യന്റെ അന്തരംഗത്തിലെ ചിന്തകളിലൂടെയോ വികാരങ്ങളിലൂടെയോ മാത്രമാണ്. പൊയ്‌പ്പോയ പുരുഷാന്തരങ്ങളുടെ സൃഷ്‌ടിയത്രേ നാമിന്നു കാണുന്നതെല്ലാം. ആവിർഭവിക്കുന്നതിന് മുൻപ് അതെല്ലാം ഒരു മനുഷ്യമനസ്സിലെ ചിന്താതരംഗമോ ഒരു സ്‌ത്രീ ഹൃദയത്തിന്റെ ചോദനയോ മാത്രമായിരുന്നു. ആയിരങ്ങൾക്കിടയിൽ ജീവിച്ച ഏതോ മനുഷ്യന്റെ ആശയമാണ് സ്വാതന്ത്ര്യത്തിനായി രക്തം ചൊരിയുവാൻ അനേകരെ പ്രേരിപ്പിച്ച വിപ്ലവങ്ങൾ സംഘടിപ്പിക്കപ്പെട്ടതിന്റെ മൂലകാരണം. ഒരു വ്യക്തി മനസ്സിൽ നിലനിന്ന ചിന്താതരംഗം മാത്രമാണ് സാമ്രാജ്യങ്ങൾക്ക് സംഹാരമായിത്തീർന്ന യുദ്ധങ്ങൾക്കു നിദാനം.
മർത്ത്യരാശിയുടെ ഭാഗധേയം മാറ്റി മറിച്ച പരമപാഠങ്ങൾ, തന്റെ പരിസ്ഥിതികളെ അതിജീവിച്ച ഒരു മഹാത്മാവിന്റെ പ്രതിഭയിൽ നിന്നൂർന്നുവീണ ആശയങ്ങളായിരുന്നു. പിരമിഡുകൾ സൃഷ്‌ടിക്കപ്പെട്ടതും അലക്‌സാഡ്രിയയിലെ മഹാഗ്രന്ഥാലയം അഗ്‌നിക്കിരയാക്കപ്പെട്ടതുമെല്ലാം ഏതൊക്കെയോ ചെറുചിന്തകളുടെ പ്രയോഗഫലങ്ങൾ മാത്രമാണ്.
രാത്രിയിൽ നിങ്ങളിലുണ്ടാകുന്ന ഒരു ചിന്ത ഒരു പക്ഷേ മഹത്വത്തിലേക്കാവും നിങ്ങളെയുയർത്തുക. അഥവാ ഭ്രാന്താലയത്തിലേക്കു നയിച്ചെന്നും വരാം. ഒരു യുവതിയുടെ നോട്ടം ഒരുവനെ ലോകത്തേക്കുംവെച്ചേറ്റം വലിയ ആനന്ദവാനാക്കിത്തീർത്തേക്കാം. ഒരുവന്റെ ചുണ്ടിൽ നിന്നടർന്ന ഒരു വാക്ക് നിങ്ങളെ ആത്മാവിൽ സമ്പന്നനോ ആക്കി മാറ്റാം.
ആ രാത്രി സെൽമ ഉച്ചരിച്ച വാക്കുകൾ എന്നെ ഭൂതഭാവികൾക്കിടയിൽ വെച്ച് സ്‌തംഭിപ്പിച്ചു. കായലിനു നടുവിൽ നങ്കൂരമിട്ട ഒരു തോണിയെപ്പോലെയായി, ഞാൻ.
യൗവ്വനനിദ്രയിൽ നിന്നും ജീവിതവും മരണവും നടമാടുന്ന വേദിയിലേക്കവളെന്നെ ആനയിക്കുകയും ചെയ്‌തു.
ഞങ്ങൾ ഉദ്യാനത്തിലേക്കിറങ്ങവേ, പൂക്കളുടെ സുഗന്ധം കാറ്റിലൂടലച്ചെത്തി, നിദ്രാണമായ പ്രകൃതിയുടെ ശ്വാസം ശ്രദ്ധിക്കുകയായിരുന്ന മുല്ലവളളികൾക്കരികിൽ ഞങ്ങളിരുന്നു. നീലാകാശത്തുനിന്നും സ്വർഗ്ഗത്തിന്റെ താരകമിഴികൾ ഞങ്ങളുടെ നാടകീയപ്രകടനത്തിന് സാക്ഷ്യം നിന്നു.
