മദ്യത്തിന്റെ വികൃതികൾ

രണ്ടായിരത്തി ഒമ്പത്‌ മെയ്‌ ഒമ്പത്‌ മുല്ലപ്പിള്ളിഃ ദിവസേന മദ്യപിച്ചുവന്ന്‌ വഴക്കിടുന്ന 33 കാരനായ മകനെ, ശല്യം സഹിക്കാനാകാതെ, പിതാവ്‌ തലക്കടിച്ചുകൊന്ന്‌ കുഴിച്ചുമൂടി.

മെയ്‌ 10, തിരൂർ ഃ സ്വന്തം മകളുടെ വിവാഹദിവസം അമിതമായി മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കിയതിനെ ചോദ്യം ചെയ്‌ത അളിയനും തന്റെ മറ്റൊരു മകളുടെ ഭർത്താവിന്റെ അച്‌ഛനുമായ സുഹൃത്തിനെ മദ്യപാനിയായ അളിയൻ കൊലപ്പെടുത്തി.

മെയ്‌ 20, വടക്കഞ്ചേരി ഃ മാതാപിതാക്കളും സഹോദരന്മാരും ചേർന്ന്‌, മദ്യപിച്ച്‌ ദിവസേന ശല്യമുണ്ടാക്കുന്ന യുവാവിനെ (30 വയസ്സ്‌) കൊലപ്പെടുത്തി. വഴക്കിട്ട്‌ കുട്ടിയെ എടുത്തെറിയുകയും കിടക്കക്ക്‌ തീയിടുകയും ചെയ്‌തപ്പോഴാണ്‌ ബന്ധുക്കൾ ചേർന്ന്‌ ഇപ്രകാരം ചെയ്‌തത്‌.

മെയ്‌ 22, പുതുനഗരം, കൊടുവായൂർ ഃ മദ്യപാനത്തിന്‌ പണം കൊടുക്കാത്തതിന്‌ വഴക്കിട്ട്‌, 40 കാരനായ മദ്യപാനി, 75 കാരിയായ അമ്മയുടെ വായിൽ ബലമായി നെല്ല്‌ തള്ളിക്കയറ്റിയതിനാൽ, അവർ ശ്വാസം​‍ുട്ടിമരിച്ചു.

മെയ്‌ 29, അടൂർ ഃ മദ്യപിച്ച്‌ വീട്ടിലെത്തി, ഭാര്യയുമായി വഴക്കിട്ട്‌, സമീപത്തെ പണിതീരാത്ത വീടിന്റെ കട്ടിളയിൽ ബലംപ്രയോഗിക്കവെ 42കാരൻ സിമന്റ്‌ കട്ട ദേഹത്ത്‌ വീണുമരിച്ചു.

മെയ്‌ 31, അടിമാലി ഃ ഭാര്യയും അനുജത്തിയും ചേർന്ന്‌, മദ്യപിച്ച്‌ വീട്ടിൽ വന്ന്‌ ബഹളമുണ്ടാക്കിയ യുവാവിനെ കൊലപ്പെടുത്തി. സഹോദരിയെ ഭർത്താവ്‌ ഉപദ്രവിക്കുന്നതു കണ്ട്‌ ഓടിയെത്തിയ അനുജത്തിയെയും മർദിച്ചപ്പോഴാണ്‌ രണ്ടു പേരും ചേർന്ന്‌ ഈ കടുംകൈ ചെയ്‌തതത്രെ.

ജൂൺ 6, പൂവാർ ഃ മെയ്‌ ഒമ്പതിന്‌ വായിച്ച വാർത്തയുടെ ആവർത്തനം – പിതാവ്‌ മകന്റെ മദ്യപാനശല്യം ഒഴിവാക്കി.

ജൂൺ 10, വൈക്കം ഃ ഭർത്താവിന്റെ മദ്യപാനത്തിലും വഴക്കിലും കേസിൽ കുടുങ്ങലിലും മനംനൊന്ത്‌ ഭാര്യയും ഇരട്ടമക്കളും ആത്‌മഹത്യ ചെയ്‌തു. (47, 17, 17 വയസ്സുകാർ) മരിച്ച കുട്ടികളുടെ സഹോദരനും ഇതേ കാരണത്താൽ ഒരു വർഷം മുമ്പ്‌ ആത്‌മഹത്യ ചെയ്‌തിരുന്നു.

ജൂൺ 17, കായംകുളം ഃ സ്‌ഥിരമായി മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്ന മകനെ (33) പിതാവ്‌ (77) വെട്ടിക്കൊന്നു.

