ജൂൺ മാസാന്ത്യത്തിലൊരിക്കൽ ചൂട് സഹിക്കാനാകാതെ ആളുകൾ നഗരം വിട്ട് മലകളിലേക്ക് ചേക്കേറി തുടങ്ങി. ഞാൻ ക്ഷേത്രത്തിൽ സെൽമയെ കാത്തു നിൽക്കുക പതിവായിരുന്നു താനും എന്റെ കൈവശം ഒരു കാവ്യപുസ്തകവും കാണും.
ക്ഷേത്രമതിലിനകത്ത് ഞാനവളെ കാത്തിരിപ്പു തുടർന്നു. എന്റെ കൈക്കലുണ്ടായിരുന്ന കാവ്യപുസ്‌തകത്തിലൂടെ ഇടക്കിടെ ഞാൻ കടന്നുപോയി. ആ കവിതകളിൽ എനിക്ക് ആനന്ദനിർവൃതി പകർന്നിരുന്ന ചില വരികൾ ഞാൻ ചൊല്ലിപ്പോയി. പൊയ്‌പ്പോയ രാജർഷിമാരുടേയും കവികളുടേയും ധീരസൈനികരുടേയും സ്‌മൃതികളെ ആ കവിതകളിൽ എന്റെ ആത്മാവിലേക്ക് പുനരാനയിച്ചുകൊണ്ടു വന്നു. മിഴികളിൽ അശ്രുബിന്ദുക്കളോടും ഹൃദയാഗാധതകളിൽ ദു;ഖത്തോടുംകൂടി സ്വന്തം സമ്പാദ്യങ്ങളും പ്രതീക്ഷകളും പരിത്യജിച്ച് വിടപറഞ്ഞവരായിരുന്നു അക്കൂട്ടർ.
ഏകദേശം ഒരു മണിക്കൂർ കഴിയുംമുമ്പേ, സെൽമ ഒരു കുട ചൂടിക്കൊണ്ട്, പൂങ്കാവനങ്ങൾക്കിടയിലൂടെ ക്ഷേത്രകവാടത്തിലേക്കെത്തുന്നത് ഞാൻ കണ്ടു. അവളുടെ ചുമലുകളിൽ അവൾ സമസ്‌തലോകത്തിന്റെയും ദുഃഖം വഹിക്കുന്നതുപോലെ തോന്നിച്ചു. അവൾ എനിക്കരികിൽ വന്ന് ഇരിപ്പായി. ആ കണ്ണുകളിൽ ഒരു മാറ്റം ഞാൻ കണ്ടു. എന്താണതിന് നിദാനമെന്നറിയുവാനെന്റെ ഉള്ളം തുടിച്ചു.
എന്റെ ചിത്തവൃത്തികൾ ഉൾക്കൊണ്ടിട്ടെന്നപോലെ അവളെന്റെ ശിരസ്സിൽ കൈവെച്ചുകൊണ്ട് പറഞ്ഞു “പ്രിയനേ വരൂ………… ഇതാ നിയോഗമുഹൂർത്തം സമാഗതമായിരിക്കുന്നു. എനിക്കരികിലിരിക്കൂ……….. എന്റെ ദാഹമൊടുക്കുവാനെന്നെ സഹായിക്കൂ…………………” ഞാൻ ചോദിച്ചു. “ നമ്മുടെ രഹസ്യസമാഗമവ്യത്താന്തം നിന്റെ ഭർത്താവിന്റെ ശ്രദ്ധയിൽപ്പെട്ടോ? ”അദ്ദേഹമെന്നെ ശ്രദ്ധിക്കാറേയില്ലല്ലോ. ഞാനെങ്ങനെ സമയം പോക്കുന്നുവെന്നും ആയതിനാൽ തന്നെ എന്റെ ഭർത്താവറിയുന്നില്ല. അന്നത്തെ അപ്പത്തിനുവേണ്ടി സ്വന്തം മാംസം വിൽക്കുന്ന നിർഭാഗ്യവതികളായ പെൺകുട്ടികളോടൊപ്പമാണ് എന്റെ ഭർത്താവെപ്പോഴും………. ദാരിദ്രം വേട്ടയാടുന്ന ചീത്തപ്പേരുള്ള വീടുകളിൽ;……… ചോരയും കണ്ണീരും കുഴഞ്ഞ തുരുമ്പിച്ച വീടുകൾ………..“ അവൾ മറുപടി പറഞ്ഞു.