സുന്നിൻ എന്ന മലയ്‌ക്കപ്പുറത്തുനിന്നും ചന്ദ്രബിംബം ഉയർന്നുവന്നു. മലകളുടേയും കുന്നുകളുടേയും തീരങ്ങളിലൂടെ മഞ്ഞവെളിച്ചം പാകി അതൊഴുകി നീങ്ങി വന്നു. താഴ്‌വരകൾക്ക് തൊങ്ങൽ പിടിപ്പിച്ച മട്ടിൽ ചെറുഗ്രാമങ്ങൾ കാണായി. ശൂന്യതയിൽ നിന്നും പൊട്ടിമുളച്ച മായാരൂപങ്ങൾ പോലെയായിരുന്നു അവ. ലബനൻ നഗരത്തിന്റെ മനോഹാരിത ആ ചന്ദ്രരശ്‌മികൾ ചൊരിഞ്ഞ ദവളിമയിലൂടെ ഞങ്ങൾ കണ്ടു.
ഡേവിഡിന്റേയും ശലോമോന്റേയും പ്രവാചകന്മാരുടേയും സഞ്ചാരങ്ങൾക്കുശേഷം ഐതിഹ്യങ്ങൾ നിറഞ്ഞ ഒരിടമായി കവികൾ ലബണനെ കണ്ടുപോരുന്നു. ആദം ഹവ്വമാരുടെ വീഴ്‌ചക്കുശേഷം നഷ്‌ടപ്രായമായ ഏദൻതോട്ടത്തെപ്പോലെ.
പാശ്ചാത്യകവികളെ സംബന്ധിച്ചിടത്തോളം ലബനൻ കാവ്യപ്രതീതിയുണർത്തുന്ന ഒരു പദമാണ്. പവിത്രങ്ങളായ ദേവദാരു വൃക്ഷങ്ങൾ പൂത്തുലഞ്ഞു സുഗന്ധം പരത്തുന്ന മലഞ്ചെരിവുകൾ നിറഞ്ഞ, ചെമ്പും മാർബിളും കൊണ്ടു പടുത്തുയർത്തിയ മഹാക്ഷേത്രങ്ങളുടെയും താഴ്‌വരയിൽ മേയുന്ന ആട്ടിൻപറ്റങ്ങളുടേയും സ്‌മരണ ‘ലബനൻ’ അവരിലുണർത്തുന്നു. അന്നു രാത്രി ഞാനൊരു കവിയുടെ കണ്ണുകളാലെന്നപോലെ സ്വപ്‌നമയമായ ലബനനെ കണ്ടു. അങ്ങനെ നോക്കുമ്പോൾ വസ്‌തുക്കളുടെ പുറംകാഴ്‌ചകൾ വികാരങ്ങൾക്കനുസൃതമായി മാറുന്നുവെന്ന് കാണാം. നാമങ്ങനെ അവയിൽ മാന്ത്രികതയും മനോഹാരിതയും ദർശിക്കുന്നു. എന്നാൽ ആ മാന്ത്രികതയും മനോഹാരിതയും സത്യത്തിൽ നമ്മിലുളളതു മാത്രമാണ് താനും.
നിലാവ് സെൽമയുടെ മുഖത്തും കൈകളിലും കഴുത്തിലും തഴുകി. പ്രണയസൗന്ദര്യങ്ങളുടെ ദേവതയായ ഇസ്‌ടറിന്റെ വിഗ്രഹം ഒരർപ്പിതാരാധകൻ ആനക്കൊമ്പിൽ കൊത്തിയെടുത്തതുപോലെയായി അപ്പോഴവൾ. അവളെന്നോട് ചോദിച്ചുഃ ”താങ്കളെന്താണ് മൗനിയായിരിക്കുന്നത്?“ അൽപ്പമെന്തെങ്കിലും താങ്കളുടെ പോയ കാലത്തെപ്പറ്റി പറയൂ.”
ഞാനവളെ നോക്കി മൗനം ഭഞ്ഞ്‌ജിച്ചു. “നാമീ ഉദ്യാനമദ്ധ്യത്തിലേക്കു നടക്കവേ ഞാൻ പറഞ്ഞതെന്തെന്നു നീ കേട്ടില്ലേ? പൂക്കളുടെ രഹസ്യമന്ത്രണവും മൂകതയുടെ ഗാനവും ശ്രവിക്കുന്ന ആത്‌മാവിന്, എന്റെ ചേതനയുടെ മുറവിളിയും ഹൃദയത്തിന്റെ ആവലാതിയും കേൾക്കാൻ കഴിയും… ഇല്ലേ?”