മെയ്‌ ഒമ്പതു മുതൽ 17 വരെയുള്ള വെറും 40 ദിവസത്തിനുള്ളിൽ നമ്മുടെ നാട്ടിൽ നടന്ന ഭീതദമായ ചില ദാരുണ മരണങ്ങളുടെ സത്യസന്ധമായ വായനയാണ്‌ മേൽ കൊടുത്തിട്ടുള്ളത്‌. ഇത്‌ ഒരു മാധ്യമ സിൻഡിക്കേറ്റിന്റെയും സൃഷ്‌ടിയുമല്ല, പ്രത്യുത മദ്യം വിഷമാണെന്ന്‌ പ്രഖ്യാപിച്ച ഗുരുദേവന്റെ നാട്ടിൽ അതേ മദ്യം പ്രധാന വില്ലനായി അവതരിച്ചപ്പോൾ ഉണ്ടായ അത്യന്തം ഭയാനകമായ ഒരവസ്‌ഥയാണ്‌. വളരെ അടുത്തടുത്ത ദിവസങ്ങളിൽ ഏകദേശം ഒരേ രൂപത്തിലൂള്ള സംഭവങ്ങൾ തുടർച്ചയായി അരങ്ങേറിയതുകൊണ്ടാണ്‌ ഇത്‌ ശ്രദ്ധയിൽപെട്ടത്‌. മനുഷ്യത്വം അൽപമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ നാമെല്ലാം ഈ വിപത്തിനെതിരെ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.

പുതിയൊരു ട്രെൻഡ്‌ ജനങ്ങളുടെ ഇടയിൽ രൂപപ്പെട്ടുവരുന്നതിന്റെ അപകടസൂചനയാണ്‌ ഈ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്‌. മുമ്പൊക്കെ മദ്യപർ അച്‌ഛനെയും അമ്മയെയും സഹോദരങ്ങളെയും ലഹരിയിൽ ആക്രമിക്കുന്നതും ചിലപ്പോൾ വധിക്കുന്നതും മറ്റുമാണ്‌ നാം പത്രങ്ങളിൽ വായിക്കാറുള്ളത്‌. പക്ഷേ, ഇക്കഴിഞ്ഞ ഒന്നരമാസത്തെ വാർത്തകളിൽ കാണുന്നത്‌ അതല്ല. മദ്യപരിൽ നിന്ന്‌ രക്ഷപ്പെടാൻ, അവരുടെ ശല്യം ഒഴിവാക്കാൻ സ്വന്തം ചോരതന്നെ നേരിട്ടു രംഗത്തിറങ്ങുന്നു. 3-4 ദശാബ്‌ദക്കാലം വളർത്തിയ അച്‌ഛനായാലും അമ്മയായാലും മദ്യപാനിയായ മകന്റെ ജീവിതമവസാനിപ്പിച്ച്‌. ശിഷ്‌ടകാലം അഴിയെണ്ണാൻ തയ്യാറാകുന്നു. ഭർത്താവിനെ ഭാര്യയും സഹോദരനെ സഹോദരിയും ഇത്തരത്തിൽ ഈ ലോകത്തൂന്ന്‌ പറഞ്ഞയക്കാൻ തയ്യാറാവുന്നു; സ്വന്തം ജീവിതവും ഇതോടുകൂടി അവസാനിക്കുന്നു എന്നറിഞ്ഞിട്ടും ഈ വിഷം കഴിച്ചവർ എത്ര വലിയ ശല്യമാണ്‌ കുടുംബത്തിൽ ഉണ്ടാക്കുന്നത്‌ എന്നാണ്‌ ഇവിടെ ദയനീയമായി നാം മനസ്സിലാക്കുന്നത്‌. അല്ലെങ്കിൽ സ്വന്തം രക്‌തത്തോട്‌ ഇങ്ങനെ ക്രൂരമായി പെരുമാറാൻ ആർക്കുമാകില്ല. ഇതിൽ ആദ്യം കൊടുത്ത വാർത്തകൾ വായിച്ച്‌ പ്രചോദനമുൾക്കൊണ്ടവരാലാണോ തുടർന്ന്‌ വായിച്ച വാർത്തകൾ സൃഷ്‌ടിക്കപ്പെട്ടത്‌ എന്നുപോലും തോന്നിപ്പോകുന്നു. അടുത്തത്‌ ഇത്തരം സംഭവങ്ങൾ ഇതിനുമുമ്പ്‌ വളരെ അപൂർവമായേ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ നില തുടർന്നാൽ കേരളീയ സമൂഹത്തിന്റെ അവസ്‌ഥ എന്താകുമെന്ന്‌ ഭയന്നിട്ടാണ്‌ ഈ കുറിപ്പെഴുതുന്നത്‌. പ്രസ്‌തുത സംഭവങ്ങളിൽ പ്രതികളായവരുടെ അവസ്‌ഥയിൽ കഴിയുന്ന പതിനായിരക്കണക്കിന്‌ കുടുംബങ്ങൾ നമ്മുടെ നാട്ടിലുണ്ട്‌. അവരിൽ ചെറിയൊരു ശതമാനമെങ്കിലും ഇത്തരത്തിൽ പ്രതികരിക്കാൻ തുടങ്ങിയാൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെടാനും അതിന്റെ ഇരട്ടിപ്പേർ ജയിലിലാകാനും ആ കുടുംബങ്ങളിൽ ബാക്കിയുള്ള കുറെ ആയിരങ്ങൾ നരകയാതന അനുഭവിക്കാനും ഇടവരാം. നമുക്കറിയാം, സമൂഹത്തിൽ ഇന്ന്‌ നടക്കുന്ന പല പ്രശ്‌നങ്ങളും ഈ വില്ലനിൽ നിന്നാണ്‌ ഉണ്ടാകുന്നതെന്ന്‌. റോഡപകടങ്ങളിൽ നല്ലൊരു പങ്കും മദ്യപിച്ച്‌ വാഹനമോടിക്കുന്നതിൽ നിന്നാണ്‌ ഉണ്ടാകുന്നത്‌. മദ്യത്തിന്റെ ആവേശത്തിൽ സ്‌പീഡ്‌ കൂടുന്നതറിയുന്നില്ല. അപ്പോൾ മുന്നിലുള്ള മീഡിയനും പോസ്‌റ്റും കുഴികളും വാഹനങ്ങളും എല്ലാം ദൃഷ്‌ടിയിൽ നിന്ന്‌ മറയുന്നു. എറണാകുളത്ത്‌ ‘ഊതിപ്പിക്കൽ’ ശക്തമായപ്പോൾ അപകടങ്ങൾ കുറഞ്ഞതായ റിപ്പോർട്ട്‌ ഈ വാദം ബലപ്പെടുത്തുന്നു.

