അൽപ്പനാളുകൾക്കുള്ളിൽ ഏകാകിത വന്നെന്നെ മൂടി. ഗ്രന്ഥങ്ങളുടെ വഴങ്ങാത്ത മുഖങ്ങളുമായി ഞാനേറ്റുമുട്ടി. ഒരു വണ്ടി വാടകയ്‌ക്കെടുത്ത് ഞാൻ ഫാരിസ് എഫന്റിയുടെ വീട്ടിലേക്ക് യാത്രയായി. ആളുകൾ ഒഴിവുസമയം ചെലവഴിക്കാറുള്ള പൈൻവനത്തിന്നരികിലെത്തവേ വണ്ടിക്കാരൻ ഒരു കുറുക്കുവഴിയേ തിരിഞ്ഞു. വഴിയുടെ ഇരുവശങ്ങളിലും വില്ലോ മരങ്ങൾ നിഴൽ വീഴ്‌ത്തി നിരന്നു നിന്നിരുന്നു. പച്ചനിറം വിങ്ങുന്ന പുൽക്കൂട്ടങ്ങളും തുടുത്ത മുന്തിരി വിളഞ്ഞു നിൽക്കുന്ന പാടങ്ങളും നിസാൻ മാസത്തിൽ ആദ്യമായി എരിഞ്ഞു തുടങ്ങിയ സ്വർണ്ണപുഷ്പങ്ങളും അവിടെയെവിടെയും കാണായി.
അൽപ്പനേരം കൊണ്ട് അതിമനോഹരമായ ഒരുദ്യാനത്തിനു മദ്ധ്യത്തിൽ നിലകൊള്ളുന്ന ഏകാന്തമായ ഒരു വസതിക്കു മുന്നിൽ വണ്ടി എത്തി. മുല്ലപ്പൂവിന്റെയും പനിനീർപ്പൂവിന്റെയും ഗാർഡീനിയയുടേയും പരിമളം അന്തരീക്ഷത്തിൽ ശക്തമായി കലർന്നുകിടന്നു. ഞാൻ വണ്ടിയിൽ നിന്നും ഉദ്യാനത്തിലേക്കിറങ്ങവേ ഫാരീ് എഫാന്റി എന്നെ വരവേൽക്കുവാനായി വീട്ടീൽനിന്നിറങ്ങി വന്നു. അദ്ദേഹം വീട്ടിലേക്ക് ഹാർദ്ദമായി എന്നെ സ്വാഗതം ചെയ്തു. എനിക്കരികിലായി ഇരുന്നു. യാദൃശ്ചയാ, സ്വപുത്രനെ കണ്ട ഒരു പിതാവിനെപ്പോലെയായിരുന്നു അപ്പോഴദ്ദേഹം. എന്റെ ജീവിതത്തെപ്പറ്റി ഒരുപാട് ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചു. ഭാവിയെപ്പറ്റിയും വിദ്യാഭ്യാസത്തെപ്പറ്റിയും ആരാഞ്ഞു. ഭാവിയെപ്പറ്റി നിറഞ്ഞ പ്രതീക്ഷകളോടെ ഞാൻ മറുപടികൾ നൽകി. എന്റെ സ്വരത്തിൽ അത്യാവേശം കലർന്നിരുന്നു. ആ സമയം എന്റെ ചെവികളിൽ മഹത്വാകാംക്ഷയുടെ മന്ത്രധ്വനികൾ കേട്ടു. പ്രതീക്ഷാനിർഭരമായ സ്വപ്നങ്ങളുടെ ശാന്തസമുദ്രം തുഴയുകയായിരുന്നു, ഞാനപ്പോൾ. ആ സമയം വെളുത്ത പകിട്ടേറിയ സിൽക്ക് നീൾക്കുപ്പായം ധരിച്ച അതിമനോഹരിയായ ഒരു യുവതി, വെൽവെറ്റ് തിരശ്ശീലകൾക്കു പിന്നിൽ നിന്നും പ്രത്യക്ഷയായി എനിക്കരികിലേക്ക് നടന്നുവന്നു. ഞാനും ഫാരിസ് എഫാന്റിയും ഞങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റു.
“ഇതെന്റെ മകൾ സൽമ”. ആ വൃദ്ധൻ പറഞ്ഞു. പിന്നീടദ്ദേഹം അവൾക്കെന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞുഃ “എന്റെ പഴയൊരു സുഹൃത്തിനെ വിധി മടക്കിക്കൊണ്ടു വന്നിരിക്കുന്നു. അയാളുടെ മകന്റെ രൂപത്തിൽ”.