അവൾ മുഖം കരതലങ്ങളാൽ പൊത്തി വിറപൂണ്ട ഒരു സ്വരത്തിൽ മറുപടി നൽകി. “അതെ ഞാൻ താങ്കളെ ശ്രവിച്ചു. രാവിന്റെ മാർവ്വിടത്തിൽ നിന്നും ഒരു സ്വരം വമിക്കുന്നതും പകലിന്റെ ഹൃദയത്തിൽനിന്നും ഏതോ വേവലാതി ഇരമ്പുന്നതും ഞാൻ കേട്ടു.”
എന്റെ അസ്‌തിത്വത്തേയും ഭൂതകാലത്തേയും ഞാൻ മറന്നു. സെൽമയൊഴിച്ച് മറ്റെല്ലാം എനിക്ക് ഓർമ്മയില്ലാതായി. ഞാൻ പറഞ്ഞുഃ “സെൽമാ-ഭവതിയെ ഞാനും കേട്ടു. അന്തരീക്ഷത്തിൽ ഹർഷപ്രകർഷത്തിന്റെ സംഗീതം തുടിക്കുന്നതും പ്രപഞ്ചത്തെയാകമാനം പ്രകമ്പനം കൊളളിക്കുന്നതും ഞാൻ കേട്ടു.”
ഈ വാക്കുകൾ കേൾക്കെ അവൾ മിഴികൾ പൂട്ടി. അവളുടെ ചുണ്ടുകളിൽ വിഷാദവും ആനന്ദവും കലർന്ന ഒരു മന്ദഹാസം പ്രത്യക്ഷമായി. അവൾ സാവധാനം മന്ത്രിച്ചു. “ഞാനിപ്പോഴറിയുന്നു, സമുദ്രത്തേക്കാൾ അഗാധവും സ്വർഗ്ഗത്തേക്കാൾ ഉന്നതവും ജീവിതം, മരണം, കാലം എന്നിവയേക്കാൾ വിചിത്രവുമായ മറ്റു ചിലതുകൂടിയുണ്ടെന്ന്. അവയെപ്പറ്റി മുമ്പെനിക്കറിയാമായിരുന്നില്ലെന്നും ഇപ്പോൾ ഞാനറിയുന്നു.”
ആ നിമിഷം സെൽമ ഒരു കൂട്ടുകാരിയേക്കാൾ പ്രിയതരയും സഹോദരിയേക്കാൾ അടുത്തവളും കാമുകിയേക്കാൾ മധുരതരയുമായിത്തീർന്നു. അവൾ പരമമായൊരു ചിന്തയും മനോഹരമായൊരു കിനാവും എന്റെ ആത്മാവിലാകെ ആളിപ്പടരുന്ന ഒരു വികാരവുമായി മാറി.
ദീർഘസഹവാസത്തിൽ നിന്നോ ചിരന്തനമായ ആരാധനയിൽ നിന്നോ ആണ് പ്രണയമുടലെടുക്കുന്നതെന്ന് കരുതുക ശരിയല്ല. ആത്മീയമായ സാധർമ്മ്യത്തിന്റെ പൊടുന്നനെയുളള പൊട്ടിവിടരലാണത്. ആ സാധർമ്മ്യം പൊട്ടിവിടരുന്നത് ക്ഷണമാത്രകൊണ്ടല്ലെന്നാണെങ്കിൽ വർഷങ്ങളോ, പുരുഷാന്തരങ്ങളോ പിന്നിട്ടാലും അത് സംഭവിക്കുകയില്ലതന്നെ.
സുന്നിൻമല ആകാശത്തെ ചുംബിക്കുന്നിടത്തേക്ക് സൽമ ശിരസ്സുയർത്തി നോക്കിക്കൊണ്ട് പറഞ്ഞുഃ “ഇന്നലെ താങ്കൾ എനിക്ക് സഹോദരതുല്യമായിരുന്നു. അച്‌ഛനോടൊപ്പം നാം സഹോദരീസഹോദരൻമാരായി പെരുമാറി. ശാന്തമായി വിശ്രമിച്ചു. എന്നാൽ ഇപ്പോൾ സാഹോദര്യത്തിനപ്പുറത്തെ വിചിത്രവും മധുരതരവുമായ ഒരനുഭൂതി എന്റെ അന്തരംഗത്തിലുളവായിരിക്കുന്നു. പ്രണയത്തിന്റെ ഒരപരിചിതഭാവം എന്റെ ഹൃദയത്തിൽ നിറയുന്നു. അതെന്നെ ഭയകുലയാക്കിക്കൊണ്ട് ഹൃദയത്തിൽ വേദനയും ആനന്ദവും പകരുന്നു.”