”നീ എന്നിൽ നിന്നും വേർപിരിയുവാനിച്ഛിക്കുകയണോ? ഈ ശ്രീകോവിലിനു മുന്നിലെത്തി എന്നോടൊപ്പം മുഴുകുന്നതിൽ നിന്നും നിന്നെ തടയുവാനെന്താണ്? “ ഞാൻ തിരക്കി. ” അങ്ങയെ വേർപിരിഞ്ഞുപോകാൻ ഒരിക്കലും എന്റെ ആത്മാവ് എന്നോടാവശ്യപ്പെട്ടിട്ടില്ല. കാരണം താങ്കൾ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിക്കഴിഞ്ഞു. അങ്ങയെ എത്ര കണ്ടാലും എന്റെ കണ്ണുകൾക്ക് മതിവരുന്നതല്ല. അവയ്‌ക്ക് പ്രകാശമായിരിക്കുന്നതും താങ്കളാണ്. അങ്ങനെയിരിക്കെ ചങ്ങലകളുടെ ഭാരവും പേറി ഇരുൾ വഴികളിലൂടെ നടത്തുവാൻ വിധി നിശ്ചയിച്ചിരിക്കേ, എന്നോടൊപ്പം അതേ വിധി പങ്കിടുവാൻ അങ്ങയെ പ്രേരിപ്പിക്കുന്നതും ചിതമാകുമോ?“ എനിക്കതിൽ എങ്ങനെ ആനന്ദം ലഭിക്കും?” അവൾ അൽപ്പനേരത്തിനു ശേഷം തുടരുന്നു. “ എല്ലാം പറയുവാനെന്റെ വേദന അനവദിക്കുന്നില്ല. നാവ് നിശ്ചലമായിപ്പോകുന്നു. യാതനകൾ എന്റെ ചുണ്ടുകളെ മുദ്രവെച്ചു കഴിഞ്ഞു. ഒന്നു മാത്രമേ എനിക്കിപ്പോൾ പറയുവാനുള്ളു. ”ഞാൻ പതിച്ച ചതിക്കുഴിയിൽ അങ്ങും പതിച്ചെന്നുവരാം.
“സൽമാ – എന്താണീ വാക്കുകളുടെ അന്തരാർത്ഥം ? ഭവതി ആരെയാണ് ഭയപ്പെടുന്നത്? ഞാൻ ഉദ്യോഗം പൂണ്ടു.
”നാം ഇവിടെ ഇങ്ങനെ കൂടിക്കാഴ്‌ചകളിലേർപ്പെടുന്നത് മെത്രാൻ കണ്ടുപിടിച്ചെന്നു തോന്നുന്നില്ല. അങ്ങനെയെങ്കിൽ എനിക്കിപ്പോഴിവിടെയിരിക്കാൻ കഴിയുമായിരുന്നോ? പക്ഷേ സംശയം ജനിച്ചിരിക്കുന്നുവെന്നുറപ്പ് എന്നെ വേണ്ടത്ര ജാഗ്രതയോടെ ശ്രദ്ധിക്കുവാൻ എല്ലാ ഭ്യത്യന്മാർക്കും കാവൽക്കാർക്കും നിർദ്ദേശം കൊടുത്തിരിക്കുന്നു. ഞാൻ താസിക്കുന്ന വസതിയിലും നടക്കുന്ന വഴികളിലും എല്ലാ കണ്ണുകളും എന്നെ ഉററ്റനോക്കുന്നതായും എല്ലാ ചൂണ്ടുവിരലുകളും എനിക്കു നേരെ നീളുന്നതായും എല്ലാ ശ്രവണേന്ദ്രിയങ്ങളും എന്റെ ചിന്തകളുടെ മന്ത്രജപം ശ്രവിക്കുന്നതായുമെനിക്കു തോന്നുന്നു.
അൽപ്പനേരത്തേക്കവൾ വീണ്ടും മൗനിയായി. ബാഷ്‌പധാര കവിളുകളിലൂടെ ഒലിച്ചിറങ്ങി. അവൾ തുടർന്നു. “ എനിക്ക് മെത്രാനെ ഭയമില്ല. ചുഴിയിൽപ്പെട്ടവനെ ഈർപ്പം ഭയപ്പെടുത്തുകയില്ല. പക്ഷേ താങ്കൾ അയാളൊരുക്കുന്ന ചതിക്കുഴിക്ക് ഇരയായിത്തീരുമോ എന്നാണെന്റെ പേടി. താങ്കൾ ഇപ്പോഴും നവയുവാവാണ്. സൂര്യപ്രകാശം കണക്കെ സ്വതന്ത്രനുമാണ്. ശരങ്ങളെല്ലാം എന്റെ മാറിടത്തിലേക്ക് അയച്ച വിധിയെ ഞാനെന്തിനിനി ഭയക്കണം? എന്നാൽ ആഹ്ലാദനുഭവങ്ങളും മഹത്വവും ഭാവിയിൽ അങ്ങേയ്‌ക്കായി കാത്തിരിക്കുകയാണ്. ഉന്നതങ്ങളിലേക്ക് കയറിപ്പോകാൻ, താങ്കളുടെ പാദത്തിൽ വീഴുന്ന സർപ്പദർശനം തടസ്സകാരണമായിക്കൂടാ………….. അതാണെന്റെ ഭയം.
