അയൽക്കാരേ, യൗവ്വനത്തിന്റെ പ്രഭാതദശയെ നിങ്ങള സാഹ്ലാദം സ്മരിക്കുന്നു. അത് വേർപിരിഞ്ഞ രംഗം വേദനയോടെയും പക്ഷേ, വിട്ടയക്കപ്പെട്ട ഒരു കാരാഗൃഹവാസി ഇരുമ്പഴികളേയും വിലങ്ങുകളേയും ഓർമ്മിക്കുന്നതുപോലെയാണ് ഞാൻ യൗവ്വനഘട്ടത്തെപ്പറ്റി ഓർമ്മിക്കുന്നത്.
ശൈശവത്തിനും യൗവ്വനത്തിനുമിടയിലുള്ള ആ കാലഘട്ടത്തെ ഒരു സുവർണ്ണദശയായി നിങ്ങൾ പരിഗണിക്കുന്നു. അവിടെ നിരോധനങ്ങളില്ല. പരിരക്ഷകരുമില്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടം വിമൂകവിഷാദത്തിന്റേതായിരുന്നു. ഒരു വിത്തെന്നപോലെ കൗമാരം എന്റെ ഹൃദയത്തിൽ മുനിഞ്ഞിരിക്കുക മാത്രമായിരുന്നു. അറിവിന്റെയും ജ്ഞാനത്തിന്റെയും ലോകങ്ങളിലേക്കുള്ള വാതായനങ്ങൾ കണ്ടെത്താൻ എന്റെ ഹൃദയത്തിനന്നു കഴിഞ്ഞിരുന്നില്ല. ഒടുവിൽ പ്രണയമെത്തി എന്റെ ഹൃദയത്തിന്റെ വാതിലുകൾ തുറന്നിടുകയും അതിന്റെ മുക്കിലും മൂലയിലും പ്രകാശം വിതറുകയും ചെയ്തു. പ്രണയം എനിക്ക് നാവും കണ്ണീരും സമ്മാനിച്ചു. നിങ്ങൾ ഓർക്കിഡ് പുഷ്പങ്ങൾ നിറഞ്ഞ ഉദ്യാനങ്ങളേയും സമാഗമസ്ഥലങ്ങളേയും നഗരമൂലകളേയും ഓർമ്മിക്കുന്നുണ്ടാവാം. അന്യോന്യമുണ്ടായ നിഷ്‌കളങ്ക സംഭാഷണങ്ങൾ നിങ്ങൾ ഓർമ്മിക്കുന്നുണ്ടാവാം. കളികൾക്ക് സാക്ഷ്യം വഹിച്ചതിന്റെ ഓർമ്മകളുണ്ടാവാം.
ഞാനും വടക്കൻ ലബനണിലുള്ള ആ മനോഹരസ്ഥലങ്ങൾ ഓർമ്മിക്കുന്നു. ഓരോ തവണയും ഞാൻ കൺകളടക്കുമ്പോഴും മാന്ത്രികതയും മഹിമയും നിറഞ്ഞ ആ താഴ്‌വാരങ്ങൾ ഞാൻ ദർശിക്കുന്നു. ആകാശത്തെ ചുംബിക്കാൻ വെമ്പി ഉയർന്നുപോകുന്ന മലനിരകളുടെ പ്രഭാവവും മഹത്വവും ഞാൻ കണ്ടെത്തുന്നു. ഓരോ തവണ മിഴികൾ പൂട്ടുമ്പോഴും ഞാൻ ശബ്ദമുഖരിതമായ നഗരത്തേയും കളകളാരവത്തിലൊഴുകുന്ന കുഞ്ഞരുവികളേയും വൃക്ഷശിഖരങ്ങളുലയുന്നതിന്റെ മർമ്മരം കാണുകയും കേൾക്കുകയും ചെയ്യുന്നു. ഞാനിപ്പോൾ വിശദീകരിക്കുന്ന സൗന്ദര്യമത്രയും മാത്രമല്ല, അമ്മയുടെ മാറിടം തേടുന്ന കുഞ്ഞിനെപ്പോലെ ഞാൻ കാണാനാഗ്രഹിക്കുന്നവയും എന്റെ ആത്മാവിനെ മുറിപ്പെടുത്തി. ആ ശവശരീരത്തിൽ നിന്നും സ്രവങ്ങൾ വലിച്ചെടുത്തു കഴിയുന്ന ഹൃദയങ്ങളുടെ ശിഖരങ്ങളുതിർക്കുന്ന മർമ്മരങ്ങളിൽ നിന്നും ആ ശവക്കല്ലറയുടെ ദുരൂഹതകൾ വായിച്ചെടുക്കാനുമാവില്ല. പക്ഷേ എന്റെ ഹൃദയത്തിന്റെ ഉൽക്കണ്‌ഠ നിറഞ്ഞ ചുടുനിശ്വാസങ്ങൾ സ്നേഹം, സൗന്ദര്യം, മരണം എന്നിവ ചേർന്നോടിയ പ്രഹസനത്തെക്കുറിച്ച് പ്രഘോഷിച്ചുകൊണ്ടേയിരിക്കുന്നു.