ഞാൻ പ്രതികരിച്ചുഃ “നമ്മുടെ അന്തരംഗത്തിലൂടെ കടന്നുപോകവേ നമ്മെ ഭയം കൊളളിക്കുന്ന ആ വികാരം ദൈവത്തിനെ വലംവെയ്‌ക്കാൻ സൂര്യനേയും ഭൂമിയെ വലംവെയ്‌ക്കാൻ ചന്ദ്രനേയും നിർബന്ധിക്കുന്ന അതേ പ്രകൃതി നിയമത്തിന്റെ തന്നെ സന്താനമാണ്.”
അവൾ കരതലം എന്റെ ശിരസ്സിൽ വെച്ച് വിരലുകൾ മുടിയിഴകളിലൂടെ ഓടിച്ചു. അവളുടെ മുഖം പ്രകാശിതമാകുകയും ലില്ലിപ്പൂവിൽ നിന്നടരുന്ന ഹിമബിന്ദുക്കൾപോലെ ആ നയനങ്ങളിൽ നിന്നും അശ്രുകണങ്ങൾ അടർന്നു വീഴുകയും ചെയ്‌തു. അവൾ പറഞ്ഞുഃ “ആര് നമ്മുടെ കഥ വിശ്വസിക്കും? ഈ മുഹൂർത്തത്തിൽ സംശയത്തിന്റെ വിഘാതങ്ങളെ ഈ രാത്രി നാം തരണം ചെയ്‌തുവെന്ന് ആര് വിശ്വസിക്കും? ജീവിതത്തിലെ ഏറ്റവും പൂർണ്ണമായ പരിശുദ്ധിയിൽ നമ്മെ ഒന്നാക്കിയത് ഈ നിസാൻ മാസമാണെന്ന് ആർക്ക് വിശ്വസനീയമാകും?
അവൾ കരതലം എന്റെ നെറുകിൽ വെച്ചുകൊണ്ടുതന്നെ സംസാരം തുടർന്നു; രാജകീയമായ ഒരു രക്തകിരീടമോ, പ്രഭാവത്തിന്റെ ഒരു പൂക്കിരീടമോ ഞാനാ മൃദുലമനോഹരങ്ങളായ വിരലുകളോളം വിലമതിക്കുമായിരുന്നില്ല.
ഞാനവൾക്ക് മറുപടി നൽകിഃ ”ഋതുക്കളുടെ സഹായം കൂടാതെ പുഷ്‌പിക്കുന്ന ഒരേയൊരു പുഷ്‌പം പ്രണയമാണെന്ന കഥ അവർക്കംഗീകരിക്കാനാവില്ല. ഒന്നോർക്കൂ… ഈ നിസാൻ മാസമാണോ നമ്മെ ആദ്യമായി ഒരുമിപ്പിച്ചത്? ജീവിതത്തിലെ ഏറ്റവും സമഗ്രമായ പവിത്രതയിലേക്ക് നമ്മെ കൊണ്ടുവന്നത് ഈ മുഹൂർത്തമാണോ? ജനനത്തിനു മുമ്പേതന്നെ എന്നന്നേയ്‌ക്കുമായി നമ്മെ അന്യോന്യം തടവിലാക്കുകയും ഒരുമിപ്പിക്കുകയും ചെയ്‌തത് ദൈവഹസ്‌തം തന്നെയല്ലേ? സെമിത്തേരിയിൽ അതവസാനിക്കുന്നുമില്ല. നിറചന്ദ്രനാലും താരകങ്ങളാലും തിങ്ങിയ ഈ നഭോമണ്‌ഡലം അനുരാശികളായ ആത്മാക്കളോ, ഉൾവിളികൊണ്ട ആത്മാക്കളോ പരിത്യജിക്കുകയുമില്ല.“
അവൾ വിരലുകൾ എന്റെ മുടിയിഴകളിൽ നിന്നു മാറ്റിയ നേരം രാത്രിയുടെ ഒരിളം കാറ്റ് എന്റെ ശിരസ്സിനെ തഴുകിയൊഴുകി. എനിക്ക് ശിരോരോമകൂപങ്ങളിൽ ഒരു വൈദ്യുതി കമ്പനം അനുഭവപ്പെട്ടു. ഒരു ശ്രീകോവിലിന്റെ സോപാനത്തിൽ ചുംബിക്കുന്ന ആരാധകനെപ്പോലെ ഞാൻ സൽമയുടെ കരം വഹിച്ചു. എന്റെ പൊളളുന്ന ചുണ്ടുകൾ കൊണ്ട് ഞാനതിൽ ഒരു ചുംബനമർപ്പിച്ചു. ആ സ്‌മൃതിപോലും എന്റെ ഹൃദയത്തെ അലിയിക്കുകയും എന്റെ ആത്മാദർശത്തിന്റെ മാധുര്യത്തെ ഉണർത്തുകയും ചെയ്യുന്നു.