”പ്രകാശത്തിന്റെ സർപ്പങ്ങളാൽ ദംശിപ്പെടാത്തവനും കൂരിരൂട്ടിന്റെ ചെന്നായ്‌ക്കളുടെ കടിയേൽക്കാത്തവനുമായ ഒരുവൻ എപ്പോഴും രാപ്പകലുകളാൽ വഞ്ചിക്കപ്പെടുന്നു. സെൽമ………… ശ്രദ്ധയോടെ കേൾക്കണേ………………. ആളുകളുടെ തിന്മകളും നീചത്യവും ഇല്ലാതാക്കാൻ ഈ വേർപാടു മാത്രമാണോ ഒരേയൊരു മാർഗ്ഗം? മ്യത്യുവിന്റെ അടിമകളുടെ ആഗ്രഹങ്ങൾക്കു മുന്നിൽ സമർപ്പിക്കുക മാത്രമാണോ ഒരേയൊരു പോംവഴി? സ്‌നേഹത്തിന്റെയും സ്വാതന്ത്രത്ത്രിന്റെയും പാതകൾ എന്നെന്നേയ്‌ക്കുമായി ബന്ധിക്കപ്പെട്ടുവോ?“
”പരസപരം വിടപറയാം നമുക്ക് അതല്ലാതെ വേർപാടല്ലാതെ, മറ്റു വഴികളില്ല.“ അവൾ മറുപടി നൽകി.
ആവേശത്തോടെ ഞാനവളുടെ കരം ഗ്രഹിച്ചു. എന്റെ ആത്മാവിൽ പ്രതിക്ഷേധം കലമ്പി. ”നാം ദീർഘകാലമായി അന്യരുടെ ആഗ്രഹങ്ങൾക്കു വഴങ്ങുന്നു. ആ അന്ധർ നാം കണ്ടുമുട്ടിയ അന്നു തൊട്ടിന്നേവരേയ്‌ക്കും നമ്മെ ഭരിക്കുകയായിരുന്നു. അവരുടെ പൂജാവിഗ്രഹങ്ങൾക്കുമുന്നിൽ നാം അർച്ചനകൾ നടത്തി. ആ മെത്രാന്റെ വെറും രണ്ട് കളിപ്പന്തുകളായിത്തീരുന്നു നാം. മരണം വന്നെത്തും വരെ നാം അയാൾക്ക് വിധേയരായി ജീവിക്കണമെന്നോ ? ദൈവം നമ്മിൽ ജീവശ്വാസം ഊതിപ്പകർന്നത് മൃത്യൂവിനുമുന്നിൽ സമർപ്പിക്കുന്നതിനാണെന്നോ? അദ്ദേഹം നമുക്കു സ്വാതന്ത്ര്യം തന്നത്, അടിമത്തത്തിന്റെ നിഴലായി പുലരുവാനാണെന്നോ ? ആത്മാവിന്റെ അഗ്നി സ്വന്തം കൈകളാൽ അണക്കുന്നവർ ഈശ്വരന്റെ ദൃഷ്‌ടിയിൽ അവിശ്വസിയാണ്. അദ്ദേഹം കൊളുത്തിയ ജ്വാലയാണ് നമ്മുടെ ആത്മാക്കളിൽ തിളങ്ങുന്നതെന്നതാണിതിന് കാരണം. പീഡനത്തിനെതിരെ പ്രതികരിക്കാത്തവൻ അവനവനോട് തന്നെ അനീതി പ്രദർശിപ്പിക്കുന്നു. സെൽമാ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു. നിനക്കെന്നോടും അതേ മനോഭാവമാണെന്നറിയാം. അമൂല്യനിധിയത്രേ സ്‌നേഹം. പേലവഹൃദയർക്കും മഹാത്മാക്കൾക്കും ദൈവം കനിഞ്ഞു നൽകുന്ന വരധാനമാണിത്. ആ അമൂല്യ നിധി പന്നികൾക്കു ചവിട്ടിത്തെറിപ്പിക്കുവാനായി നാം വലിച്ചെറിയേണ്ടതുണ്ടോ?