ഒരു സന്ദർശകൻ തങ്ങളുടെ വീട്ടിൽ എത്തിയിരിക്കുന്നോ എന്ന വിസ്‌മയത്തോടെയാവാം സൽമ എന്നെ ഉറ്റുനോക്കി. അവളുടെ കരതലം സ്‌പർശിച്ചപ്പോൾ ലില്ലി പുഷ്‌പത്തിന്റെ മാർദ്ദവമെനിക്കനുഭവപ്പെട്ടു. അതോടൊപ്പം ഹൃദയത്തിൽ നേർത്തൊരു വേദനയും. അവളുടെ ആത്മാവ് സ്വർഗ്ഗീയമായിരുന്നു. ഞങ്ങളെല്ലാം വീണ്ടും നിശ്ശബ്‌ദരായി. ആ നിശ്ശബ്‌ദത തിരിച്ചറിഞ്ഞ് അവൾ എന്നെ നോക്കി മന്ദഹസിച്ചുകൊണ്ട് പറഞ്ഞുഃ “പലപ്പോഴും അച്‌ഛനെന്നോട് അദ്ദേഹത്തിന്റെ പൊയ്‌പ്പോയ യൗവ്വനഘട്ടത്തെക്കുറിച്ച് ആവർത്തിച്ചു പറയാറുണ്ട്. താങ്കളുടെ അച്ഛനോടൊപ്പമുളള സൗഹൃദത്തെക്കുറിച്ചും താങ്കളുടെ അച്‌ഛനും ഇതേപോലെ പറഞ്ഞുതന്നിട്ടുണ്ടെങ്കിൽ തീർച്ചയായും നമ്മുടെ കൂടിച്ചേരൽ ഇതാദ്യമായാവില്ല.”
ആ രീതിയിൽ തന്റെ പുത്രി സംസാരിക്കുന്നതുകേട്ട് ആ പിതാവ് അത്ഭുതംകൊണ്ടു. അദ്ദേഹം പറഞ്ഞു. “സൽമ വളരെ വികാരവൈവശ്യമുളളവളാണ്. അവൾ എല്ലാറ്റിനേയും ആത്മീയമായ കാഴ്‌ചപ്പാടിലൂടെ മാത്രം കാണുന്നു”, എന്നോട് ആ പിതാവിന് മാന്ത്രികമായ ഏതോ ആകർഷണീയത അനുഭവപ്പെട്ടിരുന്നു. ശ്രദ്ധയോടും നയത്തോടും കൂടിയാണ് പിന്നീടദ്ദേഹം സംഭാഷണം തുടർന്നത്. ഓർമ്മയുടെ ചിറകുകളിൽ അദ്ദേഹം ഭൂതകാലത്തിലേക്ക് പറന്നുപോയി.
പിൽക്കാലത്ത് ഞാനദ്ദേഹത്തെക്കുറിച്ചോർക്കുമ്പോഴൊക്കെ കൊടുങ്കാറ്റുകളേയും വേനലിനേയും അതിജീവിച്ച ഒരു കൂറ്റൻ വൃക്ഷത്തിന്റെ പ്രതീതി അദ്ദേഹം എന്നിലുണർത്തിപ്പോന്നു. പ്രഭാതമാരുതനിലിളകുകയും ഒരു കിടങ്ങിലേക്ക് സ്വന്തം നിഴൽ വീഴ്‌ത്തി നിൽക്കുകയും ചെയ്യുന്ന വൃക്ഷം. എന്നാൽ സൽമ മൂകയായിരുന്നു. ഇടക്കിടെ അവളെന്നെ പാളിനോക്കി. പിന്നീട് സ്വപിതാവിനേയും. അത് ജീവിത നാടകത്തിന്റെ ആദ്യത്തെയും അവസാനത്തേതുമായ അദ്ധ്യായങ്ങൾ അവൾ പരതിനോക്കുമ്പോലെയായിരുന്നു. ഉദ്യാനത്തിൽ പകലൊടുങ്ങിയത് അതിവേഗമായിരുന്നു. ജനാലയിലൂടെ സൂര്യാസ്‌തമനത്തിന്റെ ഭയാനകമായ ചുംബനം ലബനണിലെ മലഞ്ചെരിവുകളിൽ പതിക്കുന്നത് ഞാൻ പൊടുന്നനെ കണ്ടു.
ഫാരിസ എഫാന്റി തന്റെ അനുഭവകഥകൾ തുടർന്നുകൊണ്ടിരുന്നുവെങ്കിലും ഞാൻ അലസത പ്രദർശിപ്പിക്കാതെ ദത്തശ്രദ്ധനായിത്തന്നെയായിരുന്നു. ദുഃഖം മാഞ്ഞൊഴിഞ്ഞ് അദ്ദേഹം സന്തോഷവാനായി മാറുന്നുവെന്ന് ഞാൻ കണ്ടു.