നഗരത്തിൽ ചിതറിക്കിടക്കുന്ന എന്റെ യൗവ്വനകാലത്തെ ഹേ, ബെയ്‌റൂട്ട് സുഹൃത്തുക്കളേ! ആ പൈൻ വനത്തിനരികിലുള്ള സെമിത്തേരിക്കു സമീപം നിങ്ങൾ കടന്നുപോകുമ്പോൾ മരിച്ചവരുടെ നിദ്രയെ തടസ്സപ്പെടുത്താത്തവിധം നിശ്ശബ്ദങ്ങളായ കാലടികളോടെ അങ്ങോട്ട് പ്രവേശിക്കുക. വിനയപൂർവ്വം നിങ്ങൾ സൽമയുടെ ശവകുടീരത്തിനു മുന്നിൽ നിൽക്കുക. അവളുടെ ശവത്തെ പൊതിഞ്ഞ ഭൂമിയെ വന്ദിച്ചുകൊണ്ട് ഒരു ദീർഘനിശ്വാസത്തോടെ എന്റെ പേരുച്ചരിക്കുക. എന്നിട്ട് നിങ്ങൾ സ്വയം പറയൂ. “സമുദ്രങ്ങൾക്കപ്പുറം പ്രണയത്തിന്റെ തടവുകാരനായി കഴിയുന്ന ജിബ്രാൻ എന്നൊരുവന്റെ എല്ലാ അഭിലാഷങ്ങളും ഇവിടെയാണ് സംസ്‌കരിക്കപ്പെട്ടത്. ഈ സ്ഥലത്ത് അയാളുടെ സമസ്ത സന്തോഷവും നഷ്ടപ്രായമായി കണ്ണീരുപോലും വറ്റിവരണ്ടു. അയാൾ മന്ദഹസിക്കാൻപോലും മറന്നു”.
ആ ശവകുടീരത്തിനരികലെ സൈപ്രസ്സ് വൃക്ഷങ്ങളെപ്പോലെ ജിബ്രാന്റെ വിഷാദവും വളർന്നു. സൽമയെപ്പറ്റി വിലപിച്ചുകൊണ്ട് ജിബ്രാന്റെ ആത്മാവ് രാത്രികളിൽ ആ കുഴിമാടത്തിനു മുകളിൽ ഉഴന്നു നടക്കുമ്പോൾ ഉലയുന്ന വൃക്ഷശിഖരങ്ങളും അയാളോടൊപ്പം വിലപിക്കുന്നു. സൽമ- ഇന്നലെവരെ അവൾ ജീവിതത്തിന്റെ ചുണ്ടിലെ ഒരു മധുരഗീതിയായിരുന്നു. ഇന്നോ ഭൂമിയുടെ ഗർഭപാത്രത്തിൽ ഒരു ദുരൂഹരഹസ്യമായി മറഞ്ഞിരിക്കുന്നു. വിശാലാകാശത്ത് സ്വതന്ത്രരായി വിഹരിക്കുന്ന വിഹംഗമങ്ങളെക്കണ്ട് പഞ്ജരത്തിലകപ്പെട്ട പീഡിക്കുന്ന കഴുകനെപ്പോലെ യൗവ്വനത്തിന്റെ അന്ധകാരം എന്നെ തടവുകാരനാക്കി. ആ പർവ്വതങ്ങളും താഴ്‌വരകളും എന്റെ ഭാവനയെ ഉദ്ദീപിപ്പിച്ചു. പക്ഷേ, തിക്തചിന്തകൾ എന്റെ ഹൃദയത്തിനു ചുറ്റും നൈരാശ്യത്തിന്റെ ഒരു വല നെയ്തു.