ഈ പ്രപഞ്ചത്തിലത്രയും മനോഹാരിതയും വിസ്‌മയവും നിറഞ്ഞു നിൽക്കുന്നു. അങ്ങനെയിരിക്കെ, നാമെന്തിന് മെത്രാനും കൂട്ടരും ചേർന്നൊരുക്കിയ ഈ തുരങ്കത്തിൽ ഇടുങ്ങിക്കഴിയുന്നു? ജീവിതമത്രയും ആഹ്ലാദവും സ്വാതന്ത്ര്യവും അനുഭവിക്കപ്പെടാനുള്ളതാണ്. നമ്മുടെ ചുമരുകളിൽ നി്ന്നും ഈ ഭാരിച്ച നുകം നമുക്കെടുത്തു മാറ്റിക്കൂടേ? അസ്വാതന്ത്ര്യത്തിന്റെ കാൽച്ചങ്ങലകൾ തകർത്തെറിഞ്ഞ് നമുക്കെന്തുകൊണ്ട് മുന്നോട്ട് ശാന്തിയിലേക്ക് പോയിക്കൂടാ? എണീക്കൂ സെൽമാ, പരമാത്മാവിന്റെ മഹാക്ഷേത്രത്തിനുവേണ്ടി ഈ ചെറുക്ഷേത്രം നമുക്കുപേക്ഷിക്കാം. ഈ കള്ളന്മാരുടെ കൈകൾക്കു പ്രാപ്യമായ ഒു വിദൂരദേശത്തേക്ക് നമുക്കു രക്ഷപ്പെടാം. അവിടെ അജ്ഞതയുടെയോ അടിമത്തത്തിന്റെയോ ലാഞ്ചനപോലുമുണ്ടാവില്ല. രാത്രിയുടെ സുരക്ഷിതത്വത്തിന് കീഴിൽ നമുക്ക് തീരത്തേക്കു പോകാം. സമുദ്രങ്ങൾക്കപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്ന ഒരു യാനപാത്രത്തിൽ നമുക്ക് കയറിപ്പറ്റാം. അവിടെ ആഹ്ലാദത്തോടും പരസ്‌പര വിശ്വാസത്തോടും കൂടി നമുക്ക് ജീവിക്കാം. ഇനി ഒട്ടും വൈകരുതേ സെൽമാ.. ഇനിയുളള കുറച്ച് നിമിഷങ്ങൾ ചക്രവർത്തിമാരുടെ രത്‌നകിരീടങ്ങളേക്കാൾ വിലയുറ്റവയത്രേ. മാലാഖമാരുടെ സിംഹാസനങ്ങളേക്കാൾ മഹത്വമുറ്റവയുമാണ്. ഈ മന്ദഭൂമിയിൽ നിന്നും പച്ചപ്പാടങ്ങളും ഫലപുഷ്‌പലതാദികളും നിറഞ്ഞിടത്തേക്ക് നമ്മെ നയിക്കുന്ന പ്രകാശനാളത്തെ പിന്തുടർന്ന് നമുക്ക് പുറപ്പെടാം.“
അവളുടെ ശിരസ്സ് അനങ്ങി ക്ഷേത്രത്തിന്റെ മച്ചിൽ അദൃശയമായയതെന്തോ ഒന്നിൽ നോക്കികൊണ്ടെന്ന പോലെ അവൾ ദുഃഖഭരിതമായി മന്ദഹസിച്ചുകൊണ്ട്് പറഞ്ഞു. ”ഇല്ല പ്രിയനേ, വിനാഗിരിയും വിഷവും നിറച്ച ഒരു പാനപാത്രം ഈശ്വരൻ എന്റെ കൈകളിലേൽപിച്ചു കഴിഞ്ഞു. ഞാനത് ബോധപൂർവ്വം തന്നെ പാനം ചെയ്‌തു. അതിന്റെ കയ്‌പും അരുചിയും അടിത്തട്ടോളം അറിയുവാനായിരുന്നു എന്റെ ആഗ്രഹം അൽപ്പം ചില തുള്ളികൾ മാത്രമേ അവശേഷിച്ചുള്ളു. അതും സാവധാനം ഞാൻ കുടിച്ചു തീർക്കും. ഞാൻ സുഖസമാധാനങ്ങൾ നിറഞ്ഞ ഒരു ജീവിതം അർഹിക്കുന്നില്ല. ജീവിതമാധുര്യവും സുഖാനുഭുതികളും ഞാൻ അർഹിക്കുന്നില്ല. ഒടിഞ്ഞ ചിറകുമായി പക്ഷിക്ക് ആകാശസഞ്ചാരത്തിനാവുമോ? മെഴുതിരിയുിടെ മങ്ങിയ പ്രകാശവുമായി മാത്രം ഇടപെട്ടിട്ടുള്ള കണ്ണുകളെങ്ങനെ ജ്വലിക്കുന്ന സൂര്യഗോളത്തെ നേരിടും.
