ആമുഖം

അതീന്ദ്രിയാവബോധത്തിന്റെ ചിറകുകളിൽ ഏകകാലത്ത്‌ സഞ്ചരിച്ച ഉന്മാദിയും, പ്രണയിയും, ചിത്രകാരനും, കവിയുമായിരുന്നു ഖലീൽ ജിബ്രാൻ. നിഗൂഢാത്മബോധത്തിന്റെ തലത്തിൽ ഇദ്ദേഹം വിശ്വമഹാകവി ടാഗോറിന്‌ തോളൊപ്പം നിൽക്കുന്നു. സ്വജീവിതത്തിൽ സംഭവിച്ച ഒരു പ്രണയ ദുരന്തം കവിതയിൽ ചാലിച്ച്‌ അദ്ദേഹം എഴുതിയപ്പോൾ ഒടിഞ്ഞ ചിറകുകൾ പിറന്നു.

പ്രേമം അതിന്റെ മാസ്മരരശ്മികളാലെന്റെ കണ്ണുകൾ തുറപ്പിക്കുകയും അതിന്റെ ജ്വലിക്കുന്ന വിരലുകളാലെന്റെ ആത്മാവിൽ തഴുകുകയും ചെയ്തത്‌ എനിക്ക്‌ പതിനെട്ട്‌ വയസ്സുള്ളപ്പോഴായിരുന്നു. ആദ്യമായി അങ്ങനെ എന്റെ ആത്മാവിനെ സൗന്ദര്യം കൊണ്ട്‌ തൊട്ടുണർത്തുകയും ഉന്നതമായ ആകർഷണീയതയുടെ പൂങ്കാവിങ്കലേക്കെന്നെ കൈപിടിച്ചാനയിക്കുകയും ചെയ്തത്‌ സെൽമ കരാമി ആണ്‌. അവിടെ പകലുകൾ കിനാക്കളെപ്പോലെ പൊലിയുകയും രാത്രികൾ മംഗളാഘോഷങ്ങളാകുകയും ചെയ്തു.

അവളായിരുന്നു എന്നെ ഒരു സൗന്ദര്യാരാധകനാക്കിത്തീർത്തത്‌. അതിന്‌ നിമിത്തമായിരുന്നത്‌ അവളുടെ സൗന്ദര്യവുമായിരുന്നു. അവളുടെ പ്രണയം എന്നെ സ്നേഹത്തിന്റെ അഗാധതയെന്തെന്ന്‌ പരിചയപ്പെടുത്തി. യഥാർത്ഥത്തിൽ ജീവിതമെന്തെന്നതിന്റെ ഗാനം എന്നോടാദ്യമായാലപിച്ചത്‌ അവളുടെ പ്രണയമത്രേ.

തന്റെ ആദ്യപ്രേമ മുഹൂർത്തത്തെ ഏതൊരു യുവാവും ഓർമ്മിക്കുകയും ആ വിസ്മയനിമിഷങ്ങളെ ഒരുവട്ടം കൂടി സ്വന്തമാക്കുവാൻ പരിശ്രമിക്കുകയും ചെയ്യുക സ്വഭാവികം. അതേക്കുറിച്ചുള്ള സ്മൃതികൾ അവന്റെ അഗാധവികാരങ്ങളെപ്പോലും മാറ്റി മറിക്കുന്നു. അതിന്റെ സർവ്വവിധ ദുരൂഹതകളും തിക്തതകളുമിരിക്കെത്തന്നെ അതവനെ ആഹ്ലാദകാരിയാകുവാൻ സഹായിക്കുന്നു.

ഏതൊരു യുവാവിന്റെയും ജീവിതത്തിൽ ഒരു ‘സെൽമ’യുണ്ടാകും, അവൾ അവന്റെ ജീവിതത്തിനു മുന്നിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അവന്റെ ഏകാന്ത നിമിഷങ്ങളെ ആനന്ദം കൊണ്ട്‌ പൂശുകയും രാത്രികളുടെ മൗനത്തെ സംഗീതനിർഭരമാക്കുകയും ചെയ്യുന്നു.