ഒരു മണിക്കൂർ കടന്നുപോയി. അതിന്റെ ഓരോ നിമിഷവും പ്രണയത്തിന്റെ വർഷങ്ങളായെനിക്കനുഭവപ്പെട്ടു. വൃക്ഷങ്ങളുടെയും പൂക്കളുടെയും ചന്ദ്രപ്രകാശത്തിന്റെയും രാത്രിയുടെയും മൗനം പ്രണയമൊഴിച്ചുളള സകല യാഥാർത്ഥ്യങ്ങളേയും മറക്കുവാൻ പ്രേരിപ്പിച്ചു. പൊടുന്നനെ ഞങ്ങൾ കുതിരക്കുളമ്പടികൾ കേട്ടു. വണ്ടിചക്രങ്ങളുടെ പരുക്കൻ സ്വരവും. ആനന്ദദായകങ്ങളായ സ്വപ്‌നങ്ങളുടെ മയക്കത്തിൽനിന്നും ഞങ്ങൾ കുഴക്കത്തിലേക്ക് ഉണർന്നു. ആ വൃദ്ധൻ തന്റെ നിയോഗ നിർവ്വഹണാനന്തരം തിരിച്ചെത്തിയിരിക്കുന്നുവെന്ന് ഞങ്ങളറിഞ്ഞു. ഞങ്ങൾ എഴുന്നേറ്റ് തൊടിയിലൂടെ നടന്ന് അദ്ദേഹത്തിന്നരികിലെത്തി.
ഉദ്യാനത്തിന്റെ പ്രവേശനകവാടത്തിൽ മുന്നിൽ ആ കുതിരവണ്ടി നിർത്തിയപ്പോൾ ഫാരിസ് എഫാന്റി ഇറങ്ങി സാവധാനം ഞങ്ങൾക്കെതിരെ നടന്നുവന്നു. അദ്ദേഹം ഏതോ വലിയ ഭാരം പേറുന്നതുപോലെ അൽപ്പം കുനിഞ്ഞിരുന്നു. സൽമയുടെ തോളുകളിൽ തന്റെ ഇരുകൈകളും അർപ്പിച്ചശേഷം വൃദ്ധൻ അവളുടെ മിഴികളിൽ ഉറ്റുനോക്കി. വൃദ്ധന്റെ ചുളിവീണ കവിളുകളിലൂടെ കണ്ണീർക്കണങ്ങളടർന്നു വീണു. ദുഃഖാത്മകമായ ഒരു മന്ദഹാസത്താൽ ആ ചുണ്ടുകൾ വിറപൂണ്ടു. അദ്ദേഹം പറഞ്ഞുഃ ”എന്റെ കുഞ്ഞേ… അധികം വൈകാതെ ഈ വൃദ്ധന്റെ കരങ്ങളിൽനിന്നും നീ മറ്റൊരാളുടെ കരങ്ങളിലേക്കെത്തിപ്പെടും. ഈ ഏകാന്തവസതിയുടെ ഇടുങ്ങിയ ചുവരുകൾക്കുളളിൽനിന്നും നീ വിശാലമായ ലോകത്തിലേക്കെത്തും. ഈ ഉദ്യാനത്തിന് നിന്റെ പാദപതനങ്ങൾ നഷ്‌ടപ്പെടും. നിന്റെ ഈ പിതാവ് നിനക്കൊരന്യനായിത്തീരുകയും ചെയ്യും. എല്ലാം കഴിഞ്ഞു. ദൈവം നിന്നെ അനുഗ്രഹിച്ചെങ്കിൽ!“
ഈ വാക്കുകൾ കേൾക്കെ സെൽമയുടെ മുഖം മേഘാവൃതമായി. മരണത്തിന്റെ മുന്നറിയിപ്പ് കേട്ടാലെന്നപോലെ അവളുടെ കണ്ണുകൾ ഉറഞ്ഞുപോയി. വെടികൊണ്ടു വീണ ഒരു പക്ഷിയെപ്പോലെ പിന്നീടവൾ മുറവിളി കൂട്ടി. അവൾ വിറച്ചു. ദുരിതപ്പെട്ടു. സംഭ്രമം നിറഞ്ഞ ഒരു സ്വരത്തിലവൾ ചോദിച്ചു. ”അങ്ങെന്താണീപ്പറയുന്നത്? എന്താണർത്ഥമാക്കുന്നത്? അങ്ങെന്നെ എവിടേക്ക് പറഞ്ഞയ്‌ക്കുന്നു?“