എന്നോട് സന്തോഷത്തെക്കുറിച്ചോർമ്മിപ്പിക്കരുതേ. അതെന്നെ വേദനിപ്പിക്കുന്നു. എന്റെ ഹ്യദയത്തിലേക്കു നോക്കൂ. കത്തിയമർന്ന അതിന്റെ ചാരത്തിൽ ഈശ്വരൻ ഒരു ദിവ്യദീപനാളം കൊളുത്തിവെച്ചിരിക്കുന്നത് കാണാം. തന്റെ ഏകസന്താനത്തെ സ്‌നേഹിക്കുന്ന മാതാവെപ്പോലെ ഞാൻ താങ്കളെ സ്‌നേഹിക്കുന്നുണ്ടെന്നറിയാമല്ലോ. ആ സ്‌നേഹം എന്നിൽ നിന്നുപോലും അങ്ങയെ രക്ഷപ്പെടുത്തുന്നതിന് മാത്രമാണ് അഗ്നിശുദ്ധമായ ആ സ്‌നേഹം അതിവിദൂരദേശങ്ങളിലേക്ക് അങ്ങയെ അനുധാവനം ചെയ്യുന്നതിൽ നിന്നും എന്നെ വിലക്കുന്നു. സ്‌നേഹം അങ്ങനെ എന്റെ മോഹങ്ങളെ നശിപ്പിക്കുന്നു. താങ്കൾ സുഖസമാധാനങ്ങളോടെ ജീവിക്കുന്നതിന് വേണ്ടിയാണത്. അതിരുകളുള്ള സ്‌നേഹം അനുരാഗിയെ സ്വന്തമാക്കാനുഴറുമ്പോൾ അതിരുകളറ്റ സ്‌നേഹം സ്‌നേഹത്തെ മാത്രമെ അവകാശപ്പെടുന്നുള്ളു. കുട്ടിക്കാലത്തിന്റെ പവിത്രനിഷ്‌ക്കളങ്കതയ്‌ക്കും യൗവ്വനത്തിന്റെ ജാഗ്രതയ്‌ക്കും മദ്ധ്യേ വിടരുന്ന സ്‌നേഹം സ്വന്തമാക്കലി‘ലാണ് സംതൃപതി കണ്ടെത്തുക. ആലിംഗനങ്ങളിലൂടെ അത് വളരുന്നു. പക്ഷേ ആകാശമേഖലയുടെ മടിത്തട്ടിൽ ഉരുവംകൊള്ളുകയും രാത്രിയുടെ ദുരൂഹതയോടൊപ്പം താഴേക്കിറങ്ങിവരികയും ചെയ്യുന്ന സ്‌നേഹം അമ്യതത്വം കൊണ്ടും സനാതനത്വം കൊണ്ടും മാത്രമേ നിറവേറുന്നുള്ളു. കരുണയ്‌ക്കു മുന്നിലായല്ലാതെ അത് നമ്രശിസ്‌കമാവുകയില്ല.
മരുമകന്റെ വസതി വിട്ടിറങ്ങുവാൻ ഞാനാഗ്രഹിക്കുന്നുവെങ്കിലെന്നെ തടയുവാനും എന്റെ ഒരോയൊരു ശാന്തിസാദ്ധ്യതയെ എന്നിൽ നിന്നും തട്ടിപ്പറിക്കുവാനും ആ മെത്രാൻ തത്രപ്പെടുന്നുണ്ടെറിഞ്ഞപ്പോൾ, എന്റെ മുറിയുടെ ജാലകപ്പാളിയിലൂടെ അകലെ സമുദ്രത്തിലേക്ക് നോക്കി ഞാനിരുന്നു. സമുദ്രത്തിനപ്പുറത്തുള്ള വിശാല ഭൂപ്രദേശങ്ങളെപ്പറ്റിയും അവിടെയെത്തിയാൽ നേടാവുന്ന വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാതന്ത്യത്തിന്റെ യഥാർത്ഥതയെക്കുറിച്ചും ചിന്തിച്ചുകൊണ്ട് ഞാൻ നിന്നും അങ്ങയുടെ ആത്മാവിന്റെ നിഴൽ സുരക്ഷിതമായക്കൊണ്ട് അങ്ങയുടെ സ്‌നേഹസമുദ്രത്തിലാമഗ്നയായി അങ്ങയോട് ചേർന്നുനിന്ന് ജീവിക്കുകയാണ്. ഞാനങ്ങനെ മനോരാജ്യം കണ്ടു
പക്ഷേ ആ മനോരാജ്യം എന്നെ എത്തിച്ചത് ഒടുവിൽ യാഥാർഥ്യത്തിൽതന്നെയായിരുന്നു. ഞാൻ അധീരയാണെന്നും സൂര്യോന്മുഖമാകാൻ അശക്തവും അതിരികൾ പുലർത്തുന്നതുമാണ് നമുക്കിടയിലുള്ള സ്‌നേഹമെന്നും പെട്ടെന്ന് ഞാനോർത്തു. എന്റെ ഒരു സത്രീഹൃദയത്തെ ഉജ്വലിപ്പിക്കുന്നവയുമാവാം. നീതിയുടേയും സ്വാതന്ത്ര്യത്തിന്റേയും നിഴലിൽ മാത്രമാണവർക്കു പ്രശക്തി. രാജ്യവും സിംഹാസനവും നഷ്ടപ്പെട്ടൊരു രാജാവിനെപ്പോലെ ഞാൻ പൊട്ടിക്കരഞ്ഞു. പൊടുന്നനെ അങ്ങയുടെ മുഖം ഞാൻ കണ്ണീരിലൂടെ കണ്ടു. അങ്ങയുടെ മിഴികൾ എന്റെ നേർക്കുറ്റു നോക്കുകയായിരുന്നു. ഒരിക്കൽ അങ്ങെന്നോട് നിദ്ദേശിച്ചത് ഞാനോർമ്മിച്ചുപോയി. (സെൽമാ………….. വരൂ………. കൊടുങ്കാറ്റുകൾക്കു മുന്നിൽ കോട്ടകളായി നമുക്കുറച്ചു നിൽക്കാം. ആയുധങ്ങൾക്കും ശത്രുക്കൾക്കുമെതിരെ ധീരമായി നമുക്ക് പൊരുതിനിൽക്കാം. നാം കൊല്ലപ്പെടുന്നുവെങ്കിൽ നാം രക്തസാക്ഷികളാവും ജയിക്കുന്നുവെങ്കിലോ ധീരോദാത്ത നായകസദൃശരുമാവും. കഠിനതകളേയും വിഘാതങ്ങളേയും നേരിടുകതന്നെ വിട്ടുവീഴ്‌ചകളിലേക്ക് പിന്മാറുന്നതിനേക്കാൾ ഭേദം)
എന്റെ പ്രിയപ്പെട്ടവനേ, ഈ വാക്കുകൾ താങ്കൾ ഉച്ചരിച്ചത് മരണത്തിന്റെ ചിറകുകൾ എന്റെ ചുറ്റും സഞ്ചരിച്ചികൊണ്ടിരിക്കവേ ഞാനാ വാക്കുകൾ ഓർമ്മിച്ചു ഞാൻ സ്വയം ശക്തി സമാർജ്ജിച്ചു അന്ധാകാരത്തിന്റെ കാരാഗൃഹത്തിൽ തന്നെയെങ്കിലും ഏതോ മട്ടിലുള്ള അമൂല്യ സ്വാതന്ത്ര്യം ഞങ്ങളുടെ വേദനകളേയും കഠിനതകളേയും ലഘുകരിക്കുന്നതായുമെനിക്കനുഭവപ്പെട്ടു. സമുദ്രം പോലെ ഗഹനവും നക്ഷത്രങ്ങളോളം ഉന്നതവും ആകാശംപോലെ വിശാലവുമാണ് ഞങ്ങളുടെ സ്‌നേഹമെന്നെനിക്കു തോന്നി. ഞാനിവിടെ വന്നത് അങ്ങയെ കാണുവാനാണ്. എന്റെ ദുർബ്ബല ചേതനയിൽ ഇപ്പോൾ ഒരു പുതിയ ശക്തി വന്നുദിച്ചിരിക്കുന്നു. ഈ പുതിയ ശക്തി എന്താണെന്നോ? മഹത്തായ ഒന്നിനെ കൂടുതൽ മഹത്തായ മറ്റൊന്നിനുവേണ്ടി ത്യജിക്കുവാനുള്ള ശക്തി. ഞാനെന്റെ ആഹ്ലാദം പരിത്യജിക്കുന്നു. അപ്പോൾ താങ്കൾക്ക് ആളുകളുടെ ദൃഷ്ടിയിൽ മാന്യനായും മൂല്യവാനായും കഴിയാം. അവർ അങ്ങയെ പീഢിപ്പിക്കുവാനോ ശിക്ഷിക്കുവാനോ ഒരുമ്പെടുകയുമില്ല
…………പണ്ട് ഞാനീ സ്ഥലത്തേക്കു വരുമ്പോഴൊക്കെ ചങ്ങലകളുടെ ഭാരമെനിക്കനുഭവപ്പെട്ടിരുന്നു. അതിനാൽ ഇങ്ങോട്ടുള്ള വഴി ദീർഘമായി തോന്നിച്ചിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. എന്റെ പുതിയ നിശ്ചയം ചങ്ങലകളെ അപഹസിക്കുന്നു. അതിനാൽ വഴിക്ക് ദൈർഘ്യമനുഭവപ്പെട്ടില്ല. ഞാനിവിടെ എത്തച്ചേർന്നിരുന്നത് ഒരു വിശുദ്ധ മായാരുപത്തെപ്പോലെയായിരുന്നു. എന്നാൽ ഇന്ന് ത്യാഗത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട സ്‌ത്രീയെപ്പോലെ ധീരയായിരിക്കുന്നു. ത്യാഗത്തിന്റെ മൂല്യമെന്തെന്നെനിക്ക് നന്നായറിയാം. അജ്ഞരായ ആളുകളിൽ നിന്നും തന്റെ വിശക്കുന്ന ആത്മാവിൽ നിന്നും താൻ സ്‌നേഹിക്കുന്ന ഒരുവനെ രക്ഷിക്കുവാൻ ഒരു സ്‌ത്രീ അനുഷ്‌ഠിക്കുന്ന ത്യാഗം. വിറക്കുന്ന ഒരു നിഴലിനെപ്പോലെയാണ് ഞാൻ പതിവായി ഇവിടെ വന്നിരിക്കാറുള്ളത്. എന്നാൽ ഇന്ന് ക്രിസ്‌തുവിനും ഇഷ്‌താറിനും ഇടയിൽ ഇരുന്ന് എന്റെ ആത്മാവിന്റെ തനിനിറം പ്രദർശിപ്പിക്കുവാൻ മോഹിക്കുന്നു.