സൽമയുടെ അധരങ്ങളിലൂടെ പ്രേമം എന്റെ കാതിൽ മന്ത്രിച്ചപ്പോൾ ഞാൻ അഗാധചിന്തയിലേക്കും ധ്യാനത്തിലേക്കും ആണ്ടുപോയി. പ്രകൃതിയുടെ അന്തരാർത്ഥം തിരഞ്ഞ്‌ ഞാനൊരന്വേഷിയായി. ശ്രുതികളും ഗ്രന്ഥങ്ങളും പകരുന്ന വെളിപാടുകൾക്കായി ഞാനലഞ്ഞു തുടങ്ങി. ഒരു പ്രകാശസ്തംഭംപോലെ അവൾ എന്റെ മുന്നിൽ നിൽക്കുന്നതു കാൺകെ ഞാൻ ശൂന്യനായിപ്പോയി. പറുദീസയിലെ ആദത്തെപ്പോലെ ഞാൻ നിശ്ചലനായിപ്പോയി. ജീവിതത്തിന്റെ അർത്ഥം എന്നിലേക്കു പകർന്നുതന്ന്‌ അവൾ ഹവ്വയെപ്പോലെയായി. ആ അർത്ഥപൂർണ്ണിമ വിടർത്തിയ രഹസ്യങ്ങളും വിസ്മയങ്ങളും എന്നെപ്പൊതിഞ്ഞു.

ആദത്തെ പറുദീസയിൽ നിന്നും നിർഗ്ഗമിപ്പിക്കുവാൻ ഹവ്വ കാരണമായി ഭവിച്ചു. അതവളുടെ മോഹം മൂലമായിരുന്നു. പക്ഷേ, ഇവിടെ സെൽമ എന്നെ ശുദ്ധപ്രേമത്തിന്റെയും ആദർശാത്മകതയുടേയും പറുദീസയിലേക്ക്‌ മാധുര്യത്തോടും സ്നേഹത്തോടും കൂടി പ്രവേശിപ്പിക്കുകയായിരുന്നുവെന്നറിയുക. എന്നാൽ ആദത്തിന്‌ സംഭവിച്ചതുതന്നെ എനിക്കു സംഭവിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിക്കുകയോ കൽപ്പനകൾ ലംഘിക്കുകയോ ഒന്നും ഞാൻ ചെയ്ത കുറ്റങ്ങളല്ല. ആദത്തെ ഭീഷണിപ്പെടുത്തിയോടിച്ച ആ ജ്വലിക്കുന്ന ഖണ്‌ത്തപ്പോലൊന്ന്‌ അതിന്റെ തിളങ്ങുന്ന മൂർച്ചയാൽ എന്നെയും തുരത്തിയോടിച്ചു. സ്ണേഹത്തിന്റെ പറുദീസയിൽ നിന്നും പലായനം ചെയ്യാൻ അതെന്നെ പ്രേരിപ്പിച്ചു.

അനേകം വർഷങ്ങൾ കടന്നുപോയിരിക്കുന്ന. ആ പഴയ മനോഹരസ്വപ്നങ്ങളൊന്നുമെനിക്ക്‌ സ്വന്തമല്ല. വേദനാജനകങ്ങളായ സ്മൃതികൾ മാത്രമവശേഷിക്കുന്നു. അദൃശ്യങ്ങളായ ചിറകുകൾപോലെ അവ ചുറ്റിലും തിരയടിക്കുന്നു. അവ എന്റെ ഹൃദയാഗാധതയിൽ വിഷാദം നിറയ്‌ക്കുന്നു. നേത്രങ്ങളിൽ അശ്രുപടർത്തുകയും ചെയ്യുന്നു. എന്റെ പ്രിയങ്കരിയും മനോഹരിയുമായ സെൽമ മരിച്ചു കഴിഞ്ഞിരിക്കുന്നു. അവളുടെ ഓർമ്മയുണർത്തക്കതായി അവശേഷിക്കുന്നത്‌ എന്റെ തകർന്ന ഹൃദയവും സൈപ്രസ്‌ വൃക്ഷങ്ങളാൽ വലയിതമായ ഒരു ശവകുടീരവും മാത്രമാണ്‌. ആ ശവകുടീരത്തിന്‌ കാവൽനിൽക്കുന്ന നിശ്ശബ്ദത ആ ശവപേടകത്തെക്കുറിച്ചുള്ള ദൈവരഹസ്യത്തിന്റെ നിഗൂഢത തുറന്നു കാണിക്കുന്നില്ല.

Generated from archived content: odinja1.html Author: khalil_gibran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here