ആ രഹസ്യം വെളിവായിക്കിട്ടാനെന്നപോലെ സെൽമ അന്വേഷണ ബുദ്ധ്യാ വൃദ്ധന്റെ മുഖത്തുനോക്കി. ഒരു നിമിഷം കഴിഞ്ഞ് അവൾ ചോദിച്ചു. ”മനസ്സിലായി. എനിക്ക് എല്ലാം മനസ്സിലായി. ബിഷപ്പ് എന്നെ ആവശ്യപ്പെട്ടു. അല്ലേ? ഈ ചിറകുകൾ തകർന്ന പക്ഷിക്കുവേണ്ടി ഒരു പഞ്ഞ്‌ജരവും തയ്യാറാക്കി കാത്തിരിപ്പാവും ആ ബിഷപ്പ്. അച്‌ഛാ! ഇതങ്ങയുടെ തീരുമാനമാണോ?“
വൃദ്ധന്റെ മറുപടി ഒരു ദീർഘനിശ്വാസമായിരുന്നു. വൃദ്ധൻ സാവധാനം സെൽമയെ വീട്ടിനുളളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തൊടിയിൽ ഞാൻ തനിച്ചായി. അമ്പരപ്പിന്റെ തിരകൾ ശരത്‌കാലപത്രങ്ങളിൽ കൊടുങ്കാറ്റടിക്കുന്നതുപോലെയെന്നെ വേട്ടയാടി. കുഴക്കം ഒഴിവാക്കാനായി ഞാനും അവരെ പിന്തുടർന്ന് വീട്ടിലേക്ക് കയറി. വൃദ്ധന്റെ കരം പിടിച്ച് കുലുക്കിയശേഷം എന്റെ മനോഹരനക്ഷത്രത്തെ സെൽമയെ ഒന്നുകൂടി നോക്കിയശേഷം ഞാനവിടം വിട്ടു.
ഞാൻ ഉദ്യാനം പിന്നിടാറായപ്പോൾ പിറകേ നിന്ന് വൃദ്ധന്റെ വിളികേട്ടു. ഞാൻ അദ്ദേഹത്തിനുവേണ്ടി തിരിഞ്ഞുനിന്നു. മാപ്പപേക്ഷയെന്നപോലെ അദ്ദേഹം എന്റെ വലംകൈ സ്വന്തം കരങ്ങളിലെടുത്തുകൊണ്ട് പറഞ്ഞു. ”എന്നോട് ക്ഷമിക്കൂ.. മോനെ.. ഞാൻ നിങ്ങളുടെ ഈ സായന്തനം കണ്ണീർകൊണ്ട് നശിപ്പിച്ചു. ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു. ഇടയ്‌ക്കിടെ ഈ വഴി വരണേ.. ഞാൻ ഏകാകിയും നിരാശിതനുമായിത്തീർന്നിരിക്കുന്നു. യുവാവേ.. പ്രിയപ്പെട്ട കുഞ്ഞേ, എന്നോടിടപെട്ട് ക്ഷീണബുദ്ധിയായിത്തീരരുതേ. പ്രഭാതം ഒരിക്കലും രാത്രിയെ പരിചയപ്പെടാനാഗ്രഹിക്കുകയില്ല. എന്നാൽ നീ ഇടക്കിടെ ഇവിടെ വന്ന് എന്റെ പഴയ കാലത്തേക്ക് എന്നെ തിരിച്ചുകൊണ്ടുപോകണം. നിന്റെ പിതാവിനോടൊപ്പം ഞാൻ ജീവിച്ച കാലഘട്ടങ്ങളിലേക്കെന്നെ ആനയിക്കണം. ജീവിതത്തെക്കുറിച്ചുളള പുതുവാർത്തകളുമായി വേണം നീ വരുവാൻ. സെൽമ പൊയ്‌ക്കഴിഞ്ഞതിനുശേഷം ഞാൻ ഏകാകിതയിൽ അലയുമ്പോൾ നീ വരികയില്ലേ?“
ഇത്രമേൽ ദുഃഖജനകമായ വാക്കുകളുച്ചരിച്ചുകൊണ്ട് വൃദ്ധനെന്റെ കരതലം പിടിച്ചു ഞെരുക്കി. അദ്ദേഹത്തിന്റെ കണ്ണുനീർ എന്റെ കൈകളിൽ വീഴുന്നതെനിക്കനുഭവപ്പെട്ടു. പുത്രാനുരൂപമായ സ്‌നേഹത്താൽ വിറകൊണ്ട ഞാൻ എന്റെ ഹൃദയം ദുഃഖത്താൽ വിങ്ങുകയാണെന്ന് തിരിച്ചറിഞ്ഞു. ഞാൻ ശിരസ്സുയർത്തിയപ്പോൾ അദ്ദേഹം അശ്രുപൂർണ്ണങ്ങളായ എന്റെ മിഴികൾ കണ്ടു. കൂടുതൽ അരികിലേക്കണഞ്ഞ് വൃദ്ധനെന്റെ നെറ്റിയിൽ ചുംബിച്ചു. ”ശുഭരാത്രി… പോയ്‌വരൂ..“ അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.
ഒരു വൃദ്ധന്റെ കണ്ണീർ ഒരു യുവാവിന്റെ കണ്ണീരിനേക്കാൾ ശക്തമാണ്. കാരണം അതൊരു ദുർബ്ബലശരീരത്തിൽ നിന്നുളള ജീവിതാവക്ഷിപ്‌തമാണെങ്കിൽ യുവാവിന്റെ കണ്ണീർത്തുളളി പനീരലരിതളിൽ നിന്നും തൂങ്ങി നിൽക്കുന്ന ഹിമബിന്ദുപോലെയാണ്. വൃദ്ധന്റെ കണ്ണീർ കൊഴിയാറായി നിൽക്കുന്ന ഒരു മഞ്ഞയിലയാണ്. ശക്തമായ ഒരു കാറ്റ് വേണ്ട അതിടറി താഴെ പതിക്കുവാൻ.
ഫാരിസ് എഫാന്റി കരാമിയുടെ വീടുവിട്ടിറങ്ങിയിട്ടും എന്റെ ചെവികളിൽ സെൽമയുടെ വിലാപം മുഴങ്ങി. അവളുടെ മനോഹാരിത ഒരു മായാരൂപം പോലെയെന്നെ പിൻതുടർന്നു വന്നു. അവളുടെ പിതാവിന്റെ കണ്ണീർത്തുളളികൾ സാവധാനം എന്റെ കൈകളിൽ ഉണങ്ങി.
പറുദീസയിൽ നിന്നുളള ആദത്തിന്റെ നിർഗ്ഗമനം പോലെയായിരുന്നു എന്റെ വിടവാങ്ങൽ. പക്ഷേ ഈ ലോകത്തെ പറുദീസയേക്കാൾ മനോഹരമാക്കാനായി ഹവ്വ എന്നോടൊപ്പമുണ്ടായിരുന്നില്ലെന്നു മാത്രം. ആ രാത്രിയാണ് ഞാൻ പുനർജ്ജനിച്ചത്. അന്നാദ്യമായി ഞാൻ മൃത്യുവിന്റെ മുഖം കണ്ടുവെന്നെനിക്കനുഭവപ്പെട്ടു.
സൂര്യൻ വയലുകളെ സജീവമാക്കുന്നു. ചിലപ്പോൾ മുച്ചൂടും ഉണക്കി നശിപ്പിക്കുകയും.
Generated from archived content: odinja6.html Author: khalil_gibran