…………..ഞാനൊരു വൃക്ഷമാണ്. തണലിൽ വളർന്ന വൃക്ഷം. ഇന്ന് ഞാൻ പ്രകാശത്തിലേക്ക് ഞാനെന്റെ വിറപൂണ്ട കൈകൾ അൽപ്പനേരത്തേക്ക്് വിതർത്തു കൊള്ളട്ടെ. അങ്ങയോട് യാത്രമൊഴി ചൊല്ലാനാണ് ഇന്നിവിടെ ഞാൻ വന്നത്. പ്രിയപ്പെട്ടവനെ, നമ്മുടെ സ്‌നേഹം സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന അഗ്നിയായിത്തീരട്ടെ“.
സെൽമ എന്നെ പ്രതിഷേധിക്കുവാനോ സംസാരിക്കുവാനോ അനുവദിച്ചില്ല. പക്ഷേ അവളെന്നെ ഉറ്റുനോക്കിയപ്പോൾ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ മുഖത്തിന്് പഴയ പ്രഭാവം അനുഭവപ്പെട്ടു. ആരാധനീയയായ ഒരു ദേവതയെപ്പോലെ ആ സവിധത്തിൽ ആരും മൂകരായിത്തീരും. മുമ്പൊരിക്കലുമില്ലാത്തവണ്ണം അവൾ എന്നെ വിസ്‌മയിപ്പിച്ചു. അവൾ എന്നെ വരിഞ്ഞ് ഗാഢമായി ആലിംഗനം ചെയ്‌തു. എന്റെ ചുണ്ടുകളിൽ ജ്വലിക്കുന്ന ഒരു ദീർഘ ചുംബനവും അർപ്പിച്ചു.
സൂര്യൻ പുന്തോപ്പുകളിൽ നിന്നും സ്വകിരണങ്ങൾ പിൻവലിച്ചുകൊണ്ട് ഒടുങ്ങിയപ്പോൾ സൽമ ദേവാലയമദ്ധ്യത്തിലേക്ക് നടന്നു. ആ ഭിത്തികളിലേക്കും മൂലകളിലേക്കും കുറെ നേരം ശ്രദ്ധിച്ചു. സ്വന്തം നേത്രപ്രകാശം ആ കൊത്തുപണികളിലേക്ക് പകർന്നൊഴുക്കുവാൻ അവൾ ആഗ്രഹിക്കുന്നതുപോലെയാണെനിക്കപ്പോഴനുഭവപ്പെട്ടത്. തുടർന്ന് അവൾ ക്രിസ്‌തുശിൽപ്പത്തെ സമീപിച്ച് മുട്ടുകുത്തി ആദരപൂർവ്വം ആ കാലടികളിൽ ചുംബിച്ചുകൊണ്ട് മന്ത്രിച്ചു. ”യേശോ – ഇസ്‌തറിന്റെ ആനന്ദലോകം കൈവെടിഞ്ഞ് അങ്ങയുടെ കുരിശ് ഞാൻ കൈപ്പറ്റി. വിജയത്തിന്റെ പുഷ്‌പകിരീടം വലിച്ചെറിഞ്ഞ് ഈ മുൾക്കിരീടം ധരിച്ചു.
രക്തവും കണ്ണീരും കൊണ്ട് ഞാനെന്നെ കഴുകിയെടുത്തു. സുഗന്ധദ്രവ്യങ്ങളും പരിമളതൈലങ്ങളും ഒഴിവാക്കി. അമൃതും വീഞ്ഞും നിറയേണ്ടിയിരുന്ന പാനപാത്രങ്ങളിൽ വിനാഗിരിയും വിഷവും പകർന്ന് പാനം ചെയ്‌തു. പ്രഭോ, അവിടുത്തെ ദാസികളിലൊരുവളായി അങ്ങെന്നെ പരിഗണിച്ചാലും. നിന്നെ സ്വീകരിച്ചവരും ദുരിതങ്ങളിൽ സംതൃപ്‌തരായവരും വേദനകളിൽ സന്തുഷ്ടവരുമായവരോടൊപ്പം എന്നെയും അങ്ങ് ഗലീലയിലേക്കു നയിച്ചാലും………………“
പിന്നീട് അവൾ എഴുന്നേറ്റ് എന്നെ നോക്കു തുടർന്നുഃ ”ഭയങ്കര രൂപികളായ ഭൂതങ്ങൾ നിവസിക്കുന്ന സ്വന്തം ഇരുൾ ഗുഹയിലേക്കിതാ ഞാൻ പിൻമടങ്ങുകയായി. എനിക്ക് സന്തോഷമേയുള്ളു. പ്രിയപ്പെട്ടവനേ, എന്നെപ്പറ്റി വേദനിക്കരുതേ……………. ഒരിക്കലെങ്കിലും ദൈവത്തിന്റെ നിഴൽ ദർശിക്കുന്ന ഒരുവൻ പിന്നീടൊരിക്കലും പ്രേതരൂപങ്ങളെ ഭയപ്പെടുന്നില്ലല്ലോ……… സ്വർഗ്ഗത്തെ ഒരിക്കലെങ്കിലും നേരിടുന്ന കണ്ണ് ഭൂമിയിലെ വേദനകൾക്കുനേരെ അടയുന്നുമില്ല“.