ഓരോ തവണ ഞാൻ പുറത്തിറങ്ങിയപ്പോഴും പ്രതീക്ഷാരഹിതനായി മടങ്ങിപ്പോന്നു. ആ നൈരാശ്യത്തിന്റെയൊന്നും കാരണങ്ങളെനിക്കറിയാമായിരുന്നില്ല. ഓരോ തവണ നരച്ച ആകാശം നിരീക്ഷിക്കുമ്പോഴും എനിക്ക് ആത്മസങ്കോചമനുഭവപ്പെട്ടു. പക്ഷികൂജനങ്ങൾ കേട്ടപ്പോഴും അരുവികളുടെ മർമ്മരം ശ്രവിച്ചപ്പോഴുമൊക്കെത്തന്നെ അജ്ഞാതമായ ആ വേദന എനിക്ക് ആത്മാവിലനുഭവപ്പെട്ടു. അസംസ്‌കൃതത്വം ഒരുവനെ പൊള്ളയാക്കുന്നുവെന്ന് കേട്ടിട്ടുണ്ട്. ആ ശൂന്യത അവനെ ലക്ഷ്യരഹിതനുമാക്കിത്തീർക്കുന്നു. ജീവഛവങ്ങളായിത്തീർന്നവരെ സംബന്ധിച്ച് ഇത് സത്യമായിരിക്കാം. പക്ഷേ സംവേദനക്ഷമമായ ഒരു ഹൃദയവും പേറി നടക്കുന്ന ഒരു കുമാരന് അതെങ്ങനെ ബാധകമാവും? അവന് അറിയാനുള്ള ദാഹമുണ്ട്. വിരുദ്ധങ്ങളായ രണ്ട് തുല്യശക്തികൾ അവനെ വേട്ടയാടുകയാവും. ഒരു മേഘശകലത്തിലൂടെയോ, സ്വപ്നത്തിലൂടെയോ ആദ്യത്തെ ശക്തി അവനെ ഉദ്ദീപിപ്പിക്കുമ്പോൾ അതിനു വിരുദ്ധമായ രണ്ടാമത്തെ ശക്തി അവനെ മണ്ണിലേക്ക് പിടിച്ചു താഴ്‌ത്തുന്നു. അതവന്റെ മിഴികളിൽ പൊടിതൂവി പരാജിതനാക്കുകയും ഭീതിയുടെയും അന്ധകാരത്തിന്റെയും ലോകങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.
ഏകാന്തതയുടെ കരങ്ങൾ പട്ടുപോലെ മൃദുവാണ്. എന്നാൽ കരുത്തുറ്റ വിരലുകളാൽ അത് ഹൃദയത്തെ ഞെരുക്കി വിഷാദംകൊണ്ട് വേദനിപ്പിക്കുന്നു. ഏകാന്തത ദുഃഖത്തിന്റെ ആത്മമിത്രമാകുന്നു. പോരാ, ആത്മോൽക്കർഷത്തിന്റെ സഹയാത്രികനുമാകുന്നു.
വിടരാൻ വെമ്പി നിൽക്കുന്ന ഒരു ലില്ലിമുകുളം പോലെയാണ് വിശുദ്ധശക്തികൾക്കിടയിൽപ്പെട്ട് വലഞ്ഞ് ദുഃഖിക്കുന്ന ഒരു കൗമാരപ്രായക്കാരന്റെ ആത്മാവ്. ഇളം കാറ്റിൽപ്പെടുമ്പോഴത് വിറകൊള്ളുകയും പ്രഭാതോദയത്തോടൊപ്പം സ്വന്തം ഹൃദയം വികസിപ്പിക്കുകയും രാവിന്റെ നിഴലുകൾ വീണുതുടങ്ങുമ്പോൾ ഇലകൾ മടക്കുകയും ചെയ്യുന്നു. ആ കുട്ടിക്ക് മറ്റെന്തെങ്കിലും താൽപ്പര്യമോ, കളിക്കൂട്ടുകാരോ ഇല്ലെങ്കിൽ അവന്റെ ജീവിതം ഒരിടുങ്ങിയ ജയിലായിത്തീരും. ആ ജയിലിൽ അവന് എട്ടുകാലികളെയല്ലാതെ മറ്റൊന്നും കാണാൻ കിട്ടില്ല. പ്രാണികളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനുമാവില്ല.