സെൽമ ജനാലയ്‌ക്കരികിലിരുന്നു. അവളുടെ മിഴികൾ വിഷാദഭരിതങ്ങളായിരുന്നു. സൗന്ദര്യത്തിന് സ്വന്തമായി ഒരു സ്വർഗ്ഗീയഭാഷയുണ്ടെങ്കിലും ആ മിഴികൾ വിമൂകങ്ങളായിരുന്നു. ആ ഭാഷ ചുണ്ടുകൾക്കും നാവുകൾക്കും അപ്രാപ്യവുമാണല്ലോ. കാലരഹിതമാണാ ഭാഷ. അത് മർത്ത്യരാശിക്ക് പൊതുവായുളളതത്രേ. പാടുന്ന സ്വന്തം തിരകളെ ആഴത്തിലേക്ക് ആകർഷിച്ചു വലിച്ചെടുത്ത് അവയെ നിശ്ശബ്‌ദമാക്കുന്ന ഒരു ശാന്ത തടാകത്തെപ്പോലെയാണത്.
നമ്മുടെ ആത്മാക്കൾക്കു മാത്രമേ സൗന്ദര്യമെന്തെന്നറിയുവാൻ കഴിയൂ. അഥവാ അതോടൊപ്പം ജീവിക്കുവാനും വളരുവാനുമാകൂ. അതിനെ വാക്കുകളിലാവാഹിച്ചു വിശദീകരിക്കുവാൻ ആവില്ല. നമ്മുടെ കണ്ണുകൾക്കു കാണാൻ കഴിയാത്ത ഒരു അതിഹർഷമാണത്. നിരീക്ഷിക്കപ്പെട്ടയാൾക്കും നിരീക്ഷകനും ഇടയിൽ മാത്രം അതാവിർഭവിക്കുന്നു. ഏറ്റവും പരിശുദ്ധമായ ആത്മാവിൽ നിന്നും ശ്രവിക്കുന്ന ഒരു കിരണമത്രേ യഥാർത്ഥ സൗന്ദര്യം. അത് ശരീരത്തെ അലങ്കരിക്കുന്നു. ജീവിതം മണ്ണിനടിയിൽ നിന്നും പ്രത്യക്ഷപ്പെട്ട് ഒരു പൂവിന് നിറവും മണവും നൽകുന്നതുപോലെ.
പ്രണയമെന്നു വിളിക്കപ്പെടുന്ന യഥാർത്ഥസൗന്ദര്യം ഒരു പുരുഷനും സ്‌ത്രീയ്‌ക്കുമിടയിലുളള ആത്മീയ ലയത്തിലാണ് കുടികൊളളുന്നത്. ആ ആദ്യസമാഗമത്തിൽ എന്റെയും സൽമയുടെയും ആത്മാക്കൾ തമ്മിൽ എന്തെങ്കിലും ലയം കണ്ടെത്തിയിരുന്നോ. സൂര്യനുകീഴെയുളള ഏറ്റവും മനോഹരിയായ യുവതിയായി സൽമയെ കാണാൻ ഉൽക്കടാഭിലാഷം എന്നെ പ്രേരിപ്പിച്ചിരുന്നുവോ? അതോ യൗവ്വനത്തിന്റെ വീഞ്ഞ് എന്നെ ലഹരിപിടിപ്പിച്ചിരുന്നുവോ? ഒരിക്കലും നിലനിന്നിരുന്നിട്ടില്ലാത്തവയെക്കുറിച്ച് ഞാൻ കാൽപ്പനിക സ്വപ്‌നങ്ങൾ മെനയുകയായിരുന്നുവോ?
യൗവ്വനം എന്റെ മിഴികളെ അന്ധമാക്കി, അവളുടെ അധരങ്ങളുടെ മാധുര്യത്തെയും നേത്രങ്ങളിലെ പ്രകാശത്തെയും അവയവഭംഗിയേയും കുറിച്ച് അതിശയോക്തി കലർന്ന ഭാവനകൾ നെയ്യിക്കുകയായിരുന്നുവോ? അതോ അവളുടെ കൺകളിലെ പ്രകാശവും അധരങ്ങളുടെ മാധുര്യവും അവയവഭംഗിയും എന്റെ കണ്ണുകൾ തുറന്ന് ജീവിതത്തിന്റെ ആനന്ദവും ദുഃഖവും എന്നെ ബോദ്ധ്യപ്പെടുത്തുകയായിരുന്നുവോ?