അവൾ ഇത്രയും പറഞ്ഞശേഷം ക്ഷേത്രം വിട്ടുപോയി. ഞാൻ മാത്രം അഗാധചിന്താ സമുദ്രത്തിൽപ്പെട്ട് ആ ദേവാലയത്തിൽ അവശേഷിച്ചു. എനിക്ക് ചില ദിവ്യദർശനങ്ങളുണ്ടായി. ദൈവം സിംഹാസനസ്ഥനായിരിക്കുന്നതും മനുഷ്യരുടെ കർമ്മങ്ങൾ കുറിക്കുന്ന ദേവതകളേയും സ്വന്തം ജീവദുരന്തങ്ങളേക്കുറിച്ച് വിലപിക്കുന്ന ആത്മാക്കളേയും സ്നേഹത്തിെൻയും വേദനയുടേയും സനാതനത്വത്തിന്റെയും ഗീതകൾ ആലപിക്കുന്ന സ്വർഗ്ഗദൂതികളുടേയും ആ മോഹനിദ്രയ്‌ക്കിടയിൽ ഞാൻ ദർശിച്ചു.
ഞാനാ മയക്കത്തിൽ നിന്നുണർന്നപ്പോൾ രാത്രി എന്നെ വലയം ചെയ്‌തുകഴിഞ്ഞിരുന്നു. ഉദ്യാനങ്ങൾക്കു നടവിലാണ് ഞാനപ്പോഴിരിക്കുന്നതെന്നറിഞ്ഞ് വിസ്‌മയത്തിലാഴ്‌ന്നു. അപ്പോൾ സെൽമ ഉച്ചരിച്ച ഓരോ വാക്കിന്റേയും പ്രതിദ്ധ്വനികൾ എനിക്ക് കേൾക്കാമായിരുന്നു. അവളുടെ മൗനത്തെ ആ പ്രതിദ്ധ്വനികൾ ഓർമ്മിപ്പിച്ചു. അവളുടെ ചലനങ്ങൾ, പ്രവൃത്തി്കൾ, പ്രകടനങ്ങൾ, മൃതുസ്‌പർശം, എല്ലാമെല്ലാം ഞാൻ പുനസ്‌മരിച്ചു. അവൾ വിടപറഞ്ഞു പോയതിന്റെ അർത്ഥം എനിക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു. വേദനയുടേയും ഏകാകിതയുടേയും ആഴവും എനിക്കുൾക്കൊള്ളാനായി. ഞാൻ അത്യന്തം നിരാശിതനും ഹൃദയം തകർന്നവനുമായി. പുരുഷൻ സർവ്വതന്ത്രസ്വതന്ത്രനാണെന്ന് ഭാവിക്കുന്നുണ്ടെങ്കിലും സദാ പൂർവ്വപിതാമഹന്മാരാൽ നിർമ്മിച്ചുവെച്ച ഉരുക്കുനിയമങ്ങൾക്കധീനനായി ജീവിക്കേണ്ടിവരുന്നുവെന്ന് ആദ്യമായി എനിക്കംഗീകരിക്കേണ്ടിവന്നു.
ഒരിക്കലും ഇളക്കം വരാത്തതായ ആകാശമണ്‌ഡലം പോലും നാളെയുടെ ആഗ്രഹത്തിന് മുന്നിൽ ഇന്നലെയുടെ വിധേയത്വമാണെന്നും ഇന്നിന്റെ ആഗ്രഹത്തിനു മുന്നിൽ ഇന്നലെയുടെ കീഴടങ്ങലുമാണെന്ന് അപ്പോൾ ആദ്യമായി ഞാൻ കണ്ടെത്തി. അന്നത്തെ ആ രാത്രിക്കുശേഷം ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട് ജീവിതത്തിന് പകരം മരണത്തെ വരിക്കാൻ സെൽമയെ പ്രേരിപ്പിച്ച ആത്മനിയമമെന്താവാമെന്ന്. പലപ്പോഴും ഞാൻ ത്യാഗത്തിന്റെ മഹത്വവും പ്രതിഷേധത്തിന്റെ ആഹ്ലാദവും താരതമ്യം ചെയ്‌തു നോക്കിയിട്ടുണ്ട് കൂടുതൽ മനോഹരവും കുലീനവും അവയിലേതാണെന്നറിയുവാനായിരുന്നു എന്റെ ശ്രമം. പക്ഷേ ഇത്രയുമായിട്ടും അക്കാര്യത്തിൽ ഞാൻ അരിച്ചെടുത്തത് ഒരു സത്യം മാത്രമാണ്. അതിതാണ്. – നമ്മുടെ ഏതു പ്രവൃത്തിയേയും മനോഹരവും ബഹുമാന്യവുമാക്കുന്നത് ആത്മാർത്ഥത ഒന്നുമാണ്. ആ ആത്മാർത്ഥത സെൽമ കരാമിക്കുണ്ടായിരുന്നു.
Generated from archived content: odinja10.html Author: khalil_gibran