വിസ്മയങ്ങളില്ലായ്മകൊണ്ടല്ല യൗവ്വനത്തിൽ ദുഃഖം ഒരു ബാധയെപ്പോലെ എന്നെ പിടികൂടിയത്. എനിക്ക് വിസ്മയങ്ങളുണ്ടായിരുന്നു. സുഹൃത്തുക്കളില്ലെന്നതുമല്ലതിനു നിദാനം. ഞാൻ സുഹൃത്തുക്കളെ കണ്ടെത്തിയിരുന്നു.
ആന്തരികമായ ഒരു വേദനയായിരുന്നു ആ ദുഃഖത്തിനു കാരണം. ഏകാന്തതയെ ഞാൻ സ്നേഹിച്ചതിനു പിന്നിലും അതേ കാരണം തന്നെയായിരുന്നു. വിസ്മയങ്ങൾക്കും വിനോദങ്ങൾക്കുമായുള്ള എന്റെ ആഗ്രഹങ്ങളെ ആ ദുഃഖം മായ്‌ച്ചു കളഞ്ഞു. യൗവ്വനത്തിന്റെ ചിറകുകൾ എന്റെ ചുമലുകളിൽ നിന്നും അത് മുറിച്ചെറിഞ്ഞു. ഞാൻ അങ്ങനെ പർവ്വതങ്ങൾക്കിടയിൽ കെട്ടിക്കിടക്കുന്ന ജലവിതാനം പോലെയായി. ശാന്തമായ ഉപരിതലത്തിൽ മേഘനിറങ്ങളും ഭൂതനിഴലുകളും പ്രതിഫലിച്ചു. പക്ഷേ ദൂരെ ഗാനം ചെയ്യുന്ന സമുദ്രത്തിലേക്കൊഴുകിയെത്തുവാൻ ഒരു വഴി കണ്ടെത്താൻ ആ ജലവിതാനത്തിന് കഴിവില്ല.
പതിനെട്ടുവയസ്സാകും മുമ്പത്തെ എന്റെ സ്ഥിതി അങ്ങനെയായിരുന്നു. എന്റെ ജീവിതത്തിൽ മദ്ധ്യസ്ഥയായി ഞാനതിനെ കാണുന്നു. അതെന്നിൽ ജ്ഞാനം പകരുകയും മനുഷ്യരാശിയുടെ ഭാഗ്യവിപര്യയങ്ങളെപ്പറ്റി ബോധവാനാക്കുകയും ചെയ്തു. ആ വർഷം ഞാൻ പുനർ ജനിച്ചു. ഒരുവൻ അങ്ങനെ പുനർജനിക്കുന്നില്ലെങ്കിൽ ജീവിതപുസ്തകത്തിന്റെ ഒരൊഴിഞ്ഞ താളായിത്തീരും അവൻ. ഒരു മനോഹരിയായ യുവതിയുടെ മിഴികളിലൂടെ ദേവാംഗനമാർ എന്നെ നോക്കുന്നതായി ആ വർഷം ഞാൻ കണ്ടെത്തി. തിന്മ നിറഞ്ഞ ഒരുവന്റെ ഹൃദയത്തിൽ നകരപിശാചുക്കളുടെ അലർച്ച ഞാൻ കേൾക്കാനുമിടയായി. ജീവിതത്തിന്റെ സൗന്ദര്യത്തിലും ദ്വേഷത്തിലും മാലാഖമാരേയും പിശാചുക്കളേയും കാണാൻ കഴിയാത്ത ഒരുവൻ അറിവിൽ നിന്നെപ്പോഴും അകറ്റി നിർത്തപ്പെടുന്നു. അവന്റെ ഹൃദയത്തിൽ സ്‌നിഗ്‌ധതയോ സ്നേഹമോ ഉണ്ടാകുകയുമില്ല.
(തുടരും)
Generated from archived content: odinja2.html Author: khalil_gibran
Click this button or press Ctrl+G to toggle between Malayalam and English