ദൽഹിയിൽ നടന്ന ക്രൂരമായ ഒരു റാംഗിന്റെ അന്വേഷണവും ഈ വില്ലന്റെ കളിയാണ്‌ കാരണമായി കണ്ടെത്തിയത്‌. മദ്യത്തിന്റെ ലഹരിയിൽ പല കൃത്യങ്ങളും നടക്കുന്നതിനു പുറമെ, ചില ‘ജോലി’കൾ ചെയ്യുന്നതിനു മുമ്പെയും ‘ധൈര്യ’ത്തിനുവേണ്ടി മദ്യം ഉപയോഗിക്കുന്നവരാണ്‌ ‘ക്വട്ടേഷൻ’ ജോലിക്കാർ. പല ചില്ലറ തർക്കങ്ങളും കൊലപാതകത്തിൽ കലാശിക്കുന്നത്‌ ആ തർക്കത്തിലെ ഒരു വിഭാഗമെങ്കിലും മദ്യപന്മാരാകുമ്പോഴാണ്‌. എന്നാൽ, മദ്യം കാരണമെന്ന്‌ റിപ്പോർട്ട്‌ ചെയ്യപ്പെടാറില്ല. ഉൽസവപ്പറമ്പുകളിലും ഇത്തരം സംഭവങ്ങൾ അരങ്ങേറാറുണ്ട്‌. കൈക്കൂലിയായി മദ്യം നിർബന്ധമായി വാങ്ങുന്നവരും കൊടുക്കുന്നവരുമുണ്ട്‌. വിവാഹത്തലേന്നും വിവാഹനാൾ വൈകീട്ടും ഉണ്ടാകുന്ന മദ്യസൽക്കാരങ്ങൾ പലപ്പോഴും പോലീസ്‌ സ്‌റ്റേഷനിലും മോർച്ചറിയിലും ജയിലിലുമാണ്‌ അവസാനിക്കാറ്‌.

വെറുതെ കിട്ടുന്ന പണംകൊണ്ട്‌ മദ്യപിക്കുന്ന ചിലരുണ്ട്‌. അവർ ആദ്യം കിട്ടുന്ന ചെറിയ കൈക്കൂലി മദ്യപാനത്തിന്‌ ഉപയോഗിക്കുമ്പോൾ, പിന്നീട്‌ മദ്യപിക്കാൻ കൈക്കൂലി ചോദിച്ചുവാങ്ങുന്ന അവസ്‌ഥയിലെത്തും. ലോട്ടറികളിൽ കൂടുതൽ പണം കളയുന്നതും ഇക്കൂട്ടർ തന്നെയാണ്‌.