ഈ ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തുക ദുഷ്‌കരമാണ്. പക്ഷേ ഒന്നുണ്ട്-ആ മുഹൂർത്തത്തിൽ മുൻപ് ഒരിക്കലും ഞാനനുഭവിച്ചിട്ടേയില്ലാത്ത ചില അനുഭൂതികൾ എന്നിലുളവായി. അത് സത്യമാണ്. എന്റെ ഹൃദയത്തിൽ ഒരു സ്‌നേഹഭാവം വിശ്രമിച്ചു – സൃഷ്‌ട്യാരംഭത്തിൽ ജലരാശിക്കുമേൽ ആത്മാവ് വട്ടം ചുറ്റിനിന്നതുപോലെ. ആ സ്‌നേഹഭാവത്തിൽ നിന്നാണ് എന്നിൽ ആനന്ദവും ദുഃഖവും ഉണ്ടായത്. സൽമയുമായുണ്ടായ ആദ്യസമാഗമരംഗം അങ്ങനെ അവസാനിച്ചു. അങ്ങനെ യൗവ്വനത്തിെൻയും ഏകാന്തതയുടെയും ചങ്ങലകളിൽ നിന്നും ദൈവേഛ എന്നെ സ്വതന്ത്രനാക്കുകയും പ്രണയത്തിന്റെ ഘോഷയാത്രയിൽ പങ്കുകൊളളാനെന്നെ അനുവദിക്കുകയും ചെയ്‌തു.
ഈ ലോകത്തെ ഒരേയൊരു സ്വാതന്ത്ര്യം പ്രണയമത്രേ. കാരണം മനുഷ്യനുണ്ടാക്കിയ നിയമങ്ങൾക്കോ പ്രകൃതിപ്രതിഭാസങ്ങൾക്കോ പ്രണയിയുടെ ആത്മസ്വാതന്ത്ര്യത്തിന് വിഘാതമായി നിൽക്കാൻ കഴിയുന്നതല്ല.
പിരിയാനായി ഞാൻ ഇരിപ്പിടത്തിൽ നിന്നെഴുന്നേൽക്കവേ ഫാരിസ് എഫാന്റി എന്റെ സമീപം വന്ന് മൃദുവായി പറഞ്ഞു.
“നോക്കൂ മോനേ, ഇങ്ങോട്ടുളള വഴി ഇപ്പോൾ നിനക്കറിയാം. സ്വന്തം പിതൃഗൃഹത്തിലേക്കെന്നപോലെ ഇടയ്‌ക്കിടെ ഇങ്ങോട്ട് വരിക. എന്നെ നിന്റെ പിതാവായും സൽമയെ സഹോദരിയായും കരുതൂ.” ഈ പ്രസ്‌താവനയുടെ സാധൂകരണത്തിനായെന്നോണം അദ്ദേഹം മുഖം തിരിച്ച് മകളെ നോക്കി. അവൾ അനുകൂലമായി ശിരസ്സനക്കിക്കൊണ്ട് ഒരു പഴയ പരിചയക്കാരനോടെന്നവണ്ണം എന്നെ നോക്കി.
ഫാരിസ് എഫാന്റി കരാമിയുടെ ആ വാക്കുകൾ എന്നെയും സെൽമയെയും പ്രണയത്തിന്റെ ആൾത്താരയിൽ വശം ചേർത്തു നിർത്തി. ആൽമോൽക്കർഷത്തിലാരംഭിക്കുകയും ദുഃഖത്തിലൊടുങ്ങുകയും ചെയ്‌ത ഒരു ഗാനം പോലെയായിരുന്നു ആ വാക്കുകൾ. വെളിച്ചത്തിന്റെയും ജ്വാലകളുടെയും ലോകത്തേക്ക് ആ വാക്കുകൾ ഞങ്ങളെ ഉയർത്തി. ഞങ്ങൾ കുടിച്ച ആനന്ദവും കയ്‌പും നിറച്ച പാനപാത്രങ്ങളായിരുന്നു ആ വാക്കുകൾ. ഞാനാവീട് വിട്ടിറങ്ങി. ഉദ്യാനത്തിന്റെ അറ്റം വരെ ആ വൃദ്ധനെന്നെ അനുഗമിച്ചു. ദാഹിക്കുന്ന ഒരുവന്റെ വിറക്കുന്ന ചുണ്ടുകൾപോലെ എന്റെ ഹൃദയം അപ്പോഴും ത്രസിക്കുന്നുണ്ടായിരുന്നു.
Generated from archived content: odinja4.html Author: khalil_gibran
Click this button or press Ctrl+G to toggle between Malayalam and English