കേരളത്തിൽ എവിടെ നോക്കിയാലും ഏറ്റവും അച്ചടക്കമുള്ള ക്യൂ കാണുന്നത്‌ ബീവറേജസ്‌ കോർപറേഷനുകളുടെ മുന്നിലാണ്‌. വേറെ എവടെ ക്യൂ ഇല്ലെങ്കിലും ഇവിടെ കാണാം. പ്രത്യേകിച്ച്‌ സായാഹ്‌നങ്ങളിലും വിശേഷദിവസങ്ങളിലും അവയുടെ തലേദിവസവും മറ്റും. ഇവിടെ ക്യൂ ഇല്ലായിരുന്നെങ്കിൽ മറ്റൊരുപാട്‌ സ്‌ഥലത്ത്‌ ക്യൂ ഒഴിവാകുമായിരുന്നു എന്നു തോന്നാറുണ്ട്‌ പലപ്പോഴും.

ശ്രദ്ധക്കപ്പെട്ട മറ്റൊരു പ്രത്യേകത, മദ്യ വിഷമാണെന്ന്‌ പറയുന്ന സമുദായത്തിന്‌ മുമ്പു കൊടുത്ത വാർത്തകളിൽ ഭൂരിപക്ഷമുള്ളപ്പോൾ ‘മദ്യം’ ‘ഹറാമാണെന്നു പറയുന്ന സമുദായത്തിന്റെ പ്രാതിനിധ്യം പൂജ്യമാണെന്നതാണ്‌. (എല്ലാ കാര്യത്തിലും സമുദായ കണക്കെടുത്ത്‌ നടക്കുമ്പോൾ ഇവിടെ മാത്രം എന്തിനൊഴിവാക്കണം. 2) യഥാർത്ഥ മതവിശ്വാസികൾ ഏതു മതത്തിലാണെന്ന്‌ ഇതിൽനിന്ന്‌ മനസ്സിലാക്കാൻ പറ്റും. താടിവെച്ചവർ മുഴുവൻ ക്രിമിനലുകളാണെന്ന്‌ ധരിക്കുന്ന നാട്ടിൽ ഏതായാലും ഇത്തരത്തിൽ ഒരച്‌ഛനോ മകനോ, സഹോദരനോ മരിച്ചതായി മേൽകൊടുത്ത വാർത്തയിലില്ല. ഇതും എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്നാണ്‌.

മദ്യത്തിന്‌ വില വർധിപ്പിച്ചുകൊണ്ട്‌ ഈ വിപത്തിനെ ഒരിക്കലും ഒഴിവാക്കാനാവില്ല. കാരണം കൂലിപ്പണിക്കാർ മദ്യത്തിന്റെ അളവു കുറക്കുകയില്ല. വീട്ടിലേക്കുള്ള അരിയുടെ അളവേ കുറയുകയുള്ളൂ. കൈക്കൂലിക്കാരും മദ്യത്തിന്റെ വില നോക്കാറില്ല; കൊടുക്കുന്നവരും വാങ്ങുന്നവരും.

ഘട്ടംഘട്ടമായി മദ്യനിരോധമാണ്‌ ഏറ്റവും ഉചിതമായ മാർഗം. പക്ഷേ, അതിന്‌ ഇച്‌ഛാശക്തിയുള്ള ഒരു സർക്കാർ വേണം. കേരളീയർക്ക്‌ അതിന്‌ യോഗമുണ്ടെന്ന്‌ തോന്നുന്നില്ല അടുത്തകാലത്തെങ്ങും. ഇടത്‌ തകരുമ്പോൾ ജയ സാധ്യത ഉണ്ടെന്നു തോന്നുമ്പോഴേ തുടങ്ങി അപ്പുറത്തും അപശബ്‌ദങ്ങൾ. അതുകൊണ്ട്‌ അങ്ങനെയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പിന്നെയാന്നുള്ളത്‌ ബോധവത്‌കരണമാണ്‌. മദ്യപാനികളെ മത്രമല്ല, കുടുംബാംഗങ്ങളായ ഇരകളെയും ബോധവത്‌കരിക്കേണ്ടിയിരിക്കുന്നു. മദ്യവിരുദ്ധ സംഘടനകൾക്കും കുടുംബശ്രീ പോലുള്ള പ്രസ്‌ഥാനങ്ങൾക്കും യുവജന സംഘടനകൾക്കും ഇക്കാര്യത്തിൽ പലതും ചെയ്യാൻ സാധിക്കും. പക്ഷേ, ഈ കുതിരയെ ഇങ്ങനെ കടിഞ്ഞാണില്ലാതെ വിട്ടാൽ ആദ്യം കൊടുത്ത ഒന്നരമാസത്തെ സംഭവങ്ങൾ ഒന്നരയാഴ്‌ചക്കുള്ളിൽ നമ്മുടെ നാട്ടിൽ അരങ്ങേറിയാലും ആരും ഞെട്ടരുത്‌.

(കടപ്പാട്‌ – കുടുംബമാധ്യമം)

Generated from archived content: essay1_aug14_09.html Author: